Tuesday


നിരാകരണങ്ങൾക്കിടയിലും
സ്നേഹഭംഗങ്ങൾക്കിടയിലും;
സ്നേഹത്തെക്കുറിച്ച്,
കരുതലുകളെക്കുറിച്ച്
മാത്രം പറയുക.

ഏത് സ്നേഹഭംഗത്തിനിടയിലും, സ്നേഹിക്കപ്പെടുക തന്നെയാണെന്ന തോന്നലോടെ പുഞ്ചിരിയ്ക്കാൻ കഴിയുക.
നീ പരിശീലിപ്പിക്കുന്നു അതും.
ഭാഗ്യം സിദ്ധിച്ചിരിക്കുന്നു അതിനും!
:-)




Saturday

ഇത്
ഞാൻ
നീയായ്
മാറുന്നയിടം.

നിന്റെ
ഉമ്മകളെക്കുറിച്ചുള്ള
ഓർമ്മകളാണ്‌
ഞാൻ
നിന്നെക്കുറിച്ച്
ആവർത്തിച്ചെഴുതുന്ന കവിത ;-)

Monday

‘ഇതാ
പ്രണയത്താൽ
ബന്ധനസ്ഥരായവർ’
എന്ന്
നമ്മെ ആരും അടയാളപ്പെടുത്തരുത്!

പകരം,
‘ഇതാ
പ്രണയത്താൽ
സ്വതന്ത്രരാക്കപ്പെട്ടവർ’
എന്ന് വിസ്മയിക്കണം.

പ്രപഞ്ചം
" ഇതാ
 എന്നിലൂടെ വന്ന
കാലഭേദങ്ങളില്ലാത്ത 
സ്വതന്ത്രരായ
സഞ്ചാരികളെന്ന് "
നമ്മെ
പേർവിളിയ്ക്കണം.

Saturday

സ്നേഹം പങ്കുവയ്ക്കാനല്ലാതെ മറ്റെന്തിനാണ്‌!
സ്നേഹം നിഷേധിക്കാൻ തോന്നുന്നതിനേക്കാൾ നിർഭാഗ്യം മറ്റെന്താണ്‌!


അങ്ങനെ ആവർത്തിച്ച്  ആവർത്തിച്ച്
സ്നേഹത്തെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ,
അത് നമ്മുടെ അരികിലെത്തും.
നാം എത്തിപ്പെടുന്നിടങ്ങളിൽ നമ്മെ കാത്ത് നില്ക്കും.തനിച്ചായിപ്പോകുന്ന യാത്രകളിൽ
തനിച്ചല്ലെന്ന് ഓർമ്മിപ്പിക്കാൻ കൂടെയെത്തും.
ആരിലൂടെയെങ്കിലും അതിന്റെ അടയാളങ്ങൾ നമ്മളിൽ പതിയും.
നിഷേധിക്കാൻ കഴിയാതെ നമ്മെ അതിന്റെ ഭാഗമാക്കും.
സ്നേഹിക്കാൻ ,സ്നേഹിക്കപ്പെടാൻ കാരണങ്ങൾആവർത്തിച്ച്  ആവർത്തിച്ച്
നമ്മുടെ അരികിലെത്തും.
നീ എന്റെ പ്രപഞ്ചകേന്ദ്രവും
എനിയ്ക്കു ചുറ്റും
ഭ്രമണം ചെയ്യുന്ന ആകാശഗോളവുമായിരിക്കുന്നു.


നമുക്കിടയിൽ ചിലരുണ്ട്, മായാജാലക്കാർ.
അവർ,
കേൾക്കണമെന്നാഗ്രഹിച്ച വാക്കുകളെ പറയില്ലെന്നുറപ്പിച്ച നേരത്ത് പറഞ്ഞുകളയും.
പറയാനാഗ്രഹിച്ച വാക്കുകളെ നമ്മുടെ ഓർമ്മയിൽ നിന്നേ മായ്ച്ചു കളയും.
പറഞ്ഞ വാക്കുകളെ കേൾവിയിലെത്തുന്നതിനു മുൻപേ മാറ്റിക്കളയും
എങ്കിലും
എനിക്കും നിനക്കുമിടയിൽ ഇത്രയും വാക്കുകൾ പറഞ്ഞുപോകാനിടയാക്കിയ മായാജാലക്കാരൻ ആരാണ്‌?

Thursday


ഞാനൊരു പുഴുവായ് ജനിച്ച്
പൂമ്പാറ്റയായ്
നിന്നിൽ ചിറക് വിടർത്തുന്നു!

പരസ്പരം പകുത്തെടുത്ത്
ചെമ്പട്ടുടുത്ത്
മരമായ്
നിന്റെ യാത്രകളിൽ തണൽ നീട്ടുന്നു.

മേഘമായ് വന്ന്
നിന്നിൽ
മഴയായ് പെയ്യുന്നു.

ഉറങ്ങാതെ
നിന്നിൽ സ്വപ്നമായ് കാവലിരിക്കുന്നു.

നിന്നിലെ പ്രണയത്തിനു ചുറ്റിലും
എന്റെ
 ഭ്രമണം തുടരുന്നു.
പ്രണയത്തിന്റെ
കൽക്കണ്ടത്തരികളിൽ
കൈലാസമെന്നപോൽ
നിന്നിൽ ധ്യാനിച്ചിരിക്കുന്നു
പ്രാണന്റെ
കുഞ്ഞനുറുമ്പുകൾ.
എന്തുകൊണ്ടാണ്‌ സഞ്ചാരീ 
എന്നിലെ വഴികൾ 
നീ മറന്നു പോകുന്നത്??
നിന്റെ എല്ലാ യാത്രകളും 
നിന്നിലേക്കു മാത്രമാണ്‌.

വെറുതെയല്ല നിനക്ക്
പ്രണയമേ പ്രണയമേ എന്ന്
വിലപിയ്ക്കേണ്ടി വരുന്നത് !

Monday

ആര്‍ത്തലച്ചട്ടഹസിച്ച്,
നിര്‍ത്താതെ കരഞ്ഞ്,
മഴപോലെ നനഞ്ഞ്,
വന്ന ഒരുവളെ
ചേര്‍ത്ത് ചേര്‍ത്ത്
തന്നിലേക്ക് തന്നിലേക്കാക്കി നിര്‍ത്തി;
'ഇതൊരു കുഞ്ഞുകാറ്റല്ലേ
മേഘത്തിന്റേയൊരു തുണ്ടല്ലേ
ഒരിത്തിരി കറുത്ത ആകാശമല്ലേ
ഇത്രമേലിടിവെട്ടിപ്പെയ്യാനെന്തിരിക്കുന്നു'
എന്ന് ചോദിച്ച
നാട്ടുവഴിയിലെ വയസ്സന്‍ മരമില്ലേ?
അതിന്റെ ചുവട്ടിലിരുന്നു മയങ്ങിയ പോലെ തോന്നി
ഇന്ന് നിന്നെ ഓര്‍ത്തപ്പോള്‍!

Saturday

നാം,
കാണാതാകുമ്പോള്‍
പരസ്പരം
മഴയേ മഴയേ എന്ന്
പേരെടുത്ത് വിളിയ്ക്കുന്ന
ആകാശമാകുന്നു .

കാണാതാകുമ്പോള്‍
പരസ്പരം
ഓര്‍മ്മകളില്‍ ചുകന്നു പൂക്കുന്ന
മെയ് മാസ മരങ്ങളാകുന്നു.

കേള്‍ക്കാതാകുമ്പോള്‍
പരസ്പരം
ശ്വാസമേ ശ്വാസമേ
എന്ന്
പേരെടുത്ത് വിളിച്ച് പിടയുന്ന പ്രാണനാകുന്നു.

കേള്‍ക്കാതാകുമ്പോള്‍
പരസ്പരം തിരഞ്ഞ്
കാറ്റേ കാറ്റേ
എന്ന്
വിയര്‍ക്കുന്ന
ചില്ലകളും ഇലകളുമാകുന്നു.





Monday


അസാധാരണമായി
അകാരണമായി
നീ എന്നില്‍ നിറയുന്നു എങ്കില്‍
അതേ അളവില്‍
അതേ തീവ്രതയില്‍
ഞാന്‍ നിന്നിലും നിറയുന്നു എന്നാണര്‍ത്ഥം.

അങ്ങനെ
എത്ര ഓര്‍മ്മകളാണ്
നീയെന്ന ഞാന്‍
എന്നിലുപേക്ഷിയ്ക്കുന്നത്?

നിലാവ് പെയ്യുന്ന ചില വഴികളുണ്ട് നമ്മുടെ ഉള്ളില്‍,
നിഴല്‍ വീഴാത്തൊരിടം.
അങ്ങനെ ഒരിടത്താണ് ഞാന്‍!
ഏറ്റം പ്രകാശമുള്ള ഒരിടം.

എന്റെ ആകാശങ്ങള്‍
നിനക്ക് കൊടുത്തയച്ചതു കൊണ്ടാകുമോ അത്?
 അതോ
ഞാന്‍ നിന്നെ  അന്വേഷിക്കുന്ന
വഴികളതായതു കൊണ്ടാകുമോ?
 
എന്റെ ഇഷ്ടങ്ങളെ നിന്റേതുമായി ചേര്‍ത്തുവെച്ച് ഒടുക്കം എന്റേതോ നിന്റേതോ അല്ലാത്ത ഒന്നായി അതിനെ മാറ്റിക്കളയേണ്ടതിന്റെ ആവശ്യമെന്താണ്‌?


ഇഷ്ടങ്ങള്‍ തനതായിരിക്കണം..

ഒരുവനെ അവന്റെ ഇഷ്ടങ്ങള്‍ ക്ക് സ്നേഹത്തോടെ വിട്ടുകൊടുക്കാന്‍ കഴിയുന്നിടത്ത് അവനോടുള്ള പ്രണയവും ആരംഭിയ്ക്കുന്നു.

എനിക്കുള്ള പ്രണയം അങ്ങനെയാണ്‌.
ഇന്‍വിസിബിളായ ഒരുപാടക്ഷരങ്ങളുണ്ട് സ്നേഹമെന്ന വാക്കില്‍!
പ്രണയത്താൽ കാറ്റും കോളും വർഷിച്ചവർ.
പ്രണയത്താൽ കരയായും കടലായും മാറിപ്പോകുന്നവർ.
പ്രണയത്തിന്റെ കണ്ണുകൾ കൊണ്ട്
മുളപൊട്ടിയ വിത്തുകളിൽ പോലും ഘോരവനങ്ങൾ കണ്ടവർ.
പ്രണയത്തിന്റെ വിരൽത്തുമ്പാൽ തൊട്ട്
മൺതരിയിലെ മരുഭൂമികൾ താണ്ടിയവർ.
മഞ്ഞുതുള്ളിയ്ക്കുള്ളിൽ ഹിമാലയമായ് ധ്യാനിച്ചിരുന്നവർ.
നിലാവും നീലനിറവും ഓളങ്ങളിലെ വെള്ളിവരകളും.
തിരകളില്‍ കളിച്ചു.
ചെറുതും വലുതുമായ തിരകള്‍. 
ഇത്രയേ ഉള്ളൂ, ആഹ്ലാദവും സങ്കടങ്ങളും.

ഒരു സ്പര്‍ശനം.
ആ ഒരു നിമിഷം ഒന്ന് കടന്നു പോവുകയേ വേണ്ടൂ;
പിന്നീട് എവിടെയാണോ എന്താണോ എന്നറിയാതെ പലതുകളിലൊന്നായി മാറിപ്പോകാന്‍!

Wednesday

എന്റെ സ്വപ്നസഞ്ചാരങ്ങളുടെ
ഭൂപടത്തില്‍ അതിരുകളില്ലാതാകുന്നു.
ഹൃദയവഴികളിലെന്റെ
പ്രണയപ്രാന്തുകളുടെ
ചെമ്പരത്തികള്‍
ചുവന്ന് പൂവിട്ടിരിക്കുന്നു.

ഞാൻ കണ്ട പ്രണയമൊന്നും
എന്റെ പ്രണയത്തോളം
വരുന്നില്ലല്ലോ എന്ന പരിഭവമാണ്
എന്നിലെ നീ.
എന്റെ മഴയിൽ നീ കലരുന്നു 
പനിക്ക് പാരസെറ്റമോൾ പോലെ 
എത്ര ഉഴുതു മറിച്ചിട്ടാലും
വേനലിൽ കരിഞ്ഞാലും
വേരുകൾ ദൃഢമാക്കി
ശാഖികൾ തലയുയർത്തി
എന്റെയുള്ളിലുണ്ടാകും
നിന്നെക്കാത്തിരിയ്ക്കാനൊരു തണൽ മരം.
അതിനടുത്തെത്താൻ അനേകമനേകം വഴികൾ.

ആരെങ്കിലും നമ്മോട് സ്നേഹമാണെന്ന് പറയുന്നത് കേൾക്കുന്നതെന്ത് സുഖമാണെന്നോ!
അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഊർജ്ജകണങ്ങൾ നമ്മുടെയുള്ളിൽ ആവാഹിക്കപ്പെടുന്നതുപോലെ ഉന്മേഷദായകമായ ഒരനുഭവം.
രാത്രി മുഴുവൻ മഴ പുതച്ചു കിടന്ന മരം വെയിലിൽ മുത്തുകൾ പൊഴിച്ചുണരുന്നതുപോലെയൊരു സുഖം.

ആവാഹിക്കപ്പെടുന്നതുപോലെ
പൊഴിച്ചുണരുന്നതുപോലെ
എന്നെ എന്നും സ്നേഹിക്കുക!

നിന്നിലെ ചില വാക്കുകളുടെ
ആകാശം മതി എനിയ്ക്ക്
ചിറകുകൾ മുളയ്ക്കാനും
ചിലനേരങ്ങളിൽ മഴവില്ലാകാനും.

നിന്നിലെ ചില വാക്കുകളുടെ
വേനൽ വിയർപ്പു മതിയെന്നെ
പലകാലം മഴയായ് പെയ്യിക്കാനും
പലപല വിത്തുകളായ്
മണ്ണിൽ ജീവനായ് പടരാനും.


നിന്നാല്‍ എഴുതപ്പെടുന്നു
എന്നിലെ സ്വകാര്യങ്ങള്‍ !


നീയറിയാതെ
നീ
എന്റേതാകുന്നതിലെ
സ്വകാര്യങ്ങള്‍
:-)
നിന്റെ ലിപികളാല്‍
എഴുതപ്പെടുന്നു
എന്നിലെ ഭാഷ.
നിന്നാല്‍
വിവര്‍ത്തനം ചെയ്യപ്പെടുന്നു
എന്റെ സ്വകാര്യങ്ങള്‍.
പരസ്പരം അടയാളപ്പെടുത്തേണ്ടതില്ലാത്ത
സന്ദേശങ്ങളാകുന്നു അവ.

എന്തുകൊണ്ടാണ്
ചില പ്രണയ സഞ്ചാരങ്ങള്‍
മേല്‍വിലാസമില്ലാതാകുമ്പോള്‍
കൂടുതല്‍
സുന്ദരമാകുന്നത്?

Saturday


മരങ്ങൾക്കിടയിലുള്ള വീട്ടിലിരുന്ന്,
മഴപെയ്യവെ എവിടെയോ എന്നിലേക്കുള്ള പ്രണയമായ് നീ മാറുകയാണല്ലോ എന്നറിഞ്ഞ്;
തിരക്കുകളില്ലാതെ, സ്വയം മറച്ചു പിടിക്കാതെ, മുഖം തിരിക്കാതെ എന്നിലേക്കും നിന്നിലേക്കുമുള്ള യാത്രകളിൽ പൂർണ്ണമായ തീർത്ഥാടനം.



എത്ര നേരമായ് നിന്നെ
എന്നിലിങ്ങനെ
ഞാന്‍ കണ്ടു കൊണ്ടിരിയ്ക്കുന്നു !

Wednesday

മേഘവേഗത്തില്‍
അസ്തമനത്തില്‍
പടിഞ്ഞാറാകാശത്തേയ്ക്കും
കടത്തുവഞ്ചിയില്‍
പുലര്‍കാലേ
പൂര്‍വ്വദേശത്തേക്കും.

യാത്രയിലാണ്
എന്നിലെ ഞാന്‍.
അസ്തമിച്ചാലും
ഉദിച്ചുയരാനുള്ളതല്ലേ?


എന്നിലെ
ഒരോ യാത്രയുടേയും
ഗതിവേഗം
നീയാണെന്നിരിക്കേ,
ദിശകളെത്ര വേഗമാണ്‌
മാറുന്നത്!


ഒരോ ദേശത്തിനും
നീ
അവിടത്തുകാരനാകുന്നു.
ഒരോ കാലത്തിനും
നീ
പ്രാചീനനും!


ഒരോ ദേശത്തേയ്ക്കും
ഒരോ കാലത്തേയ്ക്കും
നീ
മുന്നേ നടന്ന്
കാത്തിരിക്കുന്നു.
അതാവണം, ഒരോ മരച്ചുവട്ടിലും എനിക്കൊപ്പം
നിന്റെ തണല്‍ കൂടി ഉണ്ടാകാറുള്ളത്.
:-)




('ഒന്നുമൊന്നും സംസാരിക്കാതെയിരിക്കുമ്പോള്‍ ,
ഞാന്‍ വായാടിയും നീ  കേള്‍വിക്കാരനും ആകുന്നു' എന്ന് നിന്റെ സന്ദേശം ഓര്‍ത്തു.
' കാലമെത്രയായി, ഗുഹാവാസികളായിരുന്നില്ലേ നമ്മളന്നെന്ന് ' നീയപ്പോൾ! )

പറഞ്ഞവസാനിപ്പിക്കരുതൊന്നും;
പാതി പറഞ്ഞു നിര്‍ത്തിയിടത്ത്
വാക്കുകള്‍ ചേര്‍ത്തു ചേര്‍ത്തു വെച്ച്
ജന്മജന്മാന്തരത്തോളം
നിനക്ക് കേള്‍വിക്കാരിയായിരിക്കണമെനിയ്ക്ക്.

പറഞ്ഞവസാനിപ്പിയ്ക്കാത്ത കഥകള്‍ക്കിടയിലുറങ്ങി,
ചിലപ്പോള്‍
ഒരു മരം ,
മഴ തുവര്‍ത്തിക്കളയുന്ന പോലെ
അല്ലെങ്കില്‍
ഒരു മരം,
പൂത്തുലയുന്നതു പോലെ
ഉണരുക.

എന്നിലെ ഒരോ ഉദയവും, നീയെന്ന പകലിനുണരാനുള്ളതാണെന്നറിയില്ലേ?

നിശാഗന്ധികളുടെ നാട്ടില്‍
നീയെന്ന സൂര്യനില്‍ തപസ്സിരിയ്ക്കുന്ന സൂര്യകാന്തിപ്പൂക്കളെ
എന്നില്‍ തുന്നിവെച്ച പകലുകളോര്‍മ്മയില്ലേ?


ഒരോ ദിവസവും വ്യത്യസ്തമായിരിക്കണം.

'കൃത്യനിഷ്ഠയുള്ളത് പ്രണയമായാലും വയ്യെന്ന് ' മനസ്സ് പങ്കു വച്ചവനേ,
അനുസരണയില്ലാതെ,
കൃത്യതകളുള്ള കാത്തിരിപ്പില്ലാതെ
ഒരേ സ്നേഹവാചകങ്ങള്‍ പറയാതെ,
സ്നേഹിച്ചു കൊണ്ടേയിരിക്കുക..

:-)

എന്താണ് മഴയെ ഇത്ര സുന്ദരമാക്കുന്നത്?
ആകാശത്തിന്റെ മേവിലസമോ
മണ്ണിലേക്കുള്ള മടങ്ങിപ്പോക്കോ?
അതുമല്ലെങ്കിൽ നിനക്കുമെനിക്കും പറയാനുള്ളതെല്ലാം പറയുന്നതിന്റെ സൗന്ദര്യമോ?

എന്റെ പിറവിയാണ്
നിനക്കായ് ആദ്യമെഴുതിയ കവിത.

എങ്കിലും
നീ മാത്രമറിയാനായുള്ള
എന്റെ സ്വകാര്യങ്ങൾ
മറ്റാർക്കും
കവിതകളായ് തോന്നില്ല.

ഞാൻ
നിനക്ക് മാത്രമുള്ള
മഴ നനഞ്ഞൊരു
വെയിലിന്റെ നിഴലുകളാൽ
എഴുതിയ
കവിതാ പുസ്തകമാണ്.
ഓർക്കുന്നതേയില്ല ഈയ്യിടെ
എന്നറിയുമ്പോൾ
കൂടുതൽ സന്തോഷം തരുന്നു
പ്രണയങ്ങളിൽ ചിലത്.


ഒരു ഓർമ്മ കൊണ്ട് പോലും
തൊട്ട് നോവിയ്ക്കരുത്
എന്ന് കാവൽ നിൽക്കുന്നു
പ്രണയങ്ങളിൽ ചിലത്.



പറഞ്ഞു തുടങ്ങേണ്ടത് ഇങ്ങനെ ആയിരുന്നില്ലേ എന്ന്
ആദ്യം മുതൽക്ക് ഒരു വട്ടം കൂടിയെന്ന്
അനുവാദം ചോദിയ്ക്കുന്നു
പ്രണയങ്ങളിൽ ചിലത്.



ഇങ്ങനെ കാത്തുനിൽക്കുന്ന
പ്രണയങ്ങളുടെ ചില്ലമേലെല്ലാം ഊഞ്ഞാൽ കെട്ടി
നിർത്താതെ ആടുന്നുണ്ട്

എന്നിലെ,

പറയുന്ന വാക്കുകളെല്ലാം
ചിരിയിൽ പൊതിഞ്ഞു കെട്ടി
കേൾക്കാതെയാക്കുന്ന,
മുടി പിന്നിയിട്ട
ആ പെൺകുട്ടി.




Saturday

അവന്‍ ,

നിന്റെ ആകാശങ്ങളില്‍
സൂര്യനായ് ഉദിച്ചുയരും.

നിന്റെ യാത്രകളെ
മേഘങ്ങളേ എന്ന് പേര്‍ വിളിയ്ക്കും.

നിന്റെ തടവറകളില്‍
മുന്തിരിപ്പടര്‍പ്പുകളാകും.

നിന്റെ മൗനങ്ങളെ
മയില്‍പ്പീലികളായ് കരുതി വയ്ക്കും.

നിന്റെ ശബ്ദങ്ങളില്‍
മഴയിലെന്നപോല്‍
നനയും.

നിന്റെ മരുഭൂമികളില്‍
മണലണിഞ്ഞ്
കാറ്റായ്
അലയും.

മഞ്ഞുതുള്ളികളായ്
നീയെന്ന രാത്രിയില്‍ വീണ്
നനയും.

നിന്റെ ശിഖരാഗ്രങ്ങളില്‍
ഇലകളായ്
തളിരിടും.

നിന്നിലെ
ഇലകള്‍ ചേര്‍ത്ത്
പലകാലങ്ങള്‍ 
പ്യൂപ്പയായ്
നിന്നിലുറങ്ങും.

നീ
പൂക്കളാകവെ
ശലഭമായ്
കണ്ടുകണ്ടിരിയ്ക്കും.

അവന്റെ പ്രാചീനത
നിന്നെ
വനവാസിയും
നായാടിയുമാക്കും.

നിന്റെ വന്യതയിലവന്‍
കാട്ടുപക്ഷിയായ്
ചിറകടിക്കും.

നിന്നിലെ ഋതുക്കള്‍ക്ക്
കാലം
അവന്റെ പേരിടും.

സഞ്ചാരികള്‍
അവനിലൂടെ
നിന്നിലെ
ദേശങ്ങളില്‍
രാപ്പാര്‍ക്കും!





നീയല്ലാതെ മറ്റാരും വായിച്ചിട്ടില്ലാത്ത കവിത പോലൊരു ജീവിതം.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌