Saturday

 "ഞാൻ ആരെന്ന് ആര് അറിയണമെന്ന് ഞാൻ ആഗ്രഹിച്ചുവോ അവൾ മാത്രം അതറിയുന്നതിലെ ആനന്ദം"  എന്ന വരിയികളിൽ ഒരു കവിതയുണ്ട്.

നിന്റെ കത്തിൽ ആ കവിത ഞാൻ കണ്ടെടുക്കുന്നു.

 എഴുത് 

എന്ന് നീ പറയുന്നു.


അക്ഷരംപ്രതി

അത് ഞാൻ  അനുസരിക്കുന്നു.

Thursday

 എഴുത്ത് എന്നാൽ ഫോസിൽ പോലെ 

എന്നോ ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്നതിലേക്കുള്ള അടയാളങ്ങൾ.


മുന്നൊരുക്കങ്ങൾ യാതൊന്നുമില്ലാതെ 

നാം 

ഭൂമിയിൽ പാർക്കാനെത്തുന്നു.

അവിചാരിതമായൊരിക്കൽ 

പ്രണയത്തിന്റെ മുറികളിൽ 

കയറിച്ചെല്ലുന്നു-




ജീവപര്യന്തം തടവിലാകുന്നു.


 നീ വരുന്നു.

ഒന്നോ രണ്ടോ വാക്കുകൾ മിണ്ടുന്നു.

ഞാൻ വീണ്ടും
സ്നേഹത്തെക്കുറിച്ച് എഴുതിത്തുടങ്ങുന്നു.

Monday


സ്‌ക്രീൻ ഷോട്ടുകൾ 

എന്ന് (മാത്രം) പേരിടാവുന്ന എഴുത്തുകൾ- ഓർമ്മകളും.

Thursday

 ഒരു മരം നനഞ്ഞ മഴയെ തൊടുന്നു.

നിന്നെ ഓർക്കുന്നു.


 

 നീയോ ഞാനോ - ആരോ ജീവിച്ചിരുന്നു ഇന്നലെ 

Saturday

 ഓർമ്മയെന്ന മരച്ചുവട് -

നിന്നിലും മഴയിലും നനഞ്ഞ നേരങ്ങൾ .

Sunday

 "മഴ എന്ന വാക്ക്.

അതിന്റെ ഇരുകരകളിലൂടെ നാം അലഞ്ഞു."


എന്ന വരികളിൽ തുടങ്ങിയ ഒരു കത്ത് 

നാമിരുവരിൽ ഒരാൾ എഴുതിയത് ഓർക്കുന്നു.


"മിന്നൽ.

പെയ്ത്ത്-

ഓരോ വാക്കിലും എന്നിൽ മുളയ്ക്കുന്ന 

പരശതം കൂണുകൾ "


എന്ന മറുപടിയും ഓർക്കുന്നു.

 പ്ലൂട്ടോയ്ക്കും അപ്പുറം ഒരു ഭ്രമണപഥത്തിലൂടെ

ഒറ്റയ്ക്ക് സൈക്കിൾ സവാരി ചെയ്യുന്ന

പെൺകുട്ടിയെ ഒരു കാലത്ത് ഞാൻ നോക്കി നിൽക്കാറുണ്ടായിരുന്നു.

എന്നിൽ നിന്ന് അടർന്നു പോയ- അകന്നു പോയ - ഒരു പെൺകുട്ടി.

Friday

 ഒരേ മുറിയിൽ

ഒരേ ജനലരികിൽ
ഒരേ ഇരിപ്പിടത്തിൽ
കാറ്റിനും മഴയ്ക്കും ഇടയിൽ
ഒരേ ഒരാളുടെ
സാന്നിധ്യവും
അസാന്നിധ്യവും
ഒരേ സമയം
ഒരേ പോലെ
അനുഭവിക്കുന്ന നേരങ്ങൾ.

 ചില മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളുണ്ട്.

ചില മനുഷ്യരോടോപ്പമുള്ള   ചില നേരങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ.

(അശ്രദ്ധമായ )

ഒരു സംഭാഷണത്തിന്റെ സൂചി തുമ്പിൽ നിന്ന്

ആ ഓർമ്മകൾ,

ഒരു ദിവസത്തിന്റെ

 - ഇനിയുള്ള അനേകം ദിവസങ്ങളുടെ -

ധമനീ വ്യൂഹത്തിലേക്ക് 

ഒരു ഡ്രിപ്പ് കയറ്റുന്ന വിധം 

പടർന്നു തുടങ്ങുന്നു:


Monday

 നേരങ്ങളെ എഴുതി വയ്ക്കുന്ന ഒരാൾ.

മറ്റൊന്നുമല്ല !

ഞാനോ നീയോ 
ജീവിച്ച - ആ നേരങ്ങളെ -
 

Saturday

ദൂരത്തെക്കുറിച്ചും ഭയത്തെക്കുറിച്ചും ഞാനും  ഓർത്തു 


ഒറ്റമുറിയിടങ്ങൾ.

ഒഴിഞ്ഞയിരിപ്പിടങ്ങൾ.

യാത്രകൾ ഒഴിഞ്ഞു വീണ ചെരുപ്പുകൾ.

ദൂരങ്ങൾ അഴിച്ചു വെച്ച ഉടുപ്പുകൾ.

രാത്രിയ്ക്കും പകലിനും ഒരേ നിറമെന്ന കണ്ണടച്ചിരിപ്പുകൾ.


കണ്ണടച്ചിരിപ്പിലൂടെ  ദൂരം ഏറെ.

പിന്നോട്ട് പിന്നോട്ട് പിന്നോട്ടെന്ന് ചുവടുകൾ.

പഴയ മുറി.

ഒരിയ്ക്കൽ ജീവിച്ചിരുന്ന പെൺകുട്ടി,

അവളുടെ ജനലുകൾ.


മരങ്ങളിലേക്ക് 

ഇലകളിലേക്ക് 

പച്ച നിറത്തിലേക്ക്

തുറക്കാൻ 

അവളുടെ ജനലുകൾ.

അവളുടെ കാഴ്ചകൾ.


സൂം ചെയ്യുന്നു.


ഇലകൾ 

ഇല ഞരമ്പുകൾ 

ഉറുമ്പുകൾ 

-വഴികൾ ഉണ്ടാകുന്നു.

ഇലകൾ 

ഇലയരികുകൾ 

അളവുകൾ 

-വഴികൾ ഉണ്ടാകുന്നു.


ദൂരം ഉണ്ടാകുന്നു.

കാഴ്ചകൾ ഇരുപുറം നിറയുന്നു.


ഇല്ല.

തിരിച്ചു വരില്ലെന്ന് അവൾ ഒളിയ്ക്കുന്നു.

അവനവനെ പൂട്ടിയിട്ട അനേകം അലമാരകൾ.


  തൊട്ടരികിൽ ഇല്ലെങ്കിലും 

മുന്നിലോ 

പിന്നിലോ 

ഒരേ ബസ്സിൽ എന്ന പോലെ 

ഒരേ പ്രണയത്തിൽ യാത്ര ചെയ്യുന്ന രണ്ട് പേർ.

Wednesday

 

 ഏകാന്തത എന്നത് 

സ്നേഹിക്കപ്പെട്ടിരുന്നു  എന്നതിന്റെ 

തെളിവുകളിൽ ഒന്നാണ് 



 മറ്റെല്ലാം മർദ്ദനങ്ങളേയും 

 ചെറുത്തു നില്ക്കാൻ  നാം ശ്രമിക്കും;

അല്ലെങ്കിൽ ഒഴിഞ്ഞുമാറാൻ. 


പ്രണയത്തിന്റെ മഹാപ്രഹരങ്ങളിൽ നിന്ന്

 നാം ഇതിന് രണ്ടിനും ശ്രമിക്കില്ല.


അതിന്റെ പാടുകൾ അതുകൊണ്ട് തന്നെ കനപ്പെട്ടു കിടക്കും.

ജീവിച്ചിരിക്കുന്നതിന്റെ ഒച്ചയനക്കങ്ങൾ 

ഒന്നുമില്ലാത്ത ഒരു നേരം 

ആരോ 

നമ്മെ തിരഞ്ഞെത്തുന്നു..


നമ്മിലേക്കെത്താൻ 

നാമെഴുതിവെച്ച വാക്കുകൾ  അല്ലാതെ മറ്റൊന്നുമില്ലാത്ത 

ഒരിടത്ത് ഇരുന്ന് 

അവർ 

നമ്മെ അന്വേഷിക്കുന്നു.


മനുഷ്യരിൽ നാം 

ഏത് തരക്കാരായിരുന്നു എന്ന് അവർ ചിലത് ഊഹിക്കുന്നു..

ചിലത് കണ്ടെത്തുന്നു.. 

ചിലത്  വീണ്ടെടുക്കപ്പെടാതെയും ബാക്കിയാവുന്നു..


ഭൂമിയിലെ  ജീവിതങ്ങളെ  പൂർണ്ണമാക്കുന്ന ചില രഹസ്യങ്ങൾ!


ഹാ! അതിസുന്ദരം


 എഴുത്തിനേക്കാൾ ഏറെ 

ഉറക്കത്തിന് 

എന്നെ ശാന്തമാക്കാൻ കഴിയുന്നു.

അതുകൊണ്ട് ഉറങ്ങുന്നു.

അത് അലസതയുടെ ലക്ഷണമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം.

എങ്കിലെന്ത്!

ഞാൻ അലസമായി ഉറങ്ങുന്നു.

 ചില കാലങ്ങളിൽ 

' ഒരു സ്‌പേസിൽ ' 

നാം എത്തിച്ചേരും.


ഒന്നും തമ്മിൽ പറഞ്ഞില്ല എങ്കിലും 

പരസ്പരം എല്ലാം കേൾക്കാനാകുന്ന 

ഒരിടം.


അതി സുന്ദരം.

അതി ശാന്തം.

സൗമ്യം.

സൗഖ്യദായകം.


ഒരു വാക്ക് കൂടുതൽ പറഞ്ഞ് 

അതിന്റെ പൂർണ്ണതയെ നാം തകർക്കുകയില്ല.

സ്വയം വിശദീകരിക്കാനായിപ്പോലും 

അതിനപ്പുറം മറ്റൊരു ഇടത്തെ നാം അന്വേഷിയ്ക്കുകയുമില്ല.


 ഏകാന്തത ഒരു ആകാശഗോളമാണ്.

ഭൂമിക്കപ്പുറം ജീവനെ വഹിക്കുന്ന ഒരിടം.

ഞാൻ അവിടെ പാർക്കുന്നു.

നീയോ?

 ഞാനൊരു യാത്രയിലാണ്.

എനിക്ക് ചുറ്റിലും മഴ പെയ്യുന്നുണ്ട്, 

ഞാൻ നനയുന്നില്ല എന്നേയുള്ളൂ.


മുന്നൂറ്റിയറുപത്തിയഞ്ച് ദിവസങ്ങളുടെ

മുന്നൂറ്റിയറുപത് എന്ന കോണളവ്.

തിരക്ക് എന്ന ഒറ്റവാക്കിൽ 

ഒരു പൂർണ്ണവൃത്തം വരച്ചെടുക്കുന്നു.

എന്റെ മരണം


-ഒച്ചയില്ലാതെ ഒരു മടക്കം-

-ഒരിടത്തും പേര് പതിപ്പിക്കാതെ -
- ആരും അറിയാതെ-
ഇതാ ഞാൻ
എന്റെ പാർപ്പിടം
ഒഴിഞ്ഞു കൊടുക്കുന്നു..

 നിന്റെയുള്ളിൽ 

നിറഞ്ഞു കനക്കുന്ന സങ്കടങ്ങളാൽ തുളുമ്പുന്ന സന്തോഷത്തെക്കുറിച്ച് 

നീ പറയുന്നു.


ആ ആഴത്തിന് മറുകരയെത്താൻ വാക്ക് ഏതെന്ന് അറിയാത്ത ഒരാളെന്ന് ഞാനും.

(നാം എഴുതിത്തുടങ്ങിയ കത്തുകൾ )

 സ്നേഹം മനുഷ്യരോട് ഇടപഴകുന്ന രീതി അതാണ്- 

'അവരേക്കാൾ എനിക്ക് കുറച്ചധികം' എന്ന നമ്മുടെ ആവശ്യം 

അത് വകവെച്ചു തരില്ല.

 അവൾ 

പെൻസിലുകൾ ചെത്തിക്കൂർപ്പിക്കുന്ന 

വെയിൽ നേരങ്ങൾ .


ഒരു രാത്രിശലഭത്തിന്റെ 

പകൽ നേരങ്ങൾ.

പറക്കാനാകാത്തവരുടെ ചിറകുകൾ!

 ഷവറിനടിയിലേക്ക്, 

കണ്ണാടികളിൽ, 

തലയിണയ്ക്കടുത്ത്, 

ഊൺമേശയിൽ, 

പോക്കറ്റുകളിൽ ,  

ക്യൂവിൽ, 

കാത്തിരിപ്പിടങ്ങൾക്ക് അരികെ, 

യാത്രയോടൊപ്പം

 - ഇഷ്ടമുള്ള ഒരാളുടെ എഴുത്തുകൾ എവിടേയും കടന്നു ചെല്ലുന്നു.

(ആർക്കെങ്കിലും  ഒരാൾക്ക്  അങ്ങനെ ഒരാളാകുന്നതിനേക്കാൾ 

വലിയ സ്വപ്നമില്ല എഴുത്തിനെക്കുറിച്ച് എന്റെയുള്ളിൽ.

ഒന്നിലേറെപ്പേർക്ക് അങ്ങനെ ഒരാളാകുന്നതിനേക്കാൾ വലിയ ആഘോഷവുമില്ല! )

 ചിലപ്പോൾ സ്നേഹത്തെക്കുറിച്ച് 

ചിലപ്പോൾ സങ്കടങ്ങളെക്കുറിച്ച് 

ചിലപ്പോൾ സങ്കടങ്ങളെ മുഴുവൻ മായ്ച്ചു കളയാൻ പോന്ന സ്നേഹത്തെക്കുറിച്ച് 

ചിലപ്പോൾ സ്നേഹവും സങ്കടങ്ങളും ഒന്ന് തന്നെ എന്ന് -

എഴുതുന്നു.

അതിനപ്പുറത്തും ജീവിതമുണ്ട്.

എഴുതിയാലും എഴുതിയില്ലെങ്കിലും ഒന്ന് മറ്റൊന്നാകാനിടയില്ലാത്ത ജീവിതം.


 അന്യോന്യം പ്രാണനായ രണ്ട് മനുഷ്യർ.

അത്ര പ്രിയമാണ് തമ്മിൽ.

അത്ര തന്നെ പ്രിയമേറിയതാണ് രണ്ട് പേർക്കും അവരുടെ ഉള്ളിലെ മുറ്റിയ  ഏകാന്തതയോട്. 

അതിൽ ആഴ്ന്ന് മുങ്ങുമ്പോൾ ഒരാൾക്ക് മറ്റെയാളെ ഓർമ്മ വരും. 

ആ സാമീപ്യത്തിന് അതി തീവ്രമായ് ആഗ്രഹിയ്ക്കും.

തിരഞ്ഞു ചെല്ലും.

തമ്മിൽ കണ്ട് മുട്ടുമ്പോഴോ,  

എവിടെയോ കളഞ്ഞു പോയെന്ന മട്ടിൽ -എല്ലായിടത്തും- ഓരോ വാക്കിലും- ഏകാന്തതയെ തിരയും.

അതില്ലാതെ ശ്വാസമില്ലെന്ന് രണ്ട് പേർക്കും തോന്നും.

അതിലേക്ക് നിശബ്ദം കുതറിമാറും.

തമ്മിൽ പറയാൻ കരുതി വെച്ചതെല്ലാം സ്വയം പറയും. 

കേൾക്കും. 

ഒരാൾ തന്നെ മറ്റെയാൾക്ക് വേണ്ടി ചോദ്യവും ഉത്തരവും ആകും.


പ്രപഞ്ചത്തിലേക്കുള്ള വഴികളെല്ലാം അടഞ്ഞു പോയാലും ചില്ലു പാത്രത്തിലെ തേൻകണത്തിലേക്ക് - യാത്രപുറപ്പെടുന്ന രണ്ട് ഉറുമ്പുകൾ -അവർ.




 

 ഓരോ മരണവും നിന്നെ ഓർമ്മിപ്പിക്കുന്നു.

ജീവിച്ചിരിക്കെ മരിച്ചു പോയ രണ്ട് പേരെന്ന് നാം മാറിപ്പോയിരിക്കുന്നു.


 

 തയ്യൽപ്പണിയാണ് എഴുത്ത് .

അളവുകൾ കൃത്യമാകുമെന്ന് കരുതി 

ഏതൊക്കെയോ ജീവിതങ്ങൾക്ക് അരികുകളിലൂടെ നൂലോട്ടുന്നു.


സൂര്യൻ ഒരു കടലാണ്- തീ പിടിച്ച ഒരു കടൽ.

 

  എവിടെയെങ്കിലും ഒരിടത്ത്

നീ നിനക്ക് വേണ്ടി ജീവിച്ചിരിക്കുന്നു എന്നറിഞ്ഞാൽ മതി.

എനിക്ക് അനുവാദമില്ലാതെ 

എപ്പോൾ വേണമെങ്കിലും കയറിവരാനൊരു മുറി 

ഭൂമിയിലുണ്ട് 

എന്നുറപ്പിയ്ക്കാൻ!


  നീ എന്ന വാക്ക് ഒരുഗ്രൻ ചൂണ്ടക്കൊളുത്തതാണ്!

കാരണം നീ അല്ലാത്ത ആരുമില്ലല്ലോ ഈ ലോകത്ത് !



 ചിലരുണ്ട്

 - ചുറ്റിലും ചിലരുണ്ട് -

സുഹൃത്തുക്കളോ സ്നേഹിതരോ പ്രണയികളോ ആയിരുന്നാൽ 

ജീവിതം കൊണ്ട് അന്യോന്യം ജീവിതങ്ങളിൽ മായാജാലങ്ങൾ സൃഷ്ടിയ്ക്കാൻ കഴിവുള്ളവർ. 

എന്നാൽ എന്തുകൊണ്ടോ അത് സംഭവിക്കില്ല, സാഹചര്യങ്ങൾ എത്രയുണ്ടായാലും.


തമ്മിൽ അവർ ചേരാതിരിക്കുന്നിടത്ത് ജീവിതത്തിന് മറ്റൊരു രൂപപ്പെടലുണ്ട് :


ഒരു ഒറ്റത്തുള്ളി

 -ഒരു ഇലത്തുമ്പിലോ മറ്റോ  ഒരിടത്ത് ഇറ്റു വീഴാനാഞ്ഞു നിൽക്കുന്ന ഒരു തുള്ളി വെള്ളം  -  

തനിച്ചിരിപ്പിലൂടെ അത് നേടുന്ന ഒരാകാരം.


വരച്ചു പൂർത്തിയാക്കാനാവുന്നില്ല, 

ആ ഏകാന്തതയുടെ ചിത്രം.


  യാത്ര പറയുന്ന നേരമെത്തുമ്പോൾ (മാത്രം)

നാം പ്രിയപ്പെട്ടവർ.

പിരിയാനാകാത്തവർ.

  സ്നേഹത്തേക്കാൾ സ്വീകരിയ്ക്കാൻ എളുപ്പമായ 

ആ വേർപിരിയലുകൾ ..

തനിച്ചാവുമെങ്കിലും  നിലനിൽപ് സാധ്യമാക്കുന്ന 

ആ യാത്ര പറച്ചിലുകൾ.

 മഴയേയും മരണത്തേയും 

കണ്ടുമുട്ടുന്നു.

 മറവിയിൽ നാം മരിച്ച നേരങ്ങളിൽ ജീവിയ്ക്കുന്നു.

 ജീവിച്ചിരിക്കുന്നതിന്റെ ഒച്ചയനക്കങ്ങൾ യാതൊന്നുമില്ലാതെ

ഒരു പ്രണയമോ
എഴുത്തോ
രണ്ടും ചേർന്ന മറ്റൊന്നോ
ഇവിടെ
ഇവളിൽ പാർക്കുന്നു

Tuesday

 തൂവലിൽ നിന്ന്  മഴയെ കുടഞ്ഞു കളയുന്ന പക്ഷിയെപ്പോലെ 

ഒന്നു ചേരാൻ നേരമെത്തുമ്പോഴെല്ലാം 

തമ്മിൽ നാം 

Monday

കുഞ്ഞുസങ്കടങ്ങളിൽ  

എന്റെ  ധ്യാനം-


രാവ്,

വെളുത്ത പൂക്കളെ വരച്ചെടുക്കും വിധം .

  ഒന്ന് മാറി നില്ക്കാൻ ഇട തരാതെ, 

അതിവേഗം പാഞ്ഞു വന്ന് , 

നമ്മെ കൊന്നിട്ട് 

കടന്നുപോകുന്ന പ്രണയം.

ആകെ നുറുങ്ങി 

പല കഷ്ണങ്ങളായി 

നാം വീണുകിടക്കുന്ന റയിൽ പാളം പോലെ

 ജീവിതം.


 എന്റെ പ്രണയം 

മനുഷ്യരെ ഏകാകികളാക്കുന്നു.

അവർ 

അവരെ മാത്രം പ്രണയിക്കുന്നവരായി മാറിപ്പോകുന്നു.

 പ്രണയത്തെക്കുറിച്ച് എഴുതാറുണ്ടായിരുന്ന ഒരാൾ 

പ്രണയത്തിൽ അല്ലാതിരിക്കുന്ന ചില നേരങ്ങൾ.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌