Saturday




നിശാഗന്ധികളുടെ നാട്ടിൽ
സൂര്യകാന്തിപ്പൂവായ് വിരിഞ്ഞ്
നിന്നിലെ സൂര്യനിൽ
തപസ്സിരിയ്ക്കും.
പുഴയുടെ ശാന്തതയിൽ,
തനിയെ,
നിലാവില്ലാത്ത ഒരു രാത്രി നീന്തിക്കടക്കണം.

ഒരു ഏകയാത്രികന്റെ
നേരം തെറ്റിയുള്ള കൂകൽ കേൾക്കണം.
യാത്രക്കാരിലൂടെ നീളുന്ന പുഴ കാണണം.

മടക്കയാത്രയ്ക്ക്
വെളിച്ചത്തിന്റെ കടലാസ് തോണികൾ.

മഴ, അതിരുകൾ തിരഞ്ഞുള്ള യാത്ര.

മഴ ഒരു ഗോവണിയാണ്‌..
അല്ലെങ്കിൽ കുരുന്നു വിരലിലെ പട്ടത്തിന്റെ ചരടാണ്‌...
നീ ഒരു പുഴയാവുക.

കാലത്തെ അതിജീവിക്കുന്ന പുഴ!
എന്നെ അതിലുപേക്ഷിക്കുക.
ഇന്നലകളിലേക്ക്
നീ തിരിച്ച് പോവുക..

എന്നെ അറിയാതിരുന്ന ഇന്നലകളിലേക്ക് മടങ്ങി,
ദിശമാറ്റി,
കാലങ്ങളോളം നീ ഒഴുകുക.

നിന്റെ ആഴങ്ങളിൽ പരിഭ്രമിക്കാതെ,
നിന്റെ ഒഴുക്കിൽ വഴിതെറ്റാതെ,
ഒരിയ്ക്കലും കണ്ണടയ്ക്കാൻ കഴിയാത്ത മത്സ്യമായ്

നിന്റെ ആഴങ്ങളിലെ ഓർമ്മപ്പുറ്റുകളിൽ
 തപസ്സിരിക്കണമെനിക്ക്.
നിന്നിൽ ധ്യാനം.

എന്നിൽ
ഒരു ശംഖോളം
വാക്കുകൾ.

നീ
കാതോർത്താൽ
മാത്രം
ഏഴുകടലിരമ്പം

ഓർക്കുക:

വാക്കുകളത്രേ
എന്നും
എനിക്ക്
നിന്നിലേക്കുള്ള വഴി.
തീവ്രപ്രതികരണമുള്ള മാപിനിയിലെ അളവ് ദ്രവം പോലെയാണ്‌ മഴയിൽ എന്റെ ചിന്തകൾ.
ആകാശത്ത് മഴയുടെ തുടക്കം എവിടെനിന്നാണ്‌?

മഴയിൽ
കാറ്റ് കുരുങ്ങുന്നത്..പതിയെ തെന്നിമാറുന്നത്..തണുപ്പിക്കുന്നത്...
മഴയിൽ മുഖങ്ങൾ നിറയുന്നത്
സംഗീതമുണ്ടാകുന്നത്
മഴ നിറമണിയുന്നത്
എങ്ങനെയാണ്‌?

മഴയിൽ ശിലകൾ ഉറവകളാകുന്നത്..
ഉറവകളിൽ തണുപ്പ് കുടിയിരിക്കുന്നത്..
തണുപ്പ് മഴയിലേക്ക് മടങ്ങുന്നത്..

രാത്രിത്തണുപ്പിന്‌
പുതപ്പാകുന്നതും മഴ തന്നെ..

മഴ പെയ്യുന്ന
മഞ്ഞ വെളിച്ചമുള്ള
കാറ്റലയുന്ന
രാത്രികളിൽ
ഉറങ്ങാതിരിക്കണം..

സ്വയം നഷ്ടപ്പെട്ട് യാത്ര ചെയ്യണം..
മഴയിൽ
മഴയോടൊപ്പം..

മഴയാത്രകളിൽ
കാറ്റ് എനിക്ക് നടപ്പാതകളും
ഇലകൾ എനിക്ക് ദിശാസൂചിയുംകടം തരും..
എനിക്ക് ഗന്ധങ്ങളുടെ തിരിച്ചറിവുകളിലൂടെ
കാഴ്ചകളുടെ നിറവിലൂടെ
അപരിചിതങ്ങളായ പാതയോരങ്ങൾ കൈവരും..


മഴ വീണ നിലങ്ങളിൽ വെയിൽ നിറഞ്ഞതും
പിന്നെ വെയിൽ മാഞ്ഞ് തണലുണ്ടായി
തണൽ മേഘങ്ങളായി.
മഴയായി.

മഴ
പതിയെ പതിയെ
സങ്കടപ്പെടുത്തുന്നതും
വിഫലമാകുന്നതും
നിശ്ചലമാകുന്നതും
നിറങ്ങൾ മായുന്നതും

രാത്രിയിൽ മഴ ഒടുങ്ങുമ്പോൾ ,
ശബ്ദങ്ങൾ മാത്രം ബാക്കിയാകുന്നതും
കാറ്റ് നനഞ്ഞ് മണ്ണിലേക്ക് വീണ്‌
ഉറവകളായി വീണ്ടും കുതിർന്നതും
ഓർമ്മവരുന്നു.

ഇലകളിലൂടെ മണ്ണിനു മീതേ മഴയുടെ പുനർജ്ജനികൾ.
മഴനൂലു കെട്ടിയ
മഴവില്ലു വീണയൊന്നു വേണം.

മരുഭൂമികളിൽനിന്നെ
മഴയായ് പെയ്യിക്കാൻ!

ഒരേ സമയം
അതിജീവനംആഗ്രഹിക്കുകയും
നിരാകരിക്കുകയും ചെയ്യുന്ന
എന്നെയാണ് ഞാനറിയാതെ പോയത്.

അതന്വേഷിച്ചുള്ള അലച്ചലില്‍
എന്റെ തോള്‍സഞ്ചിയില്‍ നിറയെ
നിന്നെക്കുറിച്ചുള്ള ചിന്തകളുടെ
കടന്നുകയറ്റങ്ങള്‍...ആധികാരികത..ആജ്ഞാശക്തി..

നീ മുഖം തിരിക്കുമ്പോള്‍
എനിക്ക് നഷ്ടമാകുന്നത്
വീണ്ടും എന്നെത്തന്നെയാണ്.
നിന്നിലേയും എന്നിലേയും
കാഴ്ചകളിലെ
തീരാത്ത വിസ്മയങ്ങളാണ്.




എന്നോടല്ല,
നിന്നോട് തന്നെയാണ്‌
എനിക്ക്
സ്നേഹക്കൂടുതലെന്ന സ്വകാര്യം
പറയാന്‍ വന്നതാണ്‌..


Tuesday


എന്നോളം ആഴത്തിൽ മുറിവേല്പിച്ചില്ല എന്നെ മറ്റാരും,
നിന്നോളം കരുതലോടെ കാവലിരുന്നിട്ടില്ല ഞാൻ പോലും


നുണപറയാൻ വയ്യാത്തപ്പോഴാണ്‌ മൗനത്തിലാകുന്നത്!
ശാന്തമായിരിക്കാൻ ഏറ്റവും പറ്റിയിടം അവിടമാണ്‌.

എനിക്കുള്ളിലെ പുഴയിലേക്ക്:
കിറുക്കുകളുടെ
ഒരു മഞ്ഞഗോവണി,
കസ്തൂരി മഞ്ഞളിന്റെ മണം,
കുങ്കുമത്തരികള്‍-

മിണ്ടുന്നില്ല ഒന്നും;
ഒരക്ഷരം പോലും ഓര്‍ത്തെടുക്കുന്നുമില്ല.

നാഡികളില്‍ ഇഴചേര്‍ന്ന സ്പന്ദനങ്ങളും,
വിരലഗ്രങ്ങളിലെ കോര്‍ത്തിണക്കങ്ങളും,
അവയും മിണ്ടുന്നില്ല-

ആര്‍ക്കും നിന്റെ ഭാഷയറിയില്ല,
എന്റേയും-

അതുകൊണ്ടാകണം
ഇന്നലെ ഉറക്കത്തില്‍
ഇലകള്‍ പൊഴിഞ്ഞുകൊണ്ടേയിരുന്നത്...
ഒരു സ്പര്‍ശനം വരെ
മൌനം അസഹ്യമാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നത്...


Monday

"പ്രണയം ഇങ്ങനെയായിരിക്കണം!
 നമ്മിൽ നിന്നുണ്ടായതെങ്കിലും നമ്മുടേതല്ലാതെ ഒന്ന്;
അതെന്തായിത്തീരണമെന്ന് നമുക്ക് നിശ്ചയിക്കാൻ കഴിയാത്ത ഒന്ന്;
ദൈവത്തെപ്പോലെ
നമ്മിലുണ്ടായിരുന്നിട്ടും നമുക്കതീതമെന്നതുപോലെ ആരാധന തോന്നേണ്ടുന്ന ഒന്ന്;
പ്രണയം ഇങ്ങനെയായിരിക്കണം! "
ഏറ്റവും ശാന്തമായൊരിടത്താണ്‌ ഞാൻ,
അക്ഷരങ്ങളുടെ ഇടയിൽ.

ചില ഋതുക്കളിൽ,
ശബ്ദത്തിന്റെ ജാലകങ്ങൾ തുറന്നു
യാത്രകൾ!

വെയിൽ വീണ, മഞ്ഞൾ നിറമുള്ള ,സ്ട്രോബറി മണക്കുന്ന വാക്കുകളിൽ,
സ്നേഹം പുതച്ച്,
കവിതകളിലുറങ്ങി
നിന്നിലേക്ക്!

വഴിതെറ്റുമ്പോൾ
കാലം തെറ്റുമ്പോൾ
ചെന്നുകയറാൻ
മൗനം കൊണ്ട് അലങ്കരിച്ച ഗൃഹം
എന്റെയുള്ളം!
എന്നും..
ശാന്തമായൊരിടത്താണ്‌ ഞാൻ.
എന്നിൽ നിന്ന് നിന്നിലേക്കുള്ള നൃത്ത ചുവടുകൾ-
എന്റെ ആഹ്ലാദം!
ഒടുക്കം നിന്നിൽ ചേർന്നുപോകേണ്ടുന്ന ചലനങ്ങൾ,
സ്വരങ്ങൾ:
വാക്കുകൾ!
എന്നിൽ ഞാനില്ലാതാകും വരേക്കുമെന്റെ ധ്യാനം..

ആകാശം പോലെ ,
അതിരുകളില്ലാത്തൊരിടം- നീ
വിസ്മയങ്ങൾക്കു നിറമേതെന്ന ചോദ്യത്തിന്‌ നീ വിരൽ ചൂണ്ടിയ ഇടം..
എന്റെ വിസ്മയങ്ങൾ നിന്നിലാരംഭിക്കുന്നു;
തുടർച്ചകളാകുന്നു,

എന്റെ നൃത്തചുവടുകൾ സ്വ്വീകരിക്കുക..
എന്നിൽ ഞാനില്ലാതാകും വരേക്കും,നീ കൈകൾ കോർത്തുപിടിക്കുക,എന്നെ നെഞ്ചോട് ചേർക്കുക,
അതിരുകളില്ലാത്ത സ്നേഹം കൊണ്ട് അലങ്കരിക്കുക!
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌