Tuesday

 പ്രണയത്തിരകളാൽ വേർപെട്ട്

നാം ഇരുപേർ

ഇങ്ങനെ ഇരുഭൂഖണ്ഡങ്ങൾ .

 ഞാൻ തന്നെ 

മറ്റാരുമല്ല 

നിന്നെ സ്നേഹിക്കാതിരുന്നത് 

ഞാൻ തന്നെ.

 രാവുകളിലെ നമ്മുടെ തനിച്ചിരിപ്പുകൾ മറക്കാൻ 

പകലിന്റെ പലവേഷങ്ങളണിയുന്നു.

തമ്മിൽ മറന്നു പോയെന്ന്തോന്നുംവിധം 

പല നിഴലുകൾ.

രാവെത്തുമ്പോൾ 

വീണ്ടും നിന്നിലേക്കെന്നപോലെ 

നെഞ്ച് പിടയ്ക്കുന്നു.

 ഒരു കടൽ എന്നിലേക്ക് തിരിച്ചെത്തുന്നു.

നിന്നെക്കുറിച്ച് മാത്രം പറയുന്ന തിരകൾ.

അതെന്നിൽ നിന്റെ പേരിൽ പുഴകൾ വരയ്ക്കുന്നു.

നാം ഉപേക്ഷിച്ച നഗരങ്ങളിലൂടെ വീണ്ടുമൊഴുകാൻ 

എന്നിൽ ചാല് കീറുന്നു.

മുറിവുകൾ.


പ്രിയനേ 

ഞാനെന്നും 

നിനക്ക് വേനലായിരുന്നല്ലോ .

Monday

 വിത്ത് 

അതിന്റെ വെളിച്ചത്തെ തൊടും പോലെ 

പ്രണയം.

Sunday

  ഇത് ഞാനല്ലേ എന്ന് 

വായനക്കാർക്ക് തോന്നും വിധം  

ഒരു ഞാനുണ്ടായിരിക്കണം ഓരോ എഴുത്തുകളിലും.


/
Bhaalobasi, bhaalobasi. ..🎧🤍
Rabindra Sangeet + Kavita Krishnamurthy +
Aparna Sen /

 പ്രണയമേ 

എന്റെ പ്രണയമേ

 

തീരവും തിരയും നിന്നെ കേൾക്കുന്നു 

അകന്നും അടുത്തും നിന്നെ അറിയുന്നു.

ആകാശം പോലെ ഹൃദയം കനക്കുന്നു.

കണ്ണുകൾ പോലെ ആർദ്രം, ചക്രവാളം.


പ്രണയമേ 

എന്റെ പ്രണയമേ

എത്ര ദുഃഖാർദ്രമാണ് 

നിന്റെ ഗാനം,

നമ്മുടെ ഓർമ്മകൾ.

മറന്നിട്ടും മാറുന്നില്ല അതിന്റെ ഈണം -

അതേ നോവ് 

അതേ നിറവ്.

 പിരിയും മുൻപേ 

നാം ചില പാട്ടുകൾ കൈമാറുന്നു.

തമ്മിലെന്നും കേൾക്കുന്നു.

 നിനക്ക് ആരുമല്ലാത്ത ഒരാളായിരിക്കുക എന്ന സാഹസം.

 എന്റെ രാവുകളിൽ ഉറങ്ങാതിരിക്കുന്ന നക്ഷത്രമേ 

നിന്റെ മുറ്റം എന്റെ ആകാശം.

അതിരുകളില്ലാതാകുന്നെനിക്ക് 

നിനക്കരികിലെത്തുമ്പോൾ.

 ഞാൻ അതേ പെൺകുട്ടി,

വളപ്പൊട്ടുകളെല്ലാം അവൾക്ക്
ചെമ്പരത്തി മൊട്ടുകൾ.

 ചില പുസ്തകങ്ങൾ ചില മനുഷ്യരെപ്പോലെ നമ്മെ തിരഞ്ഞെത്തുന്നു - 

മുറിവുകൾ  തുറന്നു വയ്ക്കുന്നു, 

നിർത്താതെ മിണ്ടുന്നു.

 പറഞ്ഞുവല്ലോ എന്ന് നീയും 

കേട്ടില്ല എന്ന് ഞാനും 

നടിക്കുന്നു.

 

ഉപേക്ഷിക്കപ്പെട്ട വാക്കുകൾ -

മാറാല കെട്ടിയ മുറികൾ.

ഹൃദയമോ - 

നാലറകൾക്ക് അധിപനായ ചിലന്തി.

എന്തെങ്കിലും മറന്നോ എന്ന് എപ്പോഴെങ്കിലും 

ഒരു ചോദ്യമുണ്ടാകുമ്പോൾ  

ആവലാതിയോടെ ഓർക്കും,

നിന്റെ പേര്.


ഇല്ല .. മറന്നിട്ടില്ല.. ഒന്നും.

  ഞാൻ എന്തും വിശ്വസിക്കും;

എന്നോട് ആർക്കെങ്കിലും സ്നേഹമാണെന്നതൊഴികെ .


 ചേർത്തു പിടിക്കുമ്പോൾ 

വിരലുകളെ 

ചിറകുകൾ എന്ന് വിളിച്ചവർ -

നാം, 

ഒരിയ്ക്കൽ-

 ഇതേ ജന്മത്തിൽ .

 നാമിരുപേർ 

ഇരു ഭൂഖണ്ഡങ്ങൾ.

പ്രണയത്തിരകളാലിങ്ങനെ വേർപെട്ടവർക്ക് 

വൻകരകളെന്നെല്ലാതെ മറ്റെന്ത് പേര്?

 ഒരു കാരണം കൊണ്ടും 

എന്നെ അറിയാതിരിക്കുക;

സ്നേഹിക്കാതിരിക്കുക.

സൗഖ്യം നിങ്ങളുടേതാകുന്നു.

Monday

 നുണകളൊഴിഞ്ഞ്

അഴികളെല്ലാം അഴിഞ്ഞഴിഞ്ഞ്

വാക്കിന്റെ കിളികൾ പറക്കാൻ തുടങ്ങുന്ന വിധം മിണ്ടാൻ

ആരെങ്കിലും വേണം

അപ്പുറം.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌