Sunday

നിന്നിലേക്കുണരാൻ
എന്നും
വെയിൽ നാളമാകുന്നു.
തീപ്പൊള്ളുമൊരു നക്ഷത്രം
എന്നിൽ
ബാക്കിയാകുന്നു.
വേനല്ക്കാലമെന്ന്
ഓർമ്മകൾക്ക് പേരിടുന്നു.

നീ വന്ന്
എന്റെ കൈ പിടിയ്ക്ക്!
മരിച്ചു പോകുന്ന ഒരാൾ
അയാളുടെ പ്രാണനെ
അവസാനമായി
തൊടുന്നതിന്റെ
തുടിപ്പുകൾ എന്തെന്ന്
ഞാനൊന്നറിഞ്ഞിരിയ്ക്കട്ടെ!!

എന്റെ അവസാനത്തെ ഓർമ്മ എന്നാൽ
നിന്റെ ചുണ്ടുകൾക്കിടയിലേക്കുള്ള
നിശബ്ദമായ തുഴച്ചിലുകളാണ്!
എനിയ്ക്കൊരിയ്ക്കൽ തിരിച്ചു പോകേണ്ടി വരും.
ആ കാലങ്ങൾ നിന്നെ തനിച്ചാക്കാതെയിരിക്കാൻ
നാമൊന്നിച്ചു നടന്ന ഇടങ്ങളെല്ലാം
ഓർമ്മകൾകൊണ്ട് നിറയ്ക്കുന്നു.

Friday

കണ്ണുകളുടെ
തുറമുഖ നഗരത്തിൽ
നിന്റെ ഓർമ്മകളുടെ
ചൂതാട്ട കേന്ദ്രത്തിലാണ്.
മുങ്ങിച്ചത്ത ഒരു ജീവനാണ്
പണയം;
അത് വിഴുങ്ങിയ കടൽപ്പക്ഷിയുടെ കരച്ചിലും.
എന്നിലെ മഴക്കാലങ്ങൾ ഒളിച്ചിരിയ്ക്കുന്ന മഹാസമുദ്രമേ
എന്ന്
എന്റെ വാക്കുകളിലെ മീനുകൾ
നിന്നെയോർത്ത് പിടയുന്നു.

Thursday

നിന്നെ കേട്ടുകൊണ്ടിരിയ്ക്കുമ്പോൾ
പകർത്തിയെഴുതാനാകാത്ത ഒരു കവിതയും
നിന്നെ കണ്ടുകൊണ്ടിരിയ്ക്കുമ്പോൾ
നിറങ്ങളായ് പൊട്ടിവിരിയുന്ന കാൻവാസുമാകുന്നു
ഞാൻ. 
മറ്റൊരു മായാജാലവും
സ്വായത്തമാകാത്ത
ഒരുവൾ
സ്നേഹത്തെക്കുറിച്ച് മാത്രം പറയുന്നു.

Monday

മേടത്തിൽ കൊന്നമരത്തെക്കുറിച്ചും
മെയ്‌മാസത്തിൽ ഗുൽമോഹറുകളെക്കുറിച്ചും
മൺസൂണിൽ മുളങ്കാടുകളെക്കുറിച്ചും
എഴുതുന്നു.
എല്ലാം നിന്റെ പേരുകളെന്ന് അറിഞ്ഞു കൊണ്ട് തന്നെ.
നിന്റെ മറവിയുടെ ശിശിരത്തിൽ
സദാ ഇലകൊഴിഞ്ഞു വിറയ്ക്കുന്ന മരമായ ഞാൻ
എന്നെ അടയാളപ്പെടുത്തേണ്ട കൊടുങ്കാടിനെ
പിന്നെ  എങ്ങനെ വരച്ചു വരയ്ക്കാനാണ്!

ചിലരുടെ ഓർമ്മകൾ എന്നാൽ
വാക്കുകളുടെ പച്ചമരങ്ങൾക്ക്
മഞ്ഞയായ് പൂവിട്ട് പോകേണ്ടുന്ന
വിഷുക്കാലങ്ങളാണ്.
വല്ലാതെ വിരൽ പൊള്ളിപ്പോകുമെന്നോർത്ത്
നീ എടുത്തുവെച്ച
പ്രണയത്തിന്റെ പൂത്തിരികളെ
തീപ്പിടിപ്പിക്കുന്ന
വിഷുക്കാലമാണ് ഞാൻ.
പ്രണയവും ഞാനും
നിന്നിലെ കലണ്ടറുകളെ
കാത്തു നിൽക്കാതെ
കണിയൊരുക്കുന്ന
കൊന്നമരങ്ങളാണ്.
കവിതകൾ കൊണ്ട് നീയെനിയ്ക്ക്
കണിയൊരുക്കുന്നു.
പൂക്കാതിരിയ്ക്കാൻ വയ്യാത്തൊരു
മഞ്ഞമരമായ് ഞാൻ
നിന്റെ
വാക്കുകളുടെ വിഷുപ്പക്ഷികൾക്കൊപ്പം ചിലയ്ക്കുന്നു. 
പ്രാണന്റെ പച്ച ഞരമ്പുകൾക്കിടയിൽ
നിന്റെ ഓർമ്മകളുടെ വിഷുക്കാലം പേറുന്ന
മരത്തിന് എന്റെ പേരാകുന്നു.
ഞാൻ നിന്റെ മറവികളുടെ വേനലിലും പൂക്കുന്നു.
പ്രണയം അതിന്റെ ചില്ലകൾ നീളെ
മൗനത്തിന്റെ പച്ചനിറം ഒട്ടിച്ചു വയ്ക്കുന്നു.
ഓടിച്ചെല്ലരുത്,
മിണ്ടുന്ന കാട്ടുപച്ചയെന്നത്
ഒരു സ്വപ്നം മാത്രമാണ്.

Saturday

അവസാനത്തെ കത്ത് എഴുതിക്കഴിഞ്ഞ ഒരുവൾ
എന്ത് ചെയ്യാനാണ്!
മൗനത്തിന്റെ അക്ഷരങ്ങൾ നിരത്തി
വായിച്ചവസാനിപ്പിയ്ക്കാൻ കഴിയാത്തൊരു മറുപടി
നീ എഴുതുന്നുണ്ടെന്ന് കരുതി
നിശബ്ദയായി
കാത്തിരിയ്ക്കുകയല്ലാതെ!!

Thursday

ഞാൻ മരിച്ചു പോയ ഒരാളെപ്പോലെ
നിന്നെ ഓർക്കുന്നു.
നിന്റെ ശ്വാസം മണക്കുന്ന മഞ്ഞപ്പൂക്കളെ
എന്നിലേക്ക് ചേർത്ത് പിടിയ്ക്കുന്നു.
എന്റെ ഓർമ്മകൾ കൊണ്ട് നീലിച്ച
വിരലുകൾ കൊണ്ട്
നീയെന്ന തൊട്ടു നോക്കുന്നു.
നിന്റെ കവിതകൾ കൊണ്ട്
എന്റെ നാവ് നനയുന്നു.
തിടുക്കപ്പെട്ട് നീ തിരിച്ചു പോകുന്നു.
എത്ര കരഞ്ഞു പറഞ്ഞതാണ്
ഞാൻ എന്നോട്
നിന്നിൽ നിന്ന് മരിച്ചു പോകല്ലേ എന്ന്!

Wednesday

പ്രാണനോളം പ്രിയപ്പെട്ട നീയേ!
നിനക്ക് എഴുതാതിരിയ്ക്കുമ്പോൾ
എന്റെ മരണമാണ്.

Tuesday

നിന്റെ അക്ഷരങ്ങളുടെ
ഇലയനക്കങ്ങൾക്കിടയിൽ
നിശ്ശബ്ദതയെന്ന വാക്കായ് കൂമ്പി നിൽക്കുന്ന
മൊട്ടിനുള്ളിലാണ്
ഞാൻ.

Monday

മോഷ്ടിക്കണമെന്നുണ്ട്,
നിന്റെ കവിതകളെ അല്ല;
നിന്റെ ഹൃദയത്തെ.
അതിൽ അടരടരുകളായ്
നീ അടുക്കിവെച്ച
തോൽവികളുടെ,
തിരസ്കാരങ്ങളുടെ,
സഹനത്തിന്റെ,
നിഷേധത്തിന്റെ
ഓർമ്മകളെ.

നീ അനുഭവിച്ച
ആ സ്നേഹഭംഗങ്ങളത്രയും. 

എന്നാൽ അതവിടെ നിൽക്കട്ടെ,
നിന്റെ ഓരോ വാക്കിലും
കഷ്ണം കഷ്ണമായ്
കാണാതായി പോകുന്ന
എന്റെ ഹൃദയത്തെക്കുറിച്ച് നീ എന്ത്  പറയുന്നു?

എന്റെ എന്ന
ഒരൊറ്റ വാക്ക് കൊണ്ട്
നീയെന്നെ മോഷ്ടിച്ച് കൊണ്ടുപോകുന്നെന്നൊരു
സ്വപ്നം കാണുന്നു.

എന്റെ എന്ന 
ഒരൊറ്റ വാക്ക് കൊണ്ട് 
നിന്നെ മോഷ്ടിച്ച് കൊണ്ടുപോകുന്നെന്നൊരു 
സ്വപ്നം കാണുന്നു.

Friday

നിനക്ക് വേണ്ടിയല്ല;
എനിക്ക് വേണ്ടിയാണ്
പ്രണയത്തിന്റെ സെൽഫികൾ എടുത്തുവെച്ചത്.
എനിക്ക് വേണ്ടിയാണ്
പ്രണയത്തിന്റെ ശബ്ദം രേഖപ്പെടുത്തിയത്.
എനിക്ക് വേണ്ടിയാണ്
പ്രണയത്തിന്റെ മഷിപ്പേന വീണ്ടും നിറച്ചത്.
എനിക്ക് വേണ്ടിയാണ്
പ്രണയത്തിന്റെ  പ്രാണനെ ശ്വാസം മുട്ടിച്ചത്.

നിനക്ക് വേണ്ടിയല്ല;
എനിക്ക് വേണ്ടിയാണ്
ഓർമ്മകളുടെ ഉപ്പുപാടങ്ങളിലും
മറവികളുടെ മഞ്ഞു മലകളിലും
സ്നേഹമെന്ന വാക്ക്
തിരഞ്ഞു നടന്നത്.

ഓരോ തവണയും പച്ചയ്ക്ക് കത്തി തീരുന്നതും
ഓരോ തവണയും പച്ചയ്ക്ക് കത്തി തീരാൻ
വീണ്ടും മുളച്ചതും
എനിക്ക് വേണ്ടിയാണ്,
നിനക്ക് വേണ്ടിയല്ല.

ഒന്നുമില്ല.

പ്രാണന്റെ ഓരോ തുള്ളിയിലും
തൊട്ടുതൊട്ടിരിയ്ക്കുമ്പോഴും
ഏഴുകടൽ അകലത്തിലാണെന്ന
നമ്മുടെയാ കള്ളമുണ്ടല്ലോ
അതിലൊരു സങ്കടവഞ്ചിയിൽ ഇരുന്ന്
ഓർക്കുകയായിരുന്നു,
വേനലില്ലാതെ കരിയുകയും
മഴയില്ലാത്ത തളിർക്കുകയും ചെയ്യുന്നൊരു ഋതു
നീ ഒറ്റയ്ക്ക് കടന്നു പോയത്.

ഒന്നുമില്ല;
ഓർക്കുകയായിരുന്നു.

Wednesday

നിന്റെ ഓർമ്മകൾ ഇത്ര മൂർച്ചയുള്ളതാണെങ്കിൽ
മറവികൾക്ക് ആഴം എത്രയുണ്ടാകും?
എന്നിലൊരിയ്ക്കലും
ഞാൻ ഉണ്ടായിരുന്നില്ല.
ഉണ്ടായിരുന്നത്
ചെറു നാരുകളിൽ
നിന്നെ കോർത്തിട്ട
കണ്ണാടികൾ.
നിന്നിൽ എന്നെ
കൊളുത്തിവെച്ച 
പ്രകാശരശ്മികൾ 
നിനക്കെഴുതാൻ
ഇനി ഏറെയൊന്നുമില്ലാത്ത വണ്ണം
ജീവിതത്തെ
ഞാനിങ്ങ് പകർന്നെടുത്തിരിയ്കുന്നു.
എങ്ങനെയാണെന്നറിയാതെ
എത്ര ആഴത്തിലാണെന്നറിയാതെ
നിന്റെ ശ്വാസച്ചൂടിന്റെ
അളവുകളറിയുന്നു.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌