Thursday

പ്രണയം
നോവ് തീണ്ടാനുള്ള ഒരു സാധ്യതയാണ്.
അതിന്റെ ചങ്ങലകളിൽ
ഭ്രാന്തന്റെ കാലിലെ
ഉണങ്ങാത്ത മുറിവായി മാറുന്നതിന്റെ ലഹരി!

Wednesday

മിണ്ടാതിരിക്കേണ്ടുന്ന നേരങ്ങളിൽ
പ്രണയത്തെ
ഉപ്പിലിട്ട് സൂക്ഷിയ്ക്കാൻ നീ പറയുന്നു.

എന്റെ പ്രപഞ്ചത്തിൽ ഇപ്പോൾ ഒറ്റ ഭൂ പ്രദേശമേയുള്ളൂ,
പ്രണയത്തിന്റെ ചാവ് കടൽ!
യുദ്ധമാഗ്രഹിയ്ക്കുന്ന ഒരു ദേശത്ത്
പ്രണയം
മൗനത്തിന്റെ പാർലിമെന്റ് കൂടുന്നു.
അതിദീർഘമായ
മടുപ്പിയ്ക്കുന്ന സെഷനുകൾ.
എന്ത് ചെയ്യാം!
തിരഞ്ഞെടുക്കപ്പെട്ടവരാണല്ലോ നമ്മൾ!
അച്ചടക്കം പാലിക്കുക തന്നെ!!
ഹൃദയത്തിനകത്തും
ദേശത്തിന്റെ അതിർത്തിയിലും
നീ
കാവൽ നിൽക്കുന്നു.
എന്റെ പ്രണയമേ,
ഞാൻ നിന്റെ യുദ്ധത്തടവുകാരനാണ്.
എനിയ്ക്ക് സ്വതന്ത്രനാകേണ്ട!!

Monday

എനിക്കിഷ്ടമാണ് എന്ന്
ഇതിലുമുറക്കെ പറയാൻ അറിയില്ല എനിക്ക്.
എന്റെ ഭാഷ അത്രയും നിശബ്ദമാണ് 
" നിന്നോട് പ്രണയമാണ്,
എന്നാൽ വിശപ്പിനേക്കാൾ വലുതല്ല എനിക്കത്. "
എന്ന  ഒറ്റവരി!
അത്രയും ആഴത്തിലുള്ള
ഒരു പ്രണയം സ്വീകരിയ്ക്കാൻ മാത്രം നന്മകളുണ്ടോ എന്നിലെന്ന അതിശയത്തിൽ!

പ്രണയത്തിന്റെ എവറസ്റ്റുകളിൽ
കാതു പൊത്തി
കണ്ണടച്ച്
മിണ്ടാതെ
ഇരിക്കുന്നതാണ് നല്ലത്.
അല്ലെങ്കിൽ
എപ്പോഴെങ്കിലും
തിരിച്ചിറങ്ങേണ്ടി വരും.

Thursday

നീയാണോ റമ്മാണോ
ബോധം മണ്ഡലം പിടിച്ചടക്കുക
എന്ന യുദ്ധത്തിൽ
പെണ്ണേ,
പ്രണയമെന്ന
പട്ടാളക്കാരൻ തനിച്ചാണ്!

ലോകം മുഴുവൻ നടന്നിട്ടും
നിന്റെ പ്രണയത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു.
കിതയ്ക്കുന്നു.
അറിയില്ല,
തുറക്കുന്ന വാതിലുകളെല്ലാം
നീ എന്ന
വീട്ടിലേക്കാണ്.

Wednesday

എന്നെ ഓർക്കാറുണ്ടോ
പകലുകളിൽ
എന്നെ ഓർക്കാറുണ്ടോ
രാവുകളിൽ

എന്നെ ഓർക്കാറുണ്ടോ
ഏറ്റവും കഠിനമായ പരിശീലങ്ങളിൽ
ഏറ്റവും മടുപ്പിയ്ക്കുന്ന കാവലുകളിൽ
തിളയ്ക്കുന്ന വെയിൽ ചൂടിൽ
കാറ്റിന്റെ ഏറ്റവും ഉച്ചത്തിലുള്ള അനക്കങ്ങളിൽ
വിയർപ്പിന്റെ കപ്പലോട്ടങ്ങളിൽ

എന്നെ ഓർക്കാറുണ്ടോ
ഏറ്റവും  തനിച്ചാകുമ്പോൾ

എന്നെ ഓർക്കാറുണ്ടോ
ഗ്രാമങ്ങൾക്കെഴുതുന്ന കത്തുകളിൽ
നഗരങ്ങളിൽ നിന്ന് വന്നെത്തുന്ന ചിത്രങ്ങളിൽ
മഷിയിലെഴുതിയ കൈപ്പട കാണുമ്പൊൾ
സ്വപ്നങ്ങളെ കവിതകൾ എന്ന് പേരിട്ട് വിളിക്കുമ്പോൾ
ഓർമ്മകളുടെ
അവസാനിക്കാത്ത തീവണ്ടികൾ കടന്നു പോകാൻ കാത്തു നിൽക്കെ

എന്നെ ഓർക്കാറുണ്ടോ
ഒരു റം ബോട്ടിൽ പൊട്ടിയ്ക്കുമ്പോൾ
ലഹരിയുടെ അവസാനത്തെ കുമിളയും പൊട്ടിത്തീരുമ്പോൾ
നാളെ എന്തെന്ന് തീർച്ചപ്പെടുത്താൻ കഴിയാത്ത ഒരുവനാകുമ്പോൾ
ജീവിതം സുഗന്ധമുള്ള ഒരു തൂവാലയല്ലെന്നുറപ്പിയ്ക്കുമ്പോൾ

എന്നെ ഓർക്കാറുണ്ടോ
വിശക്കുമ്പോൾ
വിയർക്കുമ്പോൾ
വീണുപോകുമ്പോൾ

വിശക്കുന്നവരെ
പുതപ്പില്ലാത്തവരെ
വീടില്ലാത്തവരെ
പട്ടിണി പങ്കിടുന്നവരെ
വിള കരിഞ്ഞു പോയവരെ
ചോര പൊടിഞ്ഞവരെ
കാലുകൾ വിണ്ടു കീറിയവരെ
മഴ കാത്തിരിക്കുന്നവരെ
കടൽ തുഴഞ്ഞു പോകുന്നവരെ
മണൽ ചുമക്കുന്നവരെ
കണ്ട് നിൽക്കെ  എന്നെ ഓർക്കാറുണ്ടോ

എന്നെ ഓർക്കാറുണ്ടോ
മനുഷ്യരെ കടന്നു പോകുമ്പോൾ
അതിർത്തികൾ കണ്ടു നിൽക്കെ

പൂക്കൾ കണ്ടിട്ടില്ലാത്തവരെ
കവിതകൾ കേട്ടിരിയ്ക്കാൻ ജീവിതമില്ലാത്തവരെ
പ്രണയമെന്ന വാക്കിൽ നനഞ്ഞു നില്ക്കാൻ ഉടലില്ലാത്തവരെ
നേരിടുമ്പോൾ എന്നെ ഓർക്കാറുണ്ടോ

 മറ്റൊരിയ്ക്കലും തോന്നാത്തവണ്ണം
അത്രയാഴത്തിൽ
അന്നേരങ്ങളിൽ
എന്നെ ഓർക്കുന്നുവെങ്കിൽ
നിന്റെ മറവികളിൽ പോലും
എന്നെ ഓർക്കുന്നുവെന്ന്
എന്റെ മരണത്തിൽ പോലും
നിന്നിലെന്റെ പ്രാണൻ ബാക്കിയാകുമെന്ന്
എനിക്കുറപ്പിക്കാനാവും.

നിന്റെ മുഖത്തിൽ കണ്ണുകൾ ഉറപ്പിയ്ക്കുന്നു,
നെറ്റിമേലന്റെ വിരലുകൾ ഓടുന്നു.
നിന്റെ വെയിൽ കാലത്തിലേക്ക് തണലുകൾ കൊടുത്തയക്കുന്നു.
നിന്റെ വിയർപ്പിൽ മരുഭൂമിയെന്ന പോലെ പൊള്ളുന്നു.
ജീവന്റെ അതിർത്തികൾ കാക്കേണ്ടി വരുന്ന
വെറും മനുഷ്യരാണ് നമ്മൾ.
അവനവനോട് തന്നെ സന്ധി ചെയ്യുന്നവർ.
പ്രണയത്തിന്റെ റം ബോട്ടിലുകൾ തുറക്കുന്നു,
പരസ്പരം പേരുകൾ ചൊല്ലി
കുടിച്ച് വറ്റിയ്ക്കുന്നു.

ഒരു സൈനികനുമായ് പ്രണയത്തിലായ ഒരുവളെ സംബന്ധിച്ചിടത്തോളം
തീവ്രവാദമെന്നാൽ
അവളുടെ നെഞ്ചിടിപ്പുകൾ തന്നെയാണ്

ആവർത്തിയ്ക്കപ്പെടുന്ന ഒരു നുണയോ
കൈ പൊള്ളലേറ്റ കവിതയോ
അമർത്തിചവുട്ടി കടന്നു പോകുന്ന തുകൽ ചെരിപ്പോ
അല്ല താനെന്ന് ഓർമ്മിപ്പിയ്ക്കുന്ന ഒരു പ്രണയം
എന്റെ അതിർത്തികളിൽ കാവൽ നിന്ന്
എന്റെ കണ്ണിലേക്ക് നോക്കുന്നു.
ആ സൈനികന് കീഴടങ്ങി
ഞാൻ എന്നോട് തന്നെയുള്ള യുദ്ധങ്ങൾ അവസാനിപ്പിയ്ക്കുന്നു.

നാം സ്വയം മുറിവുകൾ ഉണ്ടാക്കുന്നു.
അതിൽ പുരട്ടാൻ ഉപ്പ് പരലുകൾ പങ്കിടുന്നു.
അറിയാതെ കൈകൾ
തമ്മിൽ തൊട്ടു പോകുമ്പോൾ
പ്രണയത്തിന്റെ പെരും ചൂടെന്ന നെടുവീർപ്പിൽ
വിയർക്കുന്നു.
അടരടരുള്ള ഒരോർമ്മയ്ക്ക്
നിന്റെ പേരിടുന്നു,
എന്റെ ജീവിതം എന്ന് അടയാളപ്പെടുത്തുന്നു.
അത്രമേലിന്റെ പ്രേമത്തിന്റെ പ്രേമമേ
എത്ര കടൽ ദൂരം അകലെ നിന്നാണ്
നീ
എന്റെ കണ്ണുകളിലെ വേലിയേറ്റങ്ങൾ
മുറിച്ചു കടക്കുന്നത്.
ചിലർക്ക്
ഞാൻ ഒരു മിത്താണ്
ചിലർക്ക്
മൗനമോ മണമോ.
ചിലരുടെയുള്ളിൽ 
മരണം തന്നെയാണ്.
പ്രണയം
എത്ര മറക്കണമെന്നോർത്താലും
മറക്കാൻ കഴിയുന്നില്ലെന്ന ഓർമ്മയുടെ
പേര് .
എത്ര ജന്മങ്ങളുണ്ടായിരുന്നു നമുക്ക്
ലഹരിയുടെ ഒഴിഞ്ഞു പോകുന്ന കുപ്പികളാകുന്നവ.
ഒരിയ്ക്കലും വറ്റാതിരുന്നത്,
നിന്നെയും എന്നെയും നിറച്ചു വെച്ച ദിവസങ്ങളാണ്,
ബോധം മായുന്നത് വരെ കുടിച്ചിട്ടും ബാക്കിയായ ജീവന്റെ ലഹരി. 
കടൽ പോലെ കണ്ണ്,
പ്രണയത്തിന്റെ വേലിയേറ്റങ്ങൾ.
നിനക്ക് പാർക്കാൻ
ശംഖുകൾ ചിതറിയ മുറ്റം.
ഓർമ്മകളുടെ ഞണ്ടിറുക്കങ്ങൾ.
സൂക്ഷിച്ച്, സൂക്ഷിച്ച് ..
ഉമ്മ വെച്ചു എന്ന് തന്നെ തോന്നും.
അപ്പോഴാണ് ഓർക്കുക
അടുത്തില്ലല്ലോ എന്ന്,
പിന്നെ എങ്ങനെയാവും ആ മണമിങ്ങനെ ശ്വാസത്തിൽ നിറയുന്നത്

തളർച്ച തോന്നുന്നു,
ഒന്നിനെക്കുറിച്ചും ഇനി ചിന്തിക്കേണ്ടതില്ലാത്തത് പോലെ.
ഒന്ന് മാത്രം മതി,
നിന്റെയൊപ്പം നടക്കാനുള്ള
വെള്ളിയരികുകളുള്ള രാത്രികൾ-
ഇളം ചൂടാർന്നത്
നിനക്ക് പല പേരിലുള്ള ലഹരികൾ ഉണ്ട്.
അതിൽ നനഞ്ഞ
പെണ്ണേ എന്ന വിളിയുണ്ട്
എനിക്ക് സ്വപ്നം എന്ന ഒറ്റ ബ്രാൻഡെ ഉള്ളൂ,
ആരുടെതെന്ന് തീർച്ചയാക്കാനാകാത്ത ജീവിതത്തിൽ ഉറങ്ങിപ്പോകാതെയിരിക്കാൻ!
എവിടെയായിരുന്നു എന്ന ചോദ്യം വേണ്ട.
ഇവിടെയുണ്ടായിരുന്നു.
എന്നും സ്വപ്നത്തിൽ തമ്മിൽ കണ്ട്
മിണ്ടിത്തീരാതെ ഉണർന്നു പോകേണ്ടിവരാറുള്ള രണ്ടുപേർ
തമ്മിൽ കണ്ടുമുട്ടി
ഒരു വാക്കുപോലുമുച്ചരിയ്ക്കാനാകാതെ
ആർട്ടിക് മുതൽ അന്റാർട്ടിക് വരെ കൈ പിടിച്ചു നടന്നതിന്റെ
കടുത്ത നിശബ്ദതയാണ് കേട്ടുകൊണ്ടിരുന്നത്!

Sunday

എന്റെ തുമ്പപ്പൂ ജീവിതമേ,
നിന്നെ ഇതിർത്തിട്ട
വാക്കുകളുടെ പൂക്കളങ്ങളിൽ നിന്ന്
പ്രണയത്തിന്റെ ഇലഞെട്ടുകളെ
ഞാൻ എടുത്ത് മാറ്റുന്നു.

Saturday

പ്രണയം
എന്നെ
വല്ലാതെ തനിച്ചാക്കുന്നു.
അത്ര ചേർന്നിരുന്നിട്ടും
അത്ര ഉള്ളറിഞ്ഞിട്ടും
തനിച്ചാണ്
തനിച്ചാണെന്നാർക്കുന്ന
ഒരാൾക്കൂട്ടം
എന്നിൽ
ബാക്കിയാകുന്നു .

പ്രണയം
അപ്രതീക്ഷിതമായ രാത്രികളുടെ
ആഘോഷമാണ്.

സൂര്യനെന്നത്
നിന്റെ
ചുണ്ടുകൾക്കിടയിൽ തെളിയുന്ന
നക്ഷത്രമാണെന്ന
ഒരു നേർത്ത
ഓർമ്മ മാത്രമുണ്ട്.

ചിലന്തിയെപ്പോലെ വീടുകൾ കെട്ടി
കാത്തിരിക്കുന്ന
നഗരമേ,
ഇരയെന്നപോലെ ഞങ്ങളുടെ പ്രണയത്തെ വിഴുങ്ങുക.
നാം രണ്ട് പേർ
രണ്ട് അപരിചിത ഭാഷ നിറച്ചുവെച്ച ചില്ലു പാത്രങ്ങൾ.
പ്രണയമെന്നൊറ്റ വാക്കുകൊണ്ട്
ദാഹം ശമിപ്പിയ്ക്കുന്നു.
പ്രണയമെന്ന നിന്റെ പിറുപിറുപ്പിൽ
പുലരികൾ ഉണ്ടാകുന്നു.
തിരിച്ചു പാർക്കാൻ മറ്റൊരാകാശമില്ലെന്ന ഓർമ്മയിൽ
ഞാനെന്ന നക്ഷത്രം
നിന്റെ ചുണ്ടുകൾക്കിടയിൽ
ചുവന്ന പകൽ വിരിയ്ക്കുന്നു.
മറക്കണം
മറക്കണം
മറക്കണം
മറക്കണം
എന്ന്
നിന്റെ പേരിലുള്ള ഓരോർമ്മയോട്
പറഞ്ഞു പറഞ്ഞു പറഞ്ഞ്
എനിക്ക്
ശ്വാസം മുട്ടുന്നു.
എന്നിട്ടും
അവസാനത്തെ ശ്വാസത്തെ
നിന്നെ ഉമ്മവച്ചുറങ്ങാനുള്ള നിമിഷത്തിലേക്ക്
ഞാൻ കരുതിവയ്ക്കുന്നുണ്ട്.

എന്നിലേക്കെത്താൻ
എന്നും മറന്നു പോകുന്ന
അതേ ഉറക്കക്കാരൻ മുയൽ തന്നെ നീ.
കവിത കൊണ്ട് ആക്രമിയ്ക്കപ്പെടുന്നവർ
പ്രണയത്തിന്റെ കോട്ടകളിൽ
അഭയാർത്ഥികളാകുന്നു.
അവിടെയും കൊല്ലപ്പെടുന്നവർ
ഒരാൾ പോലും വായിച്ചിട്ടില്ലാത്ത പുസ്തകമായ്
ഓർമ്മകളിൽ ഉപേക്ഷിയ്ക്കപ്പെടുന്നു.
കുട ചൂടി നിൽക്കുന്നവന്റെ
മഴയും
കുടയില്ലാത്തവന്റെ
മരണവുമാണ്
പ്രണയം.

അതറിയാവുന്ന രണ്ടുപേർ
അതേ പ്രിവിലേജ്ഡ്  ഭാഷയിൽ
ആദ്യം കൈകൊടുത്തു.

അതിലേയുള്ളൂ
അദ്‌ഭുതം.
പ്രണയത്താൽ തിരസ്കരിയ്ക്കപ്പെടുന്നവരുടെ
ജീവിതം
ഒരു പുസ്തകത്തേക്കാൾ വേഗത്തിൽ
വായിച്ചവസാനിപ്പിയ്ക്കാം.
നാം അപരിചിതരാണെന്ന്
അത്ര എളുപ്പത്തിൽ പറയനാകുന്നുമില്ല.
കൂട്ടം തെറ്റിപ്പോയ ഒരുവളെ
കവിതകളുടെ നഗരം ദത്തെടുക്കുന്നു.
എന്നും ഒറ്റയ്ക്കാണെന്ന് അവളെ
എല്ലാ വാക്കുകൾ കൊണ്ടും
ഓർമ്മിപ്പിയ്ക്കുന്നു.

അപരിചിതരുടെ ഭൂഖണ്ഡങ്ങളിലെത്തുന്നു.
അവരുടെയും നിന്റെയും ഭാഷ
ഒന്നു തന്നെയെന്ന് മാത്രം മനസ്സിലാകുന്നു.
നീയില്ലായ്മകളിൽ നിന്ന്
നിന്നലെക്കെത്താനുള്ള
ദീർഘദൂരങ്ങളിൽ
ഞാൻ
കിതയ്ക്കുന്ന ഒച്ചിനെപ്പോലെ,
കടൽ വറ്റിച്ചൊരു മീനിനെപ്പോലെ,
ചിറക് മുറിഞ്ഞ പറവയെപ്പോലെ
ഇലപൊഴിയും കാലത്തെ മരത്തെ പോലെ.

മറക്കാൻ നിനക്ക്
ഒരു പേര് തിരഞ്ഞെടുക്കണമെങ്കിൽ
അത് എന്റേതാകണേ,
എന്റേതാകണേ!

നിന്റെ ഓർമ്മകളിലല്ലാതെ
മറ്റൊരിടത്തും
ഞാനിപ്പോൾ ജീവിച്ചിരിപ്പില്ല.

നിന്നെ ഓർക്കുന്നത് കൊണ്ടുമാത്രം
ജീവിച്ചിരിക്കുന്നുവെന്ന്
ഞാൻ
മറക്കാതിരിക്കുന്നു.

മറക്കാൻ നിനക്ക്
ഒരു പേര് തിരഞ്ഞെടുക്കണമെങ്കിൽ
അത് എന്റേതാകണേ,
എന്റേതാകണേ!
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌