Wednesday

 ഒരിയ്ക്കൽ ജീവിച്ചിരുന്നു എന്നത് കൊണ്ട് 

ഒരിയ്ക്കലും മരിയ്ക്കാനിടയില്ലാത്ത ഒരാളാകുന്നു.

 മനുഷ്യൻ എന്ന 

സങ്കടങ്ങളുടെ മഹാവൃക്ഷം

സ്നേഹഭംഗങ്ങളുടെ വേരുകളാൽ 

അവനവനിൽ തന്നെ 

ആഴത്തിൽ ഉറച്ചുപോകുന്നു.

Friday

 വാക്കിന്റെ ചോട്ടിൽ 

ആരോ 

ഒരു തുടം വെള്ളമൊഴിച്ചപോലെ 

ഒരു നനവറിയുന്നു.


മനസ്സിൽ 

മഴയുടെ 

ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ തെളിയുന്നു.


ഒറ്റയ്ക്ക് ആ കുട്ടി 

വീണ്ടും എഴുതുന്നു.


ആരും കാണാതെ 

ആരും ആരും അറിയരുതെന്ന് ഉള്ളിൽ പറഞ്ഞു കൊണ്ട്..

ഇലകൾ അടുക്കിയടുക്കിവെച്ച് 

മഴ, 

മണ്ണിൽ 

ഒരു മരത്തെ വരയ്ക്കുന്നു.

ചിലർ ജീവിതങ്ങളെ  വരയ്കുന്നത് പോലെ.



ആർക്ക് വേണ്ടിയാണ് ഇത്രയും എഴുതുന്നത്?

നീയല്ലാതെ മറ്റാരും അത് വായിക്കുന്നില്ലല്ലോ .

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌