Thursday

ഞാന്‍ മഴയും
നീ അതിലൂടെ അലയുന്ന കാറ്റുമായിരുന്നു
ഒരിയ്ക്കല്‍.


വളരെ മുന്‍പ്.
അന്ന്,
നീ വാതിലുകള്‍ തുറന്നിട്ട നിന്റെ വീട്,
വീട്ടില്‍ അപരിചിതനല്ലാതെ പുഴക്കാറ്റ്,
വീട്ടുമുറ്റം നിറയെ മഞ്ഞശലഭങ്ങള്‍,
അവിടെ പെയ്ത മഴയ്ക്ക് പച്ചനിറം,

വൃക്ഷത്തിന്റെ വേരുകള്‍ പോലെ
നീ നീട്ടി വളര്‍ത്തിയ മുടി,

നിന്റെ പെരുവിരല്‍ കൊത്തി
നിന്റെ ആഴങ്ങളിലേക്കിറങ്ങിയ
എന്നിലെ മീനുകള്‍,

ആകാശം നിന്നെപ്പോലെ
നീലഞരമ്പുകള്‍ പങ്കിട്ടെടുത്ത്....


ഇന്ന് ഇവിടം
ഇലകൊഴിഞ്ഞ മരം പോലെ .
സ്വപ്നങ്ങളില്ലാതെ നഗ്നയാണ് ഞാന്‍.

മടങ്ങിപ്പോയ്ക്കോട്ടേ;
നിന്റെ
മറവികളിലേക്ക്-
തിരിച്ചുവരാന്‍ തോന്നാത്തവണ്ണം .
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌