Wednesday

മഴ പെയ്യുന്ന ശബ്ദം
കേട്ട് കേട്ട്
നേരം പുലരും മുൻപേ ഉണരണം.

മഴ പെയ്യുന്നത്
കേൾക്കുന്നില്ലേ, കേൾക്കുന്നില്ലേ
എന്ന് പിറുപിറുക്കാൻ
അടുത്തൊരാൾ ചേർന്നുറങ്ങണം.

മഴയായ്
പൊഴിയൂ,പൊഴിയൂ
എന്നിലേക്കെന്ന്
അയാൾ
കാറ്റുപോലെയന്നേരം
കാതിൽ മന്ത്രിയ്ക്കണം.

എന്നിട്ടേറെ നേരം
മഴയും മണ്ണും എന്നപോലെ
തമ്മിൽ
പ്രാണൻ പങ്കിടണം.

മഴയിൽ തണുത്തൊരു പുഴയിൽ കുളിച്ചു
അമ്പലവഴികളിലൊന്നിൽ
അത്രമേൽ
പതുക്കെ, പതുക്കെ
എന്ന് പറഞ്ഞു കൊണ്ടെയിരിക്കാൻ
വേഗം നടക്കുന്ന ഒരാൾ കൂടെ വേണം.

മഴ വീണു തീരാത്ത മരങ്ങളാണോ
വെയിൽ വീണു മഞ്ഞിൽ നനഞ്ഞ മരങ്ങളാണോ
കൂടുതൽ പ്രിയമെന്ന് ചോദിയ്ക്കാൻ
ഒരാളരികിലുണ്ടാകണം.

മരമായ് ചില്ലകൾ നിവർത്തി
കാറ്റായ് ചേർത്ത് നിർത്താൻ
അരികിലൊരാൾ വേണം.

അശോകത്തിന്റെ ചുവട്ടിലിരുന്ന്
വായുപുത്രന്റെയും
ഭൂമിപുത്രിയുടെയും
കഥകൾ പറഞ്ഞു തരുന്നൊരാൾ വേണം.

അയാളെന്റെ
രാമനും
രാവണനും
ആകണം.

എന്നിൽ പാതിയായ ദൈവത്തെ പങ്കിടണം.
എന്നിലെ പാതിയ്ക്ക് ദൈവമായിരിക്കണം.

ഒരു കുഞ്ഞിന്റെതെന്നതു പോലെ
വിരൽ പിടിച്ചു
എഴുതിത്തെളിഞ്ഞ അക്ഷരമായ്
എന്നെ മാറ്റാൻ
മനസ്സുള്ളൊരാൾ വേണം.

എഴുതുന്നതെല്ലാം ഓർത്തുവയ്ക്കാൻ
മറവികളില്ലാത്തൊരാൾ കൂടെ വേണം.

ഏറ്റവും നല്ല കവിത എഴുതാൻ കഴിയുന്ന നേരം
തമ്മിൽ പിരിയാമെന്ന്
ഒരിയ്ക്കലും നടക്കാത്തൊരു സ്വപ്നത്തിലിരുന്ന്
അയാൾ പൊട്ടിച്ചിരിയ്ക്കണം.

തിരക്കുപിടിച്ചൊരു നിരത്ത്
മുറിച്ചു കടക്കാൻ
രണ്ട് പേർക്ക്,
നാല് കാല്
മൂന്ന് കയ്യ്
രണ്ട് കണ്ണ്
ഒറ്റച്ചെവി
എന്നൊരു മാന്ത്രിക സംഖ്യ കണ്ടെത്തണം.

ആകാശത്തിന്റെ നിറമുള്ള
നീളമുളള
കുപ്പായമണിഞ്ഞു
നിർത്താതെ ചിലച്ചു
പക്ഷികളെപ്പോലെ
പകൽ മുഴുവൻ പറക്കണം.

വാളും ചിലമ്പുമണിഞ്ഞു
മഞ്ഞൾക്കുറിയിട്ട്
ചുവന്ന പട്ട് ചുറ്റി
ദീപമായ്
ഒരാൾ മുന്നിൽ തെളിയുമ്പോൾ
ഉള്ളിലെ നിസ്സഹായതകളെല്ലാം
നാളീകേരം പോലെ എറിഞ്ഞുടയ്ക്കണം.

രാത്രിയിലെന്നെ
നക്ഷത്രം പോലെ ചേർത്ത് പിടിയ്ക്കാൻ
അരികിലെന്നുമൊരാൾ വേണം.

മഴ നഞ്ഞോടി വരുന്ന
തീവണ്ടിയിലേക്ക്
എനിയ്‌ക്കൊപ്പം കയറാൻ
ഒരാൾ വേണം.

മഴകളെ
പുഴകളെ
മലകളെ
മനുഷ്യരെ
നിറങ്ങളെ-
സ്നേഹിതരെയെന്നപോലെ
എനിയ്ക്കായ് പരിചയപ്പെടുത്താൻ
സഞ്ചാരിയായ ഒരാൾ
കൂടെ വരണം.

ഇതാ,
നാം വിരിഞ്ഞ സൂര്യകാന്തിപ്പാടങ്ങൾ എന്ന്
നാം ചേർന്ന് നിന്ന ചണവയലുകളെന്ന്
മഴ നനഞ്ഞ നാട്ടുവഴികളെന്ന്
ചെമ്പരത്തികളായ് വിടർന്ന വേലിപ്പടർപ്പുകളെന്ന്
ഇണചേർന്ന ശിഖരാഗ്രങ്ങളെന്ന്
ആനകളായ് മദിച്ച മലങ്കാടുകളെന്ന്
മീനായ് തുടിച്ച കായൽപ്പരപ്പുകളെന്ന്
ഒട്ടകങ്ങളായ് വാണ മരുഭൂമികളെന്ന്

ഇതാണ് നാം
ഒന്നിച്ചു പാർത്ത ഗുഹകളെന്ന്
തപസ്സിരുന്ന മഞ്ഞുമലകളെന്ന്
മഞ്ഞായ് നിറഞ്ഞ മലമുകളെന്ന്
ഒളിച്ചു കളിച്ച തുരങ്കങ്ങളെന്ന്

ഇതാ ,
നാം പോറ്റിവളർത്തിയ മാൻകുഞ്ഞുങ്ങളെന്ന്
ഉറുമ്പുകളായ് പേറിയ അരിമണികളെന്ന്
മുഖം നോക്കിയ വെയിൽക്കണ്ണാടികളെന്ന്
ഉറക്കമുണർന്ന ഏറുമാടങ്ങളെന്ന്
എടുത്തണിഞ്ഞ മരവുരിയെന്ന്
പൊന്മാനുകൾ കാണാതെയൊളിച്ച പൊത്തുകളെന്ന്

ഇവിടെയാണ് നാം,
പുല്ലായ് കിളിർത്ത ചുടലപ്പറമ്പുകളെന്ന്
പ്യൂപ്പകളായ് ചിറകുകൾ കാത്തു കഴിഞ്ഞതെന്ന്
തമ്മിൽ പടർന്നു കയറാൻ വള്ളികളായതെന്ന്
മണ്ണുപുതച്ചുറങ്ങാൻ മണ്ണിരകളായതെന്ന്
പട്ടുനൂൽപ്പുഴുക്കളായ് വെന്തുപോയതെന്ന്
കാട്ടാളന്റെ കിളികളായതെന്ന്
ശംഖുകളായ് കടലാഴങ്ങളിൽ ചേർന്നുകിടന്നതെന്ന്

വഴികൾ നീളെ
ഓർമ്മകൾ ഒരുപോലെ പങ്കിടാൻ
എന്നും ഒരാൾ
എനിയ്ക്ക് വേണ്ടി പിറക്കണം.

എത്ര ജന്മം കഴിഞ്ഞു
വീണ്ടും പിറന്നാലും
എവിടെയെങ്കിലുമായ്
നിന്നെ കാത്തിരിയ്ക്കാൻ ഞാനുണ്ടാകുമെന്ന് -
നെറുകയിൽ ഉമ്മവെച്ചു
നെഞ്ചോട് ചേർത്ത് നിർത്തി
നെറ്റിമേൽ കുങ്കുമം തൊട്ട്
കാതിൽ ചുണ്ടുകൾ ചേർത്ത്
ചുണ്ടുകളിൽ വിരലുകൾ ചേർത്ത്
ഇടയ്ക്കിടെ പറയാൻ
എന്നും ഒരാൾ കൂടെയുണ്ടാകണം.