Wednesday

വരം കിട്ടിയത്
കവിതകളുടെ ഒരു ചാന്ദ്രമാസം;
പ്രണയത്തിന്റെ ആയുഷ്ക്കാലവും.

നിനക്കുവേണ്ടിയാകണം ഞാൻ
എന്നെ പ്രണയിച്ചു പോകുന്നത്.

Tuesday

എല്ലാവരും പുസ്തകങ്ങളാകുന്ന കാലത്ത്,
ഒരാളിൽ മാത്രം അടയാളമായ് ശേഷിക്കുന്ന അക്ഷരമായി ഞാൻ മാറും. 
ഋതുഭേദങ്ങളിൽ തപം ചെയ്ത് എന്നിലെ പ്രകൃതി അവനെ അമരനാക്കും.

Friday

ചിപ്പികളും നിറങ്ങളും ചേർത്തുവെച്ചു നീ
ഇവളെ നിന്റെ പെണ്ണാക്കുക.
ഇവളിലെ ആഹ്ലാദങ്ങളെ വീണ്ടെടുക്കുക.
ഇവൾ നിനക്കായ് വാക്കുകളായ് മാറും.

ഇവൾ നിനച്ചിരിക്കാത്തൊരു സായന്തനത്തിൽ
നിറങ്ങൾക്കിടയിലൂടെ നടന്ന്,
ഇവളുടെ തീരമണയുക.

പെൺകുട്ടിക്കാലത്തെ കുസൃതികളും
പങ്കിടാതെ പോയ കൗതുകങ്ങളും
തിരകളാകുന്നതും
സ്പർശനങ്ങളാകുന്നതും
അനുഭവിക്കുക.
യൗവനത്തിൽ സൗഖ്യമായിരിക്കട്ടേ എന്ന് നെറ്റിമേലുമ്മവെച്ച് പ്രാർത്ഥിക്കുക.

നീ ചേർത്തുവെച്ച ചിപ്പികളും നിറങ്ങളും അലങ്കാരങ്ങളും എല്ലാമഴിഞ്ഞ്
പലതായ് പിരിഞ്ഞുപോകുന്ന
കാലത്ത് കണ്ടുമുട്ടാൻ
മണ്ണുപുതച്ച് ഇനി ഒരു ജന്മവും ബാക്കിയില്ലെന്ന ഉറപ്പിൽ
ചേർന്നുറങ്ങാൻ
ഒരിടം കാട്ടിക്കൊടുക്കുക.

വാഗ്ദാനങ്ങളുടെ ചൂടിൽ
ഇവളിൽ വാക്കുകൾ
മൗനമാകുന്നതും
മൗനം മേഘമാകുന്നതും
കണ്ടുകണ്ടിരിക്കുക.

ഇവളെ നിന്റെ പെണ്ണാക്കുക.
ഇവളിലെ ആഹ്ലാദങ്ങളെ വീണ്ടെടുക്കുക.
ഇവൾ നിനക്കായ് വാക്കുകളായ് മാറും.
തീരവും തിരയുമായി നാം മാറിപ്പോയതും
ചിപ്പികളും നിറങ്ങളുമായ് നീ എന്നെ പകുത്തെടുത്തതുമായ ദിവസം. 

Sunday

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്,
തികച്ചും വിഭിന്നമായ സ്നേഹപരീക്ഷണങ്ങളിൽ
അകപ്പെടുന്നതിന്റെ ഇടവേളകളിൽ;
മറ്റൊരാളുമില്ലാതെ
കലർപ്പില്ലാതെ
ഞാൻ മാത്രമാകുന്ന
ഇടവേളകളിൽ
നീ വരുന്നു.

പ്രണയത്തിരയിറക്കങ്ങളിൽ
തീരത്തൊരു ശംഖെന്നവണ്ണം
ശബ്ദമടക്കിക്കിടക്കവെ
കലർപ്പില്ലാത്ത എന്നിലേക്ക്
നീ വരുന്നു.
ഞാനിതാണെന്ന ബോധത്തിലേക്ക് ,
ഞാനെന്ന മാപിനിയിലേക്ക്, അളവുദ്രവം പോലെ
നീ വരുന്നു.

കൃത്യനിഷ്ഠയുള്ളത് ഇതിനുമാത്രം.


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌