Wednesday

ഈ നേരം
നിന്നെ മടിയിൽ കിടത്തി
ഞാൻ
ഭ്രാന്തിന്റെ കക്കകൾ പെറുക്കുന്നു.
നീയോ
കവിതയ്ക്ക് കടലാകുന്നു.

എഴുതിയാൽ
ഏറെ വായിക്കപ്പെടുന്ന കവിതയാകുമെന്ന് കരുതി
ഒളിപ്പിച്ചു വയ്ക്കുന്ന
ചില ജീവിതങ്ങളുണ്ട്.
നിന്റെ പരിഭവങ്ങളാണ്
അതിലെ വരികളേറെയും.
ഞാൻ -
നീ എരിഞ്ഞ കവിതയ്ക്ക്
ചാരം.
 നിന്റെ
ചുണ്ടിലെ 
ചിറകറ്റ
ചുവന്ന വണ്ടുകൾ -
നാം പങ്കിട്ട
ഉപ്പുചുവയ്ക്കുന്ന
യാത്രാമൊഴികളിൽ വിരിഞ്ഞ
പ്രണയഷഡ്പദങ്ങൾ.

നിന്റെ കണ്ണിലാണ്
ഞാനെന്റെ നീല മഷിപ്പേന ഒളിപ്പിച്ചു വെച്ചത്.
കഥകൾ കേട്ടുകേട്ട് ഉറങ്ങിപ്പോയ ഹൃദയത്തെ
നീ പാർക്കുന്ന അത്തിമരക്കൊമ്പിലും.
നുണപ്പല്ലുകളുള്ള ഒരു മുതലയാണ്
വഴിയിലെന്റെ കടത്തുകാരൻ.
തിരിച്ചെത്തിയില്ലെങ്കിലെന്ത്
ഓർമ്മകളെ നീ
എന്റേതെന്ന് പെറ്റുപോറ്റുമല്ലോ !
മഴയിൽ മുളച്ച ഷഡ്പദമായ്
ഞാൻ
നിന്റെ ജാലകം തൊടുന്നു.
നീയോ
നിന്റെയുള്ളിലെ പച്ചത്തലപ്പുകളിലേക്ക്
എന്നെ
നാവ് നീട്ടി വിളിക്കുന്നു.
നക്ഷത്രത്തെ ഒളിപ്പിച്ച ഒറ്റമഴത്തുള്ളി എന്ന്
ഓമനിക്കുന്നു.
മേഘത്തിലെന്റെ മേൽവിലാസം ചോദിച്ചു വാങ്ങുന്നു.
ഓരോ രാവിലും
എന്റെ വീട്ടിലേക്ക് പുറപ്പെടുന്ന കണ്ണുകളാകുന്നു.

നിറയുന്നു.
എന്ത്?!

അതെ ...

അതേ വിഷാദത്തിന്റെ
ഉപ്പ് പരലുകൾ.

Tuesday

കടൽ വന്നു കാത്തിരിക്കുന്ന
നിന്റെ വീട്ടു മുറ്റത്ത് ഞാൻ വന്നു ചേരുന്നു.
നിന്റെ ഒഴിഞ്ഞ വായനാമുറിയിൽ
നീ ഒഴിച്ചിട്ട ചാരുകസേരയിൽ
നീ വായിച്ചു മറന്ന പുസ്തകത്തിൽ
ഉടൽ
മറന്നു വയ്ക്കുന്നു.
വേനലിലെ അവസാനത്തെ പച്ചയെന്ന്
ജാലകത്തിനരികിലേക്ക്
എന്നെ നീ പറിച്ചു നടുന്നു;
വെളിച്ചത്തിന്റെ മധുരത്തുണ്ട്
നാവിൽ തൊട്ടുവയ്ക്കുന്ന
പകലിന്റെ നക്ഷത്രമാകുന്നു.



പ്രിയനേ
നാം തിരിച്ചു പോകുന്നു,
കത്തുകളുടെ അതേ രാപ്പകലുകളിലേക്ക് ..
പ്രണയം പറയുമ്പോൾ
അപരിചിത ലിപികൾ നിറയുന്ന
നമ്മുടെ മാത്രം ഭാഷയിലേക്ക്..
ഉടലുകൾ ഉരുക്കിയൊഴിച്ച
മഷിയിൽ വരച്ചെടുത്ത
കാണാച്ചിത്രങ്ങളിലേക്ക് ..
മലമുകളിലെവിടെയോ
മേഘങ്ങൾ കിതപ്പാറ്റുന്നത് കേൾക്കാനാകുന്നു.
എനിക്ക് അറിയാം,
എനിക്ക് മാത്രമറിയാം
എന്റെ കത്തുകൾ
ഒന്നിച്ചു പൊട്ടിച്ചു വായിച്ചു തുടങ്ങിയ നിന്റെ
ഹൃദയപ്പെരുക്കങ്ങളാണതെന്ന്.

മഞ്ഞവെയിലിലൂടെ നടക്കുന്നു.
തകരപാത്രത്തിലടച്ച വണ്ടുകളെ കേൾക്കുന്നു.
മഴപ്പാടുകൾ വീണ മരച്ചുവടോർക്കുന്നു.
മുളച്ചു പൊന്തിയ കൂണിനെ
മഴയെന്ന് വരച്ചിടുന്നു.

Thursday

ഭൂമിയിൽ
ഏറ്റവും അവസാനത്തെ മനുഷ്യന്റെയും
ദുഃഖമൊഴിയുന്നത് വരെ കാത്തിരുന്ന്
നാം പങ്കിടാൻ കരുതിവയ്ക്കുന്ന
സ്നേഹ വാചകങ്ങൾ.
ഉന്മാദികളായ നാം
ഉടലിൽ തീപിടിച്ച
ഷഡ്പദങ്ങളായ്
രാവുകൾ തുഴയുന്നു.
നക്ഷത്രങ്ങളെപ്പോലെ
ഉറക്കെ പാടുന്നു.
നിലാവ് പോലെ
വിയർക്കുന്നു.
ആരുമെഴുതാത്ത കവിതപോലെ
 ഒടുങ്ങുന്നു.


നാം
ഉപേക്ഷിയ്ക്കപ്പെട്ട വിത്തുകളിൽ
മുളപൊട്ടിയവർ.
വഴിപ്പടർപ്പുകളായ്
വിരൽ നീട്ടിയവർ.

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്
വാതിലുകൾ വരച്ചിട്ടവർ.
മണ്ണിനാഴത്തിൽ നിന്ന് നക്ഷത്രങ്ങളിലേക്ക്
വഴികൾ തിരഞ്ഞവർ.

വർണ്ണരാശികളിൽ
രാപ്പകലെന്ന്
വലംവെച്ചവർ.
എന്നിൽ
നിന്നെക്കുറിച്ചുള്ള രഹസ്യങ്ങളെക്കാൾ
ഏറെ തിരകളുള്ള കടലുകളില്ല.
നിന്നോട് പറയാൻ
ഞാൻ കരുതിവെച്ച വാക്കുകളേക്കാൾ
ആഴം തിരയുന്ന മീനുകളുമില്ല .

ചില വിസ്മയ സമുദ്രങ്ങളുണ്ട്-
നാം പ്രണയദ്രവം നിറച്ച
കടൽജീവികളായ് പിറക്കുന്ന
ഉടലാഴങ്ങൾ. 

Wednesday

തീപിടിച്ച പ്രണയത്തെ മിന്നാമിന്നികളെന്ന്
കവിതയായ് എഴുതുന്ന ഏകാകികളുടെ രാത്രി.

നിന്നിലേക്കുള്ള നോട്ടങ്ങളെന്നെ
മീൻ പുളയ്ക്കുന്ന
പുഴയായി വരയ്ക്കുന്നു.
എന്നിലെ ഓരോ തിരയ്ക്കും പകരമായ്
നീയെനിക്കൊരുവരി കവിത തന്നാൽ മതി.

Sunday

നിനക്ക് തോന്നുന്നുണ്ടോ
ഇതാണ് നമ്മുടെ
ആദ്യത്തെ ജന്മമെന്ന് ?
നിനക്ക് തോന്നുന്നുണ്ടോ
ഇതാണ് നമ്മുടെ
അവസാനത്തെ ജന്മമെന്ന് ?
നിനക്ക് തോന്നുന്നുണ്ടോ
ഓരോ തവണ നാം ജനിച്ചതും
ഓരോ തരം പ്രാണികളായിട്ടാണെന്ന് ?
എനിക്കറിയില്ല.
ഒന്നുമാത്രമുറപ്പുണ്ട്.
ഓരോ തവണയുംകണ്ടുമുട്ടുമ്പോൾ
നാം
ഹൃദയങ്ങൾ പങ്കിട്ടവരായിരുന്നു.
ഞങ്ങൾ വിരലുകൾ കോർത്ത് പിടിച്ചു.
വളരെക്കാലമായ് തമ്മിൽ കണ്ടുമുട്ടാൻ ആഗ്രഹിച്ചവരായിരുന്ന ഞങ്ങൾ.
തീർത്തും നിശബ്ദരായി
ഞങ്ങൾ വഴികൾ നടന്നു തീർത്തു..
അപരിചിതരായിരിക്കെ,
തമ്മിൽ അന്വേഷിച്ചു കൊണ്ടിരിക്കെ,
പറയാനുള്ളതെല്ലാം ഞങ്ങൾ പറഞ്ഞുകഴിഞ്ഞിരുന്നുവല്ലോ.
എന്റെ മരണം മുറിയുന്നു.
കരിഞ്ഞു തുടങ്ങിയ മരം
അതിന്റെ മുറിഞ്ഞുപോയ കൊമ്പുകൾ ചേർത്തു താളമിട്ട്
ഒരു ഊഞ്ഞാൽ പാട്ട് ഓർത്തെടുത്തു പാടുന്നത് പോലെ
ഈ  രാവ് കടന്നു പോകുന്നു...
എത്ര എളുപ്പമാണ് നിനക്ക്
ഒറ്റവാക്കിൽ
പകലിന്റെ ഒരു വിത്തെറിഞ്ഞ്
എന്നും
എന്നിൽ ഒരു ജീവിതം മുളപ്പിച്ചെടുക്കാൻ....

ആ പ്രണയത്തെ
നാം മറക്കുന്നു.
സിൻഡ്രല്ലയുടെ
പൊട്ടിപ്പോയ ഷൂ
എന്നവണ്ണം
മൺസൂണിലെ
മതിൽ.
നിഴലുരുക്കി
നിറച്ച മഷി.
വെയിൽ
വിരലുകൾ.
ഇലകളുടെ
ഈജിപ്ഷ്യൻ ലിപി.
പകലിന്റെ
പച്ച.
നാം അപ്പോഴും
ദ്രവിച്ച ഒരോർമ്മയിൽ
കൂണുകളായ് പൊടിച്ചു പൊന്തിയവർ.
മിന്നാമിന്നികൾ എന്ന്
നാമീ നിലാവിന്റെ ചിറകുകളാകുന്നു.
കാറ്റിന് നക്ഷത്രക്കണ്ണുകളാകുന്നു.
രാവിന്റെ കവിതയാകുന്നു.

നിന്റെ മൗനത്തിന് മീതെ അടയിരിക്കുന്നു.
നിന്റെ വാക്കുകൾക്ക് ചേക്കേറാൻ ചില്ലയാകുന്നു.
നിന്റെ ഓർമ്മകൾ
എന്റെ മുറിവുകളിൽ
പ്രാണന്റെ
പൂമ്പാറ്റച്ചിറകുകൾ.
നീ പറന്നകലുമ്പോൾ
ഞാൻ വീണ്ടും
ഇരുട്ടിലേക്ക് മടങ്ങുന്ന വിത്ത്. 
മുറിഞ്ഞുപോയ ചില്ലകളിലെ
ഊഞ്ഞാലുകളെക്കുറിച്ച് മരമെന്ന പോലെ
സ്നേഹഭംഗങ്ങളെക്കുറിച്ച് മനുഷ്യൻ.
എന്നോ ഉപേക്ഷിച്ച കവിത എന്ന പോലെ
നീ  മുന്നിലെത്തുന്നു.
ഒരക്ഷരത്തെറ്റുപോലെ
ഞാനെന്ന വാക്ക് വീണ്ടുമതിൽ
എഴുതിക്കാണിക്കുന്നു. 
ഒരു വൃത്തത്തിൽ
സൂര്യനെ വരയ്ക്കുന്നു.
രേഖാംശങ്ങൾ കൊണ്ട്
അതിനെയൊരു പകൽനക്ഷത്രമാക്കുന്നു. 
മറവികൾ ചേർത്ത് തണുപ്പിച്ച്
രാവുകൾ
നിനക്ക്
പകർന്നു വയ്ക്കുന്ന പുലരികൾ   
പ്രണയം പലപ്പോഴും
ആദികാവ്യത്തിലെ
സ്വർണ്ണക്കലമാനാണ്.
ഇച്ഛാഭംഗങ്ങളുടെ ലങ്കാപുരിയിലേക്ക്
അത് ഒരോട്ടം വച്ചു കൊടുക്കും;
പിന്തുടർന്നലയാൻ
കാടും കടലും വരച്ചിടും! 
ഒന്നോർത്തു പോയാൽ
സ്നേഹം മൂത്ത്
ഭ്രാന്തെടുത്തു പോകുമെന്ന പേടിയിൽ
മറവികളിൽ അടക്കം ചെയ്തു
മാറ്റിവയ്ക്കുന്ന
ചില മുഖങ്ങളുണ്ട്
ഓരോ മനുഷ്യരിലും.
എന്നാൽ മറക്കില്ല അവരെ..
മറക്കണം
മറക്കണം
മറക്കണം എന്ന് ഓർത്തു കൊണ്ടേയിരിക്കും.
ഏകാന്തത
എന്ന പേരിലൊരു കവിതയുണ്ട്.
നമ്മുടെ ഉള്ളിൽ
ഏറ്റവും ഉച്ചത്തിൽ അത് വായിക്കുക
ഏറ്റവും അപ്രതീക്ഷിതമായ്
ഏറ്റവും നിശബ്ദം
നമ്മുടെ വാക്കുകൾ ഉപേക്ഷിച്ചു കടന്നു പോയ
ആ ഒരാളായിയിരിക്കും.
പ്രണയത്തിന്റെ ഞണ്ടിറുക്കങ്ങളിൽ
തീരമണയുന്ന
തിരകളാകുന്നു നമ്മൾ;
പതിഞ്ഞ നൃത്തച്ചുവടുകളിൽ
രാപ്പകലുകളെ
നനവിൽ
ചിത്രങ്ങളായ്
വരച്ചിടുന്ന നമ്മൾ.
അവൾ
അനിശ്ചിതത്വത്തിന്റെ
അർദ്ധവൃത്തങ്ങൾ.
കവിതകൾക്ക്
കാത്.
ഉന്മാദികളെ തിരയുന്ന 
ഉണർവ്വ്,
നമുക്കല്ലാതെ മറ്റാർക്കും
കൃത്യമായ് പൂരിപ്പിച്ചെടുക്കാനാകാത്ത,
സ്നേഹമെന്ന
നമ്മുടെ ഉള്ളിലെ ആ പദപ്രശ്നം.
കണ്ടു മുട്ടുന്ന ഓരോരുത്തരോടും
അതിന്റെ ഉത്തരം തേടി
ഒടുവിൽ
തോറ്റുപോകുന്നു.
എന്റെ സങ്കടങ്ങളിൽ
ഒരു പക്ഷി
വല്ലാതെ ചിറകിട്ടടിക്കുന്നു.
അതിന്റെ കൊക്കുകൾ
നിന്നെ മൂളുന്നു...
പ്രണയം-
കവിതയുടെ നഗരിയിലേക്ക്
ഒളിച്ചു കടക്കാനൊരു
ട്രോജൻ കുതിര.
പ്രണയം -
പേരില്ലാത്ത രണ്ടുപേർ ചേർന്ന്
തിരകളെണ്ണുന്ന
മണൽപ്പരപ്പിനെ
കടലേ എന്ന് നീട്ടി വിളിക്കുന്ന കവിത.
ഒരു ഘടികാരത്തിൽ വാടകയ്ക്ക് പാർക്കാനെത്തുന്ന സമയം
എന്ന പോലെ
ഭൂമിയിൽ പ്രാണനെന്ന്
എന്നുമോർക്കുന്ന
പുൽക്കൊടിയായ്
പ്രണയത്തിന്റെ മഞ്ഞു തുള്ളികളെ പുൽകുന്ന
എന്റെ പ്രഭാതങ്ങൾ
നിന്റെ പാട്ടുകളെ ഞാനിങ്ങെടുക്കുന്നു ..
പതിയെ പാടുന്നു..
നിന്റെ രാവിന് പക്ഷിയാകുന്നു.
ഓരോ പകലിരവിലും
ഒറ്റച്ചാവിപ്പഴുതിലൂടെ 
നാം കണ്ട് മടങ്ങുന്ന
ഭൂപടത്തിലില്ലാത്ത ദേശങ്ങൾ !
അകലങ്ങളിൽ നട്ട മുന്തിരിത്തയ്യുകൾ നമ്മൾ.
പ്രാണൻ കായ്ച്ച വിരലുകൾ പിണച്ചു
ഒറ്റച്ചെടിയാകുന്നു.
നിറയെ ഓർമ്മച്ചിപ്പികൾ,
ചുറ്റിലും ശംഖുകൾ.
ശ്വാസത്തിന്റെ ഞണ്ടിറുക്കങ്ങൾ..
കവിതയുടെ ഉപ്പ് മീനുകൾ ..
നീ എന്ന എന്റെ കടൽ മുറ്റം..
നെറ്റിയിൽ എന്റെ ചിത്രം ചുട്ടി കുത്തി
നിന്നിലേക്ക് പായുന്ന 
ഓർമ്മയെന്ന
വേഗമേറിയ മൃഗമേ!
വിടരാനൊരുങ്ങി നിൽക്കുന്ന
ഒരു പൂവിന്റെ ദളങ്ങൾ പോലെ
നാം
ചേർന്ന് നിൽക്കുന്നു.
ഒരു കവിതയുടെ മഞ്ഞുതുള്ളിയെ
നെഞ്ചിലേറ്റുന്നു.
മഞ്ഞവെയിൽ മുറ്റത്തൊരു മാൻകിടാവിനെ വരയ്ക്കുന്നു. അവളോ അടയാളമോതിരം വിഴുങ്ങാനൊരുങ്ങുന്ന മത്സ്യമാകുന്നു.
ഞാൻ,
ഹൃദയത്തെ തൊടുന്ന ഓരോ എഴുത്തും
ഒരു കവിതയെന്ന്
വായിച്ചു പോകുന്ന ഒരാൾ;
ഓരോ എഴുത്തും ഒരു കവിതയെന്ന്
നിനക്കു തന്നയക്കുന്ന ആ മഷിപ്പേന. 
പ്രണയം
പ്രാണന്റെ പച്ചഞരമ്പുകളിൽ
 ഷഡ്പദമാകുന്ന
ഓർമ്മച്ചുവപ്പ്. 
ഒരു പുഴയ്ക്കിരുകരകളെന്ന പോലെ
നമ്മിൽ
പ്രാണനും
മരണവും.

നാം ഒന്നിച്ചു തുഴയുന്നു.

പലവട്ടം
പലവഴി
പിരിയുന്നു.
തമ്മിൽ മാഞ്ഞു പോകുന്നു.
ഓർമ്മ എന്ന് പേരുള്ള
വലക്കാരന്റെ
വഞ്ചി കാത്തിരുന്നു
ദൂരമത്രയും
അലയുന്നു.
പിടയുന്നു.
സ്നേഹത്തെക്കുറിച്ചുള്ള
ഏത് സ്വപ്നങ്ങൾക്കാണ്
ചില രാവുകൾ
ഇങ്ങനെ 
ഉറങ്ങാതെ കൂട്ടിരിയ്ക്കുന്നത്?
പ്രണയം നിനക്ക്
നനഞ്ഞ കൺപീലികളുള്ള
കാമുകിയാണ്.
നിനക്ക് മാത്രമായൊരു
മഴക്കാലം
കാത്തുവയ്ക്കുന്ന
ഒരുവൾ. 
വാൽനക്ഷത്രമേ
ഇനി എന്നെന്റെ ആകാശച്ചുവട്ടിലെന്ന്
നിന്റെ സഞ്ചാരപഥത്തിന്
കാവലിരിക്കുന്നു.
പ്രാണന്റെ ആഴങ്ങളിൽ നാം
പ്രണയദ്രവം നിറച്ച ഉടലുകൾ.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌