കൊടുംവേനലില്‍ മുഖമാഴ്ത്തി
‘നീയെനിക്ക് വേനല്‍ മാത്രം തരുന്നു’
എന്ന സന്ദേശം കൊടുത്തയച്ച്;
ഒരുപാടപ്പുറത്തേക്ക് ഓടിപ്പോകാന്‍
ഒറ്റയ്ക്കൊരുവഴി
തന്നേച്ചു പോയവന്‍ ആരാണ്?

തരാന്‍ മറന്നു പോയ പ്രണയപത്രം ബാക്കിയുണ്ട്:

സ്തൂപികാഗ്ര വൃക്ഷങ്ങളില്‍ കാറ്റ് കുടിയേറുന്നത്
കാണിച്ച് തന്നവന്,

ചുവന്ന മേഘങ്ങളിലേക്ക്
ഒരു കാറ്റ് പോലെ നടന്ന് പോകണമെന്ന് പറഞ്ഞവന്...

എന്റെ വാക്കുകള്‍
എനിക്കുള്ളില്‍
എവിടെയോ ആണ്....
ഇത്
എനിക്ക്
എന്നിലെ നിനക്ക്.
നീ
എന്നിലെ മരണവും
എന്റെ ജീവിതവുമാണ്.
ഒരു രാത്രിയില്‍
അപ്രതീക്ഷിതമായി ഉച്ചരിച്ചു പോകാന്‍
നിനക്ക്
ഒരു നക്ഷത്രത്തിന്റെ പേര് ഞാന്‍ കണ്ടുവെച്ചിട്ടുണ്ട്..