Sunday

 നമുക്കൊന്നിച്ച്

ചിറകുകൾ മുളയ്ക്കുന്നു.

നമ്മളൊന്നിച്ച്

ഒരു യാത്ര പോകുന്നു.

Saturday

എഴുതൂ..
എഴുത്തിൽ നിന്ന് എഴുത്തുകളല്ലാതെ
മറ്റൊന്നും ആഗ്രഹിക്കാൻ തോന്നാത്തവണ്ണം
എഴുത്തുകളാൽ നിറയൂ..

തമ്മിൽ തൊട്ടു തൊട്ടു നിന്നാൽ 

അന്യോന്യം മുറിവുകളുണ്ടാക്കുമോ 

എന്ന ഭയത്തിന്റെ മുള്ളുകൾ 

ഉടലാകെ കിളിർത്ത 

കള്ളിമുൾച്ചെടികൾ നാം,

പ്രണയത്തിന്റെ മരുഭൂമികൾക്ക് 

അടയാളങ്ങളായ് 

ഇങ്ങനെ പച്ചയ്ക്ക് നിൽക്കുന്നു എന്നു മാത്രം.

Thursday

ഞാൻ എന്നതും  

നീ എന്നതും

പര്യായപദങ്ങളാകുന്ന ഒരു ഭാഷയിൽ 

പ്രപഞ്ചത്തിന്റെ സംഗീതം കേൾക്കുന്നു.


നാം സമുദ്രങ്ങളുടെ നൃത്തമാകുന്നു.

പ്രണയഭ്രമണത്താൽ

നമുക്കുള്ളിലെ തിരകളെല്ലാം

ചിപ്പികളും ശംഖുകളുമാകുന്നു.


പ്രണയഭ്രമണത്താൽ

നമുക്കുള്ളിലെ തീരങ്ങളെല്ലാം

വാക്കുകളും ചിത്രങ്ങളുമാകുന്നു.


നാം ഭൂപടങ്ങളുടെ സൂചകമാകുന്നു.


ഞാൻ എന്നും നീ എന്നും

ഒറ്റവാക്കു കൊണ്ട് പറയാനാകുന്ന ഒരു ഭാഷയിൽ

പ്രപഞ്ചത്തെ നാം എഴുതിത്തുടങ്ങുന്നു.

 തീവ്രമായ് സ്നേഹിക്കുകയും 

അത്രയുമുറക്കെ നിന്നോട് വിയോജിക്കുകയും 

നിന്നെ എന്നിൽ കൂട്ടിച്ചേർക്കാനുള്ള ഭ്രാന്തുകളുടെ പെരുക്കപ്പട്ടിക മനഃപാഠമാക്കുകയും 

സമയമെത്തുമ്പോൾ  കൃത്യമായ് അത്  മറന്നുപോവുകയും 

ചുവരുകളായ ചുവരുകൾ നീളെ നിന്നെ വരച്ചു വയ്ക്കുകയും 

കത്തുകളായ കത്തുകൾ ഒക്കേയും നിനക്ക് വേണ്ടി എഴുതുകയും 

ചെയ്യാറുണ്ടായിരുന്ന 

നിനക്ക് അപരിചിതയായ 

അതേ ഞാൻ.

 

 നിന്നോടുള്ള എന്റെ സ്നേഹമേ 

മറ്റൊരു ഹൃദയത്തോടും പ്രേമം തോന്നാത്ത വിധം 

നിന്നെ നീ തന്നെ കാത്തുകൊള്ളേണമേ !

 

മനുഷ്യന്റെ ഉടലുകൾ  അഴിച്ചു വെച്ചിരുന്നു എങ്കിൽ

നാം

കവിതകൾക്ക് പകരം കവിതകൾ എന്ന് നിറയുന്ന

രണ്ട് മഷിപ്പേനകൾ ആയേനെ.


വാക്കുകൾക്ക് പകരം വാക്കുകൾ എന്ന് നിറയുന്ന

ഒരു ഭാഷ.


ഉടൽ

നമ്മെ നിശബ്ദരാക്കുന്നു.

ഇണകളും ശത്രുക്കളും.


 മറവിയിൽ ഞാൻ 

മരിച്ച പക്ഷി.

ഒരു തുടം 

കാട്ടുപച്ചയിൽ 

കണ്ണുതുറക്കുന്നു.

ഒരു വിത്തിനുള്ളിൽ 

പുനർജനിക്കുന്നു.

 എപ്പോഴോ സ്നേഹിക്കുന്നു.

എപ്പോഴോ ചേർത്തുപിടിക്കുന്നു.

എപ്പോഴോ വിട്ടുപിരിയുന്നു.

എപ്പോഴോ അപരിചിതരാകുന്നു.

അതിനിടയിൽ 

എപ്പോഴോ ജീവിക്കുന്നു.

 പ്രണയം 

രണ്ട് ഉടലുകളിൽ നൃത്തം ചെയ്യുന്ന 

ഒരു പക്ഷി.


രണ്ട് ഉടലുകൾ ചേർത്ത് 

കൂട് കെട്ടുന്ന 

ഒരു പക്ഷി.


ഒരു ചെറു ചില്ല.

നേർത്ത നാരുകളിൽ ചിലത് 

എന്ന് വീടുപണി തുടങ്ങുമ്പോഴേയ്ക്കും 

ഇനി വരുന്നൊരു കാറ്റിലുലഞ്ഞ് 

താഴെ വീണ് അത്

പലതായിച്ചിതറുമോ എന്ന് 

പേടിച്ച പേടിച്ച് 

ചില്ലകളനക്കാതെ 

ചില്ലകൾ 

അനക്കാതെ 

ശ്വാസമടക്കി കാത്തു നില്ക്കും 

രണ്ട് മരങ്ങൾ , നാം.

 പ്രണയമേ 

നീ ഏത് തരം ശില്പിയാണ്?

എന്നിൽ നിന്ന് 

എത്ര മനുഷ്യരെയാണ് 

നീ ചീളി എടുത്തുകളയുന്നത്?

 തേടൽ എന്നൊരു വാക്കുണ്ട്.

നമ്മെ കോർത്തിണക്കുന്ന ഒരു വാക്ക്.

കാത്തിരിപ്പ് എന്ന് മറ്റൊരു വാക്കുണ്ട്.

നമ്മെ ഒറ്റയ്ക്കാക്കുന്ന കാവൽക്കാരൻ.

 ഉറക്കത്തിന് വേണ്ടി ഒഴിച്ചിട്ട മുറിയിൽ 

നീ വന്നു കിടക്കുന്നു.

പ്രണയമേ, 

നിനക്ക് കൂട്ടിരിക്കാൻ 

ഇനി ഉണർന്നിരിക്കുകയല്ലാതെ 

ഞാനെന്ത് ചെയ്യും!

ആ  രാത്രി കടലു പോലെയായിരുന്നു.

വാക്കുകളായിരുന്നു തിരകൾ.

ഞങ്ങൾ അപൂർവ്വമായ ഭാഷയിൽ സംസാരിച്ചു കൊണ്ടിരുന്നു.

സങ്കടം നിറഞ്ഞാൽ എനിക്കങ്ങനെയാണ്..

ഒന്നും പറഞ്ഞവസാനിപ്പിയ്ക്കാൻ കഴിയില്ല...

 

-നിനക്ക് ഞാനെന്റെ ഹൃദയം തരുന്നു.


-അപ്പോൾ നീയോ?


-നിന്റെ പ്രേമത്താൽ ഹൃദയമില്ലാത്തവനായ് അങ്ങനെ ജീവിച്ചു മരിയ്ക്കും...

 ഉള്ളിനുള്ളിലൊരു 

കൊടുങ്കാട്.

 ഏറ്റവും ഇരുണ്ട കോണിൽ 

നാമൊന്നിച്ചിരിക്കുന്നു.

ആദ്യമായ് കണ്ടുമുട്ടിയ രണ്ട് പേർ.

ഏറെ തമ്മിൽ കാത്തിരുന്നവർ.

ഒരു നിമിഷം 

കൊടും സ്നേഹത്തിന്റെ

 വിഷപ്പല്ല്

നമ്മിലാഴുന്നു .

മരണത്തിന് തൊട്ട് മുൻപിലൊരു നിമിഷം 

നാം ജീവിക്കുന്നു.

ആഹ്‌ളാദമറിയുന്നു.

 നാം രണ്ട് ജലാശയങ്ങൾ.

വേർപെടാനാകാത്ത വിധം ആഴത്തിൽ

രണ്ട് ഉറവുകൾ.

ചോദ്യങ്ങൾ നമ്മെ

പുഴകളാക്കുന്നു.

കടലുകൾ അന്വേഷിച്ചു നാം

പല വഴി പിരിയുന്നു.

 ഒരു രഹസ്യം പറയട്ടെ?

സ്നേഹം 

പല മേൽവിലാസങ്ങളിൽ നിന്നും 

എനിക്ക് 

കത്തുകൾ അയക്കാറുണ്ട്.

ഇപ്പോൾ 

നിന്റെ പേരിൽ എന്നോട് മിണ്ടുന്ന സ്നേഹത്തോട് 

എനിക്ക് 

പ്രണയം തോന്നുന്നു.


 മഴ ഇരമ്പുന്ന നേരം 

കയറ്റമേറുന്ന ഒരു യാത്രയിൽ  


ഇരണ്ടകൾ കരയുന്ന സന്ധ്യയ്ക്ക് 

ഒരു കായലോരത്ത് 


കാറ്റിനെ കേട്ട് നടന്ന 

വഴികളിലൊക്കെയും 


നിന്റെയൊപ്പം 

ഞാനല്ലാതെ

മറ്റാരെങ്കിലും ആയിരുന്നെന്ന്

നീ കരുതുന്നുണ്ടോ?


"മരങ്ങൾക്കിടയിലുള്ള വീട്ടിലേക്ക് 

മാറിപ്പാർക്കാം, നമുക്ക് .


നീ പറയാറുള്ളത് പോലെ

നിറയെ മരങ്ങൾ.


വെയിലിനെ നിഴലെന്നും 

നിഴലിനെ തണലെന്നും 

തണലിനെ തണുപ്പെന്നും 

തണുപ്പിനെ ഒറ്റപ്പുതപ്പിനടിയിലെ 

നമ്മുടെ ഒന്നിച്ചുറക്കമെന്നും

വിവർത്തനം ചെയ്യുന്ന മരങ്ങൾ.


നിറയെ മരങ്ങൾ.


മരങ്ങളിൽ നിന്ന് 

നിറയെ നിറയെ 

മരക്കുഞ്ഞുങ്ങൾ.


വേരുകളെന്ന്

മണ്ണിൽ നീളെ അവരുടെ കളിപ്പാവകൾ.

ഇലകളെന്ന് 

മേഘങ്ങളിലേക്ക് അവരുടെ പട്ടം പറത്തലുകൾ.


കേൾക്കുന്നുണ്ടോ നീ? "



"കേൾക്കുന്നുണ്ട്.

പക്ഷേ... 

ഒന്ന് ചോദിച്ചോട്ടേ ?

മരങ്ങൾക്കിടയിലുള്ള നമ്മുടെ വീട്ടിൽ  

മുറ്റമാരടിക്കും ?"


ഒറ്റയ്ക്ക് 

ഒറ്റയ്ക്ക് 

ഒറ്റയ്‌ക്കെന്ന് 

ഇറ്റുവീഴുന്ന 

മഴയെ ഞാൻ കേൾക്കുന്നു.


ഒരു കടൽ വരയ്ക്കാൻ ആകും വിധം കൈകളുള്ള 

ഒരു മഴയെ.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌