Monday


നിനക്കെഴുതുമ്പോൾ എന്റെ കൈപ്പട
ഗുഹാവാസികളുടേതാകുന്നു.
അക്ഷരങ്ങളിൽ മണ്ണിന്റെ ഗന്ധം.
വരികൾക്ക് കാട്ടരുവികളുടെ താളക്രമം.

എന്റെയുള്ളിലെനിക്ക്
വീശിയടിക്കുന്ന
നീ എന്ന കൊടുങ്കാറ്റിനെ
 കേൾക്കാൻ കഴിയുന്നു.

ഒരു പേമാരി,
എന്റെ സന്ദേശങ്ങളെ
നിനക്കല്ലാതെ മറ്റൊരാൾക്കും മനസ്സിലാകാത്തവണ്ണം
മാറ്റി എഴുതുന്നു.

എന്റെയുള്ളിലെ കാട്ടുവാസിയാണ്‌ നീ.
നിന്റെ പ്രാകൃതയാത്രകൾക്കൊപ്പം
വളരുന്ന കൊടുങ്കാടാകുന്നു ഞാൻ.

Tuesday


"എത്ര നിശബ്ദമാണ്‌ നമുക്കിടയിൽ
സംവദിക്കുന്ന ഈ സ്നേഹം.
എത്ര സൗമ്യമാണ്‌ അതിന്റെ രീതികൾ!"



നിന്റെ അസാന്നിധ്യം അപൂർണ്ണമാക്കുന്നിടങ്ങളിലെല്ലാം,
എന്നെ ജീവിപ്പിക്കാൻ
എന്റെയുള്ളം അതിശാന്തമാക്കാൻ
അതിഗൂഢമായൊരു പുഞ്ചിരിയായ് എന്നെ മാറ്റാൻ
കഴിയുന്നത്
നിന്റെ ശബ്ദത്തിനല്ലാതെ മറ്റെന്തിനാണ്‌!

തണുത്തപ്രഭാതങ്ങൾ
ജാലകങ്ങളിൽ മഞ്ഞ് പതിപ്പിച്ചു വയ്ക്കുന്നതുപോലെ
നിന്റെ ശബ്ദമെന്നിൽ
നിറയെ വാക്കുകൾ വരച്ചിടുന്നു!
നീയെന്നും ഞാനെന്നുമല്ലാതെ,
ഉപാധികളില്ലാതെ
സ്നേഹമെന്ന് എഴുതുന്നു.

വാക്കുകളുടെ മലമുകളിൽ
നിന്റെ ശബ്ദം പുതച്ച്
ഞാൻ
എന്നെ കേൾക്കുന്നു!
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌