Thursday

അന്വേഷിക്കുകയായിരിക്കണം നിന്നെ-
കുട്ടിക്കാലം മുതല്ക്ക് മാത്രമല്ല;
ജീവന്റെ ഒറ്റക്കോശമായപ്പോഴേ!
എനിക്ക് വേണ്ടി
എവിടെയെങ്കിലും നീ ജനിച്ചുവോ എന്ന്.

സ്നേഹത്തിന്റെ വെളിച്ചത്തിൽ,
ആ തൊട്ടിലിൽ കിടന്നേ കണ്ടിരിക്കണം:
നീ
മഴയിൽ കുസൃതിയായത്.
വേനൽ പോലെ പനിച്ചുകിടന്നത്.
വെയിലിൽ വിയർത്തത്.
കാറ്റിനൊപ്പം വഴി പങ്കിട്ടത്.
മണ്ണിനെ ചുവപ്പിച്ചത്.
മഞ്ഞ് കണ്ണാടികൾ ഇലകളിൽ നിന്ന് തട്ടിപ്പറിച്ചത്.

എന്നിലെ ഋതുഭേദങ്ങൾ
എങ്ങനെയെന്നില്ലാതെ 
നീയുമറിഞ്ഞിരിക്കണം.

എല്ലാവരിലും നിന്നെ തിരയും.
അല്ലെന്ന് കാലം കടന്നുപോകും.

ദൂരമത്രയും നടന്ന്, 
എന്നാലെവിടയുമെത്താതെ
അലങ്കാരങ്ങൾക്ക് നടുവിൽ, 
എന്നാൽ ചമയങ്ങളൊന്നുമില്ലാതെ
കാത്തുകാത്തിരുന്ന്, 
എന്നാൽ അതിനിടയിലല്ലാതെ
അപരിചിതരല്ലാതെ ആദ്യമായ് അറിയും.

ചതുരക്കളത്തിൽ ഒറ്റയ്ക്ക് വളരാൻ പഠിച്ച കൊച്ചുമരം,
ഏതോ ജന്മത്തിലെ വനാന്തരങ്ങളിൽ 
അലയുന്നതുപോലെ ;

ചെടിച്ചട്ടിയിലെ മണ്ണ്‌,
പ്രാചീനകാലത്തതിനെ തഴുകിയൊഴുകിയ പുഴയെ 
ഓർത്തെടുക്കുന്നതു പോലെ ;

ഒറ്റവാക്കിൽ നാം നാമറിയും
പങ്കിട്ട ജന്മങ്ങളത്രയും.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌