Thursday

നിന്നോട് യാത്ര പറയാനെനിക്ക്
ചുട്ടു പഴുത്തൊരു വേനൽക്കാലം വേണം.
ചുറ്റിലും ഓർമ്മകളെല്ലാം
പൂത്തു ചുവന്ന് മരങ്ങൾ വേണം.
മണ്ണുപോലും കരിഞ്ഞു പോകുന്ന ചൂടിൽ,
ഇനി വരുന്നൊരു മഴക്കാലത്ത്
ഏതെങ്കിലുമൊരു ദേശത്തെ നാട്ടു വഴിയിലൊന്നിൽ
തൊട്ടാവാടി ചെടികളായ്
ജനിയ്ക്കാമെന്ന് സ്വപ്നം കണ്ട്
എനിക്ക് യാത്ര പറയണം!

ഈ മഴയത്ത് വയ്യല്ലോ!


മഴയിലാണ് നമ്മൾ
നഗരാതിർത്തികൾ
ലംഘിച്ചതും
പ്രളയമായതും!
പല ജന്മങ്ങൾ
പിറന്നതും
അലഞ്ഞതും
തിരിച്ചറിഞ്ഞതും
അടുത്തജന്മമെന്നുറപ്പിച്ച്
ജീവിച്ച് മരിച്ചതും.



അങ്ങനെയൊരു
മഴ പെയ്തു നില്ക്കെ
എങ്ങനെയാണ്
യാത്ര പറയുക.

അങ്ങനെയൊരു
മഴയായ് പെയ്തു നില്ക്കെ
എങ്ങനെയാണ്
പലതായ് പിരിയുക!

മഴയും വെയിലുമായ്
ഈ ജന്മമെന്നാലിങ്ങനെ
ഒരു മഴവില്ലിനപ്പുറവുമിപ്പുറവും
പിരിയാതെ
തോരാതെ
പെയ്യട്ടെ എന്നോ :-)

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌