നിറമുള്ളൊരു മേഘത്തിന്റെ തുണ്ടെടുത്ത്,
അതിൽ
നിന്റെ പേരെഴുതുമ്പോൾ
മാത്രം
മഴയായ് ഞാൻ
മാറിപ്പോകുന്നു!

ഈ മഴക്കാലത്ത്
മേഘങ്ങളിലൂടെ
നമുക്ക് നടക്കേണ്ടതുണ്ട്.

മഴനനയാൻ വിരൽ നീട്ടുന്ന
ഇല ഞരമ്പുകളായ്
മാറിപ്പോകേണ്ടതുണ്ട്.

അന്യോന്യം പറയാതെ പോയ സ്നേഹവാചകങ്ങളുടെ
അരികിലൂടെ ചുവന്നവണ്ടുകളായ് വട്ടംചുറ്റേണ്ടതുണ്ട്.

മഴപെയ്യുന്നുണ്ട് നമ്മുടെ ചുറ്റിലും
എന്നാലും വേനൽ,
നമുക്കിടയിൽ മഴയെ വിയർപ്പെന്ന് മാറ്റിക്കളഞ്ഞിരിക്കുന്നു!
ഒരുപാട്‌ യാത്രികർക്ക്‌ ഒടുവിൽ
ഒരു സഞ്ചാരി മാത്രം ബാക്കിയാകുന്നു. 
അയാൾ ആ ദ്വീപിനെ പ്രണയിച്ച്‌ തുടങ്ങുന്നു.

ഒരുപാട്‌ യാത്രകൾക്ക്‌ ഒടുവിൽ 
ഒരിടം പ്രിയപ്പെട്ടതാകുന്നു.
അയാൾക്ക് ആ ദേശം വീടൊരുക്കുന്നു.
എന്റെ ഭാഷയിൽ
നിന്റെ വിരൽ മണക്കുന്നു.
എന്റെ ഭാഷയിൽ
നിന്റെ ചുണ്ടുകൾ പതിഞ്ഞിരിക്കുന്നു.

എങ്ങനെ
ക്രമപ്പെടുത്തിയാലും
ഇല്ലെങ്കിലും
അതിലെ
അക്ഷരങ്ങൾ
പ്രണയത്തിന്റെ
ഓർമ്മപ്പെടുത്തലുകളാകുന്നു.

ഇനി കണ്ടുമുട്ടുമ്പോൾ
നാം
അകലങ്ങളിലായിരിക്കെ
എത്രമേൽ പരസ്പരം ആഗ്രഹിച്ചിരുന്നുവെന്ന
ഓർമ്മകളുടെ മഹാപ്രളയത്തിലാകും .

ഇനി കണ്ടുമുട്ടുമ്പോൾ
നാം
ആഗ്രഹങ്ങൾക്ക് തീപ്പിടിച്ച കണ്ണാടിത്തുണ്ടുകളായ്
ആയിരം സൂര്യതേജസ്സോടെ
പരസ്പരം ജ്വലിപ്പിയ്ക്കും.

ഇനി കണ്ടുമുട്ടുമ്പോൾ
നാം
ആകാശത്തോളമുയർന്ന്
അത്യാഹ്ലാദത്തോടെ കെട്ടിപ്പുണരും.

ഇനി കണ്ടുമുട്ടുമ്പോൾ
നാം
നമ്മിലെ
പ്രാചീനതകൾ  പങ്കിടും.

ഇനി കണ്ടുമുട്ടുമ്പോൾ
നാം
നമ്മിലെ
അപൂർണ്ണതകൾ
 എല്ലാം ഉപേക്ഷിയ്ക്കും.