Saturday

പ്രണയത്താൽ നാം വെളിച്ചമാകുന്നു 

രാവിന്  നക്ഷത്രങ്ങളും 

ഇനിയില്ല 

ഇരുട്ട് .

Tuesday

 വളർത്തു പക്ഷി -


ഹൃദയം എന്ന് 

അതിന് പേര്.


തമ്മിൽ കണ്ടുമുട്ടുമ്പോഴെല്ലാം പാടാൻ 


' എല്ലാം എല്ലാം നല്ലതെന്ന് 

എല്ലാം നല്ലതിനെന്ന്' 


ഒരു പാട്ട് 

അത് പാടി പഠിച്ചിരിക്കുന്നു.

Sunday

 ഭ്രാന്തെടുക്കുന്നത് പോലെ ഇടയ്ക്കെങ്കിലും 

'മിസ്സ് യു '

എന്ന് തോന്നണം.


ഒരിയ്ക്കൽ സ്നേഹിക്കപ്പെട്ടിരുന്നു എന്നതിന് 

അതിനേക്കാൾ വലിയ സ്മാരകം ഇല്ല.


‘വല്ലാതെ ഓർമ്മയാകുന്നു’
എന്ന വാക്കുകൾ ചേർന്ന്
ഒരു കാത്തിരിപ്പിടമുണ്ടാകുന്നു.
‘മറന്നുവോ’ എന്ന വാക്കിൽ
ഒരു കണ്ണാടിയും.



നാം ഉമ്മ വയ്ക്കുമോ ?
ലോകം നമ്മിൽ അവസാനിക്കുന്നത് പോലെ .

നാം ഉമ്മ വയ്ക്കുമോ ?
പ്രപഞ്ചത്തിന്റെ ആരംഭമെന്ന പോലെ .


നാം ഉമ്മവയ്ക്കുമോ ?
സൃഷ്ടി സ്ഥിതി സംഹാരങ്ങളെ അതിലടക്കം ചെയ്തത് പോലെ.

 ചിലരുണ്ട്, 


കവിതകളേക്കാൾ കവിതയായി 


ചില മനുഷ്യർ.


അവരൊളിപ്പിയ്ക്കുന്ന 


പ്രണയത്തിന്റെ ചിത്രങ്ങൾക്ക് 


പകരം വയ്ക്കാൻ ഒന്നേയുള്ളൂ -


ഡാവിഞ്ചിയുടെ മൊണാലിസ .

Saturday

ബോധത്തിലും അബോധത്തിലും 

നിയമങ്ങളില്ലാത്ത 

ഒരു പ്രണയം 

രാത്രിയുടെ റൗണ്ടെബൗട്ടിൽ 

കൈകോർത്തു നിൽക്കുന്നു.

ഏതിടത്തേക്കുമെത്താൻ

നിറയെ വഴികളുള്ള നഗരമേ, 

തമ്മിൽ പിരിയാൻ 

ഒരു പച്ചവെളിച്ചം നാട്ടുക.

 മറന്നൊരു രാവിനെ പകർന്നെടുക്കുന്നു-

തണുത്ത
എത്ര നക്ഷത്രങ്ങളാണ്
നെഞ്ചിൽ,
ഐസ്‌ക്യൂബുകൾ പോലെ.

Tuesday

  

അത്ര മധുരമായ തനിച്ചിരിപ്പുകൾ  കൊണ്ട് 

ആൾക്കൂട്ടമെന്ന കയ്പിനെ 

പൊതിഞ്ഞു വയ്ക്കുന്നു.

 മറന്നൊരു രാവിനെ പകർന്നെടുക്കുന്നു.

എത്ര തണുത്ത നക്ഷത്രങ്ങളാണ് നെഞ്ചിൽ-

ഐസ്‌ക്യൂബുകൾ പോലെ.

  രണ്ട് കടലുകളുടെ ശ്വാസക്കാറ്റ്. 

ചുണ്ടുകൾ,

തീരമണഞ്ഞ ശംഖുകൾ.


 ഒരു രാവിന്റെ ദൈർഘ്യം എത്രയാണ്?

നീ എന്ന നദി, 

എന്റെ സമതലങ്ങളിൽ 

പ്രളയശേഷം 

ശാന്തമാകാനുള്ളയത്രയും നേരം.

 വെയിൽ തെളിയുന്ന ഒരു പകലിലേക്ക്

തനിയെ തുഴയുന്ന ഒരു തോണി മാത്രമാകുന്നു

രാത്രി.
മനുഷ്യൻ,
മഴ തോരുന്നു
എന്ന പാട്ട് മൂളുന്നു ..

 ചില ജാലകങ്ങൾക്ക് അപ്പുറം

തോരാത്ത മഴയുടെ ശബ്ദമായിരിക്കാം .

ചിലതിനപ്പുറം
ഇനിയും അവസാനിച്ചിട്ടില്ലാത്ത വേനൽ.

മറ്റുചിലയിടങ്ങളിൽ
നിറം മാറിത്തുടങ്ങുന്ന ഇലകളെ
തൊട്ട് തൊട്ട്
കാറ്റിന്റെ അലച്ചിൽ.

ജീവന്റെ
എണ്ണമറ്റ
അക്ഷാംശരേഖാംശങ്ങൾ…

എണ്ണമറ്റ
ശബ്ദങ്ങൾ …
ഞാനോ
രാവിൽ
ഈ വിരലുകളെ കേൾക്കുന്നു ..

  നിറയുന്ന നദിയെ 

മഴ പെയ്യുന്ന നേരങ്ങളെ 

വരയ്ക്കുക 

എളുപ്പമല്ലെന്ന് നീ പറയുന്നു.


മഴയേക്കാൾ കനത്തു പെയ്യുന്ന 

നദിയേക്കാൾ കരകവിയുന്ന 

മനുഷ്യരെ 

എനിക്ക് വരയ്ക്കാമല്ലോ , അല്ലേ ?

 ജലം കൊണ്ട് അളക്കുമ്പോൾ

അടുത്ത് എന്നും
വെയില് കൊണ്ടാകുമ്പോൾ
അകലെ എന്നും
നദിയിൽ നിന്ന് വീട്ടിലേക്കുള്ള വഴി
നീ വരയ്ക്കുന്നു-
അടുത്തെന്നപോൽ അകലെയുള്ള സ്നേഹദൂരങ്ങളെ
നാം ഓർക്കുന്നു.
ഒപ്പമുണ്ടെന്ന വാക്ക് കൊണ്ട്
ആ നേരം
ഞാൻ നിന്റെ വിരൽ തൊടുന്നു.

Saturday

ഭ്രാന്തെടുക്കുന്നത് പോലെ ഇടയ്ക്കെങ്കിലും 

'മിസ്സ് യു '

എന്ന് തോന്നണം.


ഒരിയ്ക്കൽ സ്നേഹിച്ചിരുന്നു എന്നതിന് 

അതിനേക്കാൾ വലിയ സ്മാരകം ഇല്ല.

Thursday

 കല്ലും മുറുകെപ്പിടിക്കും;

ഹൃദയമെന്ന പോൽ നെഞ്ചോട് ചേർക്കും.
സ്നേഹത്തെക്കുറിച്ച് മറ്റെന്ത് പറയാനാണ് ?!

 അദൃശ്യമായ

ഒരുപാട് അക്ഷരങ്ങളുണ്ട്

സ്നേഹമെന്ന വാക്കിൽ.

ആഴത്തിനേക്കാൾ

ആഴമുണ്ട്.

അതിലൊളിച്ചൊളിച്ചിരുന്ന്

തമ്മിൽ തമ്മിൽ

കാണാതെ കാണാതെയാകുന്ന

മനുഷ്യരുമുണ്ട്.

.

.

.

.

(അതിലൊരാൾ ഞാനാണ്.)

 പ്രണയമെന്നത് 

കിത്താബിൽ മാത്രമെഴുതിയ കവിത.

  ഊഴം കഴിയുമ്പോൾ പൊഴിയുക;

ഭാരമേറെയില്ലാതെ 

  /

من و تو

/
നാം ഒന്നിച്ചിരിക്കുന്നു.
ഞാനും നീയും.
നാം
രണ്ട് ഉടലുകൾ - രണ്ട് വേഷങ്ങൾ -
-എന്നാൽ -
ഒരേ ആത്മാവിന്റ പകർപ്പുകൾ.
ഞാനും നീയും.
നാം ഒന്നുചേരുന്നു.
നമ്മിൽ
നീയേത് ഞാനേത്
എന്ന് വേർതിരിക്കാനാകാത്തവണ്ണം
തമ്മിൽ
കലരുന്നു.
ഞാനും നീയും.
നമ്മെ അറിയുന്നു.
നമ്മിൽ - നാം മാത്രമെന്ന -
ഞാനോ നീയോ ഇല്ലെന്ന-
ആനന്ദമറിയുന്നു.


/
ഒരു എക്സ്റ്റ് പോയിന്റിൽ ശ്രദ്ധ പാളുന്നു. അടയാളങ്ങൾ കൃത്യമായ ഇടങ്ങളിൽ നിന്ന് നഗരം അപരിചിത വഴികളിലേക്ക് രാത്രിയെ നീട്ടുന്നു. അവസാനിക്കില്ലെന്ന് തോന്നുന്ന യാത്ര.
നാം - ഞാനും നീയും - റൂമിയെ തിരയുന്നു.
നു പാടിത്തുടങ്ങുന്നു. “khonak an dam ke neshinim dar eyvan, man o to be do naghsho be do soorat, be yeki jan,man o to”
നാം തിരക്കുകൾ അഴിച്ചുവയ്ക്കുന്നു. കാത്തിരിക്കുന്ന ഇടങ്ങളെ മറക്കുന്നു. നാം - ഞാനും നീയും ഇല്ലാതെ നാം - ഒരിയ്ക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന യാത്രയിൽ ഒന്നിച്ചിരിക്കുന്നു. ഇതാ നഗരത്തിന് പുറത്തുള്ള ഒരു രാത്രി- വേഷങ്ങൾക്കും ശീലങ്ങൾക്കും ഉടലുകൾക്കും. ഞാനും നീയും - നീയോ ഞാനോ ഇല്ലാതെ.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌