Wednesday

ചില നേരങ്ങളിൽ ഒരാൾ നമ്മുടെ അരികിലേക്ക് വരും.

ഒരു പക്ഷേ തികച്ചും അപരിചിതനായ ഒരാൾ.
ഇനിയൊരിയ്ക്കലും കണ്ടുമുട്ടാൻ ഒരു സാധ്യതയുമില്ലാത്ത ഒരാൾ.
അല്ലെങ്കിൽ ചിലപ്പോൾ കുറച്ചു ദിവസങ്ങൾ നിങ്ങൾക്ക് കൂട്ടിരിയ്ക്കാൻ വന്നവരാകും.
അതുമല്ലെങ്കിൽ  എന്നും കണ്ടുമുട്ടുന്ന ആളുകളിൽ ഒരാളായിരിക്കും അത്.
പലപല കാര്യങ്ങൾ, പലപ്പോഴായി ഇതിനു മുൻപും നമ്മോട് പറഞ്ഞിട്ടുള്ള ഒരാൾ.
ചിലപ്പോൾ എന്നും ഒന്നും മിണ്ടാതെ നമ്മെ കടന്നു പോകുന്ന ഒരാൾ.

ആ ഒരാൾ നമ്മുടെ അടുത്തെത്തും.
ചിലതറിയാൻ
നമുക്ക് സമയമാകുമ്പോൾ,
അത് സ്വീകരിയ്ക്കാൻ
നാം സന്നദ്ധരായിരിക്കുമ്പോൾ,
അത്ര കൃത്യമായ്
നമ്മിലേക്കത് പകരാൻ
നമ്മെ അന്വേഷിച്ച് അവരെത്തും

അവരുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയാവാം നമുക്കത്.
അല്ലെങ്കിൽ ചിലപ്പോൾ പതിവ് സംഭാഷണങ്ങൾക്കിടയിലാവാം.
അവരത് നമ്മോട് പറയും.
ഒരുപക്ഷേ മുൻപ്  ആരോടും അവരത് പറഞ്ഞിരിയ്ക്കില്ല.
അവർ പോലും അത് പിന്തുടരുന്നുണ്ടാവില്ല.
പറഞ്ഞു എന്ന് ഓർക്കുക പോലുമില്ല.

ഭൂമിയിൽ ഒരിടത്ത് ഒരു നിധിപ്പെട്ടി ഭദ്രമായ് സൂക്ഷിച്ചു കടന്നു പോകുന്നവരായ് അവർ മാറും.

നമ്മിലൊരായുസ്സിന്റെ വെളിച്ചമായ് നിറയാവുന്ന ആ വാക്കുകൾ.
ചിലപ്പോൾ ആ വെളിച്ചം തെളിയുന്നത് നാം മാത്രമേ കാണൂ.
അതിന്റെ പ്രകാശം ഒരിയ്ക്കലും നമ്മെ വിട്ട് പോവുകയും ഇല്ല.
അതിനു ശേഷം നമ്മിലേക്ക് വന്നു ചേരുന്നത് എല്ലാം അത്യന്തം പ്രിയങ്കരങ്ങളായിരിയ്ക്കും.

ആരുടെയെങ്കിലും വെളിച്ചമായ്
അങ്ങനെ മാറാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിയ്ക്കുന്ന ഒരാൾക്ക്
അത് സാധ്യമാകും.

ഭൂമിയിൽ ഇത്രയും പ്രകാശമുണ്ടായത് അങ്ങനെയാവണം.


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌