Wednesday

എന്റെ സ്വപ്നസഞ്ചാരങ്ങളുടെ
ഭൂപടത്തില്‍ അതിരുകളില്ലാതാകുന്നു.
ഹൃദയവഴികളിലെന്റെ
പ്രണയപ്രാന്തുകളുടെ
ചെമ്പരത്തികള്‍
ചുവന്ന് പൂവിട്ടിരിക്കുന്നു.

ഞാൻ കണ്ട പ്രണയമൊന്നും
എന്റെ പ്രണയത്തോളം
വരുന്നില്ലല്ലോ എന്ന പരിഭവമാണ്
എന്നിലെ നീ.
എന്റെ മഴയിൽ നീ കലരുന്നു 
പനിക്ക് പാരസെറ്റമോൾ പോലെ 
എത്ര ഉഴുതു മറിച്ചിട്ടാലും
വേനലിൽ കരിഞ്ഞാലും
വേരുകൾ ദൃഢമാക്കി
ശാഖികൾ തലയുയർത്തി
എന്റെയുള്ളിലുണ്ടാകും
നിന്നെക്കാത്തിരിയ്ക്കാനൊരു തണൽ മരം.
അതിനടുത്തെത്താൻ അനേകമനേകം വഴികൾ.

ആരെങ്കിലും നമ്മോട് സ്നേഹമാണെന്ന് പറയുന്നത് കേൾക്കുന്നതെന്ത് സുഖമാണെന്നോ!
അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഊർജ്ജകണങ്ങൾ നമ്മുടെയുള്ളിൽ ആവാഹിക്കപ്പെടുന്നതുപോലെ ഉന്മേഷദായകമായ ഒരനുഭവം.
രാത്രി മുഴുവൻ മഴ പുതച്ചു കിടന്ന മരം വെയിലിൽ മുത്തുകൾ പൊഴിച്ചുണരുന്നതുപോലെയൊരു സുഖം.

ആവാഹിക്കപ്പെടുന്നതുപോലെ
പൊഴിച്ചുണരുന്നതുപോലെ
എന്നെ എന്നും സ്നേഹിക്കുക!

നിന്നിലെ ചില വാക്കുകളുടെ
ആകാശം മതി എനിയ്ക്ക്
ചിറകുകൾ മുളയ്ക്കാനും
ചിലനേരങ്ങളിൽ മഴവില്ലാകാനും.

നിന്നിലെ ചില വാക്കുകളുടെ
വേനൽ വിയർപ്പു മതിയെന്നെ
പലകാലം മഴയായ് പെയ്യിക്കാനും
പലപല വിത്തുകളായ്
മണ്ണിൽ ജീവനായ് പടരാനും.


നിന്നാല്‍ എഴുതപ്പെടുന്നു
എന്നിലെ സ്വകാര്യങ്ങള്‍ !


നീയറിയാതെ
നീ
എന്റേതാകുന്നതിലെ
സ്വകാര്യങ്ങള്‍
:-)
നിന്റെ ലിപികളാല്‍
എഴുതപ്പെടുന്നു
എന്നിലെ ഭാഷ.
നിന്നാല്‍
വിവര്‍ത്തനം ചെയ്യപ്പെടുന്നു
എന്റെ സ്വകാര്യങ്ങള്‍.
പരസ്പരം അടയാളപ്പെടുത്തേണ്ടതില്ലാത്ത
സന്ദേശങ്ങളാകുന്നു അവ.

എന്തുകൊണ്ടാണ്
ചില പ്രണയ സഞ്ചാരങ്ങള്‍
മേല്‍വിലാസമില്ലാതാകുമ്പോള്‍
കൂടുതല്‍
സുന്ദരമാകുന്നത്?

Saturday


മരങ്ങൾക്കിടയിലുള്ള വീട്ടിലിരുന്ന്,
മഴപെയ്യവെ എവിടെയോ എന്നിലേക്കുള്ള പ്രണയമായ് നീ മാറുകയാണല്ലോ എന്നറിഞ്ഞ്;
തിരക്കുകളില്ലാതെ, സ്വയം മറച്ചു പിടിക്കാതെ, മുഖം തിരിക്കാതെ എന്നിലേക്കും നിന്നിലേക്കുമുള്ള യാത്രകളിൽ പൂർണ്ണമായ തീർത്ഥാടനം.



എത്ര നേരമായ് നിന്നെ
എന്നിലിങ്ങനെ
ഞാന്‍ കണ്ടു കൊണ്ടിരിയ്ക്കുന്നു !

Wednesday

മേഘവേഗത്തില്‍
അസ്തമനത്തില്‍
പടിഞ്ഞാറാകാശത്തേയ്ക്കും
കടത്തുവഞ്ചിയില്‍
പുലര്‍കാലേ
പൂര്‍വ്വദേശത്തേക്കും.

യാത്രയിലാണ്
എന്നിലെ ഞാന്‍.
അസ്തമിച്ചാലും
ഉദിച്ചുയരാനുള്ളതല്ലേ?


എന്നിലെ
ഒരോ യാത്രയുടേയും
ഗതിവേഗം
നീയാണെന്നിരിക്കേ,
ദിശകളെത്ര വേഗമാണ്‌
മാറുന്നത്!


ഒരോ ദേശത്തിനും
നീ
അവിടത്തുകാരനാകുന്നു.
ഒരോ കാലത്തിനും
നീ
പ്രാചീനനും!


ഒരോ ദേശത്തേയ്ക്കും
ഒരോ കാലത്തേയ്ക്കും
നീ
മുന്നേ നടന്ന്
കാത്തിരിക്കുന്നു.
അതാവണം, ഒരോ മരച്ചുവട്ടിലും എനിക്കൊപ്പം
നിന്റെ തണല്‍ കൂടി ഉണ്ടാകാറുള്ളത്.
:-)




('ഒന്നുമൊന്നും സംസാരിക്കാതെയിരിക്കുമ്പോള്‍ ,
ഞാന്‍ വായാടിയും നീ  കേള്‍വിക്കാരനും ആകുന്നു' എന്ന് നിന്റെ സന്ദേശം ഓര്‍ത്തു.
' കാലമെത്രയായി, ഗുഹാവാസികളായിരുന്നില്ലേ നമ്മളന്നെന്ന് ' നീയപ്പോൾ! )

പറഞ്ഞവസാനിപ്പിക്കരുതൊന്നും;
പാതി പറഞ്ഞു നിര്‍ത്തിയിടത്ത്
വാക്കുകള്‍ ചേര്‍ത്തു ചേര്‍ത്തു വെച്ച്
ജന്മജന്മാന്തരത്തോളം
നിനക്ക് കേള്‍വിക്കാരിയായിരിക്കണമെനിയ്ക്ക്.

പറഞ്ഞവസാനിപ്പിയ്ക്കാത്ത കഥകള്‍ക്കിടയിലുറങ്ങി,
ചിലപ്പോള്‍
ഒരു മരം ,
മഴ തുവര്‍ത്തിക്കളയുന്ന പോലെ
അല്ലെങ്കില്‍
ഒരു മരം,
പൂത്തുലയുന്നതു പോലെ
ഉണരുക.

എന്നിലെ ഒരോ ഉദയവും, നീയെന്ന പകലിനുണരാനുള്ളതാണെന്നറിയില്ലേ?

നിശാഗന്ധികളുടെ നാട്ടില്‍
നീയെന്ന സൂര്യനില്‍ തപസ്സിരിയ്ക്കുന്ന സൂര്യകാന്തിപ്പൂക്കളെ
എന്നില്‍ തുന്നിവെച്ച പകലുകളോര്‍മ്മയില്ലേ?


ഒരോ ദിവസവും വ്യത്യസ്തമായിരിക്കണം.

'കൃത്യനിഷ്ഠയുള്ളത് പ്രണയമായാലും വയ്യെന്ന് ' മനസ്സ് പങ്കു വച്ചവനേ,
അനുസരണയില്ലാതെ,
കൃത്യതകളുള്ള കാത്തിരിപ്പില്ലാതെ
ഒരേ സ്നേഹവാചകങ്ങള്‍ പറയാതെ,
സ്നേഹിച്ചു കൊണ്ടേയിരിക്കുക..

:-)

എന്താണ് മഴയെ ഇത്ര സുന്ദരമാക്കുന്നത്?
ആകാശത്തിന്റെ മേവിലസമോ
മണ്ണിലേക്കുള്ള മടങ്ങിപ്പോക്കോ?
അതുമല്ലെങ്കിൽ നിനക്കുമെനിക്കും പറയാനുള്ളതെല്ലാം പറയുന്നതിന്റെ സൗന്ദര്യമോ?

എന്റെ പിറവിയാണ്
നിനക്കായ് ആദ്യമെഴുതിയ കവിത.

എങ്കിലും
നീ മാത്രമറിയാനായുള്ള
എന്റെ സ്വകാര്യങ്ങൾ
മറ്റാർക്കും
കവിതകളായ് തോന്നില്ല.

ഞാൻ
നിനക്ക് മാത്രമുള്ള
മഴ നനഞ്ഞൊരു
വെയിലിന്റെ നിഴലുകളാൽ
എഴുതിയ
കവിതാ പുസ്തകമാണ്.
ഓർക്കുന്നതേയില്ല ഈയ്യിടെ
എന്നറിയുമ്പോൾ
കൂടുതൽ സന്തോഷം തരുന്നു
പ്രണയങ്ങളിൽ ചിലത്.


ഒരു ഓർമ്മ കൊണ്ട് പോലും
തൊട്ട് നോവിയ്ക്കരുത്
എന്ന് കാവൽ നിൽക്കുന്നു
പ്രണയങ്ങളിൽ ചിലത്.



പറഞ്ഞു തുടങ്ങേണ്ടത് ഇങ്ങനെ ആയിരുന്നില്ലേ എന്ന്
ആദ്യം മുതൽക്ക് ഒരു വട്ടം കൂടിയെന്ന്
അനുവാദം ചോദിയ്ക്കുന്നു
പ്രണയങ്ങളിൽ ചിലത്.



ഇങ്ങനെ കാത്തുനിൽക്കുന്ന
പ്രണയങ്ങളുടെ ചില്ലമേലെല്ലാം ഊഞ്ഞാൽ കെട്ടി
നിർത്താതെ ആടുന്നുണ്ട്

എന്നിലെ,

പറയുന്ന വാക്കുകളെല്ലാം
ചിരിയിൽ പൊതിഞ്ഞു കെട്ടി
കേൾക്കാതെയാക്കുന്ന,
മുടി പിന്നിയിട്ട
ആ പെൺകുട്ടി.




Saturday

അവന്‍ ,

നിന്റെ ആകാശങ്ങളില്‍
സൂര്യനായ് ഉദിച്ചുയരും.

നിന്റെ യാത്രകളെ
മേഘങ്ങളേ എന്ന് പേര്‍ വിളിയ്ക്കും.

നിന്റെ തടവറകളില്‍
മുന്തിരിപ്പടര്‍പ്പുകളാകും.

നിന്റെ മൗനങ്ങളെ
മയില്‍പ്പീലികളായ് കരുതി വയ്ക്കും.

നിന്റെ ശബ്ദങ്ങളില്‍
മഴയിലെന്നപോല്‍
നനയും.

നിന്റെ മരുഭൂമികളില്‍
മണലണിഞ്ഞ്
കാറ്റായ്
അലയും.

മഞ്ഞുതുള്ളികളായ്
നീയെന്ന രാത്രിയില്‍ വീണ്
നനയും.

നിന്റെ ശിഖരാഗ്രങ്ങളില്‍
ഇലകളായ്
തളിരിടും.

നിന്നിലെ
ഇലകള്‍ ചേര്‍ത്ത്
പലകാലങ്ങള്‍ 
പ്യൂപ്പയായ്
നിന്നിലുറങ്ങും.

നീ
പൂക്കളാകവെ
ശലഭമായ്
കണ്ടുകണ്ടിരിയ്ക്കും.

അവന്റെ പ്രാചീനത
നിന്നെ
വനവാസിയും
നായാടിയുമാക്കും.

നിന്റെ വന്യതയിലവന്‍
കാട്ടുപക്ഷിയായ്
ചിറകടിക്കും.

നിന്നിലെ ഋതുക്കള്‍ക്ക്
കാലം
അവന്റെ പേരിടും.

സഞ്ചാരികള്‍
അവനിലൂടെ
നിന്നിലെ
ദേശങ്ങളില്‍
രാപ്പാര്‍ക്കും!





നീയല്ലാതെ മറ്റാരും വായിച്ചിട്ടില്ലാത്ത കവിത പോലൊരു ജീവിതം.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌