Saturday

എഴുതിത്തുടങ്ങുമ്പോൾ വീണ്ടും അതേ ശലഭക്കൂട്ടങ്ങൾ.
ഒരോ ഞരമ്പുകളിലും.
ഒരോ കോശങ്ങളിലും.
അവയുടെ
ഒന്നു തൊട്ടാൽ വിറച്ചു പോകുന്ന
കണ്ണാടിച്ചിറകുകളും
നേർത്ത കാലുകളും.
അനിശ്ചിതമായ ചാഞ്ചാട്ടങ്ങൾ.

ആ ചിറകനക്കങ്ങളിലെ താളക്രമമാണ്‌ പിന്നീടെല്ലാം.
നിന്നിലേക്കുള്ള യാത്രകൾ!

ഏത് ബാഹ്യാവരണത്തിലൊളിപ്പിയ്ക്കാൻ നോക്കിയാലും ആ തലനീട്ടലുകളെന്നെ ഒറ്റിക്കൊടുക്കുന്നു.

എത്രനാളത്തെ നിശബ്ദത.

ഇപ്പോൾ
അടുത്തടുത്ത്,
ഇടവേളകളേ ഇല്ലാതെ
പ്രിയപ്പെട്ടവരുടെ എല്ലാം പേരിൽ
സന്ദേശങ്ങള്...
ഉറങ്ങിപ്പോകല്ലേ എന്ന് സ്വപ്നങ്ങള്.

ആരും കവിതകളെഴുതുന്നില്ല.
കവിതകളോരോന്നും അവനവനെയാണ്‌ വരച്ചിടുന്നത്-
എവിടെയെല്ലാമാണത്!

നമുക്ക് മടങ്ങിപ്പോകാം
ആഴക്കടലിലേക്ക്
വനാന്തരങ്ങളിലേക്ക്
ആദ്യ ജീവകോശത്തിന്റെ നന്മകളിലേക്ക്
പൂർണ്ണതകളിലേക്ക്.

ഈ നേരങ്ങളിൽ
ഉള്ളിന്റെയുള്ളിലെ
ശലഭച്ചിറകുകളിൽ ദൈവത്തിന്റെ കൈവിരലുകളനങ്ങുന്നു.

എനിക്കുവേണ്ടി
എന്നിലെ നീ
നിന്നിലെ ദൈവം
എഴുതിത്തുടങ്ങുന്നു.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌