Wednesday

പ്രണയം
എന്ന ഒറ്റവാക്കു കൊണ്ട്
വായിച്ചാലും വായിച്ചാലും
മതിവരാത്തൊരു പുസ്തകം എഴുതണം.

Tuesday

നീ ഒരു ഫെറാവോ.
ഞാനൊരു പാപ്പിറസ് ചെടി.

എന്നിൽ നിന്ന്
നിന്നിലേക്ക്
പ്രണയത്തിന്റെ
ഒരു നദി ഒഴുകുന്നു.

ലോകമതിനെ നൈൽ എന്ന് വിളിയ്ക്കുന്നു.

വെന്തു ചുവന്ന വേനലേ,
വാക്കുകളുടെ മഴയിൽ
ഒളിപ്പിച്ചു വയ്ക്കാനാവുന്നില്ല നിന്നെ എനിക്ക്!
വാൽനക്ഷത്രങ്ങൾ പോലെ ചിലരുണ്ട്.

കാത്തിരിയ്ക്കാൻ ദയവുള്ളവരുടെ അടുത്തേയ്ക്കവർ
വീണ്ടും വീണ്ടും എത്തും.

കണ്ടുമുട്ടുന്ന ഓരോ നേരത്തും
അപരിചിതരെപ്പോലെ തുടങ്ങും;
മടങ്ങുമ്പോൾ
ഏറ്റവും പ്രിയപ്പെട്ടവരായ്
പിരിയും.

നാം തമ്മിൽ പറഞ്ഞ വാക്കുകൾ
ചേർത്തുവയ്ക്കുമ്പോൾ
കവിതയാകുന്നു.
പറയാൻ കരുതിവെച്ച വാക്കുകൾ
ചേർത്തൊരു മഹാകാവ്യം
നാം എഴുതാതെ പോകുന്നു.

Saturday

"പെണ്ണേ,
 നീ മാത്രം നിറഞ്ഞൊരു പൂരപ്പറമ്പിൽ 
തലയാട്ടി നിൽപുണ്ട്‌ 
എന്നിലൊരൊറ്റക്കൊമ്പൻ! "

;-)

നമുക്ക്‌ ശരീരങ്ങളിൽ നിന്ന് സ്വതന്ത്രരായ്‌
അന്യോന്യം പ്രാണനുകൾ പകുത്തെടുക്കാം.

നമുക്ക് വാക്കുകൾ വിരലുകളാക്കി 
കൈകോർത്ത് 
ഒരിയ്ക്കലും അവസാനിയ്ക്കാത്തൊരു 
യാത്ര പോകാം. 

ഞാനെന്ന അന്യഗ്രഹജീവിയെ
ഈ ഭൂമിയിലേക്കാവാഹിയ്ക്കാൻ മാത്രം
നീ
മേഘങ്ങൾ കൊണ്ടഴുതിയ  സന്ദേശങ്ങൾ. :-)

Thursday

ഓരോ വിരൽ തുമ്പിലും
നീ വന്നിരുന്ന്
നെയ്‌തെടുക്കുന്ന
എഴുത്തിന്റെ നൂലുകൾ -
എന്റേത്
നീ നൂൽ നൂല്ക്കുന്നൊരു
നെയ്ത്തുകാരിയുടെ
രാപ്പകലുകൾ.
ഞാൻ എനിക്കയച്ച
പ്രണയാക്ഷരങ്ങൾ കൊണ്ട്
നിറഞ്ഞു പോകുന്നൊരു
പുസ്തകമാകും നീ.

ഒരു വെയിൽ കൊണ്ട് മാത്രം തെളിയുന്ന
മഴയുടെ നിഴലാണ് ഞാനെന്ന്
എന്നോട് പറയുന്നൊരു വേനൽക്കാലം,
എനിയ്ക്ക് വേണ്ടി
കത്തിച്ചു പിടിയ്ക്കുകയാണ്
രാവിലും സൂര്യനെ !

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌