Monday

ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
പ്രണയത്തിന്
അവധി കൊടുത്തു വിശ്രമിയ്ക്കുന്ന
സൂര്യന്റെ പകലുകൾ നീണ്ടു പോകുന്നു.

ഈ ഭൂപടത്തിലെ
ജലപ്രവാഹങ്ങളെല്ലാം
അവന്
എന്നിലെത്താനുള്ള വാതിലുകളായ്
ഞാൻ തുറന്നു വയ്ക്കുന്നു.
മഹാസമുദ്രങ്ങളെ
അവനെക്കാത്തിരിയ്ക്കാനുള്ള
ഇടങ്ങളായ്
ഞാൻ തിരഞ്ഞെടുത്തിരിയ്ക്കുന്നു.
മണ്ണിൽ മുളച്ചുപൊന്തിയ
മരങ്ങളെല്ലാം
അവനിലേക്കുള്ള വിരലുകളായ്
ഞാൻ ഉയർത്തിപ്പിടിയ്ക്കുന്നു.

നിങ്ങളുടെ നാട്ടിൽ
പകലിന്റെ ദൈർഘ്യം എത്രയെന്ന്
രാത്രികൾ എത്ര തണുത്തിരിയ്ക്കുന്നെന്ന്
പ്രാചീനനായ ഒരു ഈജിപ്ഷ്യൻ എന്നോട് ചോദിയ്ക്കുന്നു.

വിരഹമളക്കാനുള്ള മാപിനികൾ
കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ല ഇതുവരേയുമെന്ന്
എനിക്കുവേണ്ടി ഒരു നെയ്ത്തുകാരി മറുപടി പറയുന്നു.
രണ്ടുഹൃദയങ്ങൾ തുന്നിപ്പിടിപ്പിച്ച
ഒരു തൂവാലയായ് അവളെന്നെ മാറ്റിക്കളയുന്നു.

ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
പ്രണയത്തിന്
അവധി കൊടുത്തു വിശ്രമിയ്ക്കുന്ന
സൂര്യന്റെ പകലുകൾ നീണ്ടു പോകുന്നു.

ഒരു പകലിന്റെ ദൈർഘ്യം എന്നത്
നീ എന്ന നദി
ഈ ഭൂമിയെല്ലാം ചുറ്റി
എന്നിലെത്താനുള്ള ദിവസങ്ങളുടെ എണ്ണമെന്ന്
ഞാൻ മറുപടി പറയുന്നു.
ഇത് മതിയാവുന്നിയില്ല,ജീവിതത്തിന്റെ ലഹരി എന്ന് തോന്നുമ്പോഴെല്ലാം
നിന്നെ
നിറമുള്ള വാക്കുകളിലേക്ക്
പകർന്നെടുത്ത്
പ്രണയത്തിന്റെ ഐസ്‌ക്യൂബുകളിട്ട്
രാത്രി പകലാകുവോളം
പകൽ രാത്രിയാകുവോളം
നുകരുന്നുണ്ട് ഞാൻ!

Thursday


ആരുടെ ഹൃദയതാളം പഠിച്ചെടുക്കാനാണ്
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് ?

ആരുടെ സ്വപ്‍നങ്ങളിൽ നക്ഷത്രങ്ങൾ കോർത്തു വയ്ക്കാനാണ്
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് ?

ആർക്കിടയിലെ അകലത്തിന്റെ പാകം നിശ്ചയിക്കാനാണ് 
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് ?

 ആർക്കിടയിൽ പറയാതെ പോയ ഏത് വാക്കുകൾ കേൾക്കാണ് 
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് ?

ആര് ഉറങ്ങാതിരിക്കുന്നതിന് കൂട്ടിരിയ്ക്കാനാണ്
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് ?


Wednesday

- "ആരോടുള്ള പ്രണയത്തെക്കുറിച്ചാണ് നീ ഇത്രയും വാചാലയാകുന്നതെന്നറിയാൻ കൗതുകം!"

- "ഓരോരുത്തരും അവനവനോടുള്ള പ്രണയത്തിലാണിത്രയും മതിമറന്ന് പോകാറുള്ളത്!"

:-D

എന്റെയും നിന്റെയും നീ.

അവരെക്കുറിച്ചാണ് നാം പറയുന്നതെന്ന് എല്ലാവരും  കരുതുന്നു.
അവരെ നാം അന്വേഷിയ്ക്കുകയാണ് ഇപ്പോഴും എന്ന് ആരുമറിയുന്നില്ല.
:-)
ഓരോരുത്തരും
ഓരോ പ്രണയത്തിലും
അവരുടെ പ്രണയാനുഭവത്തോട്
ചേരുന്നതേ സ്വീകരിയ്ക്കൂ.

അതുകൊണ്ടാണ്
ചിലർ ശരീരത്തിന്റെ നഗ്നതയിലേക്ക്
ചിലർ കൊടുക്കൽ വാങ്ങലുകളിലേയ്ക്ക്
ചിലർ ലാഭനഷ്ടങ്ങളിലേയ്ക്ക്
ചിലർ ജയപരാജയങ്ങളിലേയ്ക്ക്
ചിലർ സ്വന്തമാക്കലുകളിലേയ്ക്ക്
ചിലർ പൂർണ്ണസമർപ്പണത്തിലേയ്ക്ക്
ചിലർ കാത്തിരിപ്പിലേയ്ക്ക്
ചിലർ കീഴടക്കലുകളിലേയ്ക്ക്
ചിലർ വിട്ടുകൊടുക്കലുകളിലേയ്ക്ക്
പ്രണയത്തെ
അളന്നു മാറ്റി വയ്ക്കുന്നത് .

ചിലർ അളവില്ലാതെയത് അനുഭവിയ്ക്കുന്നത്. :-)

എത്ര വർണ്ണവൈവിധ്യം നിറച്ചു വെച്ചാലും
ചില നിറങ്ങൾ മാത്രമേ
ചിലർക്ക് സ്വീകാര്യമാവൂ.

എല്ലാ നിറങ്ങളും
ഉള്ളിലൊരു നദിപോലെ ഒഴുകിപ്പരക്കുന്ന പ്രണയിനി,
അവളുടെ പ്രണയത്തെ
വരച്ചു വയ്ക്കുന്നത്
അവളിലെ
എണ്ണമറ്റ കോശങ്ങളിലോരോന്നിലുമായാണ്!
പ്രണയവും സന്തോഷവും
ഒന്നിച്ചനുഭവിയ്ക്കാൻ
കഴിയുന്നു
എന്ന വിസ്മയം.

അതിനെക്കുറിച്ചു എഴുതാൻ കഴിയുന്നു
എന്ന വിസ്മയം.

നീ
ഞാനത്
എഴുതി തീരുന്നതിനു മുൻപേ
വായിച്ചറിയുന്നു
എന്ന വിസ്മയം.

Tuesday

നിന്റെ മനസ്സിലെപ്പോഴും
ഞാനെന്ന മഴ മാത്രം
ഇടിവെട്ടിപ്പെയ്താൽ മതി.
;-)

Saturday

നിന്നോടാകുമ്പോൾ
എന്റെ പ്രണയം പറയാൻ
ഒരു ജന്മം മതിവരാതെ പോകുമെന്ന്
നാമറിഞ്ഞ;
പരസ്പരം പറഞ്ഞ
സൂര്യകാന്തിപ്പാടങ്ങൾ.

നാമന്യോന്യം പറഞ്ഞ
വാക്കുകളിൽ നിന്ന്
വിരിഞ്ഞ
ആയിരം കവിതകൾ.

വിത്തുകളായ്
പരസ്പരം
കാത്തുറങ്ങിയ
ആയിരം വർഷങ്ങൾ .

സൂര്യനായ് വിരൽ നീട്ടി തൊട്ടും 
മഴയായ് പെയ്ത് ഉള്ളം നിറച്ചും
തമ്മിലറിഞ്ഞ
ആയിരമായിരം 
വർഷങ്ങൾ.


Wednesday

മഴ പെയ്യുന്ന ശബ്ദം
കേട്ട് കേട്ട്
നേരം പുലരും മുൻപേ ഉണരണം.

മഴ പെയ്യുന്നത്
കേൾക്കുന്നില്ലേ, കേൾക്കുന്നില്ലേ
എന്ന് പിറുപിറുക്കാൻ
അടുത്തൊരാൾ ചേർന്നുറങ്ങണം.

മഴയായ് പൊഴിയൂ,
പൊഴിയൂ എന്നിലേക്കെന്ന്
അയാൾ
കാറ്റുപോലെയന്നേരം
കാതിൽ പറയണം.
എന്നിട്ടേറെ നേരം
മഴയും മണ്ണും എന്നപോലെ
തമ്മിൽ
പ്രാണൻ പങ്കിടണം.

മഴയിൽ തണുത്തൊരു പുഴയിൽ കുളിച്ചു
അമ്പലവഴികളിലൊന്നിൽ
അത്രമേൽ
പതുക്കെ, പതുക്കെ
എന്ന് പറഞ്ഞു കൊണ്ടെയിരിക്കാൻ
വേഗം നടക്കുന്ന ഒരാൾ കൂടെ വേണം.

മഴ വീണു തീരാത്ത മരങ്ങളാണോ
വെയിൽ വീണു മഞ്ഞിൽ നനഞ്ഞ മരങ്ങളാണോ
കൂടുതൽ പ്രിയമെന്ന് ചോദിയ്ക്കാൻ
ഒരാളരികിലുണ്ടാകണം.

മരമായ് ചില്ലകൾ നിവർത്തി
കാറ്റായ് ചേർത്ത് നിർത്താൻ
അരികിലൊരാൾ വേണം.

അശോകത്തിന്റെ ചുവട്ടിലിരുന്ന്
വായുപുത്രന്റെയും
ഭൂമിപുത്രിയുടെയും
കഥകൾ പറഞ്ഞു തരുന്നൊരാൾ വേണം.

അയാളെന്റെ
രാമനും
രാവണനും
ആകണം.

എന്നിൽ പാതിയായ ദൈവത്തെ പങ്കിടണം.
എന്നിലെ പാതിയ്ക്ക് ദൈവമായിരിക്കണം.

ഒരു കുഞ്ഞിന്റെതെന്നതു പോലെ
വിരൽ പിടിച്ചു
എഴുതിത്തെളിഞ്ഞ അക്ഷരമായ്
എന്നെ മാറ്റാൻ
മനസ്സുള്ളൊരാൾ വേണം.

എഴുതുന്നതെല്ലാം ഓർത്തുവയ്ക്കാൻ
മറവികളില്ലാത്തൊരാൾ കൂടെ വേണം.

ഏറ്റവും നല്ല കവിത എഴുതാൻ കഴിയുന്ന നേരം
തമ്മിൽ പിരിയാമെന്ന്
ഒരിയ്ക്കലും നടക്കാത്തൊരു സ്വപ്നത്തിലിരുന്ന്
അയാൾ പൊട്ടിച്ചിരിയ്ക്കണം.

തിരക്കുപിടിച്ചൊരു നിരത്ത്
മുറിച്ചു കടക്കാൻ
രണ്ട് പേർക്ക്,
നാല് കാല്
മൂന്ന് കയ്യ്
രണ്ട് കണ്ണ്
ഒറ്റച്ചെവി
എന്നൊരു മാന്ത്രിക സംഖ്യ കണ്ടെത്തണം.

ആകാശത്തിന്റെ നിറമുള്ള
നീളമുളള
കുപ്പായമണിഞ്ഞു
നിർത്താതെ ചിലച്ചു
പക്ഷികളെപ്പോലെ
പകൽ മുഴുവൻ പറക്കണം.

വാളും ചിലമ്പുമണിഞ്ഞു
മഞ്ഞൾക്കുറിയിട്ട്
ചുവന്ന പട്ട് ചുറ്റി
ദീപമായ്
ഒരാൾ മുന്നിൽ തെളിയുമ്പോൾ
ഉള്ളിലെ നിസ്സഹായതകളെല്ലാം
നാളീകേരം പോലെ എറിഞ്ഞുടയ്ക്കണം.

രാത്രിയിലെന്നെ
നക്ഷത്രം പോലെ ചേർത്ത് പിടിയ്ക്കാൻ
അരികിലെന്നുമൊരാൾ വേണം.

മഴ നഞ്ഞോടി വരുന്ന
തീവണ്ടിയിലേക്ക്
എനിയ്‌ക്കൊപ്പം കയറാൻ
ഒരാൾ വേണം.

മഴകളെ
പുഴകളെ
മലകളെ
മനുഷ്യരെ
നിറങ്ങളെ-
സ്നേഹിതരെയെന്നപോലെ
എനിയ്ക്കായ് പരിചയപ്പെടുത്താൻ
സഞ്ചാരിയായ ഒരാൾ
കൂടെ വരണം.

ഇതാ,
നാം വിരിഞ്ഞ സൂര്യകാന്തിപ്പാടങ്ങൾ എന്ന്
നാം ചേർന്ന് നിന്ന ചണവയലുകളെന്ന്
മഴ നനഞ്ഞ നാട്ടുവഴികളെന്ന്
ചെമ്പരത്തികളായ് വിടർന്ന വേലിപ്പടർപ്പുകളെന്ന്
ഇണചേർന്ന ശിഖരാഗ്രങ്ങളെന്ന്
ആനകളായ് മദിച്ച മലങ്കാടുകളെന്ന്
മീനായ് തുടിച്ച കായൽപ്പരപ്പുകളെന്ന്
ഒട്ടകങ്ങളായ് വാണ മരുഭൂമികളെന്ന്

ഇതാണ് നാം
ഒന്നിച്ചു പാർത്ത ഗുഹകളെന്ന്
തപസ്സിരുന്ന മഞ്ഞുമലകളെന്ന്
മഞ്ഞായ് നിറഞ്ഞ മലമുകളെന്ന്
ഒളിച്ചു കളിച്ച തുരങ്കങ്ങളെന്ന്

ഇതാ ,
നാം പോറ്റിവളർത്തിയ മാൻകുഞ്ഞുങ്ങളെന്ന്
ഉറുമ്പുകളായ് പേറിയ അരിമണികളെന്ന്
മുഖം നോക്കിയ വെയിൽക്കണ്ണാടികളെന്ന്
ഉറക്കമുണർന്ന ഏറുമാടങ്ങളെന്ന്
എടുത്തണിഞ്ഞ മരവുരിയെന്ന്
പൊന്മാനുകൾ കാണാതെയൊളിച്ച പൊത്തുകളെന്ന്

ഇവിടെയാണ് നാം,
പുല്ലായ് കിളിർത്ത ചുടലപ്പറമ്പുകളെന്ന്
പ്യൂപ്പകളായ് ചിറകുകൾ കാത്തു കഴിഞ്ഞതെന്ന്
തമ്മിൽ പടർന്നു കയറാൻ വള്ളികളായതെന്ന്
മണ്ണുപുതച്ചുറങ്ങാൻ മണ്ണിരകളായതെന്ന്
പട്ടുനൂൽപ്പുഴുക്കളായ് വെന്തുപോയതെന്ന്
കാട്ടാളന്റെ കിളികളായതെന്ന്
ശംഖുകളായ് കടലാഴങ്ങളിൽ ചേർന്നുകിടന്നതെന്ന്

വഴികൾ നീളെ
ഓർമ്മകൾ ഒരുപോലെ പങ്കിടാൻ
എന്നും ഒരാൾ
എനിയ്ക്ക് വേണ്ടി പിറക്കണം.

എത്ര ജന്മം കഴിഞ്ഞു
വീണ്ടും പിറന്നാലും
എവിടെയെങ്കിലുമായ്
നിന്നെ കാത്തിരിയ്ക്കാൻ ഞാനുണ്ടാകുമെന്ന് -
നെറുകയിൽ ഉമ്മവെച്ചു
നെഞ്ചോട് ചേർത്ത് നിർത്തി
നെറ്റിമേൽ കുങ്കുമം തൊട്ട്
കാതിൽ ചുണ്ടുകൾ ചേർത്ത്
ചുണ്ടുകളിൽ വിരലുകൾ ചേർത്ത്
ഇടയ്ക്കിടെ പറയാൻ
എന്നും ഒരാൾ കൂടെയുണ്ടാകണം.

ഒരിടത്തും പോകേണ്ടതില്ലാത്ത
ഒരുവൾ
നിന്റെ മനസ്സിന്റെ
പടവുകൾ മാത്രം
നിർത്താതെ കയറുന്നു.
നമ്മുടെ ഒപ്പം
ഈ രാത്രിയിൽ
ഒരാൾ കൂടെ ഉറങ്ങാതിരിപ്പുണ്ടാകും.
ഉറങ്ങിപ്പോയെന്ന് അയാൾ പോലും കരുതും;
പക്ഷേ ഉറങ്ങിയിട്ടുണ്ടാവില്ല.
സ്നേഹത്തിലും
സന്തോഷത്തിലും
അയാൾ
ഉറങ്ങിപ്പോകാറില്ല!


;-)
നമ്മെ തനിച്ചാക്കിയവർ 
നമ്മുടെ ഉള്ളിലെ കരുത്താണ് തെളിയിച്ചത്.
നമ്മിലേക്ക് തിരിച്ചുവരുന്നവർ 
നമ്മുടെ ഉള്ളിലെ സ്നേഹത്തിൻ്റെ കരുത്താണ് തെളിയിക്കുന്നത് .


രണ്ട് വൻകരകളിൽ
നാമൊരു നദിയുടെ പേരെഴുതുന്നു.
പ്രണയമെന്ന മഹാസമുദ്രം
അതിൽ പിന്നെ പിറക്കുന്നു.

ചില നേരങ്ങളിൽ ഒരാൾ നമ്മുടെ അരികിലേക്ക് വരും.

ഒരു പക്ഷേ തികച്ചും അപരിചിതനായ ഒരാൾ.
ഇനിയൊരിയ്ക്കലും കണ്ടുമുട്ടാൻ ഒരു സാധ്യതയുമില്ലാത്ത ഒരാൾ.
അല്ലെങ്കിൽ ചിലപ്പോൾ കുറച്ചു ദിവസങ്ങൾ നിങ്ങൾക്ക് കൂട്ടിരിയ്ക്കാൻ വന്നവരാകും.
അതുമല്ലെങ്കിൽ  എന്നും കണ്ടുമുട്ടുന്ന ആളുകളിൽ ഒരാളായിരിക്കും അത്.
പലപല കാര്യങ്ങൾ, പലപ്പോഴായി ഇതിനു മുൻപും നമ്മോട് പറഞ്ഞിട്ടുള്ള ഒരാൾ.
ചിലപ്പോൾ എന്നും ഒന്നും മിണ്ടാതെ നമ്മെ കടന്നു പോകുന്ന ഒരാൾ.

ആ ഒരാൾ നമ്മുടെ അടുത്തെത്തും.
ചിലതറിയാൻ
നമുക്ക് സമയമാകുമ്പോൾ,
അത് സ്വീകരിയ്ക്കാൻ
നാം സന്നദ്ധരായിരിക്കുമ്പോൾ,
അത്ര കൃത്യമായ്
നമ്മിലേക്കത് പകരാൻ
നമ്മെ അന്വേഷിച്ച് അവരെത്തും

അവരുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയാവാം നമുക്കത്.
അല്ലെങ്കിൽ ചിലപ്പോൾ പതിവ് സംഭാഷണങ്ങൾക്കിടയിലാവാം.
അവരത് നമ്മോട് പറയും.
ഒരുപക്ഷേ മുൻപ്  ആരോടും അവരത് പറഞ്ഞിരിയ്ക്കില്ല.
അവർ പോലും അത് പിന്തുടരുന്നുണ്ടാവില്ല.
പറഞ്ഞു എന്ന് ഓർക്കുക പോലുമില്ല.

ഭൂമിയിൽ ഒരിടത്ത് ഒരു നിധിപ്പെട്ടി ഭദ്രമായ് സൂക്ഷിച്ചു കടന്നു പോകുന്നവരായ് അവർ മാറും.

നമ്മിലൊരായുസ്സിന്റെ വെളിച്ചമായ് നിറയാവുന്ന ആ വാക്കുകൾ.
ചിലപ്പോൾ ആ വെളിച്ചം തെളിയുന്നത് നാം മാത്രമേ കാണൂ.
അതിന്റെ പ്രകാശം ഒരിയ്ക്കലും നമ്മെ വിട്ട് പോവുകയും ഇല്ല.
അതിനു ശേഷം നമ്മിലേക്ക് വന്നു ചേരുന്നത് എല്ലാം അത്യന്തം പ്രിയങ്കരങ്ങളായിരിയ്ക്കും.

ആരുടെയെങ്കിലും വെളിച്ചമായ്
അങ്ങനെ മാറാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിയ്ക്കുന്ന ഒരാൾക്ക്
അത് സാധ്യമാകും.

ഭൂമിയിൽ ഇത്രയും പ്രകാശമുണ്ടായത് അങ്ങനെയാവണം.


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌