Tuesday

 വൻകരകൾ എന്ന് തന്നെ നമുക്ക് പേര് !

പ്രണയത്തിരകളാൽ ഇങ്ങനെ 

വേർപെട്ട് നിൽക്കുമ്പോൾ മറ്റെന്ത്!?

 എന്റെ രാവുകളിൽ ഉറങ്ങാതിരിക്കുന്ന നക്ഷത്രമേ 

നിന്നെ ഞാൻ 

അവന്റെ പേരിട്ട് വിളിയ്ക്കുന്നു.

  നീ 

ധ്യാനത്തിന്റെ പച്ചഞരമ്പുകൾ അണിയുന്നു.

ഞാനോ 

നിന്റെ ധ്യാനമാകുന്നു.

 അടങ്ങുന്നില്ല നിന്റെ ക്രോധം.

പ്രണയമേ, അവസാനിക്കുന്നില്ല നിനക്ക് എന്നോടുള്ള കലഹം. തീരുന്നില്ല നീ തരുന്ന നോവുകൾ. നിന്റെ തീരാ പരിഭവങ്ങൾക്കിടയിലും വിശ്വസിക്കാൻ കൊള്ളാത്തവളെന്നു തന്നെ നിന്നെ ഞാൻ വിളിക്കുന്നു. വിശ്വസിക്കാൻ കൊള്ളാത്തവളെന്ന്.. തീർത്തും ഹൃദയശൂന്യയെന്ന് .. പ്രണയമേ, നിന്നെയല്ലാതെ മറ്റെന്തിനെയാണ് ഭൂമിയിൽ ഞാൻ ഇത്രയും അവിശ്വസിക്കേണ്ടത്? ഒടുങ്ങുന്നില്ല എനിക്കതിന് നീ കല്പിക്കുന്ന ശിക്ഷകൾ. അളവ് കൃത്യം എന്നിൽ നീ നിറച്ച മുറിവുകൾ. മാഞ്ഞു പോകുന്നില്ല എന്നിലതിന്റെ പാടുകൾ. ശമിക്കുന്നില്ല നീറ്റലുകൾ. അടങ്ങുന്നില്ല എന്റെയുള്ളിലൊന്നും. പ്രണയമേ, നിന്റെ ലോകത്ത് അസാധ്യമായ് ഒന്നുമില്ല. എന്നിട്ടും നീ എന്റേതാവുക എന്നത് ഏറ്റം അസാധ്യം. പ്രണയമേ നീ വരുന്നു, എന്റെയരികിൽ. ആരും എനിക്കരികിൽ ഇല്ലാത്ത നേരങ്ങളിലൊക്കെയും പ്രണയമേ നീ വരുന്നു. തൊട്ടു തൊട്ടിരിക്കുന്നു. മറ്റൊരാൾക്കും സാധ്യമല്ലാത്ത വിധം എന്നോട് ചേർന്ന് ചേർന്ന് എന്റെയുള്ളിൽ പ്രണയമേ നീയിരിക്കുന്നു. എന്നിട്ടും അവസാനിക്കുന്നില്ല നിന്റെ കലഹങ്ങൾ. പാലിക്കുന്നില്ല നീ വാക്കുകൾ. ഒട്ടും കുറയുന്നില്ല നീ തരുന്ന ഹൃദയഭാരം. ഒട്ടും ലളിതമല്ല നിന്നോടൊത്തുള്ള ഈ മിണ്ടിപ്പറച്ചിലുകൾ. ഒട്ടും അനായാസമല്ല നിന്റെ മിണ്ടാതിരിക്കലുകൾ. പ്രണയമേ നീ എന്നെ ഉപേക്ഷിയ്ക്കുന്നില്ല (എന്നാലും ) നീ കേൾക്കില്ല, ദൈവത്തെപ്പോലെ എന്റെ പ്രാർത്ഥനകൾ.. നീ അവസാനിപ്പിക്കില്ല എന്നിലെ പിടച്ചിലുകൾ.. ഒടുങ്ങുന്നില്ല പീഢകൾ. (എന്നിട്ടും ) പ്രണയമേ, നിന്നിലെന്റെ പ്രാണനെന്ന പോലെ ഞാൻ പിന്തുടരുന്നു. (എന്നിട്ടും ) നീ എന്നെ നിന്റേതാക്കുന്നില്ല. എന്റേതെന്ന് നിന്നെ വിളിയ്ക്കാനുമാവില്ല. പ്രണയത്താൽ ലഘുവാകുന്നില്ല ഒന്നും. പ്രണയത്തേക്കാൾ പ്രഹരശേഷിയില്ല ഒന്നിനും. അവസാനിപ്പിക്കാനാകുന്നില്ല പ്രണയമേ, എനിക്ക് നിന്റെ പേരിന്റെ മൂർച്ചകൊണ്ടുള്ള ഈ മരണപ്പിടച്ചിലുകൾ...

 മഴപ്പാട്ട് പാടുന്ന പക്ഷീ

നീ പറക്കുക,
അവന്റെയുള്ളിൽ
എന്റെ പേരിൽ
നിറഞ്ഞു പെയ്യുക

Sunday

 വെയിലിൽ കവിത വറ്റുന്നു;

അവളെ ഉപേക്ഷിച്ചവരാൽ നദികൾ കവിയുന്നു.

 മഴയിലൊരു മിന്നൽക്കുടയിലിരുന്ന്

പെൺകുട്ടി,

ഒരു കവിത വായിച്ചു തുടങ്ങുന്നു.
പ്രണയത്തിന്റെ പത്ത് തലകളേയും മുറിച്ചെടുത്ത്
കവിത,
അവളെ
മണ്ണിനാഴത്തിലുപേക്ഷിക്കുന്നു.

 മേഘമതിന്റെ ഉടലു കീറി മഴ ഞരമ്പുകളാൽ അവളെ തിരയുന്നു.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌