Wednesday



പ്രണയം ഇന്നലത്തേതു പോലെയല്ലല്ലോ ഇന്ന്!!

ഇന്നലെ അത് എഴുതിവച്ച വാക്കുകൾ മാത്രമായിരുന്നില്ലേ..
ഇന്നതെന്തേ എന്നോട് സംസാരിച്ച് സംസാരിച്ചിരിക്കുന്നു....നിർത്താതെ പിറുപിറുക്കുന്നു..
പ്രണയം അടുത്തുവന്നിരുന്ന്
വിരൽ കോർത്ത്
മുഖം ചേർത്ത്
അതിന്റെ ജന്മജന്മാന്തരങ്ങളിലെ
അനുഭവങ്ങൾ പങ്കിടുകയാണ്‌..
എന്നിലതിന്റെ തുടർച്ച അന്വേഷിച്ചറിയുകയാണ്‌...

പ്രണയം ഇന്നലത്തേതു പോലെയല്ലല്ലോ ഇന്ന്..
ഇന്നതിന്‌ ഇന്നലകളില്ലാതാവുകയാണല്ലോ!

പറഞ്ഞു തുടങ്ങിയാൽ അതത്രയും നിന്നെക്കുറിച്ച് മാത്രമാകുമെന്നതിനാൽ
മൗനം ശീലിക്കുകയാണു ഞാൻ എന്നോട് തന്നെ..


എന്റെ പ്രണയം
അത് നിന്റേതുകൂടിയാണല്ലോ!


വേനലിൽ ഞാൻ മിക്കപ്പോഴും മഴയെ സ്വപ്നം കാണാറുണ്ടായിരുന്നു.
ഒരു കാട്ടിൽ ഏറുമാടത്തിലിരുന്ന് മഴ കാണുന്നത്.
മേഘങ്ങളിൽ നിന്ന് മേഘങ്ങളിലേക്ക് വെളുത്ത കൊറ്റികൾ പറന്നു തുടങ്ങുന്ന നേരം.
പിന്നെ കുറേ പരുന്തുകൾ.
പരശതം കാക്കകൾ.
പേരറിയാത്ത വേറേയും പക്ഷികൾ.
തൂവലുകൾ ചിറകുകളായി
ചിറകുകൾ പക്ഷികളായി
ആകാശം നിറയുമ്പോൾ മഴ തുടങ്ങും.
പിന്നെ ഒരുപാട് ഇലകൾ.
വൃക്ഷങ്ങൾ തോറും കാറ്റും ഇലകളും ഇലയരികുകളും ഇലവിടവുകളും ഇലയനക്കങ്ങളും മാത്രം.
പിന്നെ ഇലനിറത്തിലൊരു മഴയും.


എനിയ്ക്ക് അമ്മയെ കാണണമെന്ന് തോന്നുന്നു.
എന്നെ തനിച്ചാക്കിയെന്ന് ഈ മഴ അഹങ്കരിയ്ക്കുന്നുണ്ടോ?

ഈ ഭൂമിയിൽ തന്നെ ആരുമില്ലെന്ന് എനിയ്ക്ക് തോന്നുന്നതെന്തുകൊണ്ടാണ്‌??
എവിടേയോ
ഏതോകാലത്തിൽ
ഞാൻ മാത്രമെന്ന്....
ഇവിടെ മഴയാണ്‌.
കർക്കിടത്തിലെ വൈകിയെത്തിയ മഴ.
ഈ മഴയിലുള്ളത് ഒരുപാട് സ്നേഹം.
പറഞ്ഞു മനസ്സിലാക്കാനും അനുഭവിച്ച് തീർക്കാനും കഴിയാതെ പോകുന്ന ഒരുപാട് ഒരുപാട് സ്നേഹം.

ഒരു തുടർച്ച.
ജനിമൃതികളിലേക്ക്.

മഴ ഒരു വാഗ്ദാനമാണ്‌.
ഒരുപാടിഷ്ടമാണെന്ന ഒറ്റവാചകം തരുന്ന ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്.
ഇവിടെ മഴയാണ്‌.
മേഘങ്ങൾക്കിടയിൽ മഴവരുന്ന വഴിയിലിരുന്ന്, മഴയെ കാണണമെന്ന് അറിയണമെന്ന് ഓർത്തുകൊണ്ടിരിക്കെ
മഴ തോരുന്നു.
മഴയുടെ  പിൻവാങ്ങൽ ശബ്ദം.
പോകാനൊരുങ്ങി നില്ക്കുന്ന മഴ.
കൂടെ മഴയോടൊപ്പം പൊഴിഞ്ഞ ഓർമ്മകളും.....


 

Tuesday



ഒന്നു വിരല്‍ തൊട്ടാല്‍
നീയോ ഞാനോ ആയി മാറിപ്പോകുന്ന
പ്രണയമെന്ന വാക്കിന്റെ പൂര്‍ണ്ണതയാകുന്നു നാം.

ഒരിയ്ക്കലും അവസാനിക്കാത്തൊരു
ഒറ്റവരി പ്രാര്‍ത്ഥനയായ് അത്രമേല്‍
ഒന്നിച്ചു ചേര്‍ന്നിരിക്കുന്നു നാം!
ആകാശം തേടുന്ന കൊച്ചു നക്ഷത്രവും
പൂവിനായ് തിരയുന്ന സുഗന്ധവും
കൈവശമുണ്ടെന്നായിരുന്നു
എന്റെ ആദ്യ സന്ദേശം.

ഓർമ്മിക്കുന്നുണ്ടോ നീ ?

പിന്നീട്
ഞാൻ പറയാതെ പോയ,പാതി പറഞ്ഞുവെച്ച,
വാക്കുകളോട്
മറവി ശീലിയ്ക്കുക.

വിരിയാൻ മറന്നുപോയ ഒരു നീലശംഖുപുഷ്പമായി
എന്റെ സ്മൃതികളിൽ നിറയുക.
ജനാലയ്ക്കരികിലേക്ക്
ഒറ്റയ്ക്ക്
എന്നോ മറന്നുവെച്ച കവിത വന്നിരിക്കുന്നു;
കൂട്ടിന്‌ കുസൃതി നിറഞ്ഞ ഒറ്റവരിയുത്തരങ്ങൾ.

ആർക്കുവേണ്ടിയാണ്‌ മനസ്സ് പ്രക്ഷുബ്ദമാകുന്നതും തിരയടങ്ങി ശാന്തമാകുന്നതും?

എങ്കിലും
ഏതെങ്കിലും
മഴപെയ്യുന്ന നേരത്ത് മനസ്സിലേക്കിറങ്ങാൻ
എന്നുമുണ്ടാകും
കുറേ അക്ഷരങ്ങൾ,പേരുകൾ,മുഖങ്ങൾ....

വേനൽ കനത്ത്
മനസ്സ് വേവലാതിപിടിച്ചലയുന്നതിനിടെ
സൗമ്യമായ ശാന്തമായ ഒരു മഴ നിറയുന്നത് നല്ലതു തന്നെ.


എന്നിൽ നീ നിറയുന്നതു പോലെത്തന്നെ.

വീണ്ടും എഴുതാം;
ജനൽ തുറന്നിട്ട് മഴയെ അകത്തുവിളിച്ച്,
അക്ഷരങ്ങൾ നനയ്ക്കാനുള്ള സ്നേഹം മനസ്സിൽ നിറയുന്നതുവരെ നീ കാത്തിരിക്കുമെങ്കിൽ...


രാത്രിയിൽ മഴ നനഞ്ഞ പാലപൂക്കൾക്കിടയിൽ യക്ഷികൾ നീലക്കണ്ണുകൾ പൂട്ടിയുറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്.ഇടയ്ക്കിടയ്ക്ക് അവരുടെ നിശ്വാസങ്ങൾ വിരഹങ്ങളായ് ജാലകപ്പുറത്ത് തട്ടിത്തടയാറുള്ളത് ഞാൻ അറിഞ്ഞിട്ടുണ്ട്.


ആ നേരങ്ങളിൽ ഞാൻ ഉറങ്ങാതിരിക്കും.
സ്വയം നഷ്ടപ്പെടുത്തത് അങ്ങനെയാണ്‌.
അതിനായാണ്‌ ഞാൻ വന്നത്-
മഴയിൽ
മഴയോടൊപ്പം.

മുറിവേല്പിച്ചവരെ പ്രണയിക്കുക.
യാത്രപറയാതെ പോയവരെ കാത്തിരിക്കുക.
അവസാനിച്ചു എന്നു കരുതിയ ഇടങ്ങളിൽ ആരംഭമുണ്ടാക്കുക.
മേഘങ്ങളിൽ ചെന്ന് അവിടെ നക്ഷത്രങ്ങൾ പതിച്ചുവച്ചിരിക്കുന്നതെങ്ങനെയെന്നറിയുക.
സൂര്യനിൽ നിന്ന് അഗ്നിയും
ഹിമശിഖരങ്ങളിൽ നിന്ന് തണുപ്പും
അനുഭവിയ്ക്കുക.
ഒരു രാത്രിയിൽ
സ്വപ്നങ്ങൾക്കിടെ ഉച്ചരിച്ചു പോകാൻ
നിനക്ക്
ഒരു നക്ഷത്രത്തിന്റെ പേര്‌
ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്.
എന്നുമെന്നോട് അലിവുകാട്ടാറുള്ള കുഞ്ഞു നക്ഷത്രം.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌