Sunday

നേർപ്പിയ്ക്കാത്ത അപരിചിതത്വത്തോടൊപ്പം
നിരത്തിവയ്ക്കാറുണ്ട്
ഞാനൊരുക്കുന്ന വിരുന്നുകളിൽ
പ്രണയത്തിന്റെ ചെറിപ്പഴങ്ങൾ.
നീയില്ലായ്മയുടെ
പദക്രമീകരണങ്ങൾ.

എഴുതാതിരിക്കുമ്പോൾ
നിന്റെ കൈകൾ വിറയ്കുന്നത്
ഞാൻ അറിയുന്നു.
ഞാനെപ്പോഴും
വാക്കുകളെയെല്ലാം
നിനക്കുവേണ്ടി ഒരുക്കി നിർത്താറുണ്ട്,
ഏതേത് വാക്കുകൾ
നീ തിരഞ്ഞെടുക്കുമെന്നറിയാതെ.

ഒന്നും മിണ്ടാതെയെങ്കിലും
നീ പറയാറുള്ളത്
എല്ലാകാലത്തും
ഞാൻ കേൾക്കുന്നു.
പറയാതിരിക്കുമ്പോൾ
നീയാകെ വിറകൊള്ളുന്നത്
അറിയുന്നു.
എന്റെ
വാക്കുകളെയെല്ലാം
നിശബ്ദമായ് നിർത്താറുണ്ട്,
നിന്നെ കേൾക്കാതെ പോകരുതെന്നത് കൊണ്ട്.

ഇന്ന്
നീ എഴുതിത്തുടങ്ങുന്നത് ഞാൻ അറിയുന്നു.

അതേ പിൻബെഞ്ചിലിരുന്ന്
അതേ മുടിയിഴ കോർത്ത്
അതേ തട്ടമിട്ട്
അതേ പേനകൊണ്ട്
അതേ പുസ്തകത്തിൽ
അതേ കാറ്റാടിമരത്തിലേക്ക്
അതേ നോട്ടമയച്ച്
മണല് വാരിയിട്ടത് പോലെ
എഴുതി നിറയ്ക്കുന്നു.
എന്നെ
എഴുതി നിറയ്ക്കുന്നു.

എന്നിട്ടും
ഞാൻ
നിന്നെ വിളിയ്ക്കുമ്പോൾ
'ലോകത്തിലെ ഒരു പേരുപോലും എന്റേതല്ല'
എന്ന മട്ടിൽ ആ മുഖം തിരിച്ചിരിപ്പുണ്ടല്ലോ,
എന്നെ ചുട്ടുപൊള്ളിക്കുന്ന ആ ഉമ്മ!

നിന്നെ തൊടുമ്പോൾ
താപം ശമിയ്ക്കുന്നു.
പക്ഷേ
എനിക്ക് തണുക്കേണ്ട.

പനിച്ചു തുള്ളുന്ന പൂഴിമണൽ പോലെ
നിന്റെ പുസ്തകത്തിൽ നിന്ന്
ഞാൻ
ഊർന്ന് വീഴുന്നു.
ഭൂമി മുഴുവൻ പരക്കുന്നു.
നിന്റെ കാലടികൾ
മാത്രം
എന്നെ തൊടുന്നില്ല എങ്കിലും.

വീണ്ടുമെന്ന
മണലുപോലെ
എഴുതി നിറയ്ക്ക്,
നിന്റെ പഴയ പുസ്തകങ്ങളിൽ .
മുഖം തിരിച്ചു കൊണ്ട്
പൊള്ളുന്ന ഉമ്മ വയ്ക്ക്,
ഭൂമി മുഴുവൻ പരക്കട്ടെ ഞാൻ.



ദിവസം മുഴുവൻ
എന്നേയും നിന്നേയും തിരയുകയായിരുന്നു ഞാൻ
വീട് മുഴുവൻ.
തമ്മിൽ
പലവട്ടം ചുറ്റിപ്പിണഞ്ഞ്
മുടികളായ്
നാം
ആ വീട് മുഴുവനും ഉണ്ടാകാറുള്ളതാണ്;
രണ്ട് പേർ മാത്രമായുള്ള ദിവസങ്ങളിൽ.

എവിടെയെല്ലാം തമ്മിൽ കോർത്ത് കിടക്കാറുണ്ട്,
അനുസരണയില്ലാത്ത നമ്മൾ.
കണ്ണടച്ച്
തൊട്ട് തൊട്ടടുത്ത്
ഇരുട്ടെന്നോ വെളിച്ചമെന്നോ ഇല്ലാതെ 
കാറ്റും പൊടിയുമണിഞ്ഞ്
എവിടെയെല്ലാം.

ഇത്തവണ ഇല്ല.

ഇത്തവണ
നാം ആൾക്കൂട്ടത്തിന് നടുവിൽ
ഒളിച്ചു നിൽക്കുകയിരുന്നു.
ഒരു മുടിയിഴ പോലും അനുസരണക്കേട് കാട്ടിയില്ല.
ചിറകുകൾ കുടഞ്ഞ്
ഒരു വാക്കുപോലും
തമ്മിൽ തിരഞ്ഞ്
പറന്നു പൊങ്ങിയില്ല.

എന്നിട്ടും ഞാൻ
ഒളിച്ചു നിൽക്കുന്ന
എന്നെ
നിന്നെ
നമ്മെ
തിരിച്ചു തരാൻ
വീടിനോട് പലവട്ടം യാചിയ്ക്കുന്നു.
ഞാനും നീയും
ഇത്തവണ അവിടേയ്ക്ക് വന്നതേയില്ലെന്ന്
ആണയിട്ട്
ഓരോ തവണയും
വീട്
കൈകൾ മലർത്തുന്നു.

വന്നതേയില്ലെങ്കിൽ
നീയോ ഞാനോ
നിന്നിൽ നിന്നെന്നിലേക്കും
എന്നിൽ നിന്ന് നിന്നിലേക്കും
ഏത് വഴിയേ
തിരിച്ചിറങ്ങും?

വർത്തമാനകാലത്തിൽ
ഇരുട്ടെന്ന പേരിൽ
നാം
അന്യോന്യം പരിചയപ്പെടുത്തുന്നു.

ഏത് കാലത്തിലായിരുന്നു
സ്നേഹം കൊണ്ട് നനഞ്ഞ തിരികളായ്
നാം
തെളിഞ്ഞ് നിന്നത്?

Wednesday

ആകാശത്തോളം
അകലത്തിലുള്ള ഒരുവൾക്ക്
ആഴിയോളം
ആഴത്തിൽ
സൂര്യനോളം ചുകന്ന
ഒരുമ്മ.
ഉണരുന്നത് അപ്പോഴാണ്.

പിരിയാത്ത നിഴൽ ചേർത്ത് വരച്ചിടുന്നു,
രാത്രിമഷി കൊണ്ട്
നിലാചുമരിൽ
അവളോളം മണമുള്ളൊരു
കവിത.
ഉറക്കം അതിലാണ്.

അതിനിടയിലാണ്
ഭൂമിയിൽ നിന്ന്
അത്രയും വർഷങ്ങൾക്കപ്പുറം
നാം
യുറാനസ് എന്നും
നെപ്റ്യൂണെന്നും
പേരുകൾ പറഞ്ഞ്
തമ്മിൽ കത്തുകളെഴുതുന്നത്.
ഈ ആൾക്കൂട്ടങ്ങളെയെല്ലാം
മായ്ചുകളയുന്നത്,
എല്ലായിടത്തും
മരങ്ങളെ കേൾക്കുന്നത്.
എന്നെങ്കിലും
മണ്ണിൽ മുളയ്ക്കാൻ
വിത്തുകളുടെ
വീടുകളിലേയ്ക്ക്
വാതിൽ തുറന്ന്
മഴയോളം പെയ്ഡ്
കാറ്റോളം തൊട്ട്
കാത്തിരിയ്ക്കുന്നത്.

Thursday

നീ വരുന്നത് വരെ
ഈ ലോകത്തിന് എന്തൊരു ഏകാന്തയായിരുന്നു.
എനിക്കല്ല;
എനിയ്ക്ക് മാത്രം എല്ലാവരും ഉണ്ടായിരുന്നു.
അമ്മ, അച്ഛൻ, അനിയത്തി, പെണ്മക്കൾ.
കവിതയും ഭാവനയും
കൂട്ടുകാരികളായിരുന്നു.
കഥയൊരു പുഴപോലെ
വീടിനെ വലം വെച്ചൊഴുകിയിരുന്നു.
നീ വന്നപ്പോൾ
ലോകത്തിന് മറ്റൊന്നും വേണ്ട.
എനിക്കല്ല;
എനിക്ക്
എല്ലാം വേണമായിരുന്നു:
നീ പെറുക്കിയെടുക്കുന്ന
മഞ്ചാടിക്കുരുക്കൾ.
നീ നനഞ്ഞു പോകുന്ന
ഞാവൽക്കറ.
നിന്നെ മായ്ചുകളയുന്ന
മഷിത്തണ്ട്.
നീ ഉണർന്നിരിക്കുന്ന
സ്വപ്നം.
നിന്നെ ഉന്മാദിയാക്കുന്ന
നിറങ്ങൾ.
നീ അഴിച്ചു വയ്ക്കാത്ത
വാക്കുകൾ.
എല്ലാം.

എനിക്ക്
നീ വളരുന്ന വിത്തുകളിലൊന്നാകണമായിരുന്നു.
നീ നിറഞ്ഞ കടലുകളിലൊന്നാകണമായിരുന്നു.
നീ  പറക്കുന്ന മേഘങ്ങളിലുറങ്ങണമായിരുന്നു.
നീ ചുണ്ടുകൾ ചേർത്തുപിടിയ്ക്കുന്ന പൂക്കളെല്ലാം
ഞാനാകണമായിരുന്നു.

ഈ ലോകത്തിന് എന്തൊരു വേഗമായിരുന്നു.
എനിക്കല്ല;
ഞാൻ ആമകളുടെ പള്ളിക്കൂടത്തിൽ
ഒച്ചുകളുടെ ഓട്ടം പഠിയ്ക്കുകയായിരുന്നു ,
നിന്നൊപ്പം നടക്കാൻ.

ഞാൻ
ചക്രങ്ങൾ അഴിച്ചുവെച്ച തീവണ്ടിയായിരുന്നു.
ചരടില്ലാത്ത പട്ടവും
ചായമണിയാത്ത മുഖവുമായിരുന്നു.
എനിക്കറിയില്ലേ
നീ വരുന്നത് വരെ
ഏകാന്തതയുടെ കാത്തിരിപ്പിടത്തിൽ
എനിക്ക്
ലോകത്തിന് കൂട്ടിരിയ്ക്കേണ്ടിവരുമെന്ന്,
പേടിക്കേണ്ടെന്ന്
ലോകത്തോടിങ്ങനെ
പറഞ്ഞുകൊണ്ടേയിരിക്കേണ്ടിവരുമെന്ന്.

നീ വരുന്നത് വരെ
ഈ ലോകത്തിന് എന്തൊരു ഏകാന്തയായിരുന്നു.
എനിക്കല്ല;
എനിയ്ക്ക് മാത്രം നീ വരുമെന്നറിയാമായിരുന്നു.
'പ്രണയം അതിന്റെ ആത്മകഥ എഴുതുന്നു'
എന്ന പേരിൽ
ഒരു പുസ്തകത്തിന്
എന്നിൽ
നിന്റെ മഷിപുരണ്ട അച്ചുകൾ നിരത്തുന്നു.
അതിന്റെ ചുവരുകളാകാൻ
എത്ര മരങ്ങളാണ്
തോൽ പൊഴിയ്ക്കുന്നത്.
എത്ര മീനുകളാണതിൽ
പാർക്കാൻ വരുന്നത്.
എത്ര എത്ര
നീയും ഞാനുമാണതിൽ
വാക്കുകൾ
പെറുക്കിവയ്ക്കാൻ.

എന്നിട്ടും
നിറയുന്നില്ല..
എന്നിലുള്ളത്ര നീയതിൽ.



പ്രണയത്തേക്കാൾ വലിയ സ്വകാര്യം മറ്റെന്താണ്‌!

ഒരുപാട് സ്വകാര്യങ്ങൾ ഉള്ളവർക്കും
ഒറ്റ സ്വകാര്യം പോലും ഇല്ലാത്തവർക്കും
ഇത് മനസ്സിലാവില്ല.

ജീവന്റെ ഘടികാരസൂചിയിൽ ഒട്ടിച്ചേർന്നു പോകുന്ന
' നീ മാത്രം നീ മാത്രം'
എന്ന ഈ സ്വകാര്യത്തിലെ തീവ്രാനുഭവം!

ഓരോ കോശങ്ങളേയും തൊട്ട് തൊട്ടത് പാഞ്ഞു പാഞ്ഞു പോകുന്നതിന്റെ കമ്പനങ്ങൾ.

നീ ഭൂമിയിലെങ്കിൽ ഞാനിരിപ്പുണ്ട് ആ ചന്ദ്രനിലെന്ന് ഓരോ യാത്രയിലും ഓടിയോടിവന്ന് നമുക്ക് മാത്രമായൊരു കാഴ്‌ചയാകുന്നത്. ആരോടെന്നില്ലാതെ സ്വയം നിറഞ്ഞ് ചിരിയ്ക്കാനനുവദിയ്ക്കുന്നത്.

ശ്വാസം പോലെ അദൃശ്യമാണത്.
പ്രാണൻ പോലെ പ്രിയമേറിയതും.
ഒരോ ഹൃദയമിടിപ്പിലും അനുഭവിക്കാനാകുന്ന അതിന്റെ കരുതൽ!

ഒരാളോട്
ഒരാളോട് മാത്രമായ്
ജീവിതം മുഴുക്കെ
ഒരിയ്ക്കലെങ്കിലും
പ്രണയം അനുഭവിച്ചിട്ടുണ്ടെങ്കിൽ പറയൂ
അതിനേക്കാൾ ഹൃദ്യമായ, വിസ്‌മയകരമായ സ്വകാര്യം മറ്റേതാണ്?

Monday

ഇന്ന്
എന്റെയുള്ളിലിത്തിരി ലഹരിയുണ്ട്.
ഞാനുപേക്ഷിച്ച മുറിവുകളെ
നിന്റെ അസാന്നിധ്യം ചേർത്ത്
 വാക്കുകളിലാക്കി
നിറയെ
പാനം ചെയ്തിട്ടുണ്ട്.

ഒന്നുറങ്ങണമീ രാത്രി.

ഋതുഭേദങ്ങൾ ഏല്ക്കാത്ത പൂക്കൾ
പറിച്ചു കൊണ്ടുവരിക.
അത് നിറയെ ചൂടി
ഈ രാത്രി നമുക്കൊന്നിച്ചുറങ്ങാം-
രണ്ട് കരകളിലെങ്കിലും
കണ്ണുകളെപ്പോലെ ഒന്നിച്ച്.

ഒന്നിച്ചുണർന്നിരിക്കുന്ന
നേരങ്ങളിൽ
നമുക്ക് നമ്മെക്കുറിച്ച് മാത്രം പറയാം.
നാമന്യോന്യമെത്ര സ്നേഹിക്കുന്നുവെന്ന്..
ഒന്നിച്ചിരിയ്ക്കാൻ
ഒന്ന് ചിരിയ്ക്കാൻ
നമ്മളെത്ര ആഗ്രഹിക്കാറുണ്ടായിരുന്നെന്ന്..

നീ ഉമ്മവച്ചുമ്മവച്ചുണക്കിയ മുറിവുകളിൽ
ജീവൻ മൊട്ടിട്ടുതുടങ്ങിയത് നിനക്കന്ന് ഞാൻ കാട്ടിത്തരും.

ഏറ്റവും സന്തോഷവതിയായിരിക്കെ
ഞാൻ
എന്റെ സ്നേഹം
നിന്നെ
അറിയിക്കും.

ഇന്ന്
എന്റെയുള്ളിലിത്തിരി ലഹരിയുണ്ട്.
ഞാൻ മുറിച്ചു വെച്ച ഓർമ്മകളെ
നിന്റെ തണുത്ത മൗനം ചേർത്ത്
നിറമുള്ള വാക്കുകളിലാക്കി
നിറയെ
പാനം ചെയ്തിട്ടുണ്ട്.

എന്നെ മറന്ന്
ഒന്നുറങ്ങണമീ രാത്രി.
നീ എന്ന നനഞ്ഞ മണ്ണിൽ
ഞാന്‍ തന്നയല്ലേ ഈ കാടും, ഒരോ മരവും നനഞ്ഞ പുല്ലും ഒരോ പച്ച നിറവും ഒരോ ജലകണവും?

വാചാലമായൊരിടം.
സ്നേഹപൂര്‍വ്വം സ്വാഗതം.
എന്തിനും സ്വാതന്ത്ര്യം.

സ്നേഹ നിഷേധങ്ങളെ,
പ്രണയത്തെ,
നിരാകരണങ്ങളെ
ഒന്നിനേയും വേർതിരിച്ച് കാണേണ്ടെന്നോർമ്മിപ്പിക്കുന്ന സ്വാതന്ത്ര്യം...

എന്നിൽ
ഒരു തുള്ളി മഴമഞ്ഞ് അനുവാദം കാത്തുനില്‍ക്കാതെ നെറുകയിലേക്ക്.

നിലത്തേക്ക് വീഴുന്ന മഴത്തുള്ളിയ്ക്ക് ഘനമേറയുണ്ട്- 
ഭൂമിയോട് ചേരാന്‍ കഴിയുന്ന ഒന്നിന്റെ നിറഞ്ഞ ആഹ്ളാദം.

ഒരു തുള്ളി ഇവിടെയെങ്കില്‍ കേള്‍വിക്കപ്പുറത്തു തന്നെ ദൂരെമാറി മറ്റൊന്ന്.
മറ്റെവിടെയോ
മറ്റെവിടെയോ
ഒന്നുകൂടി;
ഒന്നുകൂടി.

ഒറ്റത്തുള്ളികള്‍ക്കൊടുവില്‍
പ്രണയത്തിന്റെ പേമാരി,

നന്നായി നനയണം ചില നേരങ്ങളിലെ മഴയില്‍.
പല പുതപ്പുകള്‍ കൊണ്ടും തുവര്‍ത്തി തീരാത്ത അത്ര നനയണം.
വേനലുപോലെ പനിക്കണം പിന്നീടതിന്റെ ഓര്‍മ്മകളില്‍.

മരങ്ങള്‍ക്കിടയിലൂടെ ചെറു നീരൊഴുക്ക്.
ചിതറിത്തെറിച്ച വെള്ളം.
ചില ഓളങ്ങള്‍ക്ക് അസാധാരണമായ ഉടലഴക്.
ഒരിയ്ക്കല്‍ കൂടി കാണണമെന്നാഗ്രഹിച്ചിട്ടും പക്ഷേ കാത്തുനിന്നില്ല.
പ്രണയവും ഇതുപോലെ-
ആരേയും കാത്തുനിൽക്കാത്തത് .

നിറയെ തൂവലുകളുള്ള പക്ഷിക്കൂട്ടം നനഞ്ഞ പുല്ലിലൂടെ ഏറെ നടന്ന്, തൂവല്‍ കുടഞ്ഞ് സ്വയമൊരുങ്ങി
ആകാശത്തേക്ക്.
എത്ര കുടഞ്ഞുകളഞ്ഞിട്ടും
ചില തൂവലുകളിലെ നനവ് മേഘങ്ങളില്‍ പതിയുക തന്നെ ചെയ്തു.
പ്രണയവും ഇതുപോലെ-
ചില അടയാളങ്ങള്‍ എക്കാലത്തേക്കുമായി ബാക്കിവയ്ക്കുന്നത്.

ചിലയിടങ്ങളില്‍ ചെടികള്‍ നിറയെ പൂത്തു.
ചിലയിടത്ത് ഒറ്റയ്ക്കൊറ്റയ്ക്ക് കുഞ്ഞു തലനീട്ടലുകള്‍.
പൂക്കാന്‍ അനുവാദമില്ലാത്ത ചില മരങ്ങളില്‍ ഇലകള്‍ ചുവന്ന് പൂക്കുടയായി.
പ്രണയവും ഇതുപോലെ-
ചുവപ്പിക്കുന്നത്.

മഴപെയ്യവെ
എവിടെയോ
മരങ്ങൾക്കിടയിലുള്ള വീട്ടിലിരുന്ന്
എന്നിലേക്കുള്ള പ്രണയമായ് നീ മാറുകയാണല്ലോ എന്നറിയുന്നു.
ഞാൻ നിന്നിൽ അലയുന്ന കാറ്റാണെന്ന് കേൾക്കുന്നു.
മിന്നലായ് കൺതുറന്ന് നിന്നിൽ കൂണുകൾ മുളയ്‌ക്കുന്നത് കണ്ട് നിൽക്കുന്നു.

ഒരു പ്രകാശസ്രോതസ്സ് എങ്ങനെനെയായിരിക്കണമെന്ന്
നിനക്ക്
ഒരു വൃത്തവും കുറേ വരകളും കൊണ്ട്
എനിക്ക്
കാട്ടിത്തരാൻ കഴിയും
ഒരിയ്ക്കൽ ഞാനെഴുതി.
അന്ന് വേനലിലെ ആദ്യമഴ പെയ്തു.

മഴമാറിയ ഒരു ദിവസം
നിറഞ്ഞ പച്ചപ്പിൽ ഞാൻ സൂര്യനെ കണ്ടു.
മഴയുടെ ശബ്ദത്തിൽ സൂര്യനെക്കുറിച്ച് മാത്രം ആലോചിച്ചു ഞാൻ.
യാത്രയായിരുന്നു എനിക്കത്.

ഇത് മൺസൂണിലെ മഴയില്ലാ ദിവസമാണ്‌.
ഒരോ പച്ചയിലും ഞാൻ കൂടെയുണ്ട്.
എന്റെ കൈവിരലുകൾ
ഉടൽ
നിസ്സഹായത
അർത്ഥമില്ലായ്മകൾ.
എന്റെ മുട്ടുകുത്തിയിരിപ്പ്.
നിന്നിലേക്കുള്ള
അസംഖ്യം
എഴുത്തുകൾ കൊണ്ട്
നിറഞ്ഞു ചുവന്ന
ഞാനെന്ന
ആ തപാൽപ്പെട്ടി
ഒറ്റയ്ക്ക്
ഒരു പഴയ മരച്ചില്ലയിലെ
പുതുമഴ നനഞ്ഞു നിൽക്കുന്നു.
നിന്റെ വിരലുകൾ പോൽ
ഇലകളെന്നിൽ മുളയ്ക്കുന്നു.
നിന്നെ തിരഞ്ഞ്
മേൽവിലാസങ്ങൾ ഉപേക്ഷിച്ച
കത്തുകളൊന്നിൽ
മൊട്ടുകൾ വിടരുന്നു.

Sunday

മുഖാമുഖം നിന്ന്
പ്രണയത്തിന്റെ
അസ്ത്രങ്ങളനവധി നെഞ്ചേൽക്കുന്നു.
നീയെന്ന അമൃതം
മരണമാണ്; നോവുകളല്ല
എന്നിൽ ഇല്ലാതെയാക്കുന്നത്.
ഓരോ മുറിവിലും
നീ വാർന്നൊലിക്കുന്നുണ്ട്.
ആ നിറമണിഞ്ഞ്
ഓരോ ഉദയത്തിലും
ഒറ്റയ്ക്ക് വിരിയുന്നു,
പേരില്ലാതെയായ
ഞാനെന്ന പൂവ്.
ഒരാളിൽ വീണ് മരിയ്ക്കുന്നുണ്ട്.
ഓരോ മരണവും
ഓരോ മറവികളെ
ഓർമ്മകളാക്കി മാറ്റാനെന്ന്
ഓരോ തവണയും
ഒറ്റയ്ക്കിരുന്ന് പഠിയ്ക്കുന്നുണ്ട്.
ഒരാളിൽ വീണ് മരിയ്ക്കുന്നുണ്ട്.
ഒരാളെന്നാൽ
ഒരുപാട് ജീവിതങ്ങൾക്കുള്ള
ഒരൊറ്റ പേരാകുന്നുവെന്ന്
ഒറ്റയ്ക്കിരുന്ന് പഠിയ്ക്കുന്നുണ്ട്.
പ്രാചീനന്റെ ഭാഷയില്ലായ്മ
ഉപേക്ഷിയ്ക്കുന്നു.
അതിപ്രാചീനന്റെ മൗനത്തിൽ
നിന്നോട് മിണ്ടിത്തുടങ്ങുന്നു.
കേൾക്കുന്നുണ്ടോ,
മറുപടികൾ ചുവക്കുന്നത് ?

പലപലതായി തെളിഞ്ഞ്
ഏതെങ്കിലുമൊരുകാലത്ത്
പൂര്‍ണ്ണമായേക്കാവുന്ന
സ്നേഹത്തിലെ അനിശ്ചിതത്വത്തിലാണ്‌
എന്റെ ആഹ്ളാദം! 

Friday

നിന്നെ വായിക്കാൻ
ആളൊഴിഞ്ഞൊരിടം
തേടി പോകുന്നു.
നിന്നെ മാത്രം കേൾക്കാൻ
ഏറ്റവും നിശബ്ദമായ
ഇരവുകളൊന്നിനെ
സ്വന്തമാക്കുന്നു.
നിന്നിലെ മഹാസമുദ്രങ്ങളെ
കണ്ണുകളാക്കുന്നു.
നിന്നിലെ
കൊടുങ്കാറ്റുകളെ കേൾക്കുന്നു.
വേലിയേറ്റങ്ങളിൽ ഉലയുന്നു.
നീയെന്ന
ഭൂമിയിൽ
ഒറ്റയ്ക്കാവുന്നു.
ഇനിയില്ലയാകാശമെന്ന്
നിന്നിലാഴ്ന്നു പോകുന്നു.
എന്നിൽ
ഞാൻ ഇരുണ്ടുപോകുന്നൊരിടത്ത്
നീ എന്ന മെഴുകുതിരി
കത്തിച്ചു വയ്ക്കുന്നു.

ഉരുകുകയാണ് നീ, എന്നിൽ.


വഴികൾ നീളുന്നു.
വാ
വന്ന്
വെളിച്ചമായി നിറയ്.

എന്നിൽ
ഞാൻ വറ്റിപ്പോകുന്നൊരിടത്ത്
നീ എന്ന നീല മഷി
നിറച്ചു വയ്ക്കുന്നു.

പടരുകയാണ് നീ, എന്നിൽ.

പ്രാണന്റെ  പുസ്തകങ്ങൾ
തുറന്നിടുന്നു.
വാ
വന്ന്
വാക്കുകളായി നിറയ്.  
നിന്നാൽ ഏറെ എഴുതപ്പെടാൻ
ഞാൻ
നീ എന്ന വാക്കാവുന്നു.
നോവിന്റെ
തുരങ്കങ്ങളിൽ നിന്ന് തുരങ്കങ്ങളിലേക്ക്
വേഗം കുറഞ്ഞ തീവണ്ടിയായ്
നിന്നിൽ
കിതയ്ക്കുന്നു.

Wednesday

വാക്കുകൾ തുന്നിയെടുക്കുന്ന
ഒരുവളോടൊപ്പമായിരുന്നു
ഇന്നലെ ഉറക്കം.
ജനലുകളില്ലാത്ത ഒറ്റമുറിയുടെ
വാതിൽ തുറന്ന്
അവൾ അകത്തേയ്ക്ക് ക്ഷണിച്ചു.

എവിടെയാണ് നീ പറഞ്ഞ
നക്ഷത്രങ്ങളും ആകാശവും?

അവളാ കൂട് വിളക്ക് അല്പമൊന്നുയർത്തി.
പതുക്കെപ്പറഞ്ഞു:
ഇതാണാ തെളിച്ചമുള്ള വെളിച്ചം.

എന്നാലെവിടെയാണ്
നീ പാർത്ത പച്ചമരങ്ങൾ?

ചായമടർന്ന ചുവരിൽ വിരലോടിച്ചവൾ
പതുക്കെപ്പറഞ്ഞു:
ഇവിടെ.
നിഴലാണെന്ന് തോന്നും.
പക്ഷേ കണ്ണടച്ചാൽ
തണുപ്പുള്ള തണൽ.

എന്നാൽ പ്രാണനേ
നിന്റെ പ്രണയി ആരെന്നെങ്കിലും എന്നോട്..

അവളാ ചൂണ്ടുവിരൽ ചുണ്ടിൽ വെച്ചു.
മഞ്ഞൾ നിറം.
കൊത്തമല്ലിയുടെ മണം.
പതുക്കെപ്പറഞ്ഞു:
മറ്റാര്!
ഞാൻ തന്നെ!!
എന്നിലെ പ്രണയവും പ്രണയിയും
ഞാൻ തന്നെ!!

മടിയിൽ കിടന്ന്
കേണു:
ഓമനേ,
നീ വാക്കുകളോട് ചെയ്യുന്നത് എന്റെ ഉടലിനോടും,
ഓരോ കോശങ്ങളും
ഓരോ അക്ഷരങ്ങളെന്നുറപ്പിച്ച്
അത്ര ലാളിച്ച് ...

എന്തൊരു വേഗമായിരുന്നു 
ആ വിരലുകൾക്ക്!
ഹൃദയത്തോട് ചേർത്ത്
ബാക്കിയാവുന്നു,
പ്രണയാക്ഷരങ്ങളിൽ
അതിശയിപ്പിക്കുന്നൊരു
ചിത്രത്തുന്നൽ.
ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല;
നിന്നെ
ഓർമ്മ വരുന്നു.
ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല;
നിന്റെ
ഓർമ്മ വരുന്നു!
എന്റേതല്ല എന്റേതല്ലന്നാ
ഓർമ്മപ്പെരുക്കങ്ങൾക്കിടയിൽ
നീ ഞാനാണെന്ന
ശ്വാസതാളം മുറുകുന്നു.
ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല
ഞാൻ
നീ മാത്രമാകുന്നു.

അതിവേഗത്തിൽ
ഒരു ആമയാകുന്നു.
നിന്നിലേക്ക് പായാൻ
ഒരു പ്രണയഭാഷ പഠിയ്ക്കുന്നു.
വാക്കുകൾ വേണ്ടാത്തൊരു പ്രണയം.
മൗനത്തിന്റെ
മഹാനദിയിൽ
മത്സ്യഗന്ധിയാകുന്നു.
നീയെന്ന
പരാശരനിൽ നിന്ന്
പറഞ്ഞവസാനിപ്പിയ്ക്കാൻ കഴിയാത്ത
പ്രണയത്തെ
എഴുതിത്തുടങ്ങാൻ കെല്പുള്ള
വ്യാസനെ
ഗർഭത്തിൽ വഹിയ്ക്കുന്നു.
എന്നിലെ ദ്വീപുകൾ
തീർത്തും
ശാന്തമാകുന്നു.

Tuesday

എന്നിലേക്ക് വരിക.

നിന്റെ കാലത്തിന്റെ അശാന്തികൾ
നിന്റെ വംശത്തിന്റെ അറിവുകൾ
നിന്റെ ദേശത്തിന്റെ അതിരുകൾ
നിന്റെ ഉടലിന്റെ അസ്വാതന്ത്ര്യം
ഉപേക്ഷിയ്ക്കുക.

എന്നിലേക്ക് വരിക.
നിന്നിലെ പ്രാചീനതകളൊഴികെ മറ്റെല്ലാം ഉപേക്ഷിച്ച്
എന്നിലേക്ക് വരിക.

എന്തെന്നാൽ
എന്റെയുള്ളിൽ
ഏതും-
സ്നേഹഭംഗങ്ങൾ,
മുറിവുകൾ,
മറവികൾ പോലും-
പ്രണയമായി മാറുന്നു.
അതിനാൽ
എന്നിലേക്ക് വരിക.
എന്നിലേക്ക് വരിക.

എന്നിലേക്ക് എന്നാൽ
കാടിനുള്ളിലേക്ക്
കടലിനാഴത്തിലേക്ക്
മരുഭൂമധ്യത്തിലേക്ക്
ഹിമശിഖരാഗ്രത്തിലേക്ക്.

എന്തെന്നാൽ
പ്രണയിക്കുമ്പോൾ ഞാൻ പ്രപഞ്ചമാകുന്നു.
നിനക്ക് പേരുകൾ വേണ്ടാതെയാകുന്നു.

എന്നിലേക്ക് വരിക.
എന്നിലേക്ക് വരിക.

Monday

നിന്നനില്പിൽ
നാം മരങ്ങളാകും.
പരശതം മരഞ്ചാടികളെ പേറും.
ഉയർന്ന് പറന്ന്
കറുകറുത്ത മേഘങ്ങളാകും
ഊർന്നിറങ്ങി
മത്തഗജങ്ങളാകും.
തുമ്പിക്കൈക്കോർത്തിരിക്കെ
വല്ലികളായ് പടരും.
മുളകളായി ഉലയും
ഇഴഞ്ഞ് പുഴുക്കളാകും.
മീനായ് കൊത്തും.
മീൻകണ്ണുകളിൽ
നീലക്കടലാകും.
നിറങ്ങളിൽ ഏതുമാകും.
പേരില്ലാത്ത പ്രാണനാകും.



നീ എന്ന ആകാശം
എന്നിൽ
തൂവലായ് മുളയ്ക്കുന്നു.
അതിരുകളില്ലാത്ത
പ്രണയസാമ്രാജ്യത്തിന്റെ
നീലിമയിൽ
കടലായ്
ഞാൻ മാറിപ്പോകുന്നു.

ജലം കൊണ്ട്
ഒരുവൻ
ഒരുവളെ
ഒരു പൂവായ്
ഈ ഭൂമിയിൽ
വരച്ചിടുന്നു.

ആരും
കാണാതൊരാഴത്തിൽ
അവർ
വിരലുകൾ
കോർത്തു പിടിയ്ക്കുന്നു.

അവനിൽ പടരുന്ന
വേരുകളിൽ
അവൾ മീനായ്
പുളയ്കുന്നു.

ജലം കൊണ്ട്
ഒരുവൻ
ഒരുവളിൽ
പച്ചയായ്
കനക്കുന്നു.

ആരും
കാണാതൊരാഴത്തിൽ
ഉമ്മകൾ കൊണ്ട് ചുവന്നവർ
ആകാശമാകുന്നു.

അവളിലൊഴുകുന്ന
തിരകളിൽ
അവൻ കാടായ്
മുളയ്ക്കുന്നു.

ശ്വാസമേ,
ശ്വാസമേ എന്ന്
അന്യോന്യം
പേര് ചൊല്ലി വിളിച്ച്,

പ്രാണനേ,
പ്രാണനേ എന്ന്
അന്യോന്യം
വിളികേട്ട്,

പൂവേത്
ജലമേത്
കാടേത്
വേരേത്
വിരലേത്
തിരയേത്
തണലേത്
എന്നറിയാതെ
രണ്ടല്ലാതെ
തമ്മിലലിഞ്ഞു പോകുന്നു.

അപഠനത്തിന്റെ നാളുകളിലാണ്.
അപ്പോഴും അപരിചിതമല്ലാത്തത്
പ്രണയത്തിലെ പ്രാചീനതകളാണ്.
അതിലിപ്പോഴുമെപ്പോഴും
ഹൃദയമിടിപ്പിന്റെ ഒരേ താളം.
എന്നിൽ
ആ ഒരൊറ്റ കവിതയേ ബാക്കിയാകുന്നുള്ളൂ.

പെണ്ണ്
ഒരു കാടാകുമ്പോൾ
പുരുഷൻ
ഒരു വിത്തിനുള്ളിലേക്ക്
ഉപേക്ഷിയ്ക്കപ്പെടുന്നു.
അവന്റെ ചുറ്റിലും
പിന്നെ
ഇരുട്ടാണ്.
കറുപ്പാണ്;
അവളിലെ പച്ചക്കറുപ്പ്.
അവൾ
അവളിലെ
സൂര്യൻ ഒളിച്ചിരിയ്ക്കുന്ന
ഭൂഖണ്ഡങ്ങളിൽ
പാതിപങ്കിടുകയാണവിടെ. 
നെറുകയിൽ നിന്ന്
കാൽ നഖം വരെ
എന്നിൽ
നിന്നെ
കോർത്തെടുത്ത് പായുന്ന
സൂചിമൂർച്ചയാകുന്നു
പ്രേമം.

ഓരോ കോശത്തിലും
ഓർമ്മകൾ പൊടിയുന്നു.

എന്നിട്ടും
നിറവുള്ള പ്രാണനെ
ഓരോ പരിക്രമണത്തിലും
അതെന്നിൽ
തുന്നിച്ചേർത്തെടുക്കുന്നു.

അതിനാലാവണം
ഓരോ കോശത്തിലും
അവസാനിക്കാതെ 
വിസ്മയങ്ങൾ നിറയുന്നു.
അതിന്റെ സൗഖ്യം അറിയുന്നു.
എന്തൊരു കറുത്ത കാടായിരുന്നു,
കാടിനുള്ളിൽ
ആ പച്ചക്കറുപ്പിനുള്ളിൽ
കാത്തിരിയ്ക്കുന്ന
മയിൽ‌പ്പീലി നീലം.
വാരിപ്പുണരണമെന്ന് തോന്നും.
കൈക്കുള്ളിൽ കോരിയെടുത്ത്
ഒരു നദി പോലെ
കരകൾ താണ്ടി
അകലേക്ക്
കൂടുതൽ അകലേക്ക് ..
പാഞ്ഞു പോകണമെന്ന് തോന്നും.
കഴിയില്ല
അതിലവന്റെ മുഖമുണ്ട്.
ഓരോ ചുവടിലും
അതിലേക്ക്
ആഴ്ന്ന് പോവുകയാണ്.
അവനിലേക്ക്,
ആഴത്തിൽ
കൂടുതൽ ആഴത്തിൽ..

ഉറങ്ങുന്ന നിന്നെ കാണാൻ
എന്ത് ഭംഗിയാണ്.
എന്റെ ഹൃദയജലത്തിൽ നനഞ്ഞ്
എന്റെ നെഞ്ചിന്റെ വാതിൽ കാണാതെ തുറന്ന്
പുറത്തിറങ്ങിയ
എന്റെ സ്വപ്‍നം
എന്റെയരികിലിങ്ങനെ കിടക്കുന്നത് പോലെ.
നീണ്ട വിരലുകൾ, കുറുനിരകൾ, പിന്കഴുത്ത്, കാൽപാദം.
എന്റെ സ്വപ്നത്തിന് എന്തൊരു ഉടലഴകാണ്.
പ്രാണന്റെ
ഇനിയുള്ള പകലിരവുകളിൽ
ഇനിയൊരിയ്ക്കലുമുറങ്ങാതെ
നിന്നെയുണർത്താതെ
ദൂരെ
ധ്രുവ നക്ഷത്രത്തോളം
ദൂരെ
നിശ്ചലമായ
ഒരു ഘടികാരസൂചിയിൽ
നിന്നെ ധ്യാനിച്ച്
കാലങ്ങളോളം
കണ്ണ് തുറന്നിരിക്കുന്നു.


Sunday

അപ്പോൾ മുള പൊട്ടിയ
വിത്തിനുള്ളിൽ
ഒരു പൊടിപച്ചയായ് നിന്ന്,
മഴമൂർച്ഛയിൽ
ആകെ വിറച്ചുപോയ
പുൽനാമ്പിൻ വിരൽ പിടിച്ചൂർന്ന് വീണ
നനവിലാകെ നിറഞ്ഞ്,
നിന്റെ കാതിൽ
ഞാനാദ്യം പറയുന്ന
വാക്കാവുന്നു
പ്രണയം.
പ്രാണന്റെ പുസ്തകത്താളിലാണ്
കവിതകൾ എഴുതി നിറയ്‌ക്കേണ്ടത്.

മരണമെന്നാൽ
പ്രാണനേ,
നിന്നെ സ്വപ്നം കാണാതെ അനേകമിരവുകൾ
ഞാൻ ഉറങ്ങിപ്പോയെന്നാണ്...

മരണമെന്നാൽ
പ്രാണനേ,
നിന്നെക്കുറിച്ചു പറയാൻ
വാക്കുകൾ അവശേഷിയ്ക്കാതെ
എന്നിലേക്ക്
തീപ്പിടിച്ചൊരു ജീവിതം
ഞാൻ പകർന്നെടുക്കുന്നു എന്ന് മാത്രമാണ്.

Wednesday

നിന്റെ വാക്കുകളുടെ
ഞാവൽക്കറ പുരണ്ട
എന്റെ ഓർമ്മകൾ.
എന്റെ രാത്രികൾക്ക്
അതേ
വയലറ്റ് നിറം.
ഉണരരുത്.
ഉണർത്തരുത്.
ഞാനും നീയും
ഒരേ സ്വപ്നത്തിന്റെ ഇരുകരകളിൽ
ഞാവൽ മരങ്ങളായ് വളരുകയാണ്.
നമുക്ക് ആകാശത്തോളം ഉയർന്ന്
വിരലുകൾ
പിരിയാത്ത വണ്ണം പിണച്ചു വയ്‌ക്കേണ്ടതുണ്ട്
തമ്മിൽ.
ഉണരരുത്.
ഉണർത്തരുത്.
ഉമ്മകളുടെ
മീന്‍ ചുണ്ടുകളില്‍
കൊത്തി
ചുകന്നു പോകുന്നു
ഋതുക്കളാകവെ.

ഓരോ പ്രഭാതത്തിലും
നിന്നിലേക്ക് വാതിൽ തുറക്കുന്നു.

ആകാശത്തിൽ നീ വരച്ചിട്ട
കാട്ടുമുയലിനെ
തൊപ്പിവെച്ച സൈക്കിളോട്ടക്കാരനെ
ചുണ്ടിൽ കോർത്ത്
പക്ഷിയാകുന്നു.

പക്ഷെ
എനിക്കറിയില്ല
ഞാൻ കൂട് വെച്ച് പാർത്ത ചില്ല
എവിടെയെന്ന്.
എനിക്കറിയില്ല
എന്റെ മരം വളരുന്ന മരം
ഏത് മണ്ണിലെന്ന്.

എനിക്കറിയില്ല
വഴിയിൽ
പൂത്ത താഴ്വാരങ്ങളുണ്ടോ എന്ന്,
ഉറുമ്പുകൂട്ടങ്ങൾ മധുരം വിളമ്പുന്നുണ്ടോ എന്ന്,
എല്ലാ നിറങ്ങളിലും പട്ടങ്ങൾ
നിന്നെ വിരലെത്തി പിടിക്കുന്നുവോ എന്ന്.

എനിക്കറിയില്ല
നിന്നിലേക്ക് എത്ര ദൂരമെന്ന്.
നീ
നീ മാത്രമാകുന്നത്
ഏത് ഋതുവിലെന്ന്.

കാണെ കാണെ
കാണാത്തൊരു മഴയിൽ
കൺ നിറഞ്ഞ്
കടലോളം നനഞ്ഞ്
എന്റെ സൂര്യൻ തിരിച്ചുപോകുന്നു.

കാണെ കാണെ
നീ വരച്ച ചിത്രങ്ങൾ മാഞ്ഞു പോകുന്നു.

അത്രമേൽ അപരിചിതരെന്ന
കള്ളം മാത്രം
നമുക്കിടയിൽ ബാക്കിയാകുന്നു.
സ്വയം മറന്നു പോകുന്ന
പ്രണയത്തിന്റെ
ശ്വാസവേഗത്തില്‍
നിറങ്ങളില്‍ നിന്ന് നിറങ്ങളിലേക്ക്
പറന്നു പൊങ്ങുന്ന ചെറുകിളികള്‍
എന്നില്‍
ചെറുമന്ദാരങ്ങളും
വയല്‍പ്പൂക്കളും
വിരിയിക്കുന്നു.
നിന്നില്‍
തുമ്പികള്‍ പറക്കുന്ന
താഴ്വാരങ്ങള്‍
വരച്ചിടുന്നു.


എവിടെ
ഏത് ദേശത്ത്
വിരിച്ചിട്ട
നിലാവിന്റെ
പുതപ്പിനടിയില്‍
സ്നേഹിച്ചൊന്നിച്ചുറങ്ങുകയാണ്
നാം പിറന്ന ഇരവുകള്‍?
ചില നേരങ്ങളിൽ
ഞാൻ തീരമാകുന്നു.
നിന്നിലെ തിരകളെല്ലാം
ഒന്നുപോലുമൊഴിയാതെ
എന്റെ അടുക്കലെത്തുമെന്ന്
ഉറപ്പിയ്ക്കുന്നു.

ചില നേരങ്ങളിൽ
ഞാൻ തിരയാകുന്നു.
ഒരോരിയ്ക്കലായ്
ഓരോന്നോരോന്നായ്
നിന്നിൽ നിന്ന്
മടങ്ങിപ്പോകേണ്ടിവരുന്നെന്ന്
ഖേദിയ്ക്കുന്നു.

ഞാനെന്ന ഒറ്റ ദ്വീപിലെ കവിയാണ് നീയെന്ന
കവിതയിലെ സപ്തവര്‍ണ്ണങ്ങള്‍:

ഒരുമ്മയാല്‍ നീയൊരിരട്ട ചെമ്പരത്തിയായ്
ചുവന്നു വിടര്‍ന്നെന്ന മഹാത്ഭുതം!
വെയില്‍ ചാഞ്ഞനിറത്തിലൊരു
പിരിയന്‍ ഗോവണി
ഒന്നിച്ചൊരു നിഴലാക്കിയ വിസ്മയം!
എല്ലാനിറങ്ങളിലും പൊട്ടു തൊട്ട ശലഭമായ്
കൊടുമുടികള്‍ തിരഞ്ഞു പറന്ന കൗതുകം!
ആകാശവുമാഴിയുമാഴങ്ങളും
തിരഞ്ഞ യാത്രയില്‍,
മറന്നുപോയ താഴ്വാരങ്ങളുടെ
വാര്‍ന്നുപോയ നദികളുടെ
ഉപേക്ഷിക്കപ്പെട്ട സാമ്രാജ്യങ്ങളുടെ
നിറഭേദമില്ലാത്ത സങ്കടം!

നിന്റെ കവിതയിലെ ചായപെന്‍സിലുകള്‍
ഇങ്ങനെ അടയാളപ്പെടുത്താമെന്നിരിക്കെ

വേനലില്‍ മുളച്ച്
പൂത്ത് ചുവന്ന്
മഞ്ഞയായ് കൊഴിഞ്ഞ
പച്ചമരമേ

എന്റെ ഓര്‍മ്മക്കാലത്തിന്റെ ഭൂപടങ്ങള്‍
നീ വരച്ചുവെച്ച ചുമരെവിടെ?

Friday

എന്നിൽ
നിന്നെ നിറച്ചുവെച്ച
പല കോടി ചിരാതുകളിൽ
പ്രണയത്തിന്റെ തിരി തെളിയുന്നു.
അതിൽ പിന്നെ
എത്രയായിരം വാക്കുകളുടെ
ദീപാവലിയാണ്.
പെണ്ണ്
ഒരു കടലാകുമ്പോൾ
അവളിൽ പാർക്കുന്നവന്
ഭൂമി
ഒരു ജലഗ്രഹം മാത്രമാകുന്നു.
കരകളില്ലാത്തത്..
കരകളില്ലാത്തത്..
എത്ര വർണ്ണങ്ങളുടെ
ആകാശച്ചിറകുകളാണ് നിനക്ക് !
അതിൽ
എത്ര വിരലുകൾ നീട്ടിപ്പിടിച്ചാണ്
നിറംകെട്ട രാത്രിയിൽ നിന്നും
എന്നെ നീ തിരിച്ചു കൊണ്ടുവരുന്നത്
വാക്കുകളുടെ പകലിലേയ്ക്ക്.



ഇതിൽ
നീയെത്ര
ഞാനെത്ര
എന്ന് അളന്നെടുക്കാൻ കഴിയാത്ത
അത്രയും
കൂടിക്കലർന്നുപോയ ജീവിതങ്ങൾക്ക്
മാത്രമറിയാവുന്ന
അനുഭവങ്ങളിലെ വിസ്മയം -
പ്രണയം !
എന്നിൽ
നിന്നോളം ആഴമുള്ള
നോവിന്റെ മിന്നൽ
ഇടി മുഴക്കുന്നു.

കൈവിടുവിയ്ക്കുമ്പോൾ
വിരലുകൾ കൂടി മുറിഞ്ഞു പോയെന്നാണ്
ഓർമ്മ.

നീറുന്നു.
അത്രയാഴമുണ്ട് 
നീയെന്ന 

എന്നിലെ 
മുറിവിന്.
(മുറിവുകൾക്ക് .. എണ്ണമില്ല അതിന് !)

വാക്കുകളുടെ
സർക്കസ് കൂടാരത്തിൽ
ഓർമ്മകളുടെ
കത്തിയേറിന്
കണ്ണുകെട്ടി
നിന്നുകൊടുക്കുന്നു.
എത്ര നാളായെന്നോ
എന്നെ
ഞാനൊന്ന്
തൊട്ട് നോക്കീട്ട്.
നീ
വന്ന്
എന്നെ
എനിക്ക്
തിരിച്ചു തന്നിട്ട് വേണം
എന്നെ
എന്നിലേക്ക്
എനിക്കൊന്ന്
വാരി
നിറയ്ക്കാൻ!



നിന്റെ ഓർമ്മകളുടെ
കൊടും ചൂടിൽ
പ്രണയപ്പെരുംത്തിരകളിൽ നിന്നും
വേർപെട്ട്
ബാഷ്പമായ
ഞാനെന്ന
ഒറ്റത്തുളളി.


പ്രണയത്തിരകളിൽ
കപ്പൽ ഛേദം വന്ന
നാവികരുടെ നാവുകൾ
കാണാക്കവിതകളുടെ
കടൽച്ചുഴികൾ.
ഉമ്മവയ്‌ക്കവേ
പാതിയടർന്നുപോയ ചുണ്ടുകളിൽ
കഥകളുടെ
വേലിയേറ്റങ്ങൾ.
ഹൃദയപ്പെരുക്കങ്ങൾ
നിറഞ്ഞ
ശംഖുകൾ.
തിരകളെടുത്ത
വിരലനക്കങ്ങൾ.
ഓർമ്മകളുടെ ചൂണ്ടക്കൊളുത്തിൽ
അസംഖ്യം പ്രാണനുകളുടെ
മീൻ പിടച്ചിലുകൾ.

ഉള്ളിൽ
എല്ലാം നിറച്ച് നീലിച്ച
കടലെന്നാണ്
ഒന്ന് സ്വസ്ഥമായി
ഉറങ്ങിയിട്ടുള്ളത്?

Thursday

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഒച്ചയുള്ള
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
കേട്ടതേയില്ലെന്ന് നിശ്ശബ്ദരാകുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
തെളിച്ചമുള്ള
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
ലിപികളെല്ലാം
അപരിചിതമെന്ന് കണ്ണുകളടയ്ക്കുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഘനമുള്ള
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
ഒരു തൂവലായ്
എളുപ്പം തുഴഞ്ഞു പോകുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ആഴമുള്ള
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
ആരും കാണാത്ത
ആകാശങ്ങളിൽ പാർക്കുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
പിടഞ്ഞ
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
തീർത്തും സാധാരണമായ മിടിപ്പെന്ന്
നെഞ്ചിൽ ചേർത്ത
വിരലുകൾ തിരിച്ചെടുക്കുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
പൊള്ളിയ
ഏത് വാക്കുണ്ട്  മനുഷ്യനിൽ?
എന്നിട്ടും ചിലർ
ഒരു മഞ്ഞു തുള്ളിയിലെന്നപോൽ
തണുത്ത തപസ്സിരിയ്ക്കുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഉച്ചത്തിൽ കരഞ്ഞ
ഏത് വാക്കുണ്ട്
മനുഷ്യനിൽ?
എന്നിട്ടും ചിലർ  ആത്മാവിന്
ചുണ്ടുകളേയില്ലെന്ന്
കള്ളം പറയുന്നു.

ഇഷ്ടമാണ് എന്ന
നിന്റെ വാക്കിനേക്കാൾ
കേൾക്കാതെ പോയ
കാണാതെ പോയ
ആഴ്ന്നുപോയ
തന്റേതാവാത്ത
പിടഞ്ഞ
പൊള്ളിയ
ഉച്ചത്തിൽ കരഞ്ഞ
ഇഷ്ടമാണ് എന്ന
എന്റെ വാക്ക്.

:-(
എന്നിലെത്രയുണ്ട് ഞാൻ?
നീ എന്ന വാക്കിലെത്രയുണ്ടത്ര.
:-)
ഭൂമിയിൽ ജലം കൊണ്ട് വരച്ചയിടമെല്ലാം
കവിതയെന്ന് നിറയുന്നു.
ഭൂമിയിൽ പ്രണയം കൊണ്ട് വരച്ചയിടമെല്ലാം
നാമെന്ന് നദികളാകുന്നു.
എന്തൊരുഗ്രൻ മൗനമാണ്.

ആർക്കും കേൾക്കാൻ കഴിയുന്നില്ല എന്നെ;
നിന്നോട് മിണ്ടിക്കൊണ്ടിരിയ്ക്കുന്ന എന്നെ.

പ്രാണന്റെ തരംഗദൈർഘ്യം
കേൾവിയ്ക്കും
അപ്പുറമാകുന്നു.

അവർ പറയുന്നു:
എന്തൊരുഗ്രൻ മൗനമാണ്.
നീ പറയുന്നതത്രയും
എന്നോടാണ്
എന്നോടാണ്
എന്ന് തോന്നിക്കഴിഞ്ഞാല്‍ പിന്നെ...

നീ കലര്‍ന്ന ഞാനായി
എന്റെ യാത്ര!

:-)

Wednesday

അറിയുമോ?

കടലുറങ്ങുന്ന
കൊട്ടാരത്തിനടിയിൽ
ഒരു കാണാക്കാടുണ്ട്.
കാട്ടിനാഴത്തിൽ
വെളളാങ്കല്ലുപ്പൂക്കളുണ്ട്.
കടലുറങ്ങുമ്പോൾ
ചിറകുകൾ മുളച്ച
മീനുകൾ
മിന്നാമിന്നികളാകാറുണ്ട്.

എന്നിട്ടോ?

എന്നിട്ടാ മിന്നാമീനുകൾ
ഒരു ചെറുചിറകുകാറ്റു കൊണ്ടുപോലും
ഒച്ച വയ്ക്കാതെ
നക്ഷത്രങ്ങളിൽ ചെന്നിരുന്ന്
കൺനിറയെ 
കടലുറക്കം
കണ്ട് നിൽക്കാറുണ്ട്.

എന്നിട്ടോ?

എന്നിട്ടോർമ്മയുടെ
സൂര്യോദയങ്ങളിൽ
കടലിലേക്കൂർന്ന് വീണ്
വീണ്ടും
മീനുകളായ്
നൃത്തം ചവുട്ടാറുണ്ട്.

അറിയുമോ?

കടലിന്റെ
വിരലുകൾ നീളെ
ആ മീൻകൊത്തലുകളാണെന്ന്.
ഓരോ തിരയിലുമുണ്ട്
ഓരോ പ്രാണന്റെ
മീൻപിടച്ചിലുകളെന്ന്.
നിഷേധിയ്ക്കാൻ കഴിയാത്ത
കടൽമൗനത്തെ
ഉള്ളിൽ നിറച്ചിട്ടും
ശംഖുകളെ
തീരത്തുപേക്ഷിയ്ക്കാതെ
കാറ്റ്
നിന്നിലേക്ക്
നിന്നിലേക്കെന്ന്
മടങ്ങുന്നു.
അറിയുമോ
കഴിഞ്ഞ ജന്മത്തിൽ
ഞാനൊരു രത്നവ്യാപാരിയായിരുന്നു.
കടലെന്റെ നിധിപ്പെട്ടിയായിരുന്നു.

ഞാൻ ഉമ്മവെച്ച ചുണ്ടുകൾ
മാണിക്യങ്ങളായ് മാറിപ്പോയിരുന്നു.
ഞാൻ വിരൽതൊട്ട
ഇലകളെ
അവർ
മരതകമെന്ന് വിളിച്ചിരുന്നു.
അറിയുമോ
ഞാൻ പ്രണയം പറഞ്ഞ
സൂര്യകാന്തിപ്പൂവാണ്
ഭൂമിയിലെ
ഏറ്റവും തെളിച്ചമുള്ള
പുഷ്യരാഗം.
ഓർമ്മകളുടെ
കനം പേറി നീലിച്ച
പ്രണയത്തെ ഞാൻ
ഇന്ദ്രനീലമെന്ന് വിളിച്ചിരുന്നു.

ഇന്ന്
കടൽ വറ്റിപ്പോയൊരിടത്ത്
ആരുമണിയാനിടയില്ലാത്ത
കല്ലുകൾക്ക്
നാഗം പോലെ കാവൽ നിൽക്കുന്നു.

ജീവന്റെ തുന്നൽക്കാരൻ പക്ഷി
ഭൂമി മുഴുവൻ ചുറ്റിപ്പറന്ന്
പ്രണയത്തിന്റെ പച്ചമരത്തിൽ
അവളുടെ കൂട് കണ്ടെത്തുന്നു.

ഏറ്റവും അപരിചിതയായ ഒരുവൾക്ക് വേണ്ടി ഒരാൾ ആത്മാവിൽ നിറച്ച കവിതയൊന്ന് ചൊല്ലുന്നു.
ആ കവിതയെ പ്രണയമെന്ന് വിളിയ്ക്കുന്നു.

Monday

പ്രേമത്തിന്റെ
അക്ഷാംശ രേഖാംശങ്ങളെക്കുറിച്ച്
നാം അന്യോന്യം അടക്കം പറയുന്നു.

നിനക്കറിയില്ലേ
അതിന് അതിരുകളും
അതടയാളപ്പെടുത്താനിടങ്ങളും
ഇല്ലെന്ന്.
അത് ഒരാകാശഗോളത്തിലും പാർക്കുന്നില്ലെന്ന്.
അതിന് കടലെന്നോ കരയെന്നോ ഇല്ലെന്ന്.
അത്
പരസ്പരം ഒട്ടിച്ചേർന്നാലോ എന്നോർത്ത്
ശ്വാസം പിടിച്ചു നിൽക്കുന്ന
വായുകണങ്ങൾ മാത്രമാണെന്ന്.
അതിന്റെ അവസാനിക്കാത്ത
കമ്പനങ്ങൾ മാത്രമാണെന്ന്.
അത് കടന്നുപോകാൻ
ഒരു വടക്കുനോക്കിയന്ത്രം വേണ്ട എന്ന്.

നാവികർ മീനുകളായ്
മാറിപ്പോകുന്ന
ചില കടൽക്കൊട്ടാരങ്ങളുണ്ട്
ആഴങ്ങളിൽ.
നിനക്കറിയില്ലേ,
അവർ
ജലകണികകളുടെ
കൺപീലികൾ തുറന്ന്
സൂര്യനെ നോക്കി നിൽക്കും.
ആകാശം നിറയെ
സൂര്യകാന്തിപ്പൂക്കളെന്ന്
കൺനിറയെ കണ്ട് നിൽക്കും.
ഊർന്നു വീണ
മഞ്ഞ ഇതളുകളിൽ
പ്രിയപ്പെട്ടവളുടെ
വിരലുകളിലെന്നപോലെ
ഉമ്മവയ്ക്കും.
കപ്പലുപേക്ഷിച്ചവരാകും.
കരകളില്ലാത്തവർ..
നമുക്കിടയിലെ വാക്കുകൾ
ലിപികളില്ലാതെ എഴുതിയ
ഒരു പ്രണയകവിതയുടെ
പരിഭാഷയെന്ന പോലെ
വായിച്ചു പോകുന്നു.

അന്ന്
നിന്റെ
വാക്കുകളുടെ
വേനൽ മഴ
ഞാൻ
നനഞ്ഞു നിന്നു.
ഒരു മഴവില്ല് കൊണ്ട്
അന്ന്
ആകാശം രണ്ടായ് പകുക്കപ്പെട്ടിരുന്നു,
പിന്നീടുള്ള
പകലിരവുകളിൽ
എന്നിൽ
പ്രളയമായിരുന്നു.

Saturday

പ്രണയം,
മറവിയുടെ ഭാഷ
സംസാരിയ്ക്കുന്ന
ഓർമ്മ എന്ന് പേരുള്ള
പെൺകുട്ടിയാണ്.
അവൾ
ചില നേരങ്ങളിൽ
കവിതയെന്ന മേൽവിലാസത്തിൽ
നിനക്ക്
കത്തുകളയക്കും.

നിനക്കറിയില്ലേ
പ്രണയം
ഒരൊറ്റത്തുള്ളിയാണെന്ന്?!
ഒന്നു വിരൽ നീട്ടി തൊട്ടാൽ
പലവഴിയായ്
പിരിഞ്ഞു പോകേണ്ടിവരുമെന്ന പേടിയിൽ
രണ്ട് പ്രാണനുകളതിൽ ഒളിച്ചിരിപ്പുണ്ടെന്ന്?! 

അവൾ വന്നു കയറിയപ്പോൾ ഞങ്ങൾ ആദ്യം പങ്കുവെച്ചത് ഒരു മഴക്കാലത്തിന്റെ ഓർമ്മകളായിരുന്നു.

മഴ എന്ന വാക്ക്.
അതിന്റെ ഇരുകരകളിലൂടെ ഞങ്ങൾ കാലം തെറ്റി അലഞ്ഞു.

എന്റെ മനസ്സിൽ ഒരു വേനൽക്കാലം കനത്തിരുന്നു.
അവളെ ആദ്യം കണ്ട വെയിൽ വീണ പകലുകളുടെ ഓർമ്മകൾ.
അവളോടൊപ്പം നടന്ന വഴികളിൽ 
ഞാൻ വിരൽ നീട്ടി തൊട്ട 
മഞ്ഞപ്പൂങ്കുലകൾ നിറഞ്ഞ മരങ്ങളുടെ ഓർമ്മകൾ.

നിനക്കും അത് അങ്ങനെ തന്നെയല്ലേ?
ഞാൻ അവളോട് ചോദിച്ചു.

എല്ലാം മറന്നൊരാളെന്ന് കരുണയില്ലാതെ അവൾ ചിരിച്ചു.

കഴിഞ്ഞ തവണ 
നാം വേനലും മഴയുമായിരുന്നു.
ഇത്തവണ 
അത് ഓർമ്മകളും മറവികളുമാണെന്നോ?
പ്രണയം പകുത്ത് കഴിഞ്ഞപ്പോൾ 
അത് കരയും കടലുമായെന്നോ?!

ഞങ്ങൾ അന്യോന്യം കണ്ടുകൊണ്ടിരുന്നു.
ഇങ്ങനെ ആയിരുന്നില്ലല്ലോ നാമെന്ന് ഞാനും;
അത് മറ്റേതോ പെണ്കുട്ടിയെക്കുറിച്ചുള്ള കഥകളെന്ന് അവളും.

ഒരിയ്ക്കലും അവൾക്ക് മറക്കാൻ കഴിയില്ലെന്ന് 
എനിക്കുറപ്പുള്ള കാര്യങ്ങളെക്കുറിച്ച് 
ഓർമ്മകളെ ഇല്ലെന്ന കുസൃതി 
എന്തിനെന്ന അദ്‌ഭുതമായിരുന്നു എന്നിൽ.

അവളുടെ ചേർത്തുപിടിക്കലുകൾ, മുഖമണയ്ക്കലുകൾ, വിരൽയാത്രകൾ, വിയർപ്പ്, വിറയൽ, കണ്ണുകൾ, ചുണ്ടുകൾ, ഉമ്മകൾ, വാക്കുകൾ, മൗനം, യാത്രകൾ.
- അങ്ങനെയങ്ങനെ അവസാനിയ്ക്കാത്തൊരു ചിത്രപ്രദര്ശനത്തിനിടയിലൂടെ 
അത്യാഹ്ളാദവാനായ് നടന്നു പോകുന്നുണ്ട് 
അവളുടെ വിരൽ പിടിച്ച് എന്റെ മനസ്സ്. 
നിന്റെ മനസ്സിലല്ലാതെ മറ്റൊരിടത്തുമില്ല 
അതിന്റെ രേഖപ്പെടുത്തലുകളെന്ന നിഷ്കളങ്കതയിൽ 
ഒന്നുമേ നിഷേധിയ്ക്കാതെ
 ഒപ്പം വരുന്നുമുണ്ട് അവൾ.

ആദ്യമായ് കണ്ടുമുട്ടിയപ്പോൾ പോലുമില്ല അപരിചിതത്വം.
അത്രമേൽ ഒന്നുചേർന്നവരായ് കഴിഞ്ഞത് കൊണ്ട് 
അനുവാദം ചോദിക്കേണ്ടതുമില്ല.
എത്രകാലമായി ഒന്ന് തമ്മിൽ കണ്ടിട്ടെന്ന പരിഭവവുമില്ല.
എന്നിട്ടും മറവി എന്ന പേരുള്ള കാവൽക്കാരന്  
നമ്മുടെ ഇടയിൽ ഇത്രയും ഇടം കൊടുക്കുന്നന്തിനെന്ന് ഞാൻ ചൊടിച്ചു.
 രണ്ട് ചുവരുകൾക്കിടയിൽ പരസ്പരം കണ്ടുകൊണ്ടിരിക്കെ 
രണ്ട് ധ്രുവങ്ങളുടെ അകലമെന്ന് 
എന്റെയുള്ളം പിടഞ്ഞു.

അവൾ പറഞ്ഞു:

നാം
ഈ നിമിഷത്തിന് വേണ്ടി
ഈ നിമിഷം ജനിച്ചവരാകുന്നു.
മറ്റൊരു കാലത്തിന്റെയും തുടർച്ചകളില്ലാതെ
അത്രയും പുതുതായ് പിറന്നവർ.

ഓർമ്മകളെല്ലാം
മറ്റൊരാളുടേതെന്ന് തിരിച്ചേല്പിച്ച്
അടുത്ത നിമിഷത്തിലേക്ക്
തീർത്തും സ്വതന്ത്രരായി കടന്നു ചെല്ലാൻ
അത്രയും പുതുതായ് പിറന്നവർ.

നാം 
ഈ നിമിഷത്തിൽ പൂർണ്ണരാകുന്നു.
അതിനായ്
അതിനായ് മാത്രം
ഈ നിമിഷത്തെ തമ്മിൽ പങ്കിടുന്നു.

Friday

ഓരോ
വാക്കും
നിനക്ക്
മാത്രമെഴുതിയതെന്നുറപ്പിയ്ക്കുക .
പ്രണയത്തിനില്ല
പലപേരുകൾ.
എന്റെ കടലേ
ഇത്രവേഗം
വാരിയെടുക്കാതെ
എന്നിലെ തിരകളെ!
കിളിക്കൂട്ടിൽ
ഒരു ആകാശം
ഒളിച്ചിരിക്കുന്നത് പോലെ
മീൻ ചിറകേറി
ഒരു കടൽത്തിര
തുഴഞ്ഞങ്ങു പോകും പോലെ
ഒരു കാട്
ഒരു മരത്തിന്
വേരാകും പോലെ
എന്നിലുണ്ട്
നിന്നോടുള്ള പ്രണയം.

ഓരോ വാക്കിനും
ഒരു നിറമുണ്ട്.
നിറങ്ങൾക്കും വിരലുകൾക്കും
ഇടയിലെ ആ മായാജാലം
ഒരു ഓർമ്മ മാത്രമായ ഒരാൾ,
ഓരോ വാക്കിനേയും
അപൂർണ്ണമായ ഒരു ചിത്രം പോലെ
നോക്കിനിൽക്കുന്നു.

ചില നേരങ്ങളിൽ
പ്രണയം പറയുമ്പോൾ
അതിൽ
വാക്കുകൾ വേണ്ട ,
ചുണ്ടൊന്ന് കൊരുത്തെടുത്താൽ മതി,
എത്ര ദൂരത്തിരുന്നാലും
ചുവന്നയാകാശം
നെഞ്ചിൽ നിറയുന്നു;
ആ സൂര്യോദയങ്ങളും !
.

അക്ഷരങ്ങളുടെ
നെയ്ത്തുകാരൻ പക്ഷി
പ്രണയത്തിന്റെ
പച്ചമരത്തിൽ
അവൾക്ക്
കൂടൊരുക്കുന്നു.
പ്രണയം
ഒരുവളെ
നദിയായ്
പരിഭാഷപ്പെടുത്തുന്നു.
മരുഭൂമിയിലും
അവൾ നിറഞ്ഞൊഴുകുന്നു;
ഓർമ്മകളുടെ
എണ്ണമറ്റ മീനുകളെ
പേറുന്നു.
പ്രണയത്തിൽ
ഉണർന്നിരിയ്ക്കുന്ന ഒരുവൾക്ക് വേണ്ടി
കടലിലുറങ്ങിയ സൂര്യൻ
കുന്നിൻ മുകളിലേക്ക്
കപ്പലോട്ടുന്നു.

Thursday

ഞാൻ പുസ്തകങ്ങൾ പൂട്ടിവെച്ച വേനല്ക്കാലങ്ങൾ.
എനിക്ക് മഷി നിറയ്ക്കാനില്ലാതിരുന്ന മഴക്കാലങ്ങൾ;

എന്റെ മഷിപ്പേനകൾ.
എന്റെ പുസ്തകങ്ങൾ.

മഴയിൽ ഒഴുകിപ്പോകുന്ന
മഷികൊണ്ടെഴുതിയ പ്രണയപുസ്തകം
ചോദിച്ചു വന്നവൾ ആരായിരുന്നു?

അവൾ
ഏത് മഴയെ ഉള്ളിലൊളിപ്പിച്ച മേഘമായിരുന്നു?
അവളിലെ വാക്കുകളിലെത്ര മഴവില്ലുകളായിരുന്നു?
ഞാനല്ലാതെ ഏത് വെയിലാണ്
ആ മഴവില്ലാദ്യം കാണേണ്ടത്?
ഞാനല്ലാതെ ഏത് മഴയിലാണവൾ
ആദ്യം മഷിപോലെ പടരേണ്ടത്?
മരഞ്ചാടികളായിരുന്നു
മുൻപ് നാം.
മരിച്ചപ്പോൾ
മനുഷ്യരായ്.
മരം കാണുമ്പൊൾ
ഇപ്പോഴും ഓർക്കുന്നു വീടിനെ.
എപ്പോഴാണ് 
വീട്ടിലേക്ക് നാം 
തിരിച്ചു പോകുന്നത്?

ഒറ്റയാൾ പ്രണയം!
അതിലുമുണ്ട്
രണ്ട്
പ്രാണനുകൾ.
രണ്ടുപേർക്കിടയിലെ
പ്രണയത്തെക്കുറിച്ച്
ഒരാൾ മാത്രമെഴുതുമ്പോൾ
അത് കവിതയാകുന്നു.

:-)
ഞാൻ
പ്രണയം എന്നൊക്കെ പറയുമ്പോൾ
അത്
ഒരു ജന്മം കൊണ്ട് തീരില്ല.
അതുറപ്പ്.
പലവട്ടം ജനിച്ചു മരിയ്ക്കാൻ
ഒരുങ്ങിക്കൊണ്ടാവണം
അത് സ്വീകരിയ്ക്കാൻ!
നീ വെയിൽ
ഞാൻ നിഴൽ.
ഇടയിൽ
പ്രണയം.
ഹൃദയത്തിലുണ്ട്
കടലൊളിപ്പിച്ച
ശംഖുകൾ.
അതിലെപ്പോഴും
ചുണ്ടുകൾ കോർത്ത് 
രണ്ട് മീനുകൾ.
വാക്കിന്റെ കണ്ണാടിത്തുണ്ടുകൾ നീട്ടി
അദൃശ്യരായ രണ്ടുപേർ
പ്രണയം പറയുന്നു.
ഒന്നുകൊണ്ടും ശമിയ്ക്കാത്ത
ഓർമ്മകളുടെ
കൊടുങ്കാറ്റിൽ
പ്രണയം
അതിന്റെ പർദ്ദകൾ വിരിച്ചിടുന്നു.
പ്രണയമേ
എന്ന്
ഞാൻ വിളിക്കുമ്പോൾ
കരുതിയിരിക്കുക.
ഞാനൊരു കവിതയെ
ചുംബിക്കുക മാത്രമാണ്.
മറവിയിൽ
പ്രണയത്തിന്
പരൽമീനിന്റെ
വേഗം.
പ്രണയക്കോള്!
വാക്കുകളുടെ പേമാരി.
കടലിലിറങ്ങുന്നവർ സൂക്ഷിയ്ക്കുക.

ഒരാളുടെ മാത്രം നിശബ്ദതയെ
കേട്ടുകൊണ്ടേയിരിക്കുന്നതിന്
പ്രണയമെന്ന് പറയുന്നു.
മറുപടികൾക്കിടയിൽ
കൊക്കുരുമ്മുന്ന മൗനത്തെ
നിനക്ക്
പ്രണയമെന്ന് തന്നെ
വിളിയ്ക്കാം.


നർത്തകിയിൽ നിന്ന്
പ്രാണൻ പകുത്തെടുത്തെടുക്കാനാകാത്ത
ഒരു ചിലങ്കയുടെ തണുപ്പിൽ,
ചുവടുകൾ നിലച്ചു പോയ ഒരാൾ
ഉറഞ്ഞുപോകുന്നു.

സ്വരസ്ഥാനങ്ങൾ മറന്നുപോയ ഒരാൾ,
കേൾക്കുന്ന ഈണത്തിന്റെ
കടലാഴത്തിൽ
ദിശ തെറ്റിയ നാവികനാകുന്നു.

ഈ ഭാരമെല്ലാം ചിറകുകളിൽ വഹിക്കുന്ന ഒരാൾ,
പറക്കാൻ അനുവദിക്കുന്ന സ്നേഹത്തിൽ
വാതിലുകളില്ലാത്ത കൂട് കെട്ടി പാർക്കുന്നു.


അയാൾ വാക്കുകളിൽ
പ്രാണവായു തേടുന്നു,
ഓരോ എഴുത്തിലും
ഒരുവട്ടം ജീവിയ്ക്കുന്നു.
നീ മുകിൽ
ഞാൻ മാനം.
നിന്നെത്തൊടുമ്പോൾ
വിരലേഴുവർണ്ണം.

ഏകാന്തപ്രണയഭ്രമണഭ്രമത്തിന്റെ പദക്രമീകരണം.
ഏതേതെല്ലാം
ഓർമ്മകൾ
എവിടെ നിന്നെല്ലാം
മായ്ച്ചു കളയുന്നുണ്ട്,
പ്രണയത്തിരകൾ?
പ്രണയം മാത്രം നിറച്ചു വെച്ച
അദൃശ്യവും
നിശബ്ദവുമായ
എത്രയെത്ര പേരുകൾ?!
ഉപ്പുരസമുണ്ടാകണം
കടലിനോട് പ്രണയം പറയുന്ന
കാറ്റിന്റെ ചുണ്ടിന്.
ഒരു മീൻഗന്ധം
മടക്കി നൽകണം
കടലതിന്റെ
കാമുകന് .


ഇഷ്ടമാണെന്ന വാക്കിനോട്
ഇഷ്ടം മാത്രമേയുള്ളൂ.
എങ്ങനെയാണ് പ്രണയം ഒറ്റയ്ക്കാവുന്നത്?
അതിൽ ഞാനുമുണ്ടല്ലോ !

പ്രണയം
ഓരോ വാക്കിലും
ഒരു സൂര്യനെ ഒളിപ്പിച്ചു വയ്ക്കുന്നു.
ഓരോ ഭ്രമണത്തിലും
എനിയ്ക്ക്
ചുട്ടുപൊള്ളുന്നു.
കവിതയെന്നാൽ
ഒന്ന് പൊള്ളി
അടുത്ത തീയ്ക്ക് വേണ്ടി
കാത്തിരിയ്ക്കാൻ തോന്നിപ്പിയ്ക്കണം.


കവിതയെന്നാൽ
ശ്വാസമെടുക്കാൻ തോന്നാത്തവണ്ണമൊരു 
ജലാശയമാകണം.



യൂ ടേൺ
ഇല്ലാത്തൊരു വഴിയിലെവിടെയോ ആണ്
പ്രണയം പാർക്കുന്നത്.
മേൽ വിലാസമില്ലെന്നൊക്കെ
വെറുതെ പറയുന്നതാണ്.
തീർത്തും നിശ്ശബ്ദയായ
ഒരുവളിൽ
വാക്കുകൾ നിറച്ച്
പ്രണയം
ഒച്ചവയ്ക്കാതെ
കടന്നു പോകുന്നു.
അതിൽ പിന്നെ
അവളെങ്ങനെ
മിണ്ടാതിരിയ്ക്കാനാണ്? 
രണ്ട് ഭൂഖണ്ഡങ്ങൾക്കിടയിലെന്നപോലെ
പ്രണയയാത്രകൾക്കിടയിലെ
ഏകാന്തതയുടെ ഹോഴ്സ് ലാറ്റിറ്റ്യൂഡുകൾ.
വാക്കുകളുടെ കുതിരകളെ
വലിച്ചെറിയേണ്ടി വരുന്നു
ചിലപ്പോൾ.

ഞാൻ
വാക്കുകൾക്കിടയിലുറങ്ങുന്നു.
ഉണർന്നിരുന്ന് അവയിൽ ചിലത്
വരച്ചുവയ്ക്കുന്നു.
നിന്നെ
നിന്നെ മാത്രം
കേൾക്കുന്നുവെന്ന്
നിന്നോട്
നിന്നോട് മാത്രം
പറയാണെന്ന്
പല ഭാഷയിൽ
എഴുതുന്ന
പ്രണയത്തിന്റെ
പക്ഷികൾ.
പ്രണയം ശ്വസിയ്ക്കുന്ന
ഒരുവളുടെ വിരലുകൾ
വാക്കുകളിൽ
നൃത്തം ചവുട്ടുന്നു.

Wednesday

ഒരു വാക്കിൽ നിന്ന് അടുത്തതിലേക്ക്
നിന്റെ ഓർമ്മയുടെ കടത്തുതോണി.

വേനലാകുമ്പോൾ മഴ.
ഓർമ്മകൾക്ക് പകരം മറവി.
പ്രണയം പകുത്തെടുത്താൽ അങ്ങനെയാണ്;
കരയും കടലുമാകും.

നിന്നിലൊളിയ്ക്കാനായുന്ന
പ്രണയക്കുഞ്ഞുങ്ങളെ
മൗനം എന്ന
വീട്ടിനുള്ളിലേക്ക്
തിരിച്ചു വിളിക്കുന്നു;

എന്ത് അനുസരണയാണ്!
അദ്‌ഭുതം! 
നമുക്കിടയിലാ പ്രണയമുണ്ട്.
നമുക്കിടയിലെ വിയോജിപ്പുകളെയെല്ലാം
അത് റദ്ദ് ചെയ്തു കളയുന്നു.

ഒരു നദിയുണ്ട് ഉള്ളിൽ ,
ലക്ഷ്യമൊരു കടലെന്ന് ,
ഒരു ദിശ തേടി ഒഴുകണമെന്ന് .

ഒരു മരമുണ്ട് ഉള്ളിൽ,
മണ്ണിലൊരു ഒരു ഇടമെന്ന്,
ഒരിടത്തുറച്ച് നിന്നാൽ മതിയെന്ന്.

ഒരു കാറ്റുണ്ട് ഉള്ളിൽ
ഒരിടത്തുമില്ലാതെ അലയണമെന്ന്.

നദിയും, മരവും, കാറ്റും-
ഉള്ളിൽ
അതില്ലാതെ
ഏത് മനുഷ്യനുണ്ട്
ഭൂമിയിൽ??


കവിതകൾ മാത്രം
മതിയായിരുന്നെങ്കിൽ
ഞാൻ മനുഷ്യനായേനെ.
എനിക്കത് വേണ്ട.
എനിക്ക്
എല്ലാ ലിപികളിലും
നിന്നെക്കുറിച്ചെഴുതണം.
മരമായും കിളിയായും നദിയായും
പ്രണയിക്കണം.

വായനക്കാരനെ
വാക്കുകൾ
പ്രണയിക്കുന്നതിലൊരു
കവിത പിറക്കുന്നു.
അനുവാദമില്ലാതെ എന്നെ പൊതിയുന്ന
വല്ലിപ്പടർപ്പിനെ
നിന്റെ പേരിട്ടു വിളിയ്ക്കുന്ന
ഞാനെന്ന ഓർമ്മമരം.
ഉന്മാദികളുടെ
ചെവി മുറിഞ്ഞ പ്രണയത്തിൽ നിന്നാണ്
ആദ്യത്തെ സൂര്യകാന്തിപ്പൂ വിരിഞ്ഞത്.

പ്രവചിയ്ക്കാനാകാത്ത
ഋതുഭേദങ്ങളെ
എണ്ണിയെടുത്ത്
പ്രാണന്റെ ചുവരിൽ തൂക്കുന്ന
സൂചി കോർത്ത 
കലണ്ടറാകുന്നു പ്രണയം.

ഒറ്റയ്ക്കിരിയ്ക്കുന്ന
ഒരുവനെ
ചുറ്റിവളയുന്ന
ആൾക്കൂട്ടമാകുന്നു
കവിത.
എന്റെ മുറ്റത്ത്
നീ വളർത്തിയ
നാലുമണിപ്പൂക്കളിലെന്റെ
വസന്തം.

എന്റെ ജാലകത്തിനപ്പുറത്ത്
ചാറിയ
ചെറു നീർക്കണങ്ങളിൽ
നിറഞ്ഞു പെയ്തെന്റെ
വർഷം.

എന്റെ വഴികളിലൊറ്റയ്ക്ക്
നിന്ന ഇലമഞ്ഞകളിൽ
ശിശിരം.

ഏതു നേരത്തും
നിന്റെ ഓർമ്മകളുടെ
ഗ്രീഷ്മം.

Tuesday

നിങ്ങളുടെ ഭൂപടങ്ങളിൽ ഇല്ലായിരിക്കാം
എന്നാൽ
ഭൂമിയിലുണ്ട് ഈ ജലാശയങ്ങൾ;
അക്ഷരങ്ങളുടെ  നീല തടാകങ്ങൾ,
വാക്കുകളുടെ രാജഹംസങ്ങൾ.
എല്ലാവരിലും നീയുണ്ട് .
എന്നാൽ
എന്നിൽ മാത്രമില്ലെന്ന്
ഹൃദയം പിടയ്ക്കുന്നു.
പ്രണയത്തിന്റെ പത്തേമാരികൾ.
പരിഭവങ്ങളുടെ മുത്തുച്ചിപ്പികൾ.
സ്ത്രീ ഒരു കടലാണ്;
പുരുഷൻ അവളെ ഒളിപ്പിച്ചു വെച്ച ശംഖും.

Monday

ആദിയിൽ പ്രണയമുണ്ടായി;
പ്രണയം പകുത്തത്
സ്ത്രീയും പുരുഷനുമായി.


പ്രണയത്തിന്റെ
 കൺപീലികൾ വിറച്ച്
ശലഭങ്ങളായി;
വിരലുകൾ 
നനഞ്ഞ്
മയിൽപ്പീലികളും.

അവർക്കിടയിൽ
കേൾക്കാതെ പോയ വാക്കുകൾ
പെയ്ത് തീരാത്ത പേമാരി.

അകലങ്ങൾ
മഴവില്ല് പടികൾ.

അവളിലേക്കവന്റെ തീർത്ഥാടനങ്ങൾ
ആകാശഗോളങ്ങൾക്ക് ഭ്രമണപഥങ്ങൾ.

കാത്തിരിപ്പുകൾ
കൊടുംങ്കാടുകൾ.

വിരലനക്കങ്ങൾ
ചെറുനീരുവകൾ.

മൗനങ്ങൾ നിറച്ച്
കനികളും കായ്ക്കളും.

അവർ കൈകൾ ചേർത്തുപിടിച്ചതിൽ
തെളിഞ്ഞ കണ്ണാടികൾ.

 ചുംബനങ്ങൾ സൂര്യോദയങ്ങൾ.
കണ്ണടച്ചിരുന്നതിൽ പിറന്ന രാത്രികൾ .

Saturday

എനിക്ക്,
എന്റെ സ്നേഹത്തിന്
എന്ന്
നിന്നെ
പങ്കിടാൻ
മത്സരിയ്ക്കുന്നുണ്ട്
എന്റെയുള്ളിൽ
നിനക്കപരിചിതയായ ആ പെൺകുട്ടിയിപ്പോഴും.

Wednesday

ഞാൻ
ഞാൻ മാത്രം.
നീയെന്ന
ഞാൻ മാത്രം.

Tuesday


നീ എഴുതിയ
ഞാൻ എഴുതിയ
നമുക്ക്
മുൻപും പിൻപും
എഴുതപ്പെട്ട
സ്നേഹവാചകങ്ങളെല്ലാം
ചേർത്തുവച്ചെഴുതിയ
പുസ്തകം
ഭൂമിയിലെ
ഏറ്റവും അവസാനത്തെ മനുഷ്യൻ വായിച്ചു തുടങ്ങുന്നു.
അയാൾ മരണമില്ലാത്തവനായ് മാറുന്നു.











ഈ നിമിഷം
അതിനടുത്ത നിമിഷം
അതിനുമടുത്ത നിമിഷം..
ഞാൻ
നിന്നോടുള്ള പ്രണയത്തിലാണ്.
ഇങ്ങനെ കൂട്ടിവെച്ച
സമയത്തിന്റെ നാരുകൾ ചേർത്ത്
പ്രാണന് പാർക്കുവാനൊരിടം
ഞാൻ ഒരുക്കുന്നു.

അത്രമേൽ ഒന്നുചേരേണ്ടവരായ്
പ്രകൃതി നിശ്ചയിച്ച
രണ്ടുപേർക്കിടയിൽ
ഒരു മാന്ത്രിക വാതിലുണ്ട്.
അത് ആദ്യം തുറക്കുന്നത്
നിശബ്ദമായ
ഒരു വാക്കുകൊണ്ടാണ്.
ഒരു ജൻമം മുഴുവൻ പറഞ്ഞാലും
മുഴുമിയ്ക്കാൻ കഴിയാത്ത
വാചകത്തുടർച്ചയിലെ
ആദ്യത്തെ വാക്ക്.

നമുക്കിടയിൽ
ഏതേതെല്ലാം
അക്ഷരങ്ങൾ കൊണ്ടായിരുന്നു
അത്
പണിതീർത്തെടുത്തത്?

നമുക്കല്ലാതെ മറ്റാർക്കും
കൃത്യമായ്  പൂരിപ്പിച്ചെടുക്കാൻ കഴിയാത്ത
നമ്മുടെയുള്ളിലെ
സ്നേഹമെന്ന
ആ പദപ്രശ്‍നം;
കണ്ടുമുട്ടുന്ന ഓരോരുത്തരെയും
അത് കാണിച്ച്
തെറ്റിച്ച്
വീണ്ടും വീണ്ടും
തോറ്റുപോകുന്നു.
എന്റെ കൈകളിലുണ്ട്,
ഞാനെന്ന പുസ്തകം!
ആരാണതിലെ
ആദ്യത്തെ കവിത?
നിന്റെ പ്രണയത്തിന്റെ ചിറകുകൾക്കിടയിൽ
ഞാൻ പക്ഷിയാകുന്നു.
തനിയെ പറന്ന്
ഞാൻ
തളർന്നു പോകുന്നു.
എന്നെയാണ് സമർപ്പിക്കുന്നത്,
നിന്റെ നിസ്സഹായതകൾക്ക് പകരം.

എനിയ്ക്ക് ,
നിന്റെ പേര് തന്നെയിങ്ങനെ
ആവർത്തിച്ചാവർത്തിച്ചു
ഓർമ്മിച്ചു ശീലിച്ച എനിയ്ക്ക്,
പല പേരുകളും
ജീവിതത്തിൽ നിന്ന് തന്നെ
മാഞ്ഞു പോയത് പോലെ തോന്നുന്നു.

മഴക്കാലത്തെക്കുറിച്ചു മാത്രം
പറയാറുള്ള ചിലരുണ്ട്.
മഴക്കാലത്ത്
വിത്തുകൾ  കിളിർക്കുന്നത് പോലെ
നാവ് മുളച്ചു വരുന്നവർ.
മറ്റെല്ലാ കാലത്തും
മരമായ്
മഴ കാത്ത് നിൽക്കുന്നയാൾ.
അയാളെ
പുഴയാക്കുന്ന
മഴയിൽ
മഴയെക്കുറിച്ച്
മഴപോലെ പെയ്ഡ്
പറയുന്നു.

നിന്നെയൊന്ന് കണ്ട് കിട്ടിയിരുന്നെങ്കിൽ
എന്റെ സ്നേഹം തിരിച്ചേൽപ്പിക്കാമായിരുന്നു.

Saturday


ക്യാൻവാസിലെഴുതുന്ന നിറങ്ങളെല്ലാം
പ്രണയത്തിൻ്റെ കണ്ണുകളാകുന്നു.
എന്നിൽ
നീ
എന്ന മയിൽ‌പ്പീലി
വിടരുന്നു.

Tuesday

സ്നേഹം എന്ന് എഴുതിയിടത്തെല്ലാം
ഞാൻ
പറയാതെ പറയുന്നൊരു പേരുണ്ട് :
അത് നിന്റെയാണ്.

Sunday

സ്നേഹത്തെക്കുറിച്ച് ഇപ്പോഴെനിക്ക് ചോദ്യങ്ങളേ ഇല്ലാതായിരിക്കുന്നു.

അങ്ങനെ
പലനാൾ കഴിഞ്ഞ് ഒരുനാൾ
നാം മഴയായ് പെയ്യും.
ഭൂമിയിൽ നാം നടന്നു തീർത്ത വഴികളിൽ വീണ്
നനയും
.
നിന്നെക്കുറിച്ചുള്ള
മറവികൾ
തന്നെയാണ്
എന്റെ
ഏറ്റവും വലിയ ഓർമ്മകൾ.
:-(
മനുഷ്യർക്കിടയിൽ
ഏകനായ് നടക്കുന്ന അമാനുഷികനോട്
പേരു ചോദിച്ചാൽ അയാൾ പറയും,
സ്നേഹം!
മീനെന്ന്
നിന്നിൽ ആഴങ്ങൾ തേടുന്നു.
ഗന്ധമെന്ന പോൽ പടർന്ന്
നിന്നെ ശ്വസിയ്ക്കുന്നു
മയിലെന്ന്
നിന്നിലെ മഴകളെ തിരയുന്നു.
ഉടലാകവേ വിരലുകളായ് നീട്ടി
നിന്നിലുറച്ചുപോയ വേരുകളോടെ
മരമാകുന്നു.

എന്നിൽ
പ്രണയമെന്ന വാക്കിന്റെ ശലഭജീവിതം
പിന്നേയും പിന്നേയും
പുനർജനിയ്ക്കുന്നു..

പ്രണയത്തിലായിരിക്കേണ്ടത് അതിനാലാണ്‌.
അത്രയും ആനന്ദം നിറഞ്ഞ ഒരു ലോകം
നമ്മെ സ്വീകരിയ്ക്കാനായ്
സ്വയം ഒരുങ്ങി നില്ക്കും.
അതുകൊണ്ട്
പ്രണയത്തിലാണെന്ന്,
പ്രണയിക്കപ്പെടുകയാണെന്ന്
എപ്പോഴും ഓർത്ത് കൊണ്ടിരിയ്ക്കുക.
“ നിന്നോടൊത്തിരിയ്ക്കുമ്പോൾ നിന്റെ മാത്രം പ്രിയപ്പെട്ടവൻ.”

“ നീ കള്ളം പറയുന്നു! ”

“ ഞാൻ കള്ളം പറയാറില്ല. ”

“ സത്യവും! ”

“ അതെ. ഞാൻ നിന്നോട് പ്രേമം മാത്രമേ പറഞ്ഞിട്ടുള്ളൂ! ”


നമ്മൾ വളരെ സന്തുഷ്ടരാണെന്ന് ലോകം മുഴുവൻ കരുതും.
ഇലകളും പൂക്കളും തണ്ടുകളോടും കൂടി ഒരു ചെടി പൂപ്പാത്രത്തിൽ എടുത്തുവയ്ക്കുന്നതുപോലെയാണത്.
കാണുന്നവർക്ക് അത് വളരെ ഭംഗിയുള്ളതായ് തോന്നും.
വേരുകളില്ലാതെ അതിനെന്ത് നിലനില്പ്!
ആർക്കോ കാഴ്ചയാകാൻ മാത്രമൊരു അലങ്കാരവസ്തു !

നീ  മാത്രം  എനിക്ക് വേരുകൾ കൂടി നല്കുന്നു.
അതീ ഭൂമിയിൽ  എന്നെ പിടിച്ചു നിർത്തുന്നു.

എത്രയെത്ര കവിതകൾ 
കുഞ്ഞുങ്ങളെപ്പോലെ പിറക്കുന്നുണ്ട് 
ഈ ഭൂമിയിലോരോ നിമിഷവും.
എവിടെയെല്ലാം 
ഏതെന്ന് പോലും നമ്മൾ അറിയുന്നില്ല.

എങ്കിലും 
നമ്മൾ വായിക്കേണ്ട വരികൾ 
കൃത്യസമയത്ത് നമ്മെ തിരഞ്ഞ് എത്തുക തന്നെ ചെയ്യും.
അതിൽ ചിലത് നമ്മുടെ ജീവിതവുമാകും.

അനേകമനേകം സ്നേഹ സ്വകാര്യങ്ങൾ 
അങ്ങനെ നമ്മുടെ ജീവിതത്തെ അലങ്കരിച്ചു തുടങ്ങും.



Wednesday

ഞാൻ ,
ഞാൻ
എന്ന്
എഴുതുമ്പോഴും
പറയുന്നത്
നിന്നെക്കുറിച്ചാണ്!

Saturday

നിന്നെ അറിയുന്നു.
ഞാൻ
നിറമണിയുന്നു 

Monday

വാക്കുകളെ ശംഖുകളിൽ നിറച്ച്
സ്വപ്നങ്ങളിൽ
 മീനു പോലെ തുഴയുന്ന
എനിക്കു ചുറ്റും
നിന്റെ നീലനിറം മാത്രം.
എന്തൊരു ആഴമാണതിന്.

Wednesday

മഴയെന്നാണോ നിന്റെ പേര്?
എന്നിലിങ്ങനെ നിർത്താതെ പെയ്യുന്നു!

Monday

നീയില്ലാത്തയിടത്ത്
മരണമാണെന്നൊക്കെ പറഞ്ഞാൽ
ഇപ്പോഴും ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന്
വിശ്വസിയ്ക്കുന്നതെങ്ങനെ?
നീ എന്നിൽ 
പച്ച കത്തുന്നു.
നീ മിണ്ടുമെന്ന് കനവ് കാണുന്നു.
ഞാൻ 
പച്ചയ്ക്ക് കത്തുന്നു.

Thursday

എനിക്ക് പറയാനുള്ളതെല്ലാം
'ഈ ലോകത്ത്' തന്നെയുണ്ട്;
നിന്റെ വാക്കുകളാണ്
മൗനം കൊണ്ട് വിവർത്തനം ചെയ്ത്
നിധിപ്പെട്ടികളിൽ ഒളിച്ചിരിയ്ക്കുന്നത്.
:-P
എന്നിൽ നിന്ന് നിന്നിലേക്ക്
ആരും ചെന്നെത്തി നോക്കാത്തൊരു
നാട്ടുവഴി നീളുന്നു.
അതിന്റെ ഇരുപുറവും
ഉമ്മകൾ പൂക്കുന്ന ചില്ലകളും
ഓർമ്മകൾ പെയ്യുന്ന മരങ്ങളും
നിറയുന്നു.
പ്രണയാനുഭവം ക്ഷണികമാണോ എന്ന് ചോദ്യം.
അത് ഓരോരുത്തരുടെ പ്രകൃതമനുസരിച്ചെന്ന് ഉത്തരം.
പ്രകൃതി പോലും വേനലും വസന്തവും കടന്നു പോകുന്നുണ്ട്.

Monday

ഏറെ
പരിചിതമായ
വാക്കുകൾ കൊണ്ട്
തീർത്തും
അപരിചിതമായൊരു
പ്രണയം
ഞാൻ പറയാൻ തുടങ്ങുന്നു.

Sunday

ഒരു ഭാഷയോട് മാത്രമാണ്
തീവ്രപ്രണയം;
ഒരാളോടും.
ആ ഭാഷയിൽ,
അവനോട്
പറയാനുള്ള
പ്രണയവാക്കുകൾ കൊണ്ട് നിറഞ്ഞൊരു
മഹാസമുദ്രത്താൽ ചുറ്റപ്പെട്ട
ഒരു ദ്വീപ്
മാത്രമാണ്
ഞാൻ.
ഞാനല്ലേ നിന്റെ പ്രണയത്തിന്റെ ഹിമാലയം?
നീ വരേണ്ടത് എന്റെയടുക്കലേക്കല്ലേ?
എന്ന് ചോദിയ്കുമ്പോഴൊക്കെ
നീ പ്രണയത്തിന്റെ
ഹിമാലയമല്ല;
ഗംഗയാണെന്ന്
ഏതോ
ഒരുൾക്കടലിലേക്കെന്ന
ഒഴുക്കി വിടാറുള്ള
സഞ്ചാരിയായ നീ .

Saturday

നിന്നിലേക്ക് തുറന്ന
വാതിൽപ്പടിയിൽ നിന്ന്
ഞാൻ
നൃത്തം ചെയ്യുന്നു.
ഒരു ചുവട്
മുന്നോട്ട് ഇല്ല;
പിന്നോട്ടും ഇല്ല.
നിന്നിലേക്കുള്ള ദൂരവും
അത്ര തന്നെ!

Wednesday

അവളൊരു കൊടുങ്കാടാണെന്നും
നീയെന്ന സൂര്യനെ ഒളിച്ച്
അവൾ
കുസ്യതിയുടെ
കണ്ണാടിക്കഷ്ണങ്ങൾ
പെറുക്കിക്കൂട്ടുന്നുവെന്നും
നിന്നിലേക്കവൾ
ആയിരം തെളിച്ചമുള്ള പകലുകൾ
ചിതറുന്നുവെന്നും
സങ്കല്പിയ്ക്കുക.

ഒരു നദിയുടെ ഇരുകരയിലെ
മൺപുറ്റുകളായ് നാം മാറുന്നു.
കരകവിഞ്ഞൊഴുകുന്നൊരു
പ്രണയത്തിൽ
നാം
ഒലിച്ചു പോകുന്നു
നീയില്ല എന്ന്
രാപ്പകലുകൾ
കലഹിയ്ക്കുന്നു.

നീയില്ല എന്ന്
എന്നിലെ പൂക്കൾ
മുള്ളുകളിൽ പൂക്കുന്നു.

നീയില്ല എന്ന്
ഇഷ്ടമില്ലാത്ത ഒരു നിമിഷത്തിൽ
എന്റെ ഘടികാരസൂചി
നിലച്ചു പോകുന്നു.

നീയില്ല എന്ന്
എന്റെ രുചിക്കൂട്ടുകൾക്ക്
പാകം തെറ്റുന്നു.

നീയില്ല എന്ന്
ഹൃദയശൂന്യനായ
മൗനമെനിക്ക്
കാവൽ നിൽക്കുന്നു.

നീയില്ല എന്ന്
വേനൽ
ഇനിയുമൊരു സൂര്യനെ
കടം വാങ്ങുന്നു.

നീയില്ല എന്ന്
കണ്ണുകളിലെ മഴക്കാലം
ഇടിവെട്ടിപ്പെയ്യുന്നു.

നീയില്ല എന്ന്
പിടഞ്ഞ്
ഹൃദയം
അതിന്റെ താളമേതെന്ന്
തിരയുന്നു.

നീയില്ല എന്ന്
എനിക്കെഴുതേണ്ട
വരികളിൽ
ഞാൻ മാത്രം നിറയുന്നു.

നീയില്ല എന്ന് ..

നീയില്ല എന്ന് ..

നീയില്ല എന്ന് ..

മഴയുടെ നിറമുള്ള വെയിൽ വീഴുന്ന
വരാന്തയിൽ
ഞാനിരിക്കുന്നു.
പ്രാണന്റെ മീനുകൾ പിടയുന്ന
ഒരു നദിയെന്നിൽ പിറക്കുന്നു. 
ഒരുനാൾ
അവളൊരു ഭാഷയും
പ്രണയം
അതിലെഴുതിയ
ആദ്യത്തെ 
കവിതയുമാകുന്നു.

എന്നിൽ നിന്നിലേക്ക്
തുറക്കുന്ന
വാതിലുകളെ
ഞാൻ
ഓർമ്മകൾ
എന്ന് വിളിക്കുന്നു.
എന്തുകൊണ്ടോ
നമുക്കതിനിരുപുറം
കാലങ്ങളോളം
കാത്തു നിൽക്കേണ്ടി വരുന്നു.
നീ തീർത്ഥാടകനായ് എത്തുന്ന
മഞ്ഞുവഴികളിലൊന്നാകണം
എന്നുണ്ടെനിയ്ക്ക്.
പ്രണയത്തിന്റെ
ഇടത്താവളങ്ങളിൽ
നാം പരസ്പരം
ചൂട് പകരും.
ഓർമ്മകളായ് ഉരുകും.
പലജന്മങ്ങൾ ഒന്നായ് പിറന്ന്
നാം
ഇരുപ്രാണനുകളായ് പിരിഞ്ഞത്
അതിന് വേണ്ടിയാണ്:
തമ്മിൽ
പ്രണയമെന്ന്
പലവട്ടം
പറഞ്ഞുകൊണ്ടിരിയ്ക്കാൻ;
പലവട്ടം
കേട്ടുകൊണ്ടിരിയ്ക്കാൻ. 

Tuesday

രണ്ട് മനുഷ്യജീവിതങ്ങൾക്കിടയിലെ
അടുപ്പത്തിന്റെ അകലം
അളക്കാനാണ്
പ്രണയം എന്ന വാക്ക്.
എന്റെ ഓർമ്മകൾ മുറിഞ്ഞ്
നിന്റെ മുഖം തെളിയുന്ന
തടാകങ്ങളുണ്ടാകുന്നു.
.
മനുഷ്യന്റെ ചരിത്രത്തോളം
ദീർഘമായ ഓർമ്മകളിലൂടെ
വിരൽ പിടിച്ച് നടന്നിട്ടും
അവസാനിയ്ക്കാത്ത ദൂരം
നമുക്കിടയിലിന്നും :-(

Monday

പ്രണയത്തേക്കാൾ,
നടന്നു തീർക്കാൻ കഴിയാത്ത
ദൂരങ്ങൾ
എവിടെയുമില്ല.
നീയിലല്ല എന്ന തോന്നലിൽ
നീലിച്ച
താടകമൊന്നിൽ
മുഖം നോക്കുന്നു

പതിനാല് അക്കങ്ങൾക്കിരുപുറം
നിറയുന്ന
ശബ്ദവിന്യാസങ്ങളുടെ
താളക്രമത്തിലൊരു
ജീവിതം
ചിട്ടപ്പെടുത്തുന്നുണ്ട്.
അതില്ലാതെയാകുമ്പോൾ
ഹൃദയം
നിലച്ചു പോകുന്നുവെന്നൊരു
തോന്നലുമുണ്ട് 
അവളൊരു പട്ടുനൂൽ പുഴുവായ്
വെന്ത്
പ്രണയത്തിന്റെ ഉത്തരീയം
തയ്‌ച്ചെടുക്കുന്നു.
എന്നിട്ടും
അപരിചിതത്വം അവളെ
നഗ്നയാക്കുന്നു.

യാത്ര പറയുമ്പോൾ പറയുന്ന വാക്കുകളൊന്നും
മനസ്സിൽ സൂക്ഷിയ്ക്കരുത്.
അത്
ആ നിമിഷത്തിൽ മാത്രം
ജനിച്ചു മരിയ്‌ക്കേണ്ടുന്ന
ജീവിതത്തെക്കുറിച്ചുള്ളതാണ് .

യാത്ര പറയുമ്പോൾ പറയുന്ന വാക്കുകളൊന്നും
മനസ്സിൽ സൂക്ഷിയ്ക്കരുത്.
അത്
അന്നോളം പറഞ്ഞ വാക്കുകൾക്കും
അതിൽ പിന്നെ പറയാതെ പോകുന്ന വാക്കുകൾക്കും
ഇടയിലുള്ള
പാലമില്ലാത്ത പുഴയാണ്!
എന്നിലെ
ഓർമ്മകൾക്കാണ്
എന്നും
നിന്റെ പേര്
:-)
രാത്രികൊണ്ട്
സൂര്യനെ പുതപ്പിച്ച്
ഇരുണ്ട് പോകുന്ന
ഭൂമിയാകുന്നു
നീയില്ലാത്ത നേരങ്ങളിൽ
ഞാൻ.

എഴുതാനുണ്ടേറെ

കടലാസ് കൊണ്ട് തുഴയ് 
മിണ്ടാനുണ്ടേറെ

വാക്കുകൾ നീന്ത് 

കരയുണ്ടോ?
അവിടെ 
കടലുണ്ടോ?

നീ അടുത്തുണ്ടാകുമ്പോൾ
ഒന്നും മിണ്ടാനില്ലാതെ
മൗനവ്രതക്കാരിയാകുന്ന
എന്റെ പ്രണയം
നീ അടുത്തില്ലാത്ത നേരത്ത്
വാക്കുകളുടെ പ്രളയം കൊണ്ടെന്നെ
ഭയപ്പെടുത്തുന്നു. 
എന്നിലെ ചെമ്പരത്തിക്കാടുകളെല്ലാം
വെട്ടിത്തെളിച്ച്
ഞാൻ അവിടം നിറയെ
നിന്റെ ഓർമ്മത്തയ്യുകൾ
നട്ട് നനയ്ക്കുന്നു.
ഇലകളുടെ തണുപ്പിൽ
എന്നെ ചേർത്ത് വെച്ച്
ഞാനീ വേനൽ കടന്നുപോകുന്നു.

Sunday

ഒരു യാത്ര പോയി.
വഴിനീളെ ഗുൽമോഹർ മരങ്ങളാണ്.
പരിചിതമാണ് ആ വഴി.
പ്രിയപ്പെട്ടതും.
പൂത്തു തുടങ്ങിയിട്ടില്ല
മരങ്ങളിൽ ഏറെയും.

ആകാശവും
ചുവന്ന് പൂത്ത ചില്ലകളും
വെയിലും
മഴയോർമ്മകളും
നീയും
നിറയാറുണ്ടായിരുന്ന
യാത്രകളെക്കുറിച്ച്
ഓർത്തുകൊണ്ട്
ആ വഴി
അങ്ങനെ കടന്നു പോയി.

ഇനിയും പൂക്കാൻ തുടങ്ങിയിട്ടില്ലാത്ത
മരങ്ങൾ
നിന്നിൽ നിന്ന് എന്നിലേക്കുള്ള
ദിവസങ്ങളുടെ അകലം
എത്രയെന്നോർമ്മിപ്പിയ്ക്കുന്നു.

എന്നിട്ടും
അകലമത്രയൊന്നുമില്ലെന്ന്
ചില ചില്ലകൾ
എന്നിലെ നിന്റെ ഓർമ്മകളിൽ
ചുവന്ന്
തലനീട്ടുന്നു.
തനിച്ചല്ലെന്ന്
നമ്മളന്യോന്യം പറയുന്നു.

Friday


പരസ്പരം
തീവ്രമായ
സ്നേഹത്താൽ സ്വതന്ത്രരായവർ.

എത്ര സ്വാതന്ത്ര്യം
പരസ്പരം പങ്കിടുന്നുവോ 
അത്ര പൂർണ്ണമാകുന്നു
ജീവിതം
എന്നറിയാവുന്നവർ 
എന്നിലൊരു കുടയുണ്ട്;
എനിയ്ക്ക് നീ വേനലും മഴയുമാണ്.

Wednesday

നീയില്ലാത്ത എന്നിലല്ലാതെ
മറ്റെവിടെയാണ്
ഇത്രയും കനത്ത
വേനൽ?!

Saturday

ഞാൻ എന്നിലേക്ക് തിരിച്ചു വന്നത് ഇങ്ങനെയാണ്:
നിന്നോടുള്ള പ്രണയത്തിന്റെ
കപ്പൽ കയറി!

ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത് ഇങ്ങനെയാണ്:
നിന്നോടുള്ള പ്രണയത്തിന്റെ
വാതിലിലൂടെ.


Wednesday

വല്ലപ്പോഴും ജനാലയില്‍ ഒരു മഞ്ഞ ശലഭം വന്നിരിക്കും.
എന്തൊക്കെയോ ഓര്‍മ്മിപ്പിക്കും.
കുറേ നേരം അവിടെയിരുന്ന് ചിറകിളക്കി പിന്നെയത് എങ്ങോട്ടോ പറന്നു പോകും

Tuesday


നമുക്ക് 
നമ്മളായ് തോന്നുന്ന ചിലരെ 
ചേർത്ത് പിടിയ്ക്കാനുള്ള തീരുമാനമാണ് 
ജീവിതം.
മീനുകളായ് ജനിയ്ക്കുന്നതിന് മുൻപേ
നാം
സമുദ്രങ്ങളായിരുന്നു.
അതിനും മുൻപ്
 രണ്ട് ജലകണികകൾ.

Monday


ആരാണ് ആ കഥ പറയാൻ പോകുന്നത്?
നിന്നെ ഞാനായി മാറ്റുന്ന മന്ത്രവാചകമാണതിലെ
അവസാനത്തെ വരി.

Wednesday

എത്ര ശൂന്യമാണ് എന്നിടം.
നിനക്ക് മാത്രമായ് നിറയാൻ
ഞാൻ
എന്നെത്തന്നെ ഒഴിച്ചിടുകയാണ്.
ഒന്നിച്ചൊരു യാത്ര പോകാതെയെങ്കിലും
നാം കണ്ട
ഭൂപടത്തിലില്ലാത്ത ദേശങ്ങൾ.
ഓരോ വാക്കും
എഴുതിക്കഴിയുമ്പോൾ
(നിന്നെക്കുറിച്ചുള്ള എന്റെ )
ഓരോ ആഗ്രഹങ്ങളിൽ നിന്നുമാണ്
ഞാൻ പിൻവാങ്ങുന്നത്.
:-)
നിന്റെ മീൻ ജീവിതത്തിന്
ഭൂമിയിൽ ഒറ്റസമുദ്രമേ
ഉണ്ടാകാവൂ
ഞാൻ എന്നാവണം അതിന് പേര്.

Tuesday

ഒരു നദിയിലൂടെ
ഒറ്റയ്ക്ക് തുഴഞ്ഞു പോകുന്നൊരാൾ
ആ നദിയെ
അറിയുന്ന പോലെയാണ്
ഞാൻ നിന്നെ
എന്റെ പ്രണയത്തിൽ
ചേർത്തു നിർത്തുന്നത്.
നാം
ഒരേതരം ഭ്രാന്തുകൾക്കിടയിൽ കണ്ടുമുട്ടുന്നു.
പരസ്പരം
ഉന്മാദമായ് മാറുന്നു.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എനിയ്ക്കിപ്പോഴും
എന്നെ
തിരഞ്ഞു പോകാൻ
ഒരിടമില്ലാത്തത്.
എന്നെ വിളിയ്ക്കാൻ
എനിയ്ക്കൊരു പേരില്ലാതെ പോയത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്നിൽ മാത്രമായ്
എനിയ്ക്ക്
കാടും കടലും നിറയ്‌ക്കേണ്ടി വന്നത്.
മനസ്സിലല്ലാതെ
മറ്റൊരു മഴയിലും
ഞാൻ
നനയാതെ പോയത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്റെ ആകാശം
ഒരു ജനൽ ചതുരമായതും
എന്റെ കിളികൾക്ക് കൂടുകെട്ടാൻ
മരച്ചില്ലകളില്ലാതെ പോയതും.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
ഞാൻ വരച്ച പൂമ്പാറ്റകൾക്ക്
പൂക്കളിലെത്താൻ
കഴിയാതെ പോയത്.
സൂര്യനെന്നും ഒരേ കോണിൽ
ചുവന്ന് കത്തിയത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
കറുത്ത ചായം പടർന്ന
ചുവരാണ്
രാത്രി എന്ന്
ഞാൻ പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്.
നനവ് പടർന്ന് മാത്രം 
നിറം പകരുമ്പോഴവിടെ 
നിലാവ് ഒഴുകിയത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്നിൽ ഭൂപടങ്ങൾ ഇല്ലാതെ പോയത്.
ഞാൻ
വാതിലുകൾ തുറക്കാതിരുന്നതും
വഴി തിരയാതിരുന്നതും.
അപരിചിതമായ ഒരു ഭാഷയുടെ
അതിഥിയായ് ഞാൻ മാറിപ്പോയത്.
എന്നിലെ നഗരങ്ങൾ
പകലിലും ഉറങ്ങിപ്പോയത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്റെ രാവിനും പകലിനും
ഒരേ നിറമായത്.
ഋതുഭേദമില്ലാത്തൊരു താഴ്‌വാരമെന്നിൽ
ഉറഞ്ഞുകിടക്കുന്നത്.
എന്നിലെ സമുദ്രങ്ങളിൽ
മീനുകൾ തുഴയാത്തത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എനിയ്ക്ക് ഒരു പൂവിന്റെ മുഖവും
പക്ഷിയുടെ പേരും
ഇല്ലാതെ പോയത്.
എനിയ്ക്കൊരു
നദിയുടെ
കാറ്റിന്റെ
കാടിന്റെ
മേൽവിലാസം ഇല്ലാതെ പോയത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
ഈ ജന്മത്തിലും ഞാൻ
പുനർജന്മങ്ങളെക്കുറിച്ച്
പറഞ്ഞുകൊണ്ടിരിക്കുന്നത്.


നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്



നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്

Monday

നീ ഒരൊറ്റത്തുള്ളി മതി.

എവിടെയാണെങ്കിലും
എന്റെ പ്രാണന്റെ വേര്
അത് തിരഞ്ഞെത്തിക്കൊള്ളും.
എത്രയായിരം ശിഖരങ്ങളുമായാണ്
നീ
എനിക്കും ഈ വേനലിനുമിടയിൽ
 തണൽ വിരിച്ചു നിൽക്കുന്നത്!
നിന്നിലൂടൊഴുകുന്നൊരു നദിയാണെന്ന
മേൽവിലാസം മാത്രം മതി എനിയ്ക്ക്.
ആഴം കൊണ്ടറിയാം,
നിന്നിലെ
ആ മുറിവ്
ഞാനായിരുന്നു!

Sunday

എന്നിൽ നിന്നെ
കൊത്തി വയ്ക്കുന്ന
ശില്പിയാണ് പ്രണയം.
നീ വിരൽ തൊട്ടാൽ
ശിലയിൽ പ്രാണനൊഴുകും.
പ്രണയത്തിന് തീ പിടിച്ചാൽ
പച്ചമരങ്ങൾ പോലും കത്തും
പെരുമഴത്തു പോലും നിന്ന് കത്തും.

Saturday

എനിയ്ക്ക് ആ കഥ മാത്രം കേട്ടാൽ മതി.
ഒരേ വാക്കിന്റെയിരുപുറവുമിരുന്ന്
നീയും ഞാനും
സ്വപ്നം പോലും കാണാതെ
സുഖമായ് ഉറങ്ങിപ്പോയ
ആ കഥ.
ഒരു വാക്ക് കൊണ്ട് മാത്രമായ്
ജീവിതത്തെ മുഴുവൻ എഴുതാൻ കഴിയണമെങ്കിൽ
ആ വാക്ക്
പ്രണയം എന്നതായിരിക്കണം.

Thursday

ഒരുതവണ കേട്ടാലും
ഒന്നിലേറെത്തവണ കേട്ടാലും
ഒരുപോലെ
അപരിചിതമാണ്
ചിലർക്ക്
പ്രണയം എന്ന വാക്ക്!
ഓരോ തവണ ഞാൻ കുരിശിലേറ്റുമ്പോഴും
ഉയർത്തെഴുന്നേൽക്കാൻ
മൂന്ന് നാൾ പോലും
വേണ്ടതില്ലാത്ത എന്റെ ദൈവം- നീ.
നിന്നലെ ഓരോ മുറിവുകളും
ഞാനാണല്ലോ
എന്ന് ചോരപൊടിയുന്നു, ഓർമ്മകളിൽ.
:-(
അയൽക്കാരന്റേത് മാത്രമാണ് പ്രണയം.
നമ്മുടേതൊക്കെ ജീവിതം.
കടം പറഞ്ഞിട്ടില്ലാത്ത ഒരേയൊരു സ്നേഹം.
ഞാനപ്പോൾ നിന്നെ ഓർത്തു.
നീ ഞാനായി മാറിയത് അങ്ങനെയാണ്.
എന്റെ വേദപുസ്തകം!
വായിക്കുമ്പോൾ
ഒരിയ്ക്കൽ പോലും
എനിയ്ക്ക് മനസ്സിലാകുന്നില്ല
എന്റെ ദൈവം
എന്നെ സ്നേഹിക്കുന്നത്
എങ്ങനെയാണെന്ന്!
ഞാൻ
മുടി വളർത്തിയൊരു മരമാണെന്ന്
പറഞ്ഞ പെണ്ണ് !
വേരുകളാഴ്ത്തി
നിന്നിൽ വളരുന്നെന്ന്
പറഞ്ഞ പെണ്ണ് !
ആ പെയ്ത മഴയൊക്കെ
നീ ആയതുകൊണ്ടല്ലെ
ഞാനിങ്ങനെ
നനഞ്ഞു നിന്നതെന്ന്
പറഞ്ഞ പെണ്ണ് !
ആ മഴയെ അല്ലേ
വേനലിൽ
പൂവായ് അണിഞ്ഞതെന്ന്
ചിരിച്ചു പറഞ്ഞു
തലകുടഞ്ഞ്
മുടി വിടർത്തി
നിന്നെയൊളിപ്പിച്ചു വെച്ച
കുസൃതിപ്പെണ്ണ് !
ആകാശങ്ങളില്ലാതെയാകുന്നുണ്ട്.
ആരും കാണാത്തൊരു മഴയിൽ
നനയുന്നുണ്ട്


ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിലല്ല;
നീ ഇപ്പോഴുമെന്നെ കണ്ടെത്തിയിട്ടില്ല എന്നതിലാണത്ഭുതം!

Sunday

മുന്നൂറ്റി അറുപതിയഞ്ചു തവണ
നീ എന്ന്  എഴുതിക്കഴിയുമ്പോൾ
മുൻപത്തേക്കാൾ ഹൃദിസ്ഥമായിട്ടുണ്ടെനിയ്ക്ക്
നാം എന്ന വാക്ക്!

(365)
:-D
നിനക്ക് ആ കഥ ഓർമ്മയില്ലേ?!
നാം പറഞ്ഞവസാനിപ്പിച്ചിട്ടും
അവസാനിയ്ക്കാതെ
ബാക്കിയായ
ആ കഥ?
ചേർന്നിരിക്കുന്നുവെന്ന് ആരുമറിയാതിരുന്നിട്ടും
നീയില്ലാതെയില്ല ഞാനെന്ന്
നാം തമ്മിൽ പറഞ്ഞുകൊണ്ടേയിരുന്ന ആ കഥ.
ആ കഥയിലെ അടുത്തടുത്ത വാക്കുകളായി
തമ്മിൽ കണ്ടുകൊണ്ടേയിരിക്കുകയാണ് ഇന്നും നാം.

എത്ര പറഞ്ഞാലും
മതിവരാത്തൊരു കഥയുടെ
ആദ്യ വാചകത്തിൽ നിന്ന്
എന്നിലേയ്ക്ക് ഊർന്നിറങ്ങുന്ന
വള്ളിപ്പടർപ്പായ് ഇലകൾ നീട്ടുന്ന നീ.
അതിൽ നിന്നെന്നിലേക്ക് നിന്റെ
വാക്കുകളുടെ മഴ കൂടി പെയ്തിറങ്ങണം..
അതിലാകെ നനഞ്ഞു
പിന്നെ
പല രാത്രികൾ
പനിയ്ക്കണം.

നീ എന്ന താളത്തിലാണ്
എന്നെ ചിട്ടപ്പെടുത്തിയത്.
നിന്നെ
കേൾക്കാതെയാകുമ്പോൾ
എന്നിൽ
വരികൾ പോലും
ബാക്കിയില്ലാതാകുന്നു.

കണ്ടുമുട്ടിയപ്പോൾ നാം നഗ്‌നരായിരുന്നു.
ഇപ്പോൾ പരസ്പരം പുതപ്പുകൾ തിരയുന്നു.

Saturday

നീ മിണ്ടാതെയിരിക്കുമ്പോൾ ഭാരമേറുന്നതും
നീ  മിണ്ടിക്കൊണ്ടേയിരിക്കുമ്പോൾ എന്നെ ചിറകിലേറ്റുന്നതുമായ
ഒന്ന്
വാക്കുകളല്ലാതെ
മറ്റെന്താണ്!?
നീ ചേരുമ്പോൾ വാക്കുകൾ കവിതയായും
നീ കലരുമ്പോൾ പ്രാണൻ ജീവിതമായും
മാറുന്ന വിസ്മയമാണ്
ഭൂമിയിൽ എന്റെ ഇടമൊരുക്കുന്നത്.

ചിലപ്പോൾ തിരിച്ചു പോകാൻ തോന്നും;

നീ മിണ്ടാതെയിരിക്കുമ്പോൾ
വാക്കുകൾ  മാഞ്ഞു പോവുകയും
നീ തൊട്ടുനോക്കാതെയിരിക്കുമ്പോൾ
പ്രാണൻ നിശ്ചലമാവുകയും
ചെയ്യുന്ന നേരങ്ങളിൽ
തിരിച്ചു പോകാൻ തോന്നും.

ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള ജാലകം തുറന്ന്
വളരെ പതുക്കെ,
മന്ദമായ് ഒഴുകുന്ന നദിയെന്ന പോലെ
മടങ്ങിപ്പോകാൻ തോന്നും.
ഓരോരോ ജലകണമായ്
ആരുമറിയാതെ
ഒരു നദി മാഞ്ഞു പോകുന്നപോലെ
നീ ഇല്ലാതെയാകുന്നെന്ന തോന്നലിൽ നിന്ന്
ഒരു തിരിച്ചു പോക്ക്,
ഞാൻ മാത്രം പാർക്കുന്ന ആകാശഗോളത്തിലേക്ക്...
ഏറ്റവും അകലെയുള്ളൊരു നക്ഷത്രത്തിൽ നിന്ന്
പ്രകാശവർഷങ്ങൾ നീളുന്നൊരു യാത്ര
എന്നിലേക്ക്
നീ
തുടങ്ങിയിട്ടുണ്ടെന്ന ഉറപ്പിൽ ..

നീ  കാണാതെയിരിക്കുമ്പോൾ
നിറങ്ങളുപേക്ഷിയ്ക്കുന്ന
പൂക്കളാണ് എന്റെയുള്ളിൽ പൂവിടുന്നതെല്ലാം.

നിന്നെ കാണാതെയിരിക്കുമ്പോൾ
പൂക്കാൻ മറക്കുന്നു
ഞാൻ പാർക്കുന്ന കാട്!
എന്നെ കേട്ടുകൊണ്ടിരിയ്ക്കുമ്പോൾ ഞാൻ നിന്നെ ഓർക്കുന്നു.
നിന്നെ ഓർക്കുന്ന നേരത്തെല്ലാം ഞാൻ ജീവിച്ചിരിക്കുന്നു.

Friday

ഇടതും വലതും കൈവിരലുകൾ പോലെ
ചിലനേരങ്ങളിൽ നാം കാണാതെയാകുന്നുണ്ട്.
കനൽ തൊട്ടപോലൊരു പിടച്ചൽ
ഒരുപോലെ നാം അറിയുന്നുണ്ട് .
ഒന്നു ചേരുന്നതെന്നെന്ന് നാം
നമ്മിലെണ്ണം പഠിയ്ക്കുന്നുണ്ട്.
ഒരേ ഓർമ്മക്കോശങ്ങളിൽ
ഒരേ ആഗ്രഹങ്ങളിൽ
ഒരേനേരം
നാം വന്നുചേരുന്നുണ്ട്.
എന്നിട്ടും
ഇടതും വലതും കൈവിരലുകൾ പോലെ
ചിലനേരങ്ങളിൽ നാം കാണാതെയാകുന്നുണ്ട്.

നിന്റെ മറവിയേക്കാൾ മൂർച്ചയുള്ളതും
ഓർമ്മകളേക്കാൾ ഭാരമേറിയതുമായ
മറ്റൊന്നുമില്ലെന്ന തോന്നലിൽ
തടവിലാകുന്ന ചില ദിവസങ്ങളുണ്ടിങ്ങനെ!
ഭൂമിയുടെ വാതിൽ തുറന്ന്
എന്റെ ആകാശഗോളത്തിലേക്ക്
തിരിച്ചു പോകാൻ തോന്നുന്ന ദിവസങ്ങൾ!
ഞാനൊരു അക്ഷരമാണ്;
ചിലയിടത്ത് ഞാൻ ചേർന്നിരിക്കുമ്പോൾ
ആ വാക്ക് തന്നെ തെറ്റിപ്പോകുന്നു.
ചിലയിടത്ത് ഞാനില്ലാതാകുമ്പോൾ
ആ വാക്ക് തന്നെ തെറ്റിപ്പോകുന്നു.

നീ എന്ന വാക്കിലെന്റെ ചേർച്ചയെക്കുറിച്ചേ എനിക്കുറപ്പുള്ളൂ!
:-)

നീ എന്ന
ഒറ്റക്ഷരം കൊണ്ട് എഴുതാവുന്ന
ഒറ്റവാക്കാണ്
ഞാൻ!
നീ എന്ന വാക്കിലിങ്ങനെ
ഒറ്റയ്ക്ക് നില്ക്കാനാണെനിയ്ക്കിഷ്ടവും!
കാത്തിരിയ്‌ക്കേണ്ടെന്ന്
എന്നെ ഓർമ്മിപ്പിച്ചു
കടന്നു പോകുന്ന
നിന്റെ അസാന്നിധ്യം.
എന്നെ കാത്തിരിയ്ക്കുന്ന
ആകാശഗോളങ്ങൾ
എന്നിലേക്ക്
നിന്റെ അസാന്നിധ്യത്തിന്റെ ഒപ്പിട്ടയക്കുന്ന
യാത്രാരേഖകൾ!

:-(
അവളുടെ സങ്കടങ്ങളിലും നിരാശകളിലും അവൾ,
അവനായ് മാറുന്നുണ്ട്.
അവളുടെ പ്രതീക്ഷകളിലും ആഹ്ളാദങ്ങളിലും അവൾ,
അവനെ ഓർക്കുന്നുണ്ട്.
ഇനിയൊരിക്കൽ
അവളുടെ ജീവിതമായ്
അവനെ
അവൾക്ക്
പകർത്തി എഴുതണം.
അതിന് മാത്രമായ് 
അവൾക്ക് പിറക്കണം.
ആരാണ് ഞാനെന്ന്
എനിക്ക് പോലും മനസ്സിലാക്കാൻ
കഴിഞ്ഞത്ര
നീയായ്‌ മാറിപ്പോയ ഞാൻ!
മരണാനന്തരം എന്റെ പ്രാണൻ
നിന്റെയുടലിൽ ഉറങ്ങുന്നു;
നിന്റെ പ്രാണനിൽ ഉണരുന്നു.

Wednesday

നിന്റെ
മുഖചിത്രത്തിൽ നിന്ന്
ഓർമ്മകളിൽ നിന്ന്
ഉടലിൽ നിന്ന്
കോശങ്ങളിൽ നിന്ന്
ഞാൻ
പിൻവാങ്ങുന്നു.
എന്റെ ജീവിതത്തിലേക്ക് മടങ്ങുന്നു.
നിന്റെ പ്രണയമുള്ളതെന്ന്
അവിടെയാണ് എന്ന്
ഞാൻ
അറിയുന്നു.
കവിതകളേക്കാൾ മനോഹരമാണ് ജീവിതം.
അത് നാം തന്നെ എഴുതേണ്ടത് കൊണ്ട്,
ചില നേരങ്ങളിൽ നമുക്ക് മതിപ്പ് തോന്നുന്നില്ല എന്നേയുള്ളൂ.
അക്ഷരങ്ങൾ ഉടുത്തു നിൽക്കുന്ന ഓർമ്മകൾ എന്നെ സന്ദർശിയ്ക്കുന്നു.
അവരല്പം ഉറക്കെ സംസാരിയ്ക്കുന്നു.
നീ വന്നു വിളിച്ചെന്നോർത്ത് ഞാൻ,
വാക്കുകൾ നിറച്ചൊരത്താഴം ഒരുക്കിവയ്ക്കുന്നു.
ഞാൻ വിശ്വസിയ്ക്കുന്നത് കൊണ്ട് (എന്റെ) ദൈവമുണ്ട്.
ഞാൻ പ്രണയിക്കുന്നത് കൊണ്ട് (എന്നിൽ) പ്രണയവും ഉണ്ട്.
നിങ്ങളുടെ കവി പ്രണയത്തിലാണ്.
അവൻ
അവന്റെ പ്രണയിനിയുടെ കവിതയായ്
മാറിപ്പോയിരിക്കുന്നു.

നീ എന്ന വാക്കിൽ പറഞ്ഞു തുടങ്ങിയതെല്ലാം
കവിതയാവുന്നു.
നീ എന്ന ഓർമ്മയിൽ ഉണർന്ന പകലുകളെല്ലാം
പ്രിയപ്പെട്ടതാവുന്നു.
നിന്നിൽ അവസാനിയ്ക്കേണ്ട
കവിതകളും ഓർമ്മകളും പകലുകളും വാക്കുകളും
എന്നെ പൂർണ്ണമാക്കുന്നു.
എനിയ്ക്ക് എന്നോട് കൊതി തോന്നുന്നു.
നിന്നിലുണ്ട് ഞാനെന്നത്‌ കൊണ്ട്
നന്നായി
നിന്നെയൊന്ന്
നിനക്ക് സ്നേഹിച്ചുകൂടെ  എന്ന്
നിന്റെ ഞാൻ ചോദിച്ച ആ ദിവസം.

Monday


നിന്നിലെ കാടുകൾ പൂത്തു തുടങ്ങുമ്പോൾ
ഞാനാവണം അതിലെ മരങ്ങൾ മുളച്ച വിത്ത്!

 ആരും കേൾക്കാതെ
നാം
ഒന്നും പറയുന്നില്ല.
കാലങ്ങളോളം മിണ്ടാതിരിയ്ക്കുന്നു
എന്ന് തോന്നും.
എന്നാലൊരു വൃത്തം വരച്ചുണ്ടാക്കുന്ന ഘടികാരത്തിൽ
സൂചികളായ്
അതിനിടയിൽ പലവട്ടം
നാം
ചേർന്ന് നിൽക്കുന്നുണ്ട്.

Sunday

-" ഉള്ളിലുള്ള സന്തോഷത്തിന്, ആത്മവിശ്വാസത്തിന്, നല്ല ഓർമ്മകൾക്ക് ഒരു പേരുണ്ടായിരിക്കുക.
ആ പേരിനോട് ചേർന്ന് ഉള്ളിൽ നിറഞ്ഞിരിയ്ക്കുന്ന അനുഭവങ്ങളുണ്ടായിരിക്കുക.
ആ അനുഭവങ്ങളെ എപ്പോഴും അറിഞ്ഞു കൊണ്ടിരിയ്ക്കുക.

ആ വിസ്മയത്തെയാണ് പ്രണയം എന്ന ഒറ്റവാക്ക് കൊണ്ട്  പറയാൻ ശ്രമിയ്ക്കുന്നത്. "


-" ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? "

-" ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?  എന്നല്ല ചോദിയ്ക്കേണ്ടത്. ആരെയെങ്കിലും പ്രണയിക്കാതിരുന്നിട്ടുണ്ടോ എന്ന്? "

- "ആരെയെങ്കിലും പ്രണയിക്കാതിരുന്നിട്ടുണ്ടോ? "

- "ഉണ്ട്. പ്രണയത്തിൽ ആഗ്രഹങ്ങൾ ഒളിപ്പിച്ചു വെച്ചവരെ. ആഗ്രഹങ്ങൾ നടപ്പിലാക്കാൻ ഒരു മാധ്യമമായ് പ്രണയത്തെ കണ്ട എല്ലാവരെയും പുറത്ത് നിർത്തിയിട്ടേ ഉള്ളൂ :-(

(ഏകാകികളുടെയും അപരിചിതരുടെയും പ്രണയം.)

Wednesday

നിശബ്ദമായ് പ്രണയിക്കപ്പെടുക
അതിമനോഹരമാണ്.
അതിസാഹസികവും.
ഇരുട്ടിലെ  ഇരുട്ടും
വെളിച്ചത്തിലെ വെളിച്ചവും -
അങ്ങനെയല്ലാത്ത ഒന്നിനെ
എന്നിലെ നീയെന്നും
നിന്നിലെ ഞാനെന്നും
പറയാനാകുന്നതെങ്ങനെ?
പ്രണയത്തിൽ ദുഃഖമില്ല.
ദുഃഖം പ്രണയത്തിന്റേതല്ല;
ആഗ്രഹങ്ങളുടേതാണ്.

എനിയ്ക്ക് ചിലപ്പോൾ ഹവ്വയാകണമെന്ന് തോന്നും.
നിനക്കു മാത്രമുള്ളതാണ് ആദമെന്ന പേര് !

Sunday

ഒരു നിമിഷം കൊണ്ട് ഉണ്ടാകുന്ന
ഒരു വിപ്ലവമേയുള്ളൂ -
പുരുഷൻ.
ആ വിപ്ലവം
ഒരു കവിതയിൽ നിന്നാണ്.
സ്ത്രീ എന്ന് പേരുള്ള കവിത..
ഒറ്റ വായനയിൽ
എനിയ്ക്ക് മനസ്സിലാകുന്ന കവിതയല്ല നിന്റെ പ്രണയം.
നിന്നെ ഒന്ന് ഇരുത്തി പഠിയ്ക്കാനുണ്ട് ;-)

Thursday

ഒറ്റ വരിയിൽ സ്നേഹത്തെക്കുറിച്ച്
പറയാൻ കഴിയില്ല.
ഒരാൾക്കൂട്ടത്തിനിടയിൽ
പെട്ടെന്ന് തെളിഞ്ഞ്
മാഞ്ഞു പോകുന്ന
ഒരു മുഖത്തെ പരിചയപ്പെടുത്തുന്നത്
പോലെയാകുമത്.
ഒരു വരി നീയും
അതിനടുത്തത് ഞാനും എഴുതുന്നത്
കവിതയാകുന്നുവെങ്കിൽ
സ്നേഹം കൊണ്ട്
നമുക്കൊരു മഹാകാവ്യം എഴുതണം;
ജീവിതം കൊണ്ട്
വായിച്ചാലും വായിച്ചാലും
മതിവരാത്തൊരു
പുസ്തകവും.

എല്ലാ വരികളും
നീ
എന്ന വാക്കിൽ തുടങ്ങുന്ന
കവിതകളാണ്
ഞാനെഴുതുന്നത്.
തുടർന്ന് വായിക്കണമെന്നില്ല;
അതിൽ
പ്രണയം
മാത്രമേയുള്ളൂ!

Wednesday

അളവുകളിലൊതുങ്ങാത്തൊരവൾ;
അവൾക്കുള്ളതെല്ലാം !

നമ്മുടെ ഉള്ളിലെ പാറക്കെട്ടുകൾക്കിടയിലൂടെയാണ് നാം എപ്പോഴും ഒഴുകുന്നത്:
അല്പം കൂടി നാം മൃദുവാകാനുണ്ടെന്ന്
മിനുസപ്പെടാനുണ്ടെന്ന് ഓർത്ത് കൊണ്ട്.
ഉള്ളിലെ അലിവിന്റെ നീരുറവകൾ പുറത്തേക്ക് ഒഴുകുമെന്ന് തീവ്രമായ് ആഗ്രഹിച്ചു കൊണ്ട്.

നമ്മുടെ ഉള്ളിലെ പാറക്കെട്ടുകൾക്കിടയിലൂടെയാണ് നാം എപ്പോഴും ഒഴുകുന്നത്:
നമുക്കുള്ളിലെ ധാർഷ്ട്ര്യം, മത്സരം, കാലുഷ്യം  എല്ലാമെല്ലാം
ഒരു ദിവസം പൊടിഞ്ഞു പൊടിഞ്ഞു തീരേണ്ടതാണെന്ന് അറിഞ്ഞു കൊണ്ട്.

പുഴയും പാറക്കെട്ടുകളും നമ്മുടെ ഉള്ളിൽ തന്നെയാണ്;
അനേകമനേകം ഋതുഭേദങ്ങളും!
എൻ്റെ
എല്ലാവാക്കുകളിലും
എന്നെ തിരയേണ്ട നീ.
നീയില്ലാത്തയിടങ്ങളിൽ
ഞാനുമുണ്ടാവില്ല. 

Tuesday

പ്രണയത്തെക്കുറിച്ച്
പറയേണ്ടതില്ലാത്തപ്പോൾ
മൗനിയാകുന്ന ഒരുവൾ.

പ്രണയത്തെക്കുറിച്ചാകുമ്പോൾ
നിന്റെ
നാവായ് മാറുന്നവൾ.

Sunday

എല്ലാവരും അവനവന്റെ കവിതാ പുസ്തകം. 
ഞാൻ ഇതുവരേയും
നിന്നെക്കുറിച്ച് എഴുതിയിട്ടില്ല.
എന്നെക്കുറിച്ചെഴുതിയ ഇടത്തെല്ലാം
നീ കൂടി
ഉണ്ടായിരുന്നു
എന്ന് മാത്രം 
"നീ ഉണ്ടായിരുന്നു എന്ന് എനിക്ക് ഓർമ്മയില്ലെന്ന്"
നീ പറയുന്നതാണ്
എന്റെ ഓർമ്മകൾ
എഴുതാനുള്ള
അവസാനത്തെ പേജ്!
ഞാൻ,

നിന്റെ സാമ്രാജ്യങ്ങൾക്ക് മീതെ
ആകാശം വലിച്ചു കെട്ടുന്നവൾ.

നീ മരമായി കിളിർക്കുമെന്നുറപ്പിച്ച്
പക്ഷികളെ വളർത്തുന്നവൾ.

നിന്നെ ചേർത്തുപിടിച്ച് സൂര്യാസ്തമനത്തിൽ
കണ്ണുകളടയ്ക്കുന്ന ജലപുഷ്പം.

പാതിവഴിയ്ക്കു വെച്ച്
മേഘത്തിലേയ്ക്ക് തിരിച്ചു പോയ മഴ.

ഒരിടത്തും കടലായ്
മാറേണ്ടതില്ലാത്ത നദി.

ഇഷ്ടമാണ് ഇഷ്ടമാണ് എന്ന്
കൈകൾ നീട്ടുമ്പോഴൊക്കെ
പൊള്ളുന്നു പൊള്ളുന്നു എന്ന്
ആരും വിരൽ പിടിയ്ക്കാത്തൊരു
വെയിൽ കഷ്ണം.

ഞരമ്പുകളിൽ നീരുറവകൾ
ഒളിപ്പിച്ചു വെച്ച മരുഭൂമി.


ഞാൻ,

എപ്പോൾ വേണമെങ്കിലും
വീട് വിട്ട്
ഓടിപ്പോയേക്കാവുന്നൊരു കുട്ടി.
സ്നേഹം ഭിക്ഷ കിട്ടുമ്പോൾ
മാത്രം
എല്ലാ നിഷ്‌ഠകളും
തെറ്റിയ്ക്കുന്ന സന്ന്യാസി.

ഹൃദയങ്ങൾ സൂക്ഷിയ്ക്കാനൊരു അത്തിമരം.

തുന്നൽക്കാരിയുടെ വിരലുകളും
പാചകക്കാരിയുടെ രസമുകുളങ്ങളും
ചിത്രകാരിയുടെ സ്വപ്നങ്ങളും ഉള്ളവൾ.

വാക്കുകൾ പ്രസരിപ്പിയ്ക്കുന്ന
നക്ഷത്രത്തെ
വലം വയ്ക്കുന്ന ഒരാൾ.

ഞാൻ, 
ആരാണ് നീ എന്ന 
ചോദ്യത്തിന് മുൻപിൽ മാത്രം
മൗനി ആകാത്ത
ഒരുവൾ ;-).

Thursday

ആകാശത്തോളം കണ്ണുകൾ നിറഞ്ഞു
ചിരിച്ചിട്ടുണ്ടാവില്ല
ആരും.
ഒരു കവിതയിലേക്ക്
ഒരു നേർത്ത തുണിയിലേക്കെന്നപോലെ
എന്നിൽ നിന്ന് നിന്നെ
അരിച്ചെടുക്കണം.
അതെന്റെ അവസാനത്തെ കവിതയായ്
അച്ചടിയ്ക്കപ്പെടണം.
പ്രണയത്തിൻ്റെ കണ്ണുകളിലെഴുതുന്ന
മഷിയിൽ
നീ എന്ന പുഴ പിറക്കുന്നു.



എല്ലാ പ്രണയത്തിന്റെ ഒടുവിലും
ഒരാൾ മാത്രം ബാക്കിയാകുന്നു.
ആരെയും കാത്തിരിക്കേണ്ടതില്ലാത്ത
ഒരാളാകുന്നു.

Tuesday

നിനക്ക് മാത്രം ചിട്ടപ്പെടുത്താൻ കഴിയുന്ന സംഗീതം ഉണ്ട്
എന്റെയുള്ളിൽ.
നീ മൂളിപ്പാടുമ്പോൾ മാത്രം
ഞാൻ എന്നെ കേൾക്കുന്നത്
അതുകൊണ്ടാവണം.

Saturday

നാം പ്രണയത്തെക്കുറിച്ചാണോ
പ്രണയം നമ്മെ കുറിച്ചാണോ പറയുന്നത്
എന്നറിയാത്ത ഒരാൾ.
രണ്ടായാലും ഒരേ വാക്കുകൾ
കേൾക്കുന്ന  ഒരാൾ.
ഞാൻ!
എല്ലാ വാക്കുകളും സ്നേഹത്തെക്കുറിച്ച്
പറയുന്ന ഭാഷയാണ് ഞാൻ
പരിശീലിയ്ക്കുന്നത്.

വാക്കുകൾ പ്രസരിപ്പിയ്ക്കുന്ന
ഒരു നക്ഷത്രത്തിന് ചുറ്റും
ഭ്രമണം ചെയ്യുകയാണ് ഞാൻ.
അന്നേരങ്ങളിൽ
എന്നിൽ ഉണർന്നു പാടുന്ന
പക്ഷികളെയാണ് ഞാൻ
എല്ലായിടത്തും വരച്ചിടുന്നത്.
അന്വേഷിച്ചു തുടങ്ങിയത്, സ്നേഹത്തെക്കുറിച്ചാണ്.
അന്യോന്യം  കണ്ടെത്തുകയായിരുന്നു,നാം.

Friday

ഓരോ തവണയും മുങ്ങിപ്പോകുന്നത്
സ്നേഹത്തിലേക്കാണ്.

എന്നിൽ നിന്ന്
ഞാൻ വീണുപോയ
ആഴക്കടലിലേക്കാണ്.

Thursday

വാക്കുകളെല്ലാം അവൾക്കുള്ളതാണ്.
അങ്ങനെയെങ്കിൽ
അതിൽ ചില വാക്കുകൾ മാത്രമായ്
അവളോട് പറയുന്നതെങ്ങനെ?
ആകാശമാണ് ഞാൻ.
കണ്ട് നിൽക്കാമെന്നെല്ലാതെ
കൈകൊണ്ട് ഒന്ന് തൊട്ടു നോക്കാൻ പോലുമാവില്ല;
അവർക്കെന്നെ.
അറിയാമറിയാമറിയാം;
എന്നിരുന്നാലും
അടുത്തില്ലേയെന്ന്
തൊട്ടുനോക്കുന്നത് പോലെ,
സ്വപ്നത്തിലാണോ എന്ന്
നുള്ളിനോക്കുന്നത് പോലെ,
ചുണ്ടുകളിലൊന്ന്
നിന്റേതാണോ എന്റേതാണോ
എന്ന് തീർച്ചയില്ലാത്ത പോലെ
നിന്നെ എന്നിലിങ്ങനെ തിരയുന്ന ഞാൻ!
വെയിൽ ചായുന്ന നേരം
നിന്നിൽ
അഞ്ചിതളുള്ള മഞ്ഞപ്പൂവായ്
വിരിഞ്ഞു നിൽക്കണമെന്നുണ്ട്.
നിന്റെ സ്വപ്നങ്ങൾ 
സുഗന്ധമുള്ള വെളുത്ത പൂക്കൾ കൊണ്ട്
നിറയ്ക്കണമെന്നുണ്ട്.
ഞാൻ നിന്നിലേക്ക് വാതിൽ തുറക്കുന്ന
വസന്തമാണ്.
നീ പൂത്തു വിടരേണ്ടുന്ന വഴികളാണെന്റെ
സഞ്ചാരപഥം.

Wednesday

ഞാനവനിൽ ഉറങ്ങി ഉണരുന്നു.
ഞാനവനെ ജീവിതം കൊണ്ട് സ്നേഹിയ്ക്കുന്നു.
ഞാനവനോട് ഹൃദയം കൊണ്ട് മിണ്ടുന്നു.
ഞാനവനെ വാക്കുകളിൽ ഒളിപ്പിച്ചു വയ്ക്കുന്നു.
ഞാനെന്നോ അവനെന്നോ
വേർതിരിവുകളില്ലാത്തൊരു പ്രണയം ശ്വസിയ്ക്കുന്നു.
:-)
എഴുതിത്തുടങ്ങുമ്പോൾ എന്നിൽ നീ മാത്രമേയുള്ളൂ;
ജീവിച്ചു തുടങ്ങുമ്പോഴും.
ഞാൻ, വെയിൽ കായുന്ന മഞ്ഞ് .
നിന്നിൽ നനയുന്ന മഴ.
നിന്റെ നിഴലായ് ഒളിയ്ക്കുമ്പോൾ വെയിൽ.
നിന്റെ യാത്രകളിലെ കാറ്റ്.
നിന്നിലേക്ക് വാതിൽ തുറക്കുന്ന മേഘം.
നിന്നിലെ അത്യാഹ്ളാദങ്ങൾക്ക്  കടൽ.
ഓർമ്മകളിൽ പാഞ്ഞു പോകുമ്പോൾ പുഴ.
നിന്റെ മൗനത്തിന് കൂട്ടിരിയ്ക്കുന്ന ഹിമശിഖരം.
നിനക്ക് പാർക്കാൻ ഗുഹ.
നിന്നിൽ പടരുമ്പോൾ അഗ്നി.
നിന്നോട് ചേർന്നിരിയ്ക്കുമ്പോൾ നീ.
നിന്നിൽ നിന്ന് വേർപെട്ടാൽ കാണാതെയാകുന്ന ഞാൻ. 
നിന്റെ
ഹൃദയത്തിലല്ലാതെ
മറ്റൊരിടത്തും
തിരഞ്ഞു കണ്ടെത്താൻ കഴിയില്ല എന്നെ.

Tuesday

എന്നിൽ വിടരുന്ന പൂവുകളിൽ
നീ
തേനായ് നിറയുന്നു.

ഞാൻ
നീയെന്ന തേൻ നുകരാൻ
ശലഭമാകുന്നു.

നീ
എന്നിലെ ശലഭങ്ങൾക്ക്
നൃത്തം ചെയ്യാൻ
ആകാശമാകുന്നു.

ഞാൻ
നീയെന്ന ആകാശത്തിന്റെ
നിറങ്ങളാകുന്നു.

നീ
നിറങ്ങളിൽ നനഞ്ഞ മേഘമായ്
ആകാശം നിറയെ
എനിക്കായ് ചിത്രമെഴുതുന്നു.

ഞാനതിൽ നീയാകുന്നു ! 
നീയെന്ന സൂര്യൻ
എന്നിലുറങ്ങാൻ
ആകാശത്തിന്റെ ചുമരുകളിൽ
കറുത്ത ചായം തേച്ചു വയ്ക്കുന്നു.
ഞാൻ നിന്നെയുണർത്താതെ
ആ ചുവരുകളിൽ
നക്ഷത്രങ്ങൾ വരച്ചു വയ്ക്കുന്നു.
നാമിരുവരും
വെയിലും നിലാവുമെന്ന പോലെ
നിഴലുകൾ പിണച്ചു
ഒന്നിച്ചുറങ്ങുന്നു.


ഒരു പൂവ്
അവളിൽ ജലമാകുന്ന ഒരുവനെക്കുറിച്ച്
എഴുതുന്നു.

ഒരു പൂവ്
അവൾ പൂവായ് വിടർന്നത്
എന്തിനെന്ന് അറിയുന്നു.
ആ നിറവണിയുന്നു.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌