Tuesday

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഒച്ചയുള്ള
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
കാതുകൾ അറ്റുപോയ
കല്ലുകളാകുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
തെളിച്ചമുള്ള
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർക്ക്
ഇരുട്ടിലെന്നപോൽ
വഴിതെറ്റുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഘനമുള്ള
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
തൂവലെന്നപോലെ
വഴുതിയകലുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ആഴമുള്ള
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
വറ്റിപ്പോയ
ഉറവയാകുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
പിടഞ്ഞ
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
ജീവനറ്റുപോയെന്നുറപ്പിച്ച്
വിരലുകൾ
തിരിച്ചെടുക്കുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
പൊള്ളിയ
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
മഞ്ഞു തുള്ളിയിലെ
തിളക്കമെന്നപോലെ
ആ കനലിനെ കണ്ടുനിൽക്കുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഉച്ചത്തിൽ കരഞ്ഞ
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
ആത്മാവിന് ചുണ്ടുകളേ ഇല്ലെന്ന്
കള്ളം പറയുന്നു.
ഇഷ്ടമാണ്
എന്ന നിന്റെ വാക്കിനേക്കാൾ
കേൾക്കാതെ പോയ
കാണാതെ പോയ
നഷ്ടപ്പെട്ട
അലയുന്ന
ആഴം പേറുന്ന
പൊള്ളിയ
പിടഞ്ഞ
ഉച്ചത്തിലുച്ചത്തിൽ കരയുന്ന
ഇഷ്ടമാണ് എന്ന
എന്റെ വാക്ക് .
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌