Sunday

എന്നിലെ നീലപ്പച്ച നിറങ്ങളെയെല്ലാം 
ഈ മഴക്കാലം തിരികെക്കൊണ്ട് തന്നിരിക്കുന്നു!

നിന്നാൽ എഴുതപ്പെട്ട കവിതകൾ
എന്നിൽ
മഴയിലേക്ക് മടങ്ങുന്ന മരങ്ങൾ

എന്നവണ്ണം
പെയ്തു തുടങ്ങുന്നു!


മഴക്കാലത്തെ
എന്റെ രാത്രികളിൽ
മിന്നാമിന്നികളായ്
നീ എന്ന വേനൽ

വിരുന്നുവരുന്നു!

Saturday


കണ്ണടച്ചാലും തുറന്നാലും
മഴയല്ലാതെ മറ്റൊന്നുമില്ലാത്തൊരിടത്താണന്ന്
നീയെന്ന ഉറക്കിക്കിടത്തിയിരുന്നത്!

ഒന്നുമൊന്നും ഞാനറിയാതെ പോകരുതെന്ന്
ആഗ്രഹിക്കുന്നത് നീയാണ്!
അതുകൊണ്ടാവണം
ഞാനുണർന്നു പോകുന്നത്!

ഇവിടെ മഴയുണ്ടെന്ന് പറഞ്ഞ്
ഒരിടത്തേയ്ക്കുമെന്നെ തിരിച്ചു വിളിക്കരുത്!

നീലപ്പച്ച നിറമുള്ള
ജലാശയത്തിനു
മുകളിൽ

പായലുകൾക്കും
വയലറ്റ്
പൂക്കൾക്കുമിടയിൽ

മറകളില്ലാത്തൊരിടത്ത്
 

ഓർമ്മകളിൽ പോലും
അടയാളങ്ങൾ ശേഷിക്കാത്ത അത്രയും കാലങ്ങൾ അകലെ

കോശങ്ങൾ
മഴ വീണു വീണു
ചുവപ്പു മായും വരേയ്ക്കും
ഏറ്റവും സുഗന്ധമുള്ള
വെളുത്ത പൂക്കളിലൊന്നായ്
വിടർന്നെഴുന്നേല്‌ക്കും വരേയ്ക്കും

ഉറങ്ങിക്കോട്ടെ
എന്നിലെ നീ!

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌