Monday

നീ എന്ന നനഞ്ഞ മണ്ണിൽ
ഞാന്‍ തന്നയല്ലേ ഈ കാടും, ഒരോ മരവും നനഞ്ഞ പുല്ലും ഒരോ പച്ച നിറവും ഒരോ ജലകണവും?

വാചാലമായൊരിടം.
സ്നേഹപൂര്‍വ്വം സ്വാഗതം.
എന്തിനും സ്വാതന്ത്ര്യം.

സ്നേഹ നിഷേധങ്ങളെ,
പ്രണയത്തെ,
നിരാകരണങ്ങളെ
ഒന്നിനേയും വേർതിരിച്ച് കാണേണ്ടെന്നോർമ്മിപ്പിക്കുന്ന സ്വാതന്ത്ര്യം...

എന്നിൽ
ഒരു തുള്ളി മഴമഞ്ഞ് അനുവാദം കാത്തുനില്‍ക്കാതെ നെറുകയിലേക്ക്.

നിലത്തേക്ക് വീഴുന്ന മഴത്തുള്ളിയ്ക്ക് ഘനമേറയുണ്ട്- 
ഭൂമിയോട് ചേരാന്‍ കഴിയുന്ന ഒന്നിന്റെ നിറഞ്ഞ ആഹ്ളാദം.

ഒരു തുള്ളി ഇവിടെയെങ്കില്‍ കേള്‍വിക്കപ്പുറത്തു തന്നെ ദൂരെമാറി മറ്റൊന്ന്.
മറ്റെവിടെയോ
മറ്റെവിടെയോ
ഒന്നുകൂടി;
ഒന്നുകൂടി.

ഒറ്റത്തുള്ളികള്‍ക്കൊടുവില്‍
പ്രണയത്തിന്റെ പേമാരി,

നന്നായി നനയണം ചില നേരങ്ങളിലെ മഴയില്‍.
പല പുതപ്പുകള്‍ കൊണ്ടും തുവര്‍ത്തി തീരാത്ത അത്ര നനയണം.
വേനലുപോലെ പനിക്കണം പിന്നീടതിന്റെ ഓര്‍മ്മകളില്‍.

മരങ്ങള്‍ക്കിടയിലൂടെ ചെറു നീരൊഴുക്ക്.
ചിതറിത്തെറിച്ച വെള്ളം.
ചില ഓളങ്ങള്‍ക്ക് അസാധാരണമായ ഉടലഴക്.
ഒരിയ്ക്കല്‍ കൂടി കാണണമെന്നാഗ്രഹിച്ചിട്ടും പക്ഷേ കാത്തുനിന്നില്ല.
പ്രണയവും ഇതുപോലെ-
ആരേയും കാത്തുനിൽക്കാത്തത് .

നിറയെ തൂവലുകളുള്ള പക്ഷിക്കൂട്ടം നനഞ്ഞ പുല്ലിലൂടെ ഏറെ നടന്ന്, തൂവല്‍ കുടഞ്ഞ് സ്വയമൊരുങ്ങി
ആകാശത്തേക്ക്.
എത്ര കുടഞ്ഞുകളഞ്ഞിട്ടും
ചില തൂവലുകളിലെ നനവ് മേഘങ്ങളില്‍ പതിയുക തന്നെ ചെയ്തു.
പ്രണയവും ഇതുപോലെ-
ചില അടയാളങ്ങള്‍ എക്കാലത്തേക്കുമായി ബാക്കിവയ്ക്കുന്നത്.

ചിലയിടങ്ങളില്‍ ചെടികള്‍ നിറയെ പൂത്തു.
ചിലയിടത്ത് ഒറ്റയ്ക്കൊറ്റയ്ക്ക് കുഞ്ഞു തലനീട്ടലുകള്‍.
പൂക്കാന്‍ അനുവാദമില്ലാത്ത ചില മരങ്ങളില്‍ ഇലകള്‍ ചുവന്ന് പൂക്കുടയായി.
പ്രണയവും ഇതുപോലെ-
ചുവപ്പിക്കുന്നത്.

മഴപെയ്യവെ
എവിടെയോ
മരങ്ങൾക്കിടയിലുള്ള വീട്ടിലിരുന്ന്
എന്നിലേക്കുള്ള പ്രണയമായ് നീ മാറുകയാണല്ലോ എന്നറിയുന്നു.
ഞാൻ നിന്നിൽ അലയുന്ന കാറ്റാണെന്ന് കേൾക്കുന്നു.
മിന്നലായ് കൺതുറന്ന് നിന്നിൽ കൂണുകൾ മുളയ്‌ക്കുന്നത് കണ്ട് നിൽക്കുന്നു.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌