Saturday

 ഈ നിമിഷം 

അല്ലെങ്കിൽ 

അടുത്തതല്ലെങ്കിൽ 

അടുത്തനിമിഷം 

പ്രണയമായ് മാറിപ്പോകുന്ന 

ഒരു പെൺകുട്ടിയുണ്ട് 

എന്റെയുള്ളിൽ.

ചിലകാലങ്ങളിൽ 

അവൾ 

ചിലരെ കണ്ടുമുട്ടും.

അവർ അവളെ 

ഒരുപാട് സ്‌നേഹിക്കുന്നുണ്ട് എന്ന തോന്നലിലും 

അവർക്ക് അവളെ 

ഒട്ടും സ്നേഹമില്ല എന്ന തോന്നലിലും 

അവളെന്നെ 

എഴുത്തിന്റെ കായകൾ പൊട്ടിപ്പരക്കുന്ന 

ഒരു ദുർബലവൃക്ഷമാക്കി മാറ്റും.

അവരോടുള്ള 

അവളുടെ

ഉന്മാദത്തിന്റെ 

ആവേഗം 

എനിക്ക് 

ഉടലാകും.

അവരിലേക്കുള്ള 

നോട്ടങ്ങളാകും 

ഓരോ ഇലകളും.

അവരിലേക്ക്

ആഴ്ന്ന് 

ആഴ്ന്നാഴ്ന്ന് 

ഇറങ്ങുന്ന 

സ്നേഹത്തിന്റെ വേരുകൾ 

അവൾ

എന്നിലാകെ നിറയ്ക്കും.

മുറുകുന്ന  വേരുകളുടെ 

പരുപരുപ്പിൽ /

അതിന്റെ പ്രാചീനതയിൽ 

അവർക്കും 

എനിക്കും 

ഒരുപോലെ നോവുന്നെന്ന് 

ഞാൻ പറഞ്ഞു കൊണ്ടിരുന്നാലും 

അവൾ കേൾക്കില്ല.

നിന്റെ വന്യതയിൽ 

അവർക്കും 

എനിക്കും 

ഒരുപോലെ വഴിതെറ്റുന്നുവെന്ന് 

ഞാൻ എതിർത്തു നിന്നാലും 

അവൾ കൂട്ടാക്കില്ല.

നിന്റെ ഉത്സവങ്ങളിൽ 

അവർക്കും 

എനിക്കും 

ഒരുപോലെ ഉള്ളം നുറുങ്ങുന്നുവെന്ന് 

ഞാൻ തളർന്നു പോയാലും 

അവൾ അവസാനിപ്പിക്കില്ല.

അങ്ങനെ 

നുറുങ്ങി നുറുങ്ങി 

പൊടിഞ്ഞു പൊടിഞ്ഞു 

ഇല്ലാതെയായിപ്പോകാനല്ലാതെ 

മറ്റെന്തിനാണ് 

നാം പ്രണയിച്ചു തുടങ്ങിയതെന്ന് 

അവൾ 

എന്നോട്

തിരിച്ചു ചോദിക്കും.

എന്റെ പ്രിയപ്പെട്ട പെൺകുട്ടീ,

നീ എനിക്ക് 

കടൽ 

ചിലപ്പോൾ കണ്ണാടി,

കാന്താരി,

അടുത്ത നിമിഷം 

എന്നിലെ കോമാളി 

അതിനടുത്ത നിമിഷം ...

പറഞ്ഞില്ലേ 

ഈ നിമിഷം 

അല്ലെങ്കിൽ 

അടുത്തതല്ലെങ്കിൽ 

അടുത്തനിമിഷം 

പ്രണയമായ് എന്നെ മാറ്റുന്ന 

ഒരു പെൺകുട്ടിയുണ്ട് 

എന്റെയുള്ളിൽ.

നിന്നേയും 

എന്നേയും

ഇനിയൊരിക്കലും 

തമ്മിൽ 

ഒരു വാക്ക് പോലും പറയാൻ കഴിയാത്തവണ്ണം 

സ്നേഹത്താൽ അപരിചിതരാക്കുന്ന 

ഒരു മന്ത്രവാദിനി.


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌