Tuesday

 തമ്മിൽ കാണാതെ 

കണ്ണുകടയ്ക്കുന്നത് 

എപ്പോഴാണ് 

ഉറക്കമാകുന്നത് ?!


പറയാൻ ബാക്കിവെച്ച 

വാക്കുകളിൽ 

എങ്ങനെയാണ് 

ദിവസത്തിന്റെ 

വാതിലുകൾ അടയുന്നത് ?!


 ഓരോ പൂവിലുമുണ്ടാകും 

പ്രിയപ്പെട്ട ഒരാൾ മറന്നുവെച്ച 

തൊട്ട് നോക്കലുകൾ.


 ആരെങ്കിലും എന്നെ സ്നേഹിച്ചാൽ 

ഞാൻ അതിനെപ്പറ്റി എഴുതും 

ആരെങ്കിലും എന്നെ സ്‌നേഹിച്ചില്ലെങ്കിൽ 

ഞാൻ അതിനെപ്പറ്റി എഴുതും 

ആരോടെങ്കിലും സ്നേഹം തോന്നിയാൽ 

ഞാൻ അതിനെപ്പറ്റി എഴുതും

ആരോടെങ്കിലും സ്നേഹം തോന്നിയില്ലെങ്കിൽ 

ഞാൻ അതിനെപ്പറ്റി എഴുതും

അടിസ്ഥാനപരമായും 

അവസാനമായും 

ഞാൻ 

ഒരു എഴുത്ത് പ്രാണി മാത്രമാണ്.


 നാം

പുഴപോലെ സ്വതന്ത്രരും 

കാറ്റു പോലെ ഭാരമൊഴിഞ്ഞവരും 

ഇലപോലെ ധ്യാനത്തിന്റെ പച്ചഞരമ്പുകൾ അണിഞ്ഞവരും 

അന്യോന്യം

 പ്രാണനുകളെ പേറുന്നവരും.  


 മനുഷ്യരെ കടന്നു പോകുന്ന 

ആകാശങ്ങളോട് മിണ്ടുന്ന 

കടലുകളെ കേൾക്കുന്ന

മഴയെ ശ്വസിക്കുന്ന 

മണ്ണിൽ തൊട്ടു നിൽക്കുന്ന 

കുട്ടിയാകുന്നു.

 ചിലപ്പോൾ തോന്നും 

പ്രണയം 

ഇങ്ങനെ ആണെന്ന് .

പ്രാണൻ അറ്റുപോകാതെ 

പിടിച്ചു നിർത്തുന്ന 

ആ ഒറ്റ ധമനി..

 ഇന്ന് വൈകുന്നേരം നാം വീണ്ടും കണ്ടു.


അന്യോന്യം ഏറെ നേരം നോക്കിയിരുന്നു.


അതേ മരച്ചുവട്ടിൽ , 

അതേ കോഫി ടേബിളിൽ.


ഒന്നും നമ്മൾ സംസാരിച്ചില്ല.


നവംബറിലെ ഓറഞ്ച് വൈകുന്നേരങ്ങളെക്കുറിച്ചോ  

പച്ചയിലകളിലെ  വെയിൽത്തിളക്കത്തെക്കുറിച്ചോ 

പറഞ്ഞില്ല.


ഒരേ കാറ്റിന്റെ കൈകൾ കൊണ്ട് 

തമ്മിൽ തമ്മിൽ തൊട്ടുനോക്കുന്നതിനെക്കുറിച്ചോ 

ചേർന്നു കിടന്ന നിഴലിൽ 

വേർപിരിയാതെ നിൽക്കുന്നതിനെക്കുറിച്ചോ 

പറഞ്ഞില്ല.


നിറയെ പൂവിട്ടു നിന്ന 

പേരറിയാ ചെടികളെക്കുറിച്ചോ 

അല്പമകലെ വീണു ചിതറിയ 

കിളിമുട്ടകളെക്കുറിച്ചോ 

പറഞ്ഞില്ല.


പനിക്കാതിരിക്കാൻ 

മുറിയിലടച്ചു സൂക്ഷിച്ച ദിവസങ്ങളെക്കുറിച്ചോ 

തമ്മിൽ കാണാതെ 

ശ്വാസം മുട്ടിപ്പിടഞ്ഞ നിമിഷങ്ങളെക്കുറിച്ചോ 

പറഞ്ഞില്ല.


നഷ്ടമായ 

പകലുറക്കങ്ങളെക്കുറിച്ചോ 

രാത്രിയിൽ 

ഓർത്തോർത്തു കിടന്നതിനെക്കുറിച്ചോ 

പറഞ്ഞില്ല.


നിഴലുകളുടെ അതിരു നിശ്ചയിക്കാനാകാതെ 

ഇരുട്ട് നിറഞ്ഞപ്പോൾ 

ഇത്രനേരം 

എത്ര വാക്കുകൾ 

ഉള്ളിൽ നിറച്ചെന്നോർത്ത് 

വിരലുകൾ 

തിരിച്ചെടുത്തു.

 

വിടപറഞ്ഞു.


 ഞാനിവിടുണ്ട് 

ഞാനിവിടുണ്ട്

എന്ന് എപ്പോഴും വിളിച്ചു കൂവുന്നത് എന്തിനാണ് ?

നിന്നിലേക്ക് 

യാത്ര പുറപ്പെട്ടവർ 

നിന്നിൽ 

എത്തിച്ചേരുക തന്നെ ചെയ്യും .

 രണ്ടുപേർ 

ഒരു വാക്ക് കൂടുതൽ സംസാരിച്ചാൽ 

മൂന്നാമത്തെ ആ വാക്ക് 

പ്രണയം എന്നതായി പോകുമെന്ന് ഭയന്ന് 

നാം ഉപേക്ഷിച്ച 

ചില നാൽക്കവലകൾ ഉണ്ട് ജീവിതത്തിൽ.

പ്രണയമെന്ന് പേരിടാവുന്ന 

ആ ഇടത്ത്  

ഒരല്പനേരം ഇറങ്ങി -


രാത്രിയാകുന്നു 

നമുക്ക് തിരിച്ചു പോകേണ്ടതുണ്ട് 

എന്നറിഞ്ഞു കൊണ്ട് തന്നെ 

പ്രണയത്തിന്റെ വെയിൽ നേരങ്ങൾ 

കണ്ട് നില്ക്കാൻ കഴിയണം.


പനിപിടിക്കും 

നമുക്ക് തിരിച്ചു പോകേണ്ടതുണ്ട് 

എന്നറിഞ്ഞു കൊണ്ട് തന്നെ 

പ്രണയത്തിന്റെ മഴ നേരങ്ങൾ 

നനഞ്ഞു നില്ക്കാൻ കഴിയണം.


എപ്പോഴുമല്ല; 

വല്ലപ്പോഴും.


എല്ലാം ഉപേക്ഷിച്ചു കൊണ്ടുമല്ല;

എല്ലാ കെട്ടുപാടുകളോട് കൂടി തന്നെ.


നമ്മൾ 

നമ്മളായ് തന്നെ 

വേർപിരിഞ്ഞു കൊണ്ട്. 

എന്നാൽ 
ഏറ്റവും 
ചേർന്ന് നിന്നുകൊണ്ട് 

 സ്നേഹിക്കപ്പെടുക എന്നാൽ 

രണ്ട് മനുഷ്യർ 

ഒരു മഹാസമുദ്രത്തിന് 

ഇരു കരകൾ ആവുക എന്നാണ് . 


സ്നേഹത്തിന്റെ ഭാഷയെന്നാൽ അതാണ്. 

അലകളുടെ ഭാഷ. 

തിരയനക്കം.



  പലപ്പോഴും 

എനിക്ക് തോന്നും 

എവിടേക്കെങ്കിലും 

ഓടിപ്പോകണമെന്ന്.


അങ്ങനെയാണെങ്കിൽ 

എനിക്ക് പോകേണ്ടി വരിക 

ഭൂമിക്ക് 

അപ്പുറത്തേക്കാണ്.


വല്ലാതെ തനിച്ചായിപ്പോകുന്ന 

കടലുകളെക്കുറിച്ച് 

അപ്പോഴോർക്കും.


വീണ്ടുമൊരു 

മഴത്തുള്ളിയായ് 

പൊഴിഞ്ഞു 

വീഴും.

  ഇന്നല്ലെങ്കിൽ നാളെ  എഴുതി അവസാനിപ്പിക്കാനാകുമെന്നോർത്ത് 

കൂടെച്ചേർത്ത വാക്ക്  പോലെ അത് ..

ഇന്നല്ലെങ്കിൽ നാളെ യാത്ര പറഞ്ഞു പിരിയുമെന്നോർത്ത് സത്കരിക്കുന്ന 

അതിഥി പോലെ അത് ..

അത് -

കവിത 

 എഴുതുക

എന്നാൽ
ഒറ്റയ്ക്ക്
ഒരു പ്രാണി
നിർത്താതെ സംസാരിക്കുക
എന്നതിന്റെ
മറ്റൊരു പേരാണ്.

 പ്രണയിക്കുമ്പോൾ

ഒരു കടൽത്തീരത്താണ്.
അകന്നെന്നും അടുത്തെന്നും
അടുത്തെന്നും
അകന്നെന്നും
യാത്രകൾ
അവസാനിക്കാത്ത ഒരിടത്ത്.
യാത്രകൾ
ആവർത്തിക്കുന്ന ഒരിടത്ത്.
അത്ഭുതങ്ങൾ.
ഉണർവ്വുകൾ.
ഉള്ളാഴങ്ങൾ.
രഹസ്യങ്ങൾ.
അശാന്തികൾ.
ഉള്ളിന്റെയുള്ളൊരു
കടലായ്
മാറുന്നതറിയെ
മടങ്ങാൻ കഴിയുന്നില്ല,
നീയെന്ന
എന്നിൽ നിന്ന്.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഒച്ചയുള്ള
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
കാതുകൾ അറ്റുപോയ
കല്ലുകളാകുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
തെളിച്ചമുള്ള
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർക്ക്
ഇരുട്ടിലെന്നപോൽ
വഴിതെറ്റുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഘനമുള്ള
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
തൂവലെന്നപോലെ
വഴുതിയകലുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ആഴമുള്ള
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
വറ്റിപ്പോയ
ഉറവയാകുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
പിടഞ്ഞ
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
ജീവനറ്റുപോയെന്നുറപ്പിച്ച്
വിരലുകൾ
തിരിച്ചെടുക്കുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
പൊള്ളിയ
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
മഞ്ഞു തുള്ളിയിലെ
തിളക്കമെന്നപോലെ
ആ കനലിനെ കണ്ടുനിൽക്കുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഉച്ചത്തിൽ കരഞ്ഞ
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
ആത്മാവിന് ചുണ്ടുകളേ ഇല്ലെന്ന്
കള്ളം പറയുന്നു.
ഇഷ്ടമാണ്
എന്ന നിന്റെ വാക്കിനേക്കാൾ
കേൾക്കാതെ പോയ
കാണാതെ പോയ
നഷ്ടപ്പെട്ട
അലയുന്ന
ആഴം പേറുന്ന
പൊള്ളിയ
പിടഞ്ഞ
ഉച്ചത്തിലുച്ചത്തിൽ കരയുന്ന
ഇഷ്ടമാണ് എന്ന
എന്റെ വാക്ക് .

 - പ്രണയമെന്ന് 

തമ്മിൽ 

നാം 

എപ്പോഴെങ്കിലും 

പറഞ്ഞിരുന്നോ?


- ഇല്ല!

തമ്മിൽ 

പറഞ്ഞതിലെല്ലാം 

നാം 

പ്രണയം 

അറിഞ്ഞിരുന്നു.


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌