Wednesday




സ്നേഹം നമ്മെ തിരിച്ചു വിളിക്കുന്നു:
ആദിമ നന്മകളിലേക്ക്
ദൈവമായിരുന്നെന്ന ഓർമ്മകളിലേക്ക്
സഹനങ്ങളിലേക്ക്-

നിർഭയരായിരുന്നു നമ്മളന്ന്‌.
വന്യമായിരുന്നു നമ്മളിലെ പ്രകൃതി.

വിശദീകരികരണങ്ങളില്ലാത്തതാണത് .
വ്യാഖ്യാനങ്ങൾക്കതീതം.
സാധ്യതകൾക്കപ്പുറത്തേത്.
എന്നാൽ
സങ്കീർണ്ണമല്ലാത്തത്.
തീർത്തും നിർമ്മലം.
പൂർണ്ണമായത്.


നീ വിരൽ കോർക്കുന്നു.
നിന്റെ സ്നേഹം എന്നെ ദൈവമാക്കുന്നു.

Sunday

ഒരു മലയിറക്കത്തിനിടെ
ഈ ലോകത്ത് നാം മാത്രമാകുന്നു.
നാം രണ്ടുപേരെന്ന്
ലോകം മാറിപ്പോകുന്നു.

കറുകറെ കറുത്തൊരു മഴപ്പുറത്ത്
ഇളകിയാടുന്ന ഇലകൾ ചൂടി
നാം
പെയ്യാൻ തുടങ്ങുന്നു.

പിന്നിട്ട മണലാരണ്യങ്ങൾ
മീനുകൾ നീന്തുന്ന ജലാശയങ്ങളാകുന്നു;
ഭൂമിയ്ക്കപ്പുറത്തേക്ക് നാം
ഒഴുകിത്തുടങ്ങുന്നു.

നാം പേരില്ലാത്തവരാകുന്നു.
പൂർവ്വികരില്ലാത്തവരാകുന്നു.

പിന്മുറക്കാരില്ലാതെ
തലമുറകളെ അതിജീവിയ്ക്കുന്നു.

കരുതി വയ്ക്കാനും
ഉപേക്ഷിക്കാനും
ഒന്നുമില്ലാതെ
സ്വതന്ത്രരാകുന്നു.

സ്നേഹവും
നന്മകളും
മാത്രമറിയാവുന്ന ജീവകണമാകുന്നു.

കറുകറെ കറുത്തൊരു മഴപ്പുറത്ത്
ഇളകിയാടുന്ന ഇലകൾ ചൂടി
നാം
തോരാതെ പെയ്യുന്നു

ദിനരാത്രങ്ങളതങ്ങനെ നീണ്ടു പോകുന്നു.

Saturday

അങ്ങനെ അങ്ങനെയിരിക്കെ
വാതിലിനപ്പുറത്ത്
നീ വന്നു നില്ക്കുന്നു.

അദ്ഭുതങ്ങളൊന്നുമില്ല.
തികച്ചും സ്വാഭാവികമായി.

ദിവസങ്ങൾ പലതിലേക്ക്
നീണ്ടുനീണ്ടു പോയേക്കാവുന്ന
ആലിംഗനത്തിലേക്കെന്നെ നീ ചേർത്തു വയ്ക്കുന്നു.

പ്രാണനേ
ഇനിയുള്ളദിവസങ്ങളിലേക്ക്
വിടർന്നുലയാനായ്
ഞാൻ പൂമരമാകുന്നു.
എനിക്കദ്ഭുതമില്ല.

നമുക്കിടയിൽ വാഗ്ദാനങ്ങളില്ല;
കാത്തിരിയ്കാമെന്ന സന്ദേശങ്ങളില്ല.

എങ്ങനെ ഇത്ര കൃത്യമായി
എന്നിലേക്കിങ്ങനെയെന്ന്
എന്നാലും
എനിക്കദ്ഭുതമില്ല.

നിമിഷാർധം കൊണ്ട് നിന്നിലേക്കെത്താവുന്ന ഊടുവഴികൾ
കരുതിവച്ചുകൊണ്ടത്രേ ഞാൻ
നിന്നിൽ നിന്ന്
യാത്രകൾ പോകുന്നത്.


ഇന്നലത്തെ രാത്രിയിൽ പെയ്തത് ഇലകളായിരുന്നു:
മഴയുടെ ശബ്ദത്തിലവ സംസാരിച്ചുകൊണ്ടേയിരുന്നു.
കാറ്റിനെപ്പോലെ പലദിശകളിലേക്ക് പാഞ്ഞു.
ഒരു പ്രാചീനനെപ്പോലെ എല്ലാ വേദനകളുമറിഞ്ഞു.

ഞങ്ങളിരുവരും കേൾവിക്കാരായിരുന്നു.
മഴയുടെ വഴിയിലെ കാഴ്ചക്കാർ.
വഴിപോക്കർ.

ഇന്ദ്രിയങ്ങളുടെയെല്ലാം ഭാഷ ഒന്നായിതീരുന്ന നേരത്താണ്‌ ഞങ്ങൾ കണ്ടുമുട്ടാറുള്ളത്.
ഒരോ തവണയും,
ഒന്നിച്ചു ചേരാറുള്ള
ഒരോ തവണയും,
ഒരോ ജീവിതമാണ്‌.

ഒരോ തവണയും,
ഒരുമിച്ചല്ലെന്ന് തോന്നിപ്പോകുന്ന
ഒരോ തവണയും,
ഒരോ മരണമാണ്‌-
പുനർജ്ജനിക്കുമെന്ന് അറിഞ്ഞു കൊണ്ടുള്ള മരണം.

ഒന്നുമല്ലാത്തൊരു നേരത്ത്
ഒന്നിനുമല്ലാതെയൊരു മടങ്ങിപ്പോക്ക്.
ഒരിടത്തേക്കുമല്ലാതെ.

ചിലപ്പോൾ അദ്ഭുതം തോന്നും.
എത്ര അകന്നാലും കണ്ടുമുട്ടുമെന്നത് തീർച്ചയാണ്‌.
പിരിയാനാണ്‌ നിശ്ചയിച്ചുറപ്പിക്കേണ്ടത്.





സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌