Sunday

ആരെയൊക്കെ നീ സ്നേഹിക്കുമ്പോഴും
അതെല്ലാമെന്നോടെന്ന പോലെ തോന്നുന്നുണ്ടെനിയ്ക്ക്.

നിന്റെ പ്രണയത്തിലേക്കെന്നെക്കൂടി
എഴുതിചേർക്കുമോ എന്ന്
പറയാതെ പോയ
അനേകമനേകം സ്നേഹസന്ദേശങ്ങളിലെ ലഹരി.

അതിലാദ്യത്തേത്
അവസാനത്തേത്
അതിമധുരതരമായത്
അപ്രസക്തമായത്
അകാരണമായത്
അങ്ങനെ
വിവേചനങ്ങളില്ല.

ഒരു പക്ഷി അതിന്റെ ആകാശങ്ങളുമായ്
ചിറകുകൾ പങ്കിടുന്നതുപോലെ

ഒരു കാട്
കാലവർഷത്തെ
ഈറനാക്കുന്നതുപോലെ

 ചില്ലുപാത്രത്തിൽ നിന്ന്
 മത്സ്യം
ആഴക്കടലിലേക്ക് തുഴയുന്നതുപോലെ

സഹജമാണത്.
സാഹസികമാണത്.
സ്നേഹം മാത്രമാണത്.


അവനവനെത്തന്നെ
അടയാളപ്പെടുത്തുന്ന
അതിശയം.
-ഞാൻ പറഞ്ഞിട്ടില്ലേ എപ്പോഴും ഞാൻ പ്രണയത്തിലാണെന്ന് !
-മ് .. എന്നാലിപ്പോൾ ആരെയാണ്?
-നിന്നെ.
-അതിന് മുൻപ്?
-ഭൂമിയിൽ എവിടെയെങ്കിലും എനിക്കൊപ്പം നീ ജനിച്ചിട്ടുണ്ടാകണമേ എന്ന പ്രാർത്ഥനയെ.

Saturday

എഴുതിത്തുടങ്ങുമ്പോൾ വീണ്ടും അതേ ശലഭക്കൂട്ടങ്ങൾ.
ഒരോ ഞരമ്പുകളിലും.
ഒരോ കോശങ്ങളിലും.
അവയുടെ
ഒന്നു തൊട്ടാൽ വിറച്ചു പോകുന്ന
കണ്ണാടിച്ചിറകുകളും
നേർത്ത കാലുകളും.
അനിശ്ചിതമായ ചാഞ്ചാട്ടങ്ങൾ.

ആ ചിറകനക്കങ്ങളിലെ താളക്രമമാണ്‌ പിന്നീടെല്ലാം.
നിന്നിലേക്കുള്ള യാത്രകൾ!

ഏത് ബാഹ്യാവരണത്തിലൊളിപ്പിയ്ക്കാൻ നോക്കിയാലും ആ തലനീട്ടലുകളെന്നെ ഒറ്റിക്കൊടുക്കുന്നു.

എത്രനാളത്തെ നിശബ്ദത.

ഇപ്പോൾ
അടുത്തടുത്ത്,
ഇടവേളകളേ ഇല്ലാതെ
പ്രിയപ്പെട്ടവരുടെ എല്ലാം പേരിൽ
സന്ദേശങ്ങള്...
ഉറങ്ങിപ്പോകല്ലേ എന്ന് സ്വപ്നങ്ങള്.

ആരും കവിതകളെഴുതുന്നില്ല.
കവിതകളോരോന്നും അവനവനെയാണ്‌ വരച്ചിടുന്നത്-
എവിടെയെല്ലാമാണത്!

നമുക്ക് മടങ്ങിപ്പോകാം
ആഴക്കടലിലേക്ക്
വനാന്തരങ്ങളിലേക്ക്
ആദ്യ ജീവകോശത്തിന്റെ നന്മകളിലേക്ക്
പൂർണ്ണതകളിലേക്ക്.

ഈ നേരങ്ങളിൽ
ഉള്ളിന്റെയുള്ളിലെ
ശലഭച്ചിറകുകളിൽ ദൈവത്തിന്റെ കൈവിരലുകളനങ്ങുന്നു.

എനിക്കുവേണ്ടി
എന്നിലെ നീ
നിന്നിലെ ദൈവം
എഴുതിത്തുടങ്ങുന്നു.

Friday



സ്നേഹത്തെക്കുറിച്ച്,
സ്നേഹത്തോടെ
നീ
കൊടുത്തയക്കുന്ന
വിസ്മയങ്ങളാണ്‌
ഞാൻ
പരിശീലിക്കുന്ന സ്നേഹം.

കോടാനുകോടി മനുഷ്യരുണ്ട് ഈ ലോകത്ത്;
എല്ലാവരിലും നിന്റെ സ്നേഹമനുഭവിയ്ക്കാൻ കഴിയുന്നുണ്ടെനിക്ക്!

' ഞാൻ,
ഞാൻ മാത്ര' മെന്ന്
പറയാനാളാകാതെ
'നീ,
നീ മാത്ര'മെന്ന
സ്നേഹത്തിന്റെ ലഹരി.

 പ്രപഞ്ചം
പങ്കാളിയാകുന്ന
അവസാനിക്കാത്ത
വിസ്മയങ്ങൾ!

.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌