Monday

ആര്‍ത്തലച്ചട്ടഹസിച്ച്,
നിര്‍ത്താതെ കരഞ്ഞ്,
മഴപോലെ നനഞ്ഞ്,
വന്ന ഒരുവളെ
ചേര്‍ത്ത് ചേര്‍ത്ത്
തന്നിലേക്ക് തന്നിലേക്കാക്കി നിര്‍ത്തി;
'ഇതൊരു കുഞ്ഞുകാറ്റല്ലേ
മേഘത്തിന്റേയൊരു തുണ്ടല്ലേ
ഒരിത്തിരി കറുത്ത ആകാശമല്ലേ
ഇത്രമേലിടിവെട്ടിപ്പെയ്യാനെന്തിരിക്കുന്നു'
എന്ന് ചോദിച്ച
നാട്ടുവഴിയിലെ വയസ്സന്‍ മരമില്ലേ?
അതിന്റെ ചുവട്ടിലിരുന്നു മയങ്ങിയ പോലെ തോന്നി
ഇന്ന് നിന്നെ ഓര്‍ത്തപ്പോള്‍!

Saturday

നാം,
കാണാതാകുമ്പോള്‍
പരസ്പരം
മഴയേ മഴയേ എന്ന്
പേരെടുത്ത് വിളിയ്ക്കുന്ന
ആകാശമാകുന്നു .

കാണാതാകുമ്പോള്‍
പരസ്പരം
ഓര്‍മ്മകളില്‍ ചുകന്നു പൂക്കുന്ന
മെയ് മാസ മരങ്ങളാകുന്നു.

കേള്‍ക്കാതാകുമ്പോള്‍
പരസ്പരം
ശ്വാസമേ ശ്വാസമേ
എന്ന്
പേരെടുത്ത് വിളിച്ച് പിടയുന്ന പ്രാണനാകുന്നു.

കേള്‍ക്കാതാകുമ്പോള്‍
പരസ്പരം തിരഞ്ഞ്
കാറ്റേ കാറ്റേ
എന്ന്
വിയര്‍ക്കുന്ന
ചില്ലകളും ഇലകളുമാകുന്നു.





Monday


അസാധാരണമായി
അകാരണമായി
നീ എന്നില്‍ നിറയുന്നു എങ്കില്‍
അതേ അളവില്‍
അതേ തീവ്രതയില്‍
ഞാന്‍ നിന്നിലും നിറയുന്നു എന്നാണര്‍ത്ഥം.

അങ്ങനെ
എത്ര ഓര്‍മ്മകളാണ്
നീയെന്ന ഞാന്‍
എന്നിലുപേക്ഷിയ്ക്കുന്നത്?

നിലാവ് പെയ്യുന്ന ചില വഴികളുണ്ട് നമ്മുടെ ഉള്ളില്‍,
നിഴല്‍ വീഴാത്തൊരിടം.
അങ്ങനെ ഒരിടത്താണ് ഞാന്‍!
ഏറ്റം പ്രകാശമുള്ള ഒരിടം.

എന്റെ ആകാശങ്ങള്‍
നിനക്ക് കൊടുത്തയച്ചതു കൊണ്ടാകുമോ അത്?
 അതോ
ഞാന്‍ നിന്നെ  അന്വേഷിക്കുന്ന
വഴികളതായതു കൊണ്ടാകുമോ?
 
എന്റെ ഇഷ്ടങ്ങളെ നിന്റേതുമായി ചേര്‍ത്തുവെച്ച് ഒടുക്കം എന്റേതോ നിന്റേതോ അല്ലാത്ത ഒന്നായി അതിനെ മാറ്റിക്കളയേണ്ടതിന്റെ ആവശ്യമെന്താണ്‌?


ഇഷ്ടങ്ങള്‍ തനതായിരിക്കണം..

ഒരുവനെ അവന്റെ ഇഷ്ടങ്ങള്‍ ക്ക് സ്നേഹത്തോടെ വിട്ടുകൊടുക്കാന്‍ കഴിയുന്നിടത്ത് അവനോടുള്ള പ്രണയവും ആരംഭിയ്ക്കുന്നു.

എനിക്കുള്ള പ്രണയം അങ്ങനെയാണ്‌.
ഇന്‍വിസിബിളായ ഒരുപാടക്ഷരങ്ങളുണ്ട് സ്നേഹമെന്ന വാക്കില്‍!
പ്രണയത്താൽ കാറ്റും കോളും വർഷിച്ചവർ.
പ്രണയത്താൽ കരയായും കടലായും മാറിപ്പോകുന്നവർ.
പ്രണയത്തിന്റെ കണ്ണുകൾ കൊണ്ട്
മുളപൊട്ടിയ വിത്തുകളിൽ പോലും ഘോരവനങ്ങൾ കണ്ടവർ.
പ്രണയത്തിന്റെ വിരൽത്തുമ്പാൽ തൊട്ട്
മൺതരിയിലെ മരുഭൂമികൾ താണ്ടിയവർ.
മഞ്ഞുതുള്ളിയ്ക്കുള്ളിൽ ഹിമാലയമായ് ധ്യാനിച്ചിരുന്നവർ.
നിലാവും നീലനിറവും ഓളങ്ങളിലെ വെള്ളിവരകളും.
തിരകളില്‍ കളിച്ചു.
ചെറുതും വലുതുമായ തിരകള്‍. 
ഇത്രയേ ഉള്ളൂ, ആഹ്ലാദവും സങ്കടങ്ങളും.

ഒരു സ്പര്‍ശനം.
ആ ഒരു നിമിഷം ഒന്ന് കടന്നു പോവുകയേ വേണ്ടൂ;
പിന്നീട് എവിടെയാണോ എന്താണോ എന്നറിയാതെ പലതുകളിലൊന്നായി മാറിപ്പോകാന്‍!

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌