Wednesday


പലതട്ടുകളുള്ള
കത്തിച്ചു വെച്ച രാത്രി വിളക്കു പോലെ 
നഗരം.
നാം തീരമടുക്കുന്ന നാവികർ.
യാത്ര പറയാൻ വാക്കുകൾ 
തേടുന്നവർ.

ചോദിക്കട്ടെ, 
ഞാൻ നിന്നോട് :

ഒറ്റകോശത്തിന്റെ തുടിപ്പിൽ നിന്ന് 
അനിശ്ചിതമായ ഏതോ നിമിഷം 
നിശ്ചലമാകാൻ ചലിക്കുന്ന 
ഒരു സമയസൂചിയാണ് ജീവിതമെന്ന് 
നീ കരുതുന്നുണ്ടോ?
മരണത്തിന് തൊട്ടുമുൻപിലെ 
ആ നിമിഷം 
വീണ്ടും 
ഭ്രൂണാവസ്ഥയിലേക്ക് 
തിരിച്ചു പോകുന്ന ഒരു പെൻഡുലമായ് 
നീ പ്രാണനെ സങ്കല്പിച്ചു നോക്കിയിട്ടുണ്ടോ?
എണ്ണമറ്റ ആന്ദോളനങ്ങൾ 
അപ്രകാരം സാധ്യമാകുന്ന ഒരു ജീവൻ?

കൗതുകങ്ങളുടെ
കലഹങ്ങളുടെ 
കാമനകളുടെ 
കലാപങ്ങളുടെ 
തിരയനക്കങ്ങളിൽ നിന്ന് 
ഒരു ഗർഭപാത്രത്തിലേക്കെന്നത് പോലെ 
സമുദ്രാന്തർഭാഗത്തേക്ക് 
ഒരു പുതിയ ജീവന്റെ ഉറവിടമാകാനുള്ള 
പ്രാർത്ഥനകളിലേക്ക് 
മടങ്ങാൻ കഴിയുന്ന 
ഒരു കടൽജീവി?

ഓരോയിടത്തും
തന്നെ കാത്തിരിക്കുന്ന 
സാഹസികതകളിലേക്ക് 
ഇണയിലേക്ക് 
ശത്രുവിലേക്ക് 
ഒരു സമുദ്രതീരത്ത് നിന്ന് 
മറ്റൊരു ഭൂഖണ്ഡത്തിലെ തുറമുഖത്തേക്ക് 
യാത്രപുറപ്പെടുന്ന കപ്പൽ പോലെ 
പൂർണ്ണവളർച്ചയിൽ നിന്ന് 
ജീവന്റെ ആദ്യകോശത്തിലേക്ക് 
എളുപ്പം തിരിച്ചു പോകാനാകുന്ന 
ഒരു സഞ്ചാരി?

വിരലുകൾ കൊണ്ട് 
നീ എന്നിൽ നൃത്തം തുടരുന്നു:

നാം 
മരണമില്ലാത്ത 
പ്രണയദ്രവം ഉള്ളിൽ നിറച്ച അതേ ഉടലുകൾ !

യാത്ര പറയുന്നില്ല...

പരസ്‍പരം കാത്തിരിക്കുന്ന 
തുറമുഖങ്ങൾ പോലെ 
വേർപിരിയുന്നു..



പ്രണയമേ നീ
നൃത്തം ചെയ്യുന്നു.
എന്റെ രാവുകൾ
പൂർണ്ണമാകുന്നു.

പ്രണയമേ നീ
ഒരു പാട്ട് മൂളുന്നു.
എന്റെ കാതുകൾ
നിറയുന്നു.

പ്രണയമേ നീ
വെളിച്ചമാകുന്നു .
എന്റെ പകലുകൾ
നിറമുള്ളതാകുന്നു.

പ്രണയമേ നീ
ഒഴുകുന്നു.
എന്റെ അതിരുകൾ
മുറിയുന്നു.

പ്രണയമേ നീ
കവിതയാകുന്നു.
പ്രിയമുള്ളൊരു
ജീവിതമെഴുതുന്നു.
നിന്റെ ഹൃദയം സ്പർശിയ്ക്കാൻ കഴിയുന്നുണ്ടോ എനിക്ക്?
ഉണ്ടെങ്കിൽ അത് മതി..
മറ്റെല്ലാം ഉപേക്ഷിക്കാൻ സാധ്യമായ ആർഭാടങ്ങളാണ്.
കടുത്ത കയ്പുള്ള ഏകാന്തതയിലേക്ക്
ഒരു ചൂണ്ട് വിരലല്ല ;
വിരലുകൾ പോലെ എന്നും അടുത്തടുത്തിരിക്കാൻ
സ്നേഹം നിറച്ച ഒരു കരതലം.
നിനക്ക് നേരെ ഞാൻ നീട്ടുന്നത് അതാണ്...
-നിനക്ക് പ്രണയത്തെക്കുറിച്ച് എന്തറിയാം?

- നിന്റെ ഹൃദയം പറയുന്നത് എന്തെല്ലാമോ , അതെല്ലാം ..
ഒരേ പാട്ട് കൊണ്ട്
നാം
ഈ രാവിനെ നിറയ്ക്കുന്നു.
പേരിടാനാകാത്തൊരു മഹാസമുദ്രത്തിന്
ഇരു കരകളാകുന്നു.
ഒരു തിരയുടെ നൂല് കൊണ്ട്
കാതുകൾ കെട്ടിയിട്ട
തീരങ്ങളാകുന്നു.
പ്രണയത്തെക്കുറിച്ച് പറയുക എന്നാൽ 
ഒരു കടലിന്റെ ചിത്രം വരയ്ക്കുക എന്ന പോലാണ്.
ആരാണ്, അത്ര കൃത്യമായ് ആ ചിത്രം വരച്ചിട്ടുള്ളത്?
കവിതകൾ -
തൊട്ടാവാടികളുടെ
കണ്ണാടികൾ 
നെറ്റിയിൽ എന്റെ ചിത്രം ചുട്ടി കുത്തി
നിന്നിലേക്ക് പായുന്ന 
ഓർമ്മയെന്ന
വേഗമേറിയ മൃഗമേ!
രണ്ടുപേർ ചേർന്നാൽ മാത്രം
പൂർണ്ണമാകുന്ന
പ്രണയത്തിന്റെ റുബിക്സ് ക്യൂബാകുന്നു
ജീവിതം.
ചില പാട്ടുകൾക്കൊപ്പം
ചിലപ്പോൾ
ചില മുഖങ്ങളെക്കൂടി
നാം തിരഞ്ഞെടുക്കും.
ഒന്നിച്ച്
നൃത്തം ചെയ്തെങ്കിൽ എന്ന്
നാം ആഗ്രഹിക്കുന്ന ആ വിരലുകളെ
അകലങ്ങളിൽ എങ്കിലും
മുറുകെപ്പിടിയ്ക്കും..

Sunday

നിന്റെ കവിതാപുസ്തകം തുറക്കുന്നു.
മയിൽപ്പീലി എന്ന വാക്കിനെ
മാനം കാട്ടുന്നു.
അത് മയിലായി മാറുന്നു.
ഞങ്ങൾ
മരുഭൂമിയിലെ ഉച്ചവെയിലിൽ
നനയുന്നു.
പ്രണയം -
രണ്ടുടലുകളിൽ
നൃത്തം ചെയ്യുന്ന
പക്ഷി.
നാം ചിറകുകൾ വച്ചു മാറുന്നു.
നീ മാലാഖയും
ഞാൻ മനുഷ്യനുമായ്
വേർപിരിയുന്നു.

Monday

എന്നെ ഓർമ്മയുണ്ടോ എന്ന
നിന്റെ ചോദ്യത്തിൽ
എന്റെ പ്രപഞ്ചം അതിശയപ്പെടുന്നു.
ഏത് ഓർമ്മകളിൽ ചെന്നെത്തിനിൽക്കാനാണ്
നാം മറവികളെക്കുറിച്ച് മിണ്ടിത്തുടങ്ങുന്നത്?
ഇലപ്പച്ച വിശപ്പ്.
ബീറ്റ്റൂട്ടിന്റെ നിറമുള്ള ഉച്ച.
മഞ്ഞള് കുറുക്കിയ വിരുന്നൂട്ട്.
നാം ഒരേ പന്തിയിൽ ഇങ്ങനെ
അടുത്തടുത്തിരിക്കുന്നു.
വെളിച്ചത്തിൽ നിന്ന് വന്ന്
വെളിച്ചത്തിലേക്ക് മടങ്ങുന്നവർക്ക്
വേറെ എന്ത് മേൽവിലാസം?
എന്നിലേക്കിറങ്ങാൻ ഒരു ചെമ്പരത്തിച്ചുഴി.
രഹസ്യങ്ങളുടെ പിരിയൻ ഗോവണി.
നിഴലുകളുടെ കൈവരികൾ.
കാറ്റിന്റെ ഉടൽ.

പ്രണയം -
എന്റെ നീലഅക്ഷരങ്ങളെ
ചുവപ്പ് നിറമാക്കുന്ന
നിന്നോടുള്ള ഭ്രാന്തിന്റെ
അമ്ലരസം. 

Sunday

ഒരു വൃദ്ധയുടെ വിരലുകൾ പോലെ
എന്റെ ഹൃദയം
നിന്റെ സ്നേഹമന്വേഷിക്കുന്നു.
ഞാനൊരു തയ്യൽ സൂചിയാണ്.
നിന്നെ കോർത്തെടുത്ത്
എന്റെ മുറിവുകൾ തുന്നുന്നു.
എന്നിട്ടും
എന്റെ മൂർച്ചയിൽ
എന്നെത്തന്നെ മുറിയ്ക്കുന്നു.
വീണ്ടും
നിന്നെ കോർത്തെടുത്ത് ....
അതിന്റെ രണ്ട് ചിറകുകളിലും
പ്രണയം
നിന്നെ വരച്ചു ചേർക്കുന്നു.
സഞ്ചാരപഥം തെറ്റിയ ഒരു ആകാശഗോളമാകുന്നു ഞാൻ.
നീ എന്ന പ്രണയകേന്ദ്രത്തിനടുത്തെത്തുമ്പോൾ
ചില ദൂരദർശിനികളിൽ മിന്നിത്തെളിഞ്ഞേക്കാം...

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌