Monday

ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
പ്രണയത്തിന്
അവധി കൊടുത്തു വിശ്രമിയ്ക്കുന്ന
സൂര്യന്റെ പകലുകൾ നീണ്ടു പോകുന്നു.

ഈ ഭൂപടത്തിലെ
ജലപ്രവാഹങ്ങളെല്ലാം
അവന്
എന്നിലെത്താനുള്ള വാതിലുകളായ്
ഞാൻ തുറന്നു വയ്ക്കുന്നു.
മഹാസമുദ്രങ്ങളെ
അവനെക്കാത്തിരിയ്ക്കാനുള്ള
ഇടങ്ങളായ്
ഞാൻ തിരഞ്ഞെടുത്തിരിയ്ക്കുന്നു.
മണ്ണിൽ മുളച്ചുപൊന്തിയ
മരങ്ങളെല്ലാം
അവനിലേക്കുള്ള വിരലുകളായ്
ഞാൻ ഉയർത്തിപ്പിടിയ്ക്കുന്നു.

നിങ്ങളുടെ നാട്ടിൽ
പകലിന്റെ ദൈർഘ്യം എത്രയെന്ന്
രാത്രികൾ എത്ര തണുത്തിരിയ്ക്കുന്നെന്ന്
പ്രാചീനനായ ഒരു ഈജിപ്ഷ്യൻ എന്നോട് ചോദിയ്ക്കുന്നു.

വിരഹമളക്കാനുള്ള മാപിനികൾ
കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ല ഇതുവരേയുമെന്ന്
എനിക്കുവേണ്ടി ഒരു നെയ്ത്തുകാരി മറുപടി പറയുന്നു.
രണ്ടുഹൃദയങ്ങൾ തുന്നിപ്പിടിപ്പിച്ച
ഒരു തൂവാലയായ് അവളെന്നെ മാറ്റിക്കളയുന്നു.

ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
പ്രണയത്തിന്
അവധി കൊടുത്തു വിശ്രമിയ്ക്കുന്ന
സൂര്യന്റെ പകലുകൾ നീണ്ടു പോകുന്നു.

ഒരു പകലിന്റെ ദൈർഘ്യം എന്നത്
നീ എന്ന നദി
ഈ ഭൂമിയെല്ലാം ചുറ്റി
എന്നിലെത്താനുള്ള ദിവസങ്ങളുടെ എണ്ണമെന്ന്
ഞാൻ മറുപടി പറയുന്നു.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌