Thursday

പ്രണയം
പ്രണയം ഒരു കുടിയേറ്റക്കാരനാണ് !
നാം പണിയുന്ന മതിലുകളേക്കാൾ ഉയരമുള്ള ചുവടുകൾ വയ്ക്കുന്ന ഒരാൾ
കത്തി ജ്വലിയ്ക്കുന്ന
അവനെന്ന നക്ഷത്രത്തിനു ചുറ്റുമുള്ള ഭ്രമണം !
ദിനരാത്രങ്ങൾ
അവൾക്ക് മാത്രം അറിയാവുന്ന
ഒളിച്ചുകളിയാണ് !

Tuesday

രണ്ട് പ്രാണനുകൾക്കിടയിൽ പതിഞ്ഞു പോയ പ്രണയം.
ഹൃദയത്തിലല്ലാതെ
മറ്റൊരിടത്തും എടുത്തുവച്ചിട്ടില്ല
അതിന്റെ ഓർമ്മച്ചിത്രങ്ങൾ!
ചില രാത്രികൾ
നമ്മെ കാത്തിരിയ്ക്കുന്നത് അങ്ങനെയാണ്.
ചുറ്റിലും വാക്കുകൾ നിറച്ചുവെച്ച്;
നമുക്ക് മാത്രം കാണാൻ കഴിയുന്ന
വെളിച്ചം കത്തിച്ചു പിടിച്ച്.

നക്ഷത്രങ്ങളോട് സംസാരിയ്ക്കാൻ അറിയുന്നവൻ
ആ വഴി കടന്നു വരും.
തൊട്ടുതൊട്ടിരുന്ന്
മിണ്ടിപ്പറഞ്ഞു കൊണ്ടേയിരിയ്ക്കും.

അയാളിങ്ങനെ
രസമായ് മിണ്ടിപ്പറഞ്ഞു കൊണ്ടേയിരിക്കുന്ന
രാത്രികൾ
പുറമെ
എന്ത്
നിശബ്ദമാണ്!!

നോക്കി നോക്കിയിരിക്കെ
വാക്കുകളെല്ലാം
നിന്നോട് പറയാനുള്ള സന്ദേശങ്ങളായ്
ക്രമപ്പെടുന്നു!

നിന്നിലെ മീനുകൾക്ക് ശ്വസിയ്ക്കാൻ
ഈ ഭൂമിയിൽ
ഒറ്റ ജലാശയമേ ഉള്ളൂ;
അതിന്
എന്റെ പേരാണ് .
അതിന്റെ ആഴങ്ങളിലാണ്
പ്രണയം
അതിലെ വിസ്മയങ്ങൾ
ഒളിപ്പിച്ചു വച്ചിരിയ്ക്കുന്നത്.
അതിന്റെ ആഴങ്ങളിലാണ്
ഏകാന്തത
അതിലെ മുത്തുകൾ സൂക്ഷിയ്ക്കാൻ
ചിപ്പികൾ പണിയുന്നത്.
നിശബ്ദത
അതിന്റെ കേൾവിയെ
ശംഖുകളാക്കുന്നത്.


ഞാൻ,
നിന്റെ വഴികളിൽ
വളർന്ന
കാറ്റാടി മരം.

എത്ര തൊട്ടറിഞ്ഞാലും
മതിവരാതെ
നിന്നിലേക്ക്
പച്ചവിരലുകൾ
നീട്ടിപ്പിടിച്ച
കാറ്റാടി മരം.

നീ ,
ഞാൻ എന്ന
കാറ്റാടി മരത്തിലെ
കാറ്റ് എന്ന വാക്ക് !
എനിയ്ക്ക് നിന്നോടുള്ള പ്രണയം മാത്രം മതിയല്ലോ.. 
നിന്നിൽ നിന്നുള്ള പ്രണയം പോലും വേണ്ടല്ലോ

പ്രണയത്തിന്റെ ഭാഷയിൽ
പരിഭാഷപ്പെടുത്തുമ്പോൾ
ഒന്ന് തന്നെയെന്ന് ഉറപ്പിക്കാവുന്ന
രണ്ട് പുസ്‌തകങ്ങൾ-
നീയും ഞാനും.
ഒന്ന് തന്നെയെന്ന് ഉറപ്പിക്കാവുന്ന
പുസ്‌തകങ്ങൾ-
നമുക്ക് പരിചിതമായ എല്ലാ ജീവിതങ്ങളും.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌