Wednesday

 

നീ എന്ന വാക്കിലേക്ക് 

പ്രണയം നീന്തുന്നു-

മത്സ്യമെന്ന പോലെ.

Sunday

 നിന്റെ ചുണ്ടുകൾ :

പ്രണയത്തിന്റെ പിയാനോ .

 സൂര്യനില്ലാത്ത നേരങ്ങളെ 

സൂര്യകാന്തിയായി വരയ്ക്കുന്ന പെൺകുട്ടിയാകുന്നു.

 അസ്തമനം ഒരുവളെ സൂര്യകാന്തിയാക്കുന്നു.

കാത്തിരിപ്പ് 
പല പകലുകളെ എടുത്തു വെച്ച ഒരു വിത്ത്. 

Monday

 ചില ശബ്ദങ്ങളുടെ 

ചില കാഴ്ചകളുടെ - അതിൽ ചില നിറങ്ങളുടെ-

നിറയെ തമ്മിൽ മിണ്ടിപ്പറയാനുണ്ടെന്ന തോന്നലിന്റെ- 

കരയിൽ 

അളക്കാനാവാത്ത സമയമത്രയും ഒന്നിച്ചിരുന്ന് 

ഒന്നും മിണ്ടാതെ 

മടങ്ങിപ്പോകാറുള്ള രണ്ട് പേരിൽ ഒരാൾ.

 നമുക്ക് നമ്മെത്തന്നെ മുളപ്പിച്ചു കിട്ടുന്ന വാക്കുകൾ ഭൂമിയിലെമ്പാടും കുഴിച്ചിടേണ്ടെ, അതിലൊറ്റത്തരി മണ്ണുപോലും സ്വന്തമാണെന്ന് പറയാൻ കഴിയില്ലെങ്കിലും.

.

 നിനക്ക് നിന്റേതെന്നത് പോലെ തോന്നും, 

എനിക്ക് എന്നെക്കുറിച്ച്  എഴുതാനുള്ളതെല്ലാം.

 എഴുതണം..

എഴുതി നിറയ്ക്കണം...
എന്നെ..
നിന്നെ..
നമുക്ക് പ്രിയപ്പെട്ടതിനെ,
നമ്മുടെ അപ്രിയങ്ങളെ.

 ഒറ്റ എന്ന് പേരുള്ള ഒരു ഭൂഖണ്ഡം- 

ഭൂമിയിൽ മനുഷ്യർ തിങ്ങിപ്പാർക്കുന്നിടം 

 അസ്തമനം ഒരുവളെ 

സൂര്യകാന്തിയാക്കുന്നു.

കാത്തിരിപ്പെന്ന 

വിത്തിനുള്ളിലെടുത്തുവെച്ച 

അവളുടെ 

അനേകം പകലുകൾ.

 ഒരിയ്ക്കൽ പച്ചയായിരുന്നതിന്റെ അനേകം ഓർമ്മകൾ.

Thursday

 പ്രാണന്റെ പച്ചയിലിറ്റി വീഴുന്നുണ്ട് 

മഴയെന്നൊരു വാക്കിൻ തുള്ളി.

Wednesday

 മഴയെ കേൾക്കുമ്പോൾ മിണ്ടാതിരിക്കാനാകാത്ത പച്ച എന്ന് എനിക്ക് പേര് .

Tuesday

  ഈ നിമിഷം 

അല്ലെങ്കിൽ അടുത്ത നിമിഷം 

അല്ലെങ്കിൽ അതിനടുത്ത നിമിഷം  

ചിലത് 

നാം തമ്മിൽ 

മിണ്ടിപ്പറയുമായിരിക്കും.

ഇല്ല 

കാത്തിരിക്കുന്നൊന്നുമില്ല

ആരേയും -


ഹൃദയമെന്ന പക്ഷി 

അത് അനുസരിക്കില്ല എങ്കിലും 

 ജലാശയങ്ങൾ പോലെ ചില മനുഷ്യരുണ്ട്.

അവരങ്ങനെ 

വറ്റി വറ്റി വരണ്ടു പോകുന്നു-

ഇനിയൊരു മഴയ്ക്കും നിറയ്ക്കാനാകാത്ത വിധം 

 ആകാശത്തിനും ഭൂമിക്കുമിടയിൽ 

മഴ എന്നു പേരുള്ള 

ഒരു ട്രെയിൻ ഓടിക്കൊണ്ടേയിരിക്കുന്നു.

വിൻഡോ സീറ്റുകളിൽ ഒന്നിൽ ഞാനുണ്ട് 

കാറ്റിലേക്ക് കൈകൾ വീശി വീശി ...

 ഏകമാണ് ; എന്റെയാണ്.

കാരണമില്ലാത്തതാണ്; കണ്ണ് നനയ്ക്കുന്നതാണ്.

അന്തമില്ലാത്ത ഒന്ന് ; അനാദിയായതും.

തനിമയിലുണ്ടത് ; തമ്മിലും കണ്ടെടുക്കാം.



ഉപേക്ഷിയ്ക്കാനാകാത്ത പുറന്തോടുകൾ;

വേഗമില്ലായ്മകൾ  -

ജീവിതം അതിനുള്ളിലും അതിന്റെ രസങ്ങൾ എല്ലാം നിറച്ച് നൃത്തം ചെയ്യുന്നു.

പ്രണയമന്വേഷിയ്ക്കുന്നു.

 നീയോ തെളിച്ചമുള്ള ഒരു കണ്ണാടി 

നിന്നിൽ തെളിയുമ്പോൾ 

ഞാനോ 

ഒരു തൊട്ടാവാടി 

ഒറ്റയ്ക്ക് 

ഒരു പാട്ടും 

നിങ്ങൾ കേൾക്കുന്നില്ല.

നിങ്ങളനുഭവിച്ച 

സ്നേഹത്തെ- സ്നേഹരാഹിത്യങ്ങളെ - ഓർക്കാതെ 

ആ നേരങ്ങൾ 

നിങ്ങൾ കടന്നു പോകുന്നില്ല.

Monday

 ഒന്നും 

നാളേക്കെന്ന് 

നീ  എഴുതുന്നില്ല.

ഈ നിമിഷം മറുകരയെത്താൻ 

ഒരു വാക്കിന്റെ തോണിയേറുന്നു എന്ന് മാത്രം. 

Wednesday

 ഒരിയ്ക്കൽ ജീവിച്ചിരുന്നു എന്നത് കൊണ്ട് 

ഒരിയ്ക്കലും മരിയ്ക്കാനിടയില്ലാത്ത ഒരാളാകുന്നു.

 മനുഷ്യൻ എന്ന 

സങ്കടങ്ങളുടെ മഹാവൃക്ഷം

സ്നേഹഭംഗങ്ങളുടെ വേരുകളാൽ 

അവനവനിൽ തന്നെ 

ആഴത്തിൽ ഉറച്ചുപോകുന്നു.

Friday

 വാക്കിന്റെ ചോട്ടിൽ 

ആരോ 

ഒരു തുടം വെള്ളമൊഴിച്ചപോലെ 

ഒരു നനവറിയുന്നു.


മനസ്സിൽ 

മഴയുടെ 

ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ തെളിയുന്നു.


ഒറ്റയ്ക്ക് ആ കുട്ടി 

വീണ്ടും എഴുതുന്നു.


ആരും കാണാതെ 

ആരും ആരും അറിയരുതെന്ന് ഉള്ളിൽ പറഞ്ഞു കൊണ്ട്..

ഇലകൾ അടുക്കിയടുക്കിവെച്ച് 

മഴ, 

മണ്ണിൽ 

ഒരു മരത്തെ വരയ്ക്കുന്നു.

ചിലർ ജീവിതങ്ങളെ  വരയ്കുന്നത് പോലെ.



ആർക്ക് വേണ്ടിയാണ് ഇത്രയും എഴുതുന്നത്?

നീയല്ലാതെ മറ്റാരും അത് വായിക്കുന്നില്ലല്ലോ .

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌