Wednesday

നിന്റെ ആഴങ്ങളിൽ മുങ്ങിയിട്ടും;
നീന്താനറിയാത്ത ,
തുഴയാനറിയാത്ത
ഞാന്‍
മരിക്കുന്നില്ലല്ലോ!
ഒരോ തവണയും പറഞ്ഞു തുടങ്ങുക,
പറയാനിനിയൊന്നും ബാക്കിയുണ്ടാകരുതെന്നുറപ്പിച്ചാണ്‌;
അവസാനിപ്പിക്കുക,
ഇനിയും പറഞ്ഞുതീർക്കാനാവാത്ത തുടർച്ചകളിലേക്കും.

ഒരു വാക്കുകൊണ്ട്
എല്ലാവരേയും സ്നേഹിക്കാൻ കഴിയണം,
സ്വയം സ്നേഹിക്കാനും.

Monday

ഒരു ശംഖിന്റെ അദൃശ്യമായ വാതിൽ പതിയെ തുറന്ന് സ്നേഹം നിറഞ്ഞ വാക്കുകൾ ബോധമണ്ഡലത്തിൽ പുനർജനിക്കുന്നു.
വിശ്വാസങ്ങളുടെ ചുവരെഴുത്തുകൾ തെളിഞ്ഞു വരുന്നു;
പ്രപഞ്ചത്തിനു പ്രിയമായ സ്നേഹവാചകങ്ങൾ.

എന്നിൽ നിന്ന് എന്നിലേക്ക്.
എന്നിലെ നിന്നിൽ നിന്ന് സർവ്വചരാചരങ്ങളിലേക്കും..

എന്നിലെ മൗനത്തിന്‌ നീ വാക്കുകൾ നല്കുന്നു.
എന്റെയുള്ളിലെന്നോ നിന്റേതെന്നോ ഇഴവേർപെടുത്താതെ നിന്നേയുമെന്നേയുമറിയുന്നു.

എത്ര രസകരമായ നുണകൾ ചേർത്തുവെച്ചാണ്
 ഓരോരുത്തരും
അവരുടെ പ്രണയപുസ്തകം എഴുതുന്നത്.



ഇത്രയും ശലഭങ്ങൾ വന്നുപോയതും
ഇത്രയും പൂക്കൾ വിരിഞ്ഞതും
ഇത്രയും ഇലകൾ പിറന്നതും
ഇത്രയും മീതേ നക്ഷത്രങ്ങളുയർന്നതും
ഇത്രയും മൃദുവായ് കാറ്റ് കടന്നതും
വഴിയിൽ
ഇത്രയും നേരം നീ കാത്തുനിന്നതും
ഇത്രയും നിറങ്ങൾ കാത്തുവെച്ചതും
കാതിൽ
ഇത്രയും മധുരമായ് പാട്ട് നിറഞ്ഞതും
ഇത്രയും കാലം ഞാൻ കണ്ടതും

ഒന്നുമേ
ഉപേക്ഷിക്ക വയ്യെന്ന് തീർപ്പുകല്പിക്കുന്നു
എത്ര മറക്കണമെന്ന് പറഞ്ഞാലും
പിരിയാതിരിക്കാനാണെനിക്കിഷ്ടം.
എന്നിൽ നീ നിറയുമ്പോൾ
ഞാൻ ഒഴുകിത്തുടങ്ങും...

ഇന്നിടത്താണെന്ന് പറയാൻ വയ്യ,
തിരഞ്ഞെത്തുമ്പോഴേക്കും മറ്റൊരിടത്താകും;

തിരഞ്ഞെത്താത്തപ്പോൾ അന്വേഷിച്ചു വരും
എന്നാലും ഒഴുകിയകലുന്നെന്നേ നീ പറയൂ.

എല്ലാ പ്രവാഹങ്ങളും അങ്ങനെയല്ലേ?

നമ്മിലേക്കാണെന്ന് തോന്നും
നമ്മുടേത് മാത്രമാവില്ല;
നമ്മുടെതല്ലാതാവുകയുമില്ല.

ഒഴുകുന്ന ഒന്നിനും,
മഴയ്ക്കും പുഴയ്ക്കും കാറ്റിനും
തന്റേതെന്ന് ഉറപ്പിയ്ക്കാൻ ഒന്നുമുണ്ടാവില്ലല്ലോ
തന്റേതല്ലെന്ന് പറഞ്ഞ് ഒന്നിൽ നിന്നും ഒഴിയാനുമാവില്ലല്ലോ!

പ്രിയപ്പെട്ടവനേ
ഒഴുകുകയാണ്‌,നിറഞ്ഞ്-
നിന്നിലൂടെ
എന്നിലേക്ക്;
ഇനിയുള്ള ദൂരമത്രയും.

ഒന്നുമില്ല:
സ്വന്തമാക്കാനും കൊടുത്തേല്പിക്കാനും
തിരിച്ചെടുക്കാനും കൈവിട്ടുകളയാനും.
ഒന്നുമുണ്ടാവരുത്;
ഒഴുകുകയല്ലേ?
മാറുന്നൊരക്ഷരം കൊണ്ടല്ലാത്തൊരു
പുസ്തകം നീയെങ്കില്‍
നിന്നെ ഞാനറിഞ്ഞിരിക്കുന്നു..

നിന്നെ ഞാന്‍ വായിച്ചു തീരുവോളം
നീ താള് മറിക്കുകയില്ലെങ്കില്‍,
ഒരു പുസ്തകത്തോളം നേരം
നീയെന്നോട് മിണ്ടുമെങ്കില്‍
എന്നില്‍ കാഴ്ചയായ് നിറയുമെങ്കില്‍,
നിന്നെ ഞാനറിഞ്ഞിരിക്കുന്നു..

Sunday

പൂവിനോട് കള്ളം പറയാനോ
കാറ്റിൽ നിന്ന് മറഞ്ഞിരിക്കാനോ?

എന്നിൽ നീയില്ലെന്നു പറയുന്നതു പോലെയാവില്ലേയത്??

Thursday

ഇടവഴിയിലൂടെയെത്തിയ തണുത്തകാറ്റിനേയും
രാത്രികളിലെ മഴയേയും
ഇലകളോടെ മഞ്ഞപ്പൂക്കളും

എനിക്കായ് കൊടുത്തയക്കുക.
പിന്നെ
ഒരു കുടചൂടിയുണ്ടാക്കിയ ഇത്തിരി തണൽ,
മഷിപ്പേനകൊണ്ട് ഒറ്റവരി സന്ദേശം,
വിരലുകൾക്ക് മീതേ വന്നിരിക്കാൻ മാമ്പൂ മണമുള്ള മഞ്ഞ ശലഭം,
വെയിൽ വീണ പുഴ,
പൂവിടുന്ന ചില്ലകൾ
അങ്ങനെ അങ്ങനെ എല്ലാം എനിക്കായ് കൊടുത്തയക്കുക.
മാവിന്റെ പൂത്തചില്ലകൾ ഒരുപാടേറെ സുഗന്ധം കാറ്റിനായ് കരുതി വയ്ക്കുന്നതുപോലെ
എനിക്കെല്ലാം കൊടുത്തയക്കുക.
ദീർഘിച്ച സന്ദേശമയക്കുക.
ഏറ്റവും പ്രിയപ്പെട്ടവരുടെ മടങ്ങിവരവ് സാധ്യമാക്കുക.

Tuesday

വേനൽ പോലെ ചിലരുണ്ട്.
പൂക്കാനറിയാമെന്ന് നാം പോലുമറിയാതെ
നമുക്കുള്ളിലുറങ്ങിപ്പോയ വാകമരങ്ങളെ
ഒറ്റവാക്കുകൊണ്ട് ചുവപ്പിച്ചു കളയുന്നവർ.

പൂക്കാനനുവാദമില്ലാത്ത മരങ്ങളിൽ ഇലകൾ ചുവന്ന് പൂക്കുടയായത് കാണിച്ച്,
ചിലരുടെ സ്നേഹം ഇങ്ങനെയായിപ്പോകുന്നതെന്തേ എന്ന് ഖേദിക്കുകയായിരുന്നു ഞാൻ.

നീ പറഞ്ഞു തുടങ്ങി:
" ഒരു വേനലും മരത്തോട്, എന്തേ നീ പൂക്കാനെന്ന്; ഇതിനേക്കാളൊക്കെയൊന്ന് പൂത്തുലയാമായിരുന്നില്ലേ എന്ന് ചോദിക്കാറില്ല.
ഉപാധികളില്ലാത്ത സ്നേഹം. "

പറയാതെ പോകാനുള്ളതല്ല -
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്.

എങ്ങോ പെയ്യുന്നുണ്ടെന്ന്
കാറ്റതിന്റെ നനഞ്ഞ വിരൽ കൊണ്ട് തൊട്ടുകാണിക്കുന്ന
മഴയല്ല  പ്രണയം-
മേഘദൂരങ്ങൾ താണ്ടി നമ്മെ-
നമ്മെ മാത്രം തിരഞ്ഞെത്തുന്ന
പെയ്ത് തോരാത്ത ഋതു.


നമുക്കുള്ളിൽ ഉണർന്ന
മിന്നാമിന്നികളുടെ അവസാനിക്കാത്ത രാത്രി.
നമുക്കുള്ളിൽ വിരിഞ്ഞ
ശലഭങ്ങളുടെ അവസാനിക്കാത്ത യാത്ര.

പറയാതെ പോകാനുള്ളതല്ല പ്രണയം-
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്.



ഒരു മരത്തിന്റെ ജീവിതം പങ്കിടുകയാണ്‌ നാം.

കാറ്റിനൊപ്പം പറക്കുന്ന ശാഖികളായ് നീയും
നീ നനഞ്ഞ മഴ,
മണലായ് പുതച്ച് ,
വേരായ് ഉറങ്ങുന്ന ഞാനും.

വെയിൽ വിരൽ നോക്കുന്ന ഇലകളായ് നീയും
നീ കൊടുത്തയച്ച വെയില്ചീന്തിൽ മുഖം നോക്കി  ഞാനും.

വളരുകയാണ്‌ നമ്മൾ- രണ്ടിടങ്ങളിൽ.
ഉയരാനുണ്ട്,
ആഴമേറെ യാത്രകളുമുണ്ട്.
വിഭിന്നമാണ്‌ ദിശകൾ,
എങ്കിലും വിരൽ കോർത്തു പിടിച്ചിട്ടുണ്ട്,
അകലുകയില്ലെന്ന ഉറപ്പിൽ
എപ്പോഴും.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌