Saturday

പൊഴിയല്ലേ പൊഴിയല്ലേ എന്ന്
വെയിലൊളിപ്പിച്ചു വെച്ച മഞ്ഞു തുള്ളികളോടെല്ലാം പറയുന്നു.
എന്നിട്ടെവയെല്ലാം
എന്നെ അവനെ എന്ന്
എല്ലാത്തിനേയും
മഞ്ഞുമലയായ് മാറ്റിക്കളഞ്ഞിരിക്കുന്നു!

മൂന്നക്ഷരം കൊണ്ടൊരു മുറിവ്.
നീ എന്ന ഒറ്റക്ഷരം കൊണ്ടതുണങ്ങി.
എഴുതിക്കഴിഞ്ഞപ്പോൾ മുതൽ ഓർത്ത് നോക്കുകയാണ്‌ നീ ആരാണെന്ന്.
ആ വാക്കിനെ ഇത്രമേൽ സ്നേഹിക്കാൻ,അതിൽ തപസ്സനുഷ്ഠിക്കാൻ..
നീ.
ആ ഒരക്ഷരമാണ്‌ ഞാൻ വ്യാഖ്യാനിച്ച് നോക്കുന്നത്.
എത്ര അക്ഷരങ്ങൾ എണ്ണിപ്പെറുക്കി വെച്ചാലും നിറയാത്തൊരലമാര പോലെ നീ.
നീ-

കാറ്റായ്,
ഒരു ചെറു സുഷിരത്തിലൂടെ മഹാപ്രവാഹമായ്,
എന്നെ വഹിച്ചു നടന്ന ജിപ്സി.

ആഗ്രഹങ്ങളോടും നിരാശയോടും ഒരുപോലെ വിരക്തി തോന്നിയ നാളുകളിൽ നീ ഗൗതമൻ.

ഓർമ്മക്കല്ലുകൾ മറവിമലയ്ക്ക് മീതേ ഉരുട്ടിക്കൊണ്ട് നടന്ന ഭ്രാന്തൻ.

ധാർഷ്ട്യത്തിന്റ അസ്ത്രങ്ങൾ കൊണ്ട് പെരുവിരൽ മുറിഞ്ഞ യോദ്ധാവ്.

ചിന്തകളുടെ കൊടും കാട്ടിലലഞ്ഞ നിഷാദൻ.

ഒരു നഖമുനയായെന്റെ നെഞ്ച് പിളർന്ന്
എന്നിലെ വിഷാദത്തെ കുത്തിയൊഴുക്കിയ മൃഗം.

സ്പർശിച്ചു പോകരുതെന്ന് കാറ്റിനോട് വിലക്കുന്ന മഞ്ഞ്.

ആകാശത്തിന്റെ നീല ഞരമ്പുകൾ പങ്കിട്ടെടുത്തവൻ.

മുളകുത്തി നദിയിൽ മുറിവുകളുണ്ടാക്കിയതിൽ വേദനിച്ചവൻ.

പുഴയിലെ ദീപാലങ്കാരങ്ങൾ കണ്ട് നക്ഷത്രങ്ങളെവിടെപ്പോയെന്ന് തിരഞ്ഞ് നടന്നവൻ.

വിഷാദത്തിന്റെ അലകളില്ലാ കടലിനു മീതെ
ഞാനെന്ന ദ്വീപിലേക്കുള്ള ഒറ്റവരിപ്പാലം.

നക്ഷത്രങ്ങൾ നിറയാറുള്ള നേരങ്ങളിൽ,
ആകാശം തേടാറുള്ള കാറ്റ്,
ഇലകളിൽ അതിന്റെ ചലനം മറന്നു വയ്ക്കാറുള്ളതുപോലെ,
എന്നിലുപേക്ഷിക്കപ്പെടുന്ന അപൂർവ്വ സാന്നിദ്ധ്യം.

എന്നിലേക്കെത്തി തുടർച്ച തിരയുന്ന അന്വേഷണം.

ആവർത്തനങ്ങൾ.


...
എന്റെ അസ്ഥികളുടെ കല്ലറയിലിന്നും
നീ എന്ന ജീവന്റെ
മഹാപ്രളയം.

ഞാൻ ഒരു അഴിമുഖത്താണ്‌;
നീ എന്ന കടലിലേക്കാണെന്റെ പതനം.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌