Monday

യുറാനസ് എന്നും 

നെപ്ട്യൂൺ എന്നും പേരുള്ള രണ്ട് കുട്ടികളായ് 

നാം മാറുന്നു.


മഞ്ഞ ശലഭങ്ങളുള്ള ഭൂമിയെക്കുറിച്ചും 

ചുവന്ന കുന്നുകളുള്ള ചൊവ്വയെക്കുറിച്ചും 

ശനിയുടെ മോതിരവിരലിനെക്കുറിച്ചും 

വ്യാഴത്തിലെ ബലൂണുകളെക്കുറിച്ചും 

കഥകൾ പങ്കിടുന്നു.


ഇടയ്ക്ക്

ഇതാ നിനക്ക് ഞാൻ വാങ്ങിച്ച മൂക്കുത്തി എന്ന് ബുധനേയും 

ഇതാ ഞാൻ നിന്റെ പേരിട്ട് വിളിക്കുന്ന മിന്നാമിന്നി എന്ന് ശുക്രനേയും 

കൈമാറുന്നു.


അതിനിടയിൽ 

സൂര്യന് ചുറ്റും 

ഒളിച്ചു കളിച്ച് 


ഒളിച്ചു കളിച്ച് 


തമ്മിൽ 

കാണാതെയാകുന്നു.




ഒരേ പോലത്തെ കവിതകൾ എഴുതുന്നു എന്ന് 

പരസ്പരം കണ്ട് പിടിക്കപ്പെടുന്ന നിമിഷം 

നാം 

പരസ്പരം വെറുത്തു തുടങ്ങുന്നു.

പിന്നീട് 

ഓരോ നിമിഷവും 

ഓർക്കുന്നു.

പരസ്പരം പിന്തുടരുന്നു.

വാക്കുകൾ കൊണ്ട് 

കൈകൾ കോർക്കുന്നു.

 ആകാശം 

അതിന്റെ ഞരമ്പുകൾ ഒളിപ്പിച്ച നദി പോലെ 

നിന്നിലൂടെ യാത്ര പോകുന്ന ഞാൻ.

 ഇല്ല.

കാണുന്നില്ല.

പ്രണയമേ 

നീ എന്നെ ഒളിപ്പിച്ച 

കടലെവിടെ?

 ചിലപ്പോൾ 

നാം 

ഒരു പാട്ടിലിഴ ചേർന്ന

ഇലപ്പടർപ്പുകൾ.


ജീവന്റെ പൊടിപ്പച്ചകൾ.


ചിലപ്പോൾ 

നാം 

ആലിംഗനത്തിൽ പോലും 

ഏകാകികൾ.

 ഭൂമിയിലെ പാട്ടുകളൊന്നും 

നമ്മുടെ പ്രണയത്തിന് 

പകരമാകുന്നില്ലെന്ന് 

അറിയുന്ന നിമിഷം 

നാം 

രണ്ട് ഭൂഖണ്ഡങ്ങളായ് വേർപിരിയുന്നു.


നിശബ്ദതയുടെ ആഴത്തിന് 

ഇരു കരകളെന്ന് 

നാം 

നേർത്തു പോകുന്നു.


 ഏകാന്തത എന്ന വാക്കുകൊണ്ട് 

ആകാശം വരയ്ക്കാൻ പഠിച്ച പക്ഷി 

കൂടെന്ന 

കൂട്ടെന്ന 

എന്റെ മാത്രം ചില്ലയെന്ന 

പാട്ട് 

ഉപേക്ഷിയ്ക്കുന്നു.

 ആഴത്തിനും 

ആഴം.


ഉടലുകൾ 

ആമ്പൽത്തണ്ടുകൾ.


പകലുകൾ, 

നാം അണിഞ്ഞ 

പരൽമീൻകൊത്തുകൾ.


ഇരവുകൾ, 

നാം അഴിച്ചുവെച്ച 

ഇന്ദ്രനീലങ്ങൾ.

Saturday

 അത്രയും സാവധാനത്തിൽ 

അത്രയും സാവധാനത്തിൽ 

അത്രയും 

കണം 

കണമായ് 

ചേർന്ന് 

പൂർണ്ണമാവുന്ന 

ഒരു തുള്ളി.

ജലത്തിന്റെ ഒറ്റത്തുള്ളി.

പൂർണ്ണതയുടെ 

ഏകഭാവത്തോടെ 

അത് പൊഴിഞ്ഞു വീഴുന്നു.

അത്ര നിറവോടെ.

അത്രയും 

നിറവോടെ.

മറ്റൊരു പതനത്തിനുമില്ല 

അഴകിന്റെ ഇത്ര ആഴം.

ഇതാണ് സ്നേഹമെന്ന് 

ആ നിമിഷം നീ പറയുന്നു.

എന്റെ സ്വപ്നത്തിൽ നിന്ന് ഞാനുണരുന്നു.

ഇതാണ് സ്നേഹമെന്ന്..

എന്റെ പിടിവാശികളിൽ 

നുറുങ്ങിയ മഷിക്കുപ്പി 

നീ തുടച്ചെടുക്കുന്നു.

മുറിവിന്റെ ചീളുകളും 

മായ്ക്കാനാകാത്ത മഷിപാടുകളും

നിന്നിൽ ബാക്കിവെച്ച  

എന്റെ പിടിവാശികൾ.

എന്നിട്ടും 

സ്നേഹമെന്ന് 

നിറയെ 

നിറയെ സ്നേഹമെന്ന് 

എന്റെ നെറ്റിയിൽ നീ വിരലോട്ടുന്നു.

പൂർണ്ണതയുടെ 

ഏകഭാവത്തോടെ 

നീ പൊഴിഞ്ഞു വീഴുന്നു.

എനിക്ക് വേണ്ടി കരയുന്നുവോ എന്ന് 

എന്റെ സ്വപ്നത്തിൽ നിന്ന് ഞാനുണരുന്നു. 

ഒരു ഉണർച്ചയ്ക്കുമില്ല 

ഉദയത്തിന്റെ ഇത്ര നിറവ്.

 


വേഗം എന്നത് ഒരു അപകടം പിടിച്ച വാക്കാണ്.

സ്നേഹത്തോട് പോലും 

വേഗം എന്ന് 

ആജ്ഞാപിക്കുന്ന 

ഒരു ശീലം എനിക്കുണ്ടായിരുന്നു.

വേഗത്തിലുള്ള സ്നേഹപ്രഖ്യാപനങ്ങൾ.

അതിശീഘ്രമായ സ്നേഹപ്രകടനങ്ങൾ.

അത്രയും വേഗം നിറഞ്ഞ പിന്മാറ്റങ്ങൾ,

അടർന്നു പോകലുകൾ,

ഏകപക്ഷീയമായ 

യാത്രപറച്ചിലുകൾ.

സ്നേഹമാണോ അല്ലയോ എന്ന് 

സ്നേഹത്തിൽ തുടരുന്നോ ഇല്ലയോ എന്ന് 

ഇപ്പോൾ 

ഈ നിമിഷം 

പെട്ടന്ന് 

പറഞ്ഞു അവസാനിപ്പിക്കുന്ന/  

'ആ ഭാരം'

അങ്ങനെ ഇറക്കിവയ്ക്കുന്ന/ 

ഒരു ശീലം.

ഇപ്പോൾ 

നിന്റെ തിരക്കുകളുടെ 

ഘടികാരമെന്നെ 

ഏറ്റവും സാവകാശമുള്ള സമയസൂചിയാക്കി മാറ്റിയിരിക്കുന്നു.

ഞാൻ 

തമ്മിൽ കണ്ടുമുട്ടാൻ 

കാലങ്ങൾ കാത്തിരിക്കാൻ തയ്യാറുള്ള 

ഒരു ആകാശഗോളം.

നോക്കൂ 

മഹാസംഗമങ്ങൾ 

സംഭവിക്കുന്നത് അപ്രകാരമാണ് .

 ഈ നിമിഷം 

അല്ലെങ്കിൽ 

അടുത്തതല്ലെങ്കിൽ 

അടുത്തനിമിഷം 

പ്രണയമായ് മാറിപ്പോകുന്ന 

ഒരു പെൺകുട്ടിയുണ്ട് 

എന്റെയുള്ളിൽ.

ചിലകാലങ്ങളിൽ 

അവൾ 

ചിലരെ കണ്ടുമുട്ടും.

അവർ അവളെ 

ഒരുപാട് സ്‌നേഹിക്കുന്നുണ്ട് എന്ന തോന്നലിലും 

അവർക്ക് അവളെ 

ഒട്ടും സ്നേഹമില്ല എന്ന തോന്നലിലും 

അവളെന്നെ 

എഴുത്തിന്റെ കായകൾ പൊട്ടിപ്പരക്കുന്ന 

ഒരു ദുർബലവൃക്ഷമാക്കി മാറ്റും.

അവരോടുള്ള 

അവളുടെ

ഉന്മാദത്തിന്റെ 

ആവേഗം 

എനിക്ക് 

ഉടലാകും.

അവരിലേക്കുള്ള 

നോട്ടങ്ങളാകും 

ഓരോ ഇലകളും.

അവരിലേക്ക്

ആഴ്ന്ന് 

ആഴ്ന്നാഴ്ന്ന് 

ഇറങ്ങുന്ന 

സ്നേഹത്തിന്റെ വേരുകൾ 

അവൾ

എന്നിലാകെ നിറയ്ക്കും.

മുറുകുന്ന  വേരുകളുടെ 

പരുപരുപ്പിൽ /

അതിന്റെ പ്രാചീനതയിൽ 

അവർക്കും 

എനിക്കും 

ഒരുപോലെ നോവുന്നെന്ന് 

ഞാൻ പറഞ്ഞു കൊണ്ടിരുന്നാലും 

അവൾ കേൾക്കില്ല.

നിന്റെ വന്യതയിൽ 

അവർക്കും 

എനിക്കും 

ഒരുപോലെ വഴിതെറ്റുന്നുവെന്ന് 

ഞാൻ എതിർത്തു നിന്നാലും 

അവൾ കൂട്ടാക്കില്ല.

നിന്റെ ഉത്സവങ്ങളിൽ 

അവർക്കും 

എനിക്കും 

ഒരുപോലെ ഉള്ളം നുറുങ്ങുന്നുവെന്ന് 

ഞാൻ തളർന്നു പോയാലും 

അവൾ അവസാനിപ്പിക്കില്ല.

അങ്ങനെ 

നുറുങ്ങി നുറുങ്ങി 

പൊടിഞ്ഞു പൊടിഞ്ഞു 

ഇല്ലാതെയായിപ്പോകാനല്ലാതെ 

മറ്റെന്തിനാണ് 

നാം പ്രണയിച്ചു തുടങ്ങിയതെന്ന് 

അവൾ 

എന്നോട്

തിരിച്ചു ചോദിക്കും.

എന്റെ പ്രിയപ്പെട്ട പെൺകുട്ടീ,

നീ എനിക്ക് 

കടൽ 

ചിലപ്പോൾ കണ്ണാടി,

കാന്താരി,

അടുത്ത നിമിഷം 

എന്നിലെ കോമാളി 

അതിനടുത്ത നിമിഷം ...

പറഞ്ഞില്ലേ 

ഈ നിമിഷം 

അല്ലെങ്കിൽ 

അടുത്തതല്ലെങ്കിൽ 

അടുത്തനിമിഷം 

പ്രണയമായ് എന്നെ മാറ്റുന്ന 

ഒരു പെൺകുട്ടിയുണ്ട് 

എന്റെയുള്ളിൽ.

നിന്നേയും 

എന്നേയും

ഇനിയൊരിക്കലും 

തമ്മിൽ 

ഒരു വാക്ക് പോലും പറയാൻ കഴിയാത്തവണ്ണം 

സ്നേഹത്താൽ അപരിചിതരാക്കുന്ന 

ഒരു മന്ത്രവാദിനി.


 ചില രാത്രികളിൽ 

നീ 

എന്റെ 

മൂങ്ങയാകും.

ഉള്ളിൽ നിറയുന്ന കഥകളൊക്കേയും 

ആരോട് പറയുമെന്ന് ഓർത്തിരിക്കുന്ന എന്നെ 

നീ 

മൂളി മൂളി കേൾക്കും.

 നാളെ 

പകലിലേക്ക് 

എന്നിൽ നീ നിറച്ച 

സ്നേഹവാചകങ്ങളുടെ 

ഇലപ്പച്ചകൾ മാത്രം 

ഞാൻ 

എടുത്തുവയ്ക്കുന്നു.


 ഇന്നും 

നാം 

ഇന്നലത്തെ 

അതേ കുട്ടികൾ.

“ഒളിച്ചേ”

“കണ്ടേ” എന്ന് 

ഒറ്റയ്ക്ക് 

കളിക്കുന്നു.

 അവളെ സൃഷ്‌ടിക്കുമ്പോൾ 

ദൈവം 

അവന്റെ കുട്ടിക്കാലവും 

അവന്റെ പ്രണയിനിയുടെ കുസൃതികളും

ഓർത്തെടുക്കുകയായിരുന്നു.

അവളുടെ ഞരമ്പുകളിലേറെയും 

ആ ഓർമ്മകളുടെ 

നേർത്ത 

നാരുകളാണ്.

 അവളെ സൃഷ്ടിയ്ക്കുമ്പോൾ

ദൈവം

ഒരുപാട് ആലോചിച്ചു.

ഒറ്റവര കൊണ്ട്

അവളെ

ഒരു പുഴയാക്കിയാലോ എന്നോർത്തു.

അഴിമുഖത്ത്

കൈവിടുവിച്ചവൾ

ഓടിപ്പോയാലോ എന്ന്

കണ്ണ് നിറഞ്ഞു.

ഒരു മരമാക്കിയാലോ എന്ന്

ചില്ലകൾ പണിതു.

മഴ നനഞ്ഞ് പനി വരുമെന്ന്

വേഗം

തുവർത്തിയെടുത്തു.

പൂമ്പാറ്റയെന്ന്

ചിറകുകൾ വെച്ചു.

പൂമ്പൊടിയിൽ കളിച്ചെന്ന്

ഒരുവട്ടം തുമ്മി.

മീനായാലോ എന്ന്

കടൽ വരച്ചു.

കണ്ണടച്ചുറങ്ങാതെ എങ്ങനെയെന്നൊരു

താരാട്ടു മൂളി.

പക്ഷിയോ നീ എന്ന്

അവൾക്ക് ചിറകുകൾ തുന്നി.

മേഘത്തിൽ തട്ടി

വിരൽ മുറിഞ്ഞെന്ന് അതിൽ തുപ്പൽ തൊട്ടു.

ഇപ്പോഴും

ഒറ്റക്കുട്ടിയെന്ന്

അവളെ

ഒക്കത്തെടുത്ത്

ദൈവം

കാറ്റിന്റെ തുമ്പ് വിടർത്താനോടും

പുഴയിലോ ഞൊറികളിടും.

മഴയുടെ വിത്തുകളുണക്കും.

എടുത്തുവെച്ച മഞ്ഞമുത്തുകളിൽ

ചിലതിനെ മുക്കുറ്റികളാക്കും

ചിലതിനെ മിന്നാമിന്നികളും.

ചിലതെടുത്ത്

അവൾക്ക് 

മാല കെട്ടും.

അതിനിടയിൽ

അവളെയുമിരുത്തി

സൂര്യന്റെ സൈക്കിളോട്ടും.

ഒരു മഴവില്ല് ദൂരത്തിൽ

അവർ 

മഴ നനഞ്ഞ് നടക്കും.

അതുകൊണ്ടാണ് 

(-ട്ടോ )

അവളിങ്ങനെ...

ചേർത്ത് പിടിക്കുമ്പോൾ

ഒഴുകിയകന്നും

ഓടിപ്പോകെന്ന്

കൈവിടുമ്പോൾ

തിരികെ

പിന്തുടർന്നും

ഓർക്കുമ്പോൾ

മറന്നേ മറന്നെന്ന്

മിണ്ടാതിരുന്നും

മറന്നതെല്ലാം

ഒന്നേ രണ്ടേ എന്ന്

ഓർമ്മകളാൽ നിറച്ചും

കടലുപോലൊരു

ഭൂപടം

നിന്റെ ചുറ്റിലും

സ്നേഹത്താൽ വരച്ചും

അകന്നും

അടുത്തും

അടുത്തുമകന്നുമടുത്തും

ഇങ്ങനെ..

ഇങ്ങനെയിങ്ങനെ....

ചില പാട്ടുകൾക്ക് 

നാം 

ഭൂഖണ്ഡങ്ങൾ 

ഒരു മഹാസമുദ്രത്തിന് 

എന്ന പോലെ 

ഇരു കരകളാകും.

 ചിലരിൽ 

നാം 

ചെന്നെത്തും.


പുഴ പോലെ 

ഒഴുകുന്ന നമ്മെ 

കടൽ പോലെ 

ആഴമുള്ളതാക്കാൻ 

കെല്പുള്ള 

ചിലരിൽ.

 നമുക്ക് 

നമ്മൾ തന്നെ എന്ന് 

തോന്നുന്ന ചിലരെ 

നമ്മിലേക്ക് 

ചേർത്തു പിടിക്കാനുള്ള 

തീരുമാനമാണ് ജീവിതം.

അവരിലേക്ക് 

നമ്മെ 

വിട്ടുകൊടുക്കാനുള്ള 

തീരുമാനവും.

 പ്രാണനെന്നാൽ 

നിന്റെ പ്രണയത്തിന് ചുറ്റുമുള്ള 

ഭ്രമണമെന്നതിനാൽ 


പതുക്കെ 


പതുക്കെ 


പതുക്കെ 


എന്ന് 

സമയസൂചികളോടെല്ലാം.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌