Friday

ഇനി കണ്ടുമുട്ടുമ്പോൾ
നാം
ഇലകളും ശാഖകളും വേരുകളും ചേർത്തുപിടിച്ച്
ഒരിയ്ക്കലുമകലരുതെന്നുറപ്പിച്ച്
ഒരു വിത്തിനുള്ളിൽ ഒന്നുചേരും.

നാം
രണ്ടുജീവനുകളൊപ്പിപ്പിച്ച
ഒരു മരമായ്
തളിർക്കും.

മേഘങ്ങൾക്കിടയിലേക്ക് ഒന്നിച്ച് കൈകളുയർത്തും.
എല്ലാ മഴകളും ഒന്നിച്ചു നനയും.
എല്ലാ വേനലിലുമന്യോന്യം വിയർപ്പുകൊണ്ട് പൊതിയും.

ഇനി കണ്ടുമുട്ടുമ്പോൾ
നാം
ഇലകളും ശാഖകളും വേരുകളും ചേർത്തുപിടിച്ച്
ഒരിയ്ക്കലുമകലരുതെന്നുറപ്പിച്ച്
ഒരു വിത്തിനുള്ളിൽ ഒന്നുചേരും.

Monday


നിനക്കെഴുതുമ്പോൾ എന്റെ കൈപ്പട
ഗുഹാവാസികളുടേതാകുന്നു.
അക്ഷരങ്ങളിൽ മണ്ണിന്റെ ഗന്ധം.
വരികൾക്ക് കാട്ടരുവികളുടെ താളക്രമം.

എന്റെയുള്ളിലെനിക്ക്
വീശിയടിക്കുന്ന
നീ എന്ന കൊടുങ്കാറ്റിനെ
 കേൾക്കാൻ കഴിയുന്നു.

ഒരു പേമാരി,
എന്റെ സന്ദേശങ്ങളെ
നിനക്കല്ലാതെ മറ്റൊരാൾക്കും മനസ്സിലാകാത്തവണ്ണം
മാറ്റി എഴുതുന്നു.

എന്റെയുള്ളിലെ കാട്ടുവാസിയാണ്‌ നീ.
നിന്റെ പ്രാകൃതയാത്രകൾക്കൊപ്പം
വളരുന്ന കൊടുങ്കാടാകുന്നു ഞാൻ.

Tuesday


"എത്ര നിശബ്ദമാണ്‌ നമുക്കിടയിൽ
സംവദിക്കുന്ന ഈ സ്നേഹം.
എത്ര സൗമ്യമാണ്‌ അതിന്റെ രീതികൾ!"



നിന്റെ അസാന്നിധ്യം അപൂർണ്ണമാക്കുന്നിടങ്ങളിലെല്ലാം,
എന്നെ ജീവിപ്പിക്കാൻ
എന്റെയുള്ളം അതിശാന്തമാക്കാൻ
അതിഗൂഢമായൊരു പുഞ്ചിരിയായ് എന്നെ മാറ്റാൻ
കഴിയുന്നത്
നിന്റെ ശബ്ദത്തിനല്ലാതെ മറ്റെന്തിനാണ്‌!

തണുത്തപ്രഭാതങ്ങൾ
ജാലകങ്ങളിൽ മഞ്ഞ് പതിപ്പിച്ചു വയ്ക്കുന്നതുപോലെ
നിന്റെ ശബ്ദമെന്നിൽ
നിറയെ വാക്കുകൾ വരച്ചിടുന്നു!
നീയെന്നും ഞാനെന്നുമല്ലാതെ,
ഉപാധികളില്ലാതെ
സ്നേഹമെന്ന് എഴുതുന്നു.

വാക്കുകളുടെ മലമുകളിൽ
നിന്റെ ശബ്ദം പുതച്ച്
ഞാൻ
എന്നെ കേൾക്കുന്നു!

Monday

നിന്നെ സ്നേഹിക്കുന്നതു കൊണ്ട് മാത്രം
സന്തോഷത്തോടെ ഇരിക്കുന്നവൾ.
നീ സ്നേഹിക്കുന്നതു കൊണ്ട് മാത്രം
സന്തോഷത്തോടെ ഇരിക്കുന്നവൾ.

നിന്റെ സ്നേഹത്തിലേക്ക് മാത്രം
യാത്രപോകുന്നവൾ.
നിന്റെ സ്നേഹത്തിൽ നിന്നൊരിടത്തേക്കും
യാത്രപോകേണ്ടാത്തവൾ.

നിനക്കു വേണ്ടി മാത്രമായ് വാക്കുകളാകുന്നവൾ.
വാക്കുകൾക്കിടയിൽ
അക്ഷരങ്ങളായ് നിന്നെ ചേർത്ത് വയ്ക്കുന്നവൾ.

എന്തിനാണ്‌ അവളെ നീ
എന്നിൽ ഒളിപ്പിച്ചുവെച്ചത്?

അവളെ പ്രതിഫലിപ്പിക്കാൻ എന്നും
കണ്ണാടിയായ് എന്റെ മുന്നിൽ നില്ക്കുന്നത്?
' നീ
 നീ ' എന്ന്
വാക്കുകളോരോന്നും
തിരമാലകൾ പോലെ
ഞാൻ എന്ന തീരത്തേക്ക് അടുക്കുന്നു!

എന്നിൽ ,
' ഞാൻ
ഞാൻ 'എന്ന്
എഴുതി വച്ചയിടങ്ങളെല്ലാം മായ്ച്ചു കളയുന്നു.

മടങ്ങിപ്പോകാതെ
സ്നേഹത്തിന്റെ ഓളങ്ങളായി
മാറിപ്പോകുന്നു.
' എത്ര ചിറകുകളാണ്
നിന്റെ വാക്കുകളുടെ ആകാശത്തെനിയ്ക്ക് എന്ന്,

എത്രയാത്രകളാണ് നീയെന്ന സഞ്ചാരി
എന്നിലുപേക്ഷിയ്ക്കുന്നത് എന്ന്,

നീ തൊട്ടാല്‍
തൂവലുകളാകുന്ന മുള്ളുകളേ
ഉള്ളൂ എന്റെയുള്ളിലെന്ന് '

പറയാന്‍ 
എന്റെ പ്രണയമാണിത്.

ഞാന്‍ തന്നെയാണിത് !
എത്ര ജാലകങ്ങളാണ്‌
നീ എന്ന സൂര്യനിലേക്ക്
ഞാൻ തുറന്നു വയ്ക്കുന്നത്.
എത്രയെത്ര വിരലുകളാലാണ്‌
നീ നിന്നിലേക്ക്
എന്നെ ചേർത്തുപിടിയ്ക്കുന്നത്!

എത്ര നിറങ്ങളിലാണ്‌
നീ എന്നിലേക്ക് വന്നു നിറയുന്നത്.
എത്രയെത്ര നിറങ്ങളായാണ്‌
ഞാൻ മാറിപ്പോകുന്നത്!


എന്റെ സ്നേഹത്താല്‍ സ്വതന്ത്രനാക്കപ്പെട്ട സഞ്ചാരീ,
നിന്നിലുണ്ടാകും എന്റെ ഓര്‍മ്മത്തിരകളാല്‍
നിര്‍ണ്ണയിക്കപ്പെടുന്ന വേലിയേറ്റം.

നീ പങ്കുവയ്ക്കുന്ന സ്നേഹവാചകങ്ങൾ
നിന്നെ ദൈവമാക്കുന്നു.

നിന്നിലെ മുറിവുകൾ മാഞ്ഞു പോകുന്നു.

ഞാൻ പറഞ്ഞവസാനിപ്പിക്കുന്നിടത്ത്
നീ തുടക്കമിടുന്നു.



നിന്നെയെനിക്കറിയാം.
നദിയുടെ ആഴത്തിലേക്കെന്നപോലെ
നിന്നിലേക്ക് ഇറങ്ങിവരാനുമറിയാം.

:-)

മേഘങ്ങൾക്കിടയിലാണെന്റെ വീട്,
പക്ഷേ നീ തുറന്നിടുന്ന ജാലകങ്ങളാണ്‌
എന്നിലെ കാഴ്ചകൾ.

കടലോരത്താണ്‌ ഞാൻ.
പക്ഷേ
നീ വിരൽ തൊട്ട മഹാസമുദ്രങ്ങളാണെന്നിൽ
തിരകളാകുന്നത്.



വീടിന്റെ ജനലുകൾ തുറന്നിടണം നീ..
കാറ്റിന്റെ കൈപിടിച്ചു, മഴ നിന്റെ പുതപ്പിനുള്ളിൽ എത്തുമ്പോൾ ഉമ്മവച്ചുറക്കണം.
രാവെളുക്കുവോളം കഥ പറഞ്ഞിരിക്കാനാവില്ല; എന്റെ ദേശവും നീയും ഒരു കടൽദൂരത്തിലാണ്‌ ....
ഞങ്ങളിലൊരാൾ ഭൂഖണ്ഡങ്ങളിലൊന്നായ് മാറിപ്പോകുന്നു;
മറ്റേയാളതിനെ വലയം ചെയ്ത മഹാസമുദ്രവും.
മഞ്ഞ് വീണ കവിതയായ നിന്നെ
ഒരു വേനലില്‍ തുറന്നു വെച്ച്
നിറഞ്ഞു പോയ
കണ്ണുകളാണ്
എന്റേത്!



ഞാനൊരു സ്വപ്നം തരാം നിനക്ക്,
ഒന്നുകണ്ടുണർന്നെഴുന്നേറ്റാൽ
നീ എന്നിൽ മാത്രം ജീവിച്ച് തുടങ്ങും.

Sunday

മരണത്തെപ്പോലും ജീവിതമാക്കുന്ന പ്രണയം.

Thursday

ഹൃദയമേ ,
നീ എന്നെ ഈ ചില്ലുകൂട്ടിലടച്ചിട്ട്
എന്തിനാണ്‌
ആ സഞ്ചാരിയോടൊപ്പം യാത്രപോകുന്നത്?

ഹൃദയമേ ,
നിന്നിലെ വാക്കുകളുടെ ശലഭജീവിതത്തിന്‌
അവനെന്ന താഴ് വാരത്തിൽ മാത്രം ചിറക് മുളയ്ക്കുന്നത്?
നിന്നിലെ ആകാശയാത്രകൾ
അവനെന്ന സൂര്യനു ചുറ്റുമുള്ള ഭ്രമണമായ് മാറിപ്പോകുന്നത്?
രാത്രികൾ എന്നും
അവന്റെ ജാലകപ്പുറത്ത് നിശാഗന്ധിയായ് പൂത്ത് പോകുന്നത്?

( ഇതെല്ലാം എഴുതുന്നത്
നിനക്ക് മാത്രമായിട്ടല്ലെന്ന് കളിയായ് പോലും പറയാൻ വയ്യ! )

Monday

ഈ പ്രണയമെന്നിലെ
പുണ്യപാപങ്ങളെയെല്ലാം
ചുട്ടെരിച്ചു കളയുന്നു.
ശ്വാസമായ് മാറിപ്പോകുന്നവനേ
നീ ഊതിയൂതി ജ്വലിപ്പിക്കുക
എന്റെ കനൽ ജീവിതം!


Saturday

എനിക്കെന്റെ ചിരി തിരിച്ചു തരുന്നത് നീയാണെന്നിരിക്കെ
ഇനി കരയില്ല ഞാനൊരിയ്ക്കലും.
നനവൂറുകയില്ല നിനക്കായ് എഴുതുന്ന വാർത്തകളിലൊന്നിലും.

തോറ്റുപോകുമെന്നോർത്ത്
പാലായനം ചെയ്യില്ല എന്നിലെ സ്വപ്നങ്ങൾ.
തോല്പിച്ചെന്നോർത്ത് യുദ്ധം ചെയ്യില്ല ഒരു സ്നേഹഭംഗത്തിലും.

അതിശാന്തമാണെന്റെയുള്ളം-
നീ ധ്യാനിച്ചിരിക്കയാവണമവിടെ.

പ്രണയത്തിന്റെ
കപ്പൽ യാത്രയിലാണ്‌ നമ്മൾ.

നീ കടൽ;
ഞാൻ കപ്പിത്താനും.

എനിക്ക് നീന്താനറിയില്ല;
നിന്നിലാവട്ടെ തുറമുഖങ്ങളുമില്ല!

സഞ്ചാരീ,
ചില നേരങ്ങളിൽ
എന്റെ വാക്കുകളുടെ ആകാശത്തിലേക്കല്ലാതെ
മറ്റൊരിടത്തേയ്ക്കും
യാത്ര ചെയ്യാൻ
നിനക്കാവില്ല;
എന്നെക്കുറിച്ചെല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഓർക്കാനും. ;-)

എന്നാൽ
നിന്റെ ചിറകുകളാണെന്റെ ആകാശം,
നീയെന്ന ഉണർവ്വിലേക്ക്
വാതിലുകൾ തുറക്കുകയാണ്‌ ഞാൻ.

നിന്നോടുള്ള പ്രണയമല്ലാതെ
മറ്റൊരു യാത്രയും
അനുഭവങ്ങളുമില്ല എനിയ്ക്ക്.

പലപ്രവാഹങ്ങൾ ഉള്ളിലുണ്ടായിരുന്നിട്ടും
ഒരിയ്ക്കലും പെയ്യാതെ പോയ മേഘമായിരുന്നിരിക്കാം ഞാൻ.
എനിയ്ക്ക് പക്ഷേ ഖേദമില്ല,
നിന്നിലെ വെയിൽ ചീന്തുകളെന്നെ എന്നേ
ഒരു മഴവിൽ തുണ്ടായ്  മാറ്റിക്കളഞ്ഞിരിക്കുന്നു.

സങ്കടങ്ങളില്ല എനിയ്ക്ക്;
നിന്റെ പ്രണയം
അത്രമേൽ ആഹ്ലാദം എന്നിൽ നിറച്ചിരിക്കുന്നു!

നക്ഷത്രമേ,
നിന്നിലേക്കുള്ള കീഴടങ്ങലാണെന്നിലെ
സൂര്യോദയങ്ങള്‍.


Thursday



ഇനിയില്ല ഈ വഴിയെന്നുറപ്പിച്ച്
ഇറങ്ങുന്ന എന്നെ
നീ തിരിച്ചു വിളിയ്ക്കുന്നു.
ഇത്തിരി കൂടുതലിഷ്ടത്തോടെ
നിന്നിലേക്ക് ചേർത്തു നിർത്തുന്നു.

നിന്നിൽ വാക്കുകൾ നിറയുന്നു.
വാക്കുകളിൽ ഞാനും
എന്നിൽ നീയും.
യാത്ര മടുക്കാത്തൊരു ഭ്രമണപഥമാണത്!

മഴയും മരവും മലയും മേഘങ്ങളും
ചേർന്നുപെയ്യുന്നൊരു താഴ് വാരത്തിൽ ഞാനെത്തുന്നു.
ഞാൻ വാതിലുകളില്ലാത്തൊരു വീടായ് മാറുന്നു.
കാടും കാറ്റും കിളികളും ഒരേചിറകിൽ
വീടിന്റെ മേൽക്കൂരമേൽ വന്നിരിക്കുന്നു.

ഞാനെനിക്കിഷ്ടമുള്ളതിന്റെ
കാഴ്ചക്കാരിയാകുന്നു.
സ്വതന്ത്രമാകുന്നു എനിക്ക് കാണേണ്ടതൊക്കേയും.
നിന്നോട് യാത്ര പറയാനെനിക്ക്
ചുട്ടു പഴുത്തൊരു വേനൽക്കാലം വേണം.
ചുറ്റിലും ഓർമ്മകളെല്ലാം
പൂത്തു ചുവന്ന് മരങ്ങൾ വേണം.
മണ്ണുപോലും കരിഞ്ഞു പോകുന്ന ചൂടിൽ,
ഇനി വരുന്നൊരു മഴക്കാലത്ത്
ഏതെങ്കിലുമൊരു ദേശത്തെ നാട്ടു വഴിയിലൊന്നിൽ
തൊട്ടാവാടി ചെടികളായ്
ജനിയ്ക്കാമെന്ന് സ്വപ്നം കണ്ട്
എനിക്ക് യാത്ര പറയണം!

ഈ മഴയത്ത് വയ്യല്ലോ!


മഴയിലാണ് നമ്മൾ
നഗരാതിർത്തികൾ
ലംഘിച്ചതും
പ്രളയമായതും!
പല ജന്മങ്ങൾ
പിറന്നതും
അലഞ്ഞതും
തിരിച്ചറിഞ്ഞതും
അടുത്തജന്മമെന്നുറപ്പിച്ച്
ജീവിച്ച് മരിച്ചതും.



അങ്ങനെയൊരു
മഴ പെയ്തു നില്ക്കെ
എങ്ങനെയാണ്
യാത്ര പറയുക.

അങ്ങനെയൊരു
മഴയായ് പെയ്തു നില്ക്കെ
എങ്ങനെയാണ്
പലതായ് പിരിയുക!

മഴയും വെയിലുമായ്
ഈ ജന്മമെന്നാലിങ്ങനെ
ഒരു മഴവില്ലിനപ്പുറവുമിപ്പുറവും
പിരിയാതെ
തോരാതെ
പെയ്യട്ടെ എന്നോ :-)

' നിന്റെ പനിച്ചൂടിലേക്ക്
 വിരൽ നീട്ടി
 ദൈവം
 മഴയുണ്ടാക്കിയെന്നും

 പുതപ്പിനുള്ളിൽ
 നിന്റെ ഓരം ചേർന്നു കിടന്ന്
 ഒരു പുലർകാലെ,
 ഇതാ
 നിന്റെ
 തയ്യൽക്കാരന്റെ സൈക്കിൾചക്രങ്ങൾ
 എന്ന്
 ദൈവം
 മഴവില്ലുണ്ടാക്കിയെന്നും

 നിന്റെ ഹൃദയരഹസ്യങ്ങളറിയാൻ
 ജാലകങ്ങൾ
 തുറന്ന്
 ദൈവം
 നിലാവുണ്ടാക്കിയെന്നും'

പ്രണയത്തിന്റെ ദൈവം,
പൂക്കളുടെ ദൈവത്തെക്കുറിച്ചും
നക്ഷത്രങ്ങളുടെ ദൈവത്തെക്കുറിച്ചും
സ്വപ്നം കാണുകയായിരുന്ന നേരത്ത്
എനിക്ക് വായിക്കാനാകുന്നു.

ഞാനായിരുന്നു
പൂക്കളുടെ ആ ദൈവം!
നീ നക്ഷത്രങ്ങളുടേയും!

ഒരു വേനലിലവസാനം
ശലഭത്തിന്റെ കണ്ണുകളോടെ
വെളുത്ത പൂക്കളിലൊന്നായ്
വിടർന്ന്
ഒറ്റയ്ക്കായിരുന്നു ഞാൻ.


Wednesday




സ്നേഹം നമ്മെ തിരിച്ചു വിളിക്കുന്നു:
ആദിമ നന്മകളിലേക്ക്
ദൈവമായിരുന്നെന്ന ഓർമ്മകളിലേക്ക്
സഹനങ്ങളിലേക്ക്-

നിർഭയരായിരുന്നു നമ്മളന്ന്‌.
വന്യമായിരുന്നു നമ്മളിലെ പ്രകൃതി.

വിശദീകരികരണങ്ങളില്ലാത്തതാണത് .
വ്യാഖ്യാനങ്ങൾക്കതീതം.
സാധ്യതകൾക്കപ്പുറത്തേത്.
എന്നാൽ
സങ്കീർണ്ണമല്ലാത്തത്.
തീർത്തും നിർമ്മലം.
പൂർണ്ണമായത്.


നീ വിരൽ കോർക്കുന്നു.
നിന്റെ സ്നേഹം എന്നെ ദൈവമാക്കുന്നു.

Sunday

ഒരു മലയിറക്കത്തിനിടെ
ഈ ലോകത്ത് നാം മാത്രമാകുന്നു.
നാം രണ്ടുപേരെന്ന്
ലോകം മാറിപ്പോകുന്നു.

കറുകറെ കറുത്തൊരു മഴപ്പുറത്ത്
ഇളകിയാടുന്ന ഇലകൾ ചൂടി
നാം
പെയ്യാൻ തുടങ്ങുന്നു.

പിന്നിട്ട മണലാരണ്യങ്ങൾ
മീനുകൾ നീന്തുന്ന ജലാശയങ്ങളാകുന്നു;
ഭൂമിയ്ക്കപ്പുറത്തേക്ക് നാം
ഒഴുകിത്തുടങ്ങുന്നു.

നാം പേരില്ലാത്തവരാകുന്നു.
പൂർവ്വികരില്ലാത്തവരാകുന്നു.

പിന്മുറക്കാരില്ലാതെ
തലമുറകളെ അതിജീവിയ്ക്കുന്നു.

കരുതി വയ്ക്കാനും
ഉപേക്ഷിക്കാനും
ഒന്നുമില്ലാതെ
സ്വതന്ത്രരാകുന്നു.

സ്നേഹവും
നന്മകളും
മാത്രമറിയാവുന്ന ജീവകണമാകുന്നു.

കറുകറെ കറുത്തൊരു മഴപ്പുറത്ത്
ഇളകിയാടുന്ന ഇലകൾ ചൂടി
നാം
തോരാതെ പെയ്യുന്നു

ദിനരാത്രങ്ങളതങ്ങനെ നീണ്ടു പോകുന്നു.

Saturday

അങ്ങനെ അങ്ങനെയിരിക്കെ
വാതിലിനപ്പുറത്ത്
നീ വന്നു നില്ക്കുന്നു.

അദ്ഭുതങ്ങളൊന്നുമില്ല.
തികച്ചും സ്വാഭാവികമായി.

ദിവസങ്ങൾ പലതിലേക്ക്
നീണ്ടുനീണ്ടു പോയേക്കാവുന്ന
ആലിംഗനത്തിലേക്കെന്നെ നീ ചേർത്തു വയ്ക്കുന്നു.

പ്രാണനേ
ഇനിയുള്ളദിവസങ്ങളിലേക്ക്
വിടർന്നുലയാനായ്
ഞാൻ പൂമരമാകുന്നു.
എനിക്കദ്ഭുതമില്ല.

നമുക്കിടയിൽ വാഗ്ദാനങ്ങളില്ല;
കാത്തിരിയ്കാമെന്ന സന്ദേശങ്ങളില്ല.

എങ്ങനെ ഇത്ര കൃത്യമായി
എന്നിലേക്കിങ്ങനെയെന്ന്
എന്നാലും
എനിക്കദ്ഭുതമില്ല.

നിമിഷാർധം കൊണ്ട് നിന്നിലേക്കെത്താവുന്ന ഊടുവഴികൾ
കരുതിവച്ചുകൊണ്ടത്രേ ഞാൻ
നിന്നിൽ നിന്ന്
യാത്രകൾ പോകുന്നത്.


ഇന്നലത്തെ രാത്രിയിൽ പെയ്തത് ഇലകളായിരുന്നു:
മഴയുടെ ശബ്ദത്തിലവ സംസാരിച്ചുകൊണ്ടേയിരുന്നു.
കാറ്റിനെപ്പോലെ പലദിശകളിലേക്ക് പാഞ്ഞു.
ഒരു പ്രാചീനനെപ്പോലെ എല്ലാ വേദനകളുമറിഞ്ഞു.

ഞങ്ങളിരുവരും കേൾവിക്കാരായിരുന്നു.
മഴയുടെ വഴിയിലെ കാഴ്ചക്കാർ.
വഴിപോക്കർ.

ഇന്ദ്രിയങ്ങളുടെയെല്ലാം ഭാഷ ഒന്നായിതീരുന്ന നേരത്താണ്‌ ഞങ്ങൾ കണ്ടുമുട്ടാറുള്ളത്.
ഒരോ തവണയും,
ഒന്നിച്ചു ചേരാറുള്ള
ഒരോ തവണയും,
ഒരോ ജീവിതമാണ്‌.

ഒരോ തവണയും,
ഒരുമിച്ചല്ലെന്ന് തോന്നിപ്പോകുന്ന
ഒരോ തവണയും,
ഒരോ മരണമാണ്‌-
പുനർജ്ജനിക്കുമെന്ന് അറിഞ്ഞു കൊണ്ടുള്ള മരണം.

ഒന്നുമല്ലാത്തൊരു നേരത്ത്
ഒന്നിനുമല്ലാതെയൊരു മടങ്ങിപ്പോക്ക്.
ഒരിടത്തേക്കുമല്ലാതെ.

ചിലപ്പോൾ അദ്ഭുതം തോന്നും.
എത്ര അകന്നാലും കണ്ടുമുട്ടുമെന്നത് തീർച്ചയാണ്‌.
പിരിയാനാണ്‌ നിശ്ചയിച്ചുറപ്പിക്കേണ്ടത്.





Sunday

ആരെയൊക്കെ നീ സ്നേഹിക്കുമ്പോഴും
അതെല്ലാമെന്നോടെന്ന പോലെ തോന്നുന്നുണ്ടെനിയ്ക്ക്.

നിന്റെ പ്രണയത്തിലേക്കെന്നെക്കൂടി
എഴുതിചേർക്കുമോ എന്ന്
പറയാതെ പോയ
അനേകമനേകം സ്നേഹസന്ദേശങ്ങളിലെ ലഹരി.

അതിലാദ്യത്തേത്
അവസാനത്തേത്
അതിമധുരതരമായത്
അപ്രസക്തമായത്
അകാരണമായത്
അങ്ങനെ
വിവേചനങ്ങളില്ല.

ഒരു പക്ഷി അതിന്റെ ആകാശങ്ങളുമായ്
ചിറകുകൾ പങ്കിടുന്നതുപോലെ

ഒരു കാട്
കാലവർഷത്തെ
ഈറനാക്കുന്നതുപോലെ

 ചില്ലുപാത്രത്തിൽ നിന്ന്
 മത്സ്യം
ആഴക്കടലിലേക്ക് തുഴയുന്നതുപോലെ

സഹജമാണത്.
സാഹസികമാണത്.
സ്നേഹം മാത്രമാണത്.


അവനവനെത്തന്നെ
അടയാളപ്പെടുത്തുന്ന
അതിശയം.
-ഞാൻ പറഞ്ഞിട്ടില്ലേ എപ്പോഴും ഞാൻ പ്രണയത്തിലാണെന്ന് !
-മ് .. എന്നാലിപ്പോൾ ആരെയാണ്?
-നിന്നെ.
-അതിന് മുൻപ്?
-ഭൂമിയിൽ എവിടെയെങ്കിലും എനിക്കൊപ്പം നീ ജനിച്ചിട്ടുണ്ടാകണമേ എന്ന പ്രാർത്ഥനയെ.

Saturday

എഴുതിത്തുടങ്ങുമ്പോൾ വീണ്ടും അതേ ശലഭക്കൂട്ടങ്ങൾ.
ഒരോ ഞരമ്പുകളിലും.
ഒരോ കോശങ്ങളിലും.
അവയുടെ
ഒന്നു തൊട്ടാൽ വിറച്ചു പോകുന്ന
കണ്ണാടിച്ചിറകുകളും
നേർത്ത കാലുകളും.
അനിശ്ചിതമായ ചാഞ്ചാട്ടങ്ങൾ.

ആ ചിറകനക്കങ്ങളിലെ താളക്രമമാണ്‌ പിന്നീടെല്ലാം.
നിന്നിലേക്കുള്ള യാത്രകൾ!

ഏത് ബാഹ്യാവരണത്തിലൊളിപ്പിയ്ക്കാൻ നോക്കിയാലും ആ തലനീട്ടലുകളെന്നെ ഒറ്റിക്കൊടുക്കുന്നു.

എത്രനാളത്തെ നിശബ്ദത.

ഇപ്പോൾ
അടുത്തടുത്ത്,
ഇടവേളകളേ ഇല്ലാതെ
പ്രിയപ്പെട്ടവരുടെ എല്ലാം പേരിൽ
സന്ദേശങ്ങള്...
ഉറങ്ങിപ്പോകല്ലേ എന്ന് സ്വപ്നങ്ങള്.

ആരും കവിതകളെഴുതുന്നില്ല.
കവിതകളോരോന്നും അവനവനെയാണ്‌ വരച്ചിടുന്നത്-
എവിടെയെല്ലാമാണത്!

നമുക്ക് മടങ്ങിപ്പോകാം
ആഴക്കടലിലേക്ക്
വനാന്തരങ്ങളിലേക്ക്
ആദ്യ ജീവകോശത്തിന്റെ നന്മകളിലേക്ക്
പൂർണ്ണതകളിലേക്ക്.

ഈ നേരങ്ങളിൽ
ഉള്ളിന്റെയുള്ളിലെ
ശലഭച്ചിറകുകളിൽ ദൈവത്തിന്റെ കൈവിരലുകളനങ്ങുന്നു.

എനിക്കുവേണ്ടി
എന്നിലെ നീ
നിന്നിലെ ദൈവം
എഴുതിത്തുടങ്ങുന്നു.

Friday



സ്നേഹത്തെക്കുറിച്ച്,
സ്നേഹത്തോടെ
നീ
കൊടുത്തയക്കുന്ന
വിസ്മയങ്ങളാണ്‌
ഞാൻ
പരിശീലിക്കുന്ന സ്നേഹം.

കോടാനുകോടി മനുഷ്യരുണ്ട് ഈ ലോകത്ത്;
എല്ലാവരിലും നിന്റെ സ്നേഹമനുഭവിയ്ക്കാൻ കഴിയുന്നുണ്ടെനിക്ക്!

' ഞാൻ,
ഞാൻ മാത്ര' മെന്ന്
പറയാനാളാകാതെ
'നീ,
നീ മാത്ര'മെന്ന
സ്നേഹത്തിന്റെ ലഹരി.

 പ്രപഞ്ചം
പങ്കാളിയാകുന്ന
അവസാനിക്കാത്ത
വിസ്മയങ്ങൾ!

.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌