Tuesday

ചുംബനമെന്ന പൂവിനെക്കുറിച്ചുള്ള
ഓർമ്മകളാണ്
ഞാൻ ആവർത്തിച്ചെഴുതുന്ന കവിത 
കോർത്തെടുത്ത
നമ്മുടെ കൈവിരലുകൾ
ഭൂമിയെ പൊതിയുന്ന
മലർ വല്ലികളാകുന്നു.

Wednesday

പ്രാണൻ
പകർന്നെടുത്ത്
നുണയുമ്പോഴും
പ്രണയമേ
നിന്റെ മാത്രം
രുചി തേടുന്ന
രസമുകുളമാകുന്നു
ഞാൻ

Monday

നീ കുസൃതികളുടെ ഞാവൽ മരം.
ഞാൻ ഉയരങ്ങളെ പേടിയ്ക്കുന്ന കുട്ടി.

Sunday

പ്രണയം.
പ്രാണന്റെ മീൻപിടപ്പുകളിൽ
നനയുന്ന ജലാശയം.

Saturday

എനിക്കോർമ്മയുണ്ട് ,
ചുവടുകൾ ചിട്ടപ്പെടുത്താൻ
നാം ഒന്നിച്ചിരുന്ന
സമുദ്രതീരത്തെ ആ കൽമണ്ഡപം.
താളം പിടിച്ച തിരക്കൈകൾ.
പാട്ടുകൾ പാടി അലഞ്ഞ
ഗോതമ്പ് വയലുകൾ.
നിറങ്ങൾ തിരഞ്ഞു
വണ്ടുകളായ് പറന്ന പൂപ്പാടങ്ങൾ.
കമ്പിളിപ്പുതപ്പ് തുന്നിയ താഴ്വാരങ്ങൾ.
വിരലുകൾ ചേർക്കാൻ
കുഴച്ചെടുത്ത കളിമൺ പശിമ.
നെഞ്ച് പറിച്ചു
വലിച്ചു മുറുക്കിയ തുകൽ കെട്ട്.
സ്വയം ഉരുക്കി ഒഴിക്കാൻ
തീപ്പിടിപ്പിച്ച ലോഹവാർപ്പുകൾ.
ഓരോതവണത്തേയും
പേര് പോലും ഓർമ്മയിലുണ്ട്
മറന്നുപോയത് ഒന്ന് മാത്രമാണ്
ഈ ജന്മത്തിൽ
എവിടെ
കാത്തു നിൽക്കണമെന്ന
അടയാളവാക്യം.


എനിക്ക് പ്രണയം
ഭൂമിയിലെ രണ്ടാത്മാക്കൾക്കിടയിലെ
അവസാനിയ്ക്കാത്ത സംഭാഷണങ്ങളാണ്.
അതിപ്രിയങ്കരമായ സ്വകാര്യതയാണ്.
ജീവിതത്തിൽ തോറ്റു പോയാലും
ജയിച്ചു കൊണ്ട് നിൽക്കുന്ന നല്ല ഓർമ്മകളാണ്.
രാവെന്നോ പകലെന്നോ ഇല്ലാതെ
ഒച്ചയനക്കമില്ലാത്ത
സാമീപ്യമാണ്.
അതിൽ താരതമ്യങ്ങൾ ഇല്ല.
മത്സരങ്ങളില്ല.
ഞാനുമായി അത്ര ആഴത്തിൽ
അടുപ്പമുള്ള ഒരാൾക്കേ
അത് സാധ്യമാകൂ.
അകലമേ അകലമേ എന്ന് ആർക്കുന്നതല്ല.
അപരിചിതത്വമെന്ന ഉന്മാദവുമില്ല.
അടുത്തിരിക്കാം.
അക്ഷരങ്ങളിൽ പാർക്കുന്ന ഒരുവൾക്ക്
അതിനേക്കാൾ പങ്കുവയ്ക്കാൻ മറ്റൊന്നുമുണ്ടവില്ല.
അത്ര സത്യസന്ധമായി, ജീവിതം പോലും.
ഒരു കഥ പറയാം.
ഒരിയ്ക്കലൊരു അടക്കാക്കിളി നഗരത്തിലെത്തി.
മഞ്ഞവെയിലുള്ള ഒരു പകലിൽ.
നഗരം പെട്ടന്നൊരു ഞാവൽക്കാടായ്.
നിരത്തുകൾ പുഴകളായ്,
ഒഴുകിപ്പോയി.
ആകാശചുംബികൾ ആമകൾ,
ഒളിച്ചിരുന്നു.
ചക്രങ്ങൾ വണ്ടുകളായ്.

-മനുഷ്യരോ?!

-എന്താ സംശയം
ഫോസിലുകൾ!

-അടക്കാക്കിളിയോ?

-മടങ്ങിപ്പോയതേയില്ല.

-ഞാവൽക്കാടോ?

-നിറയെ പൂത്തു.
നാവ് നനഞ്ഞ്
വാക്കുകൾ ചുരന്നു.
ഇനി നീ എഴുത്
ഞാൻ വായിക്കാം.

എനിക്കെഴുതാനറിയാത്ത പേരുകളിൽ
നിന്റെ അടുക്കൽ വന്നവർ
ആരെയൊക്കെയായിരുന്നു എന്ന്
അവരുടെ കഥകൾ എന്തായിരുന്നു എന്ന്
നീ ചുറ്റിനടന്ന
കടൽത്തീരങ്ങളുടെ
മരുഭൂമികളുടെ
താഴ്വാരങ്ങളുടെ
പുഴയോരങ്ങളുടെ
നഗരത്തിരക്കുകളുടെ
രാജ്യാതിർത്തികളുടെ
പേരെന്തായിരുന്നു  എന്ന്
നീ എഴുത്
ഞാൻ വായിക്കാം.

എനിക്ക് ഒരു ജാലകത്തിന്റെ
ഒരേ ഒരു ബാൽക്കണിയുടെ
ഒരേ തെരുവിന്റെ
ഒരേ വാടകവീട്ടിന്റെ
കഥ മാത്രമുണ്ട്.
അതിൽ നിന്ന്
വഴികളുണ്ടാക്കി
മരങ്ങളുണ്ടാക്കി
പുഴയും കരയും
കരകവിയും തീരവുമുണ്ടാക്കി
ഞാൻ ഒരോ ദിവസവും ദൈവമായി പോകുന്നു.

ഇനി നീ എഴുത്
ഞാൻ വായിക്കാം
നിന്റെ ദൈവം ആരായിരുന്നു എന്ന്.

ഓരോ ദിവസവും
ഇല്ലാത്ത ചായപെന്സിലുകൾ കൊണ്ട്
ഇല്ലാത്ത ക്യാൻവാസിൽ
ഇല്ലാത്ത നിറങ്ങൾ കൊണ്ട്
ഒരു ചെവിമുറിഞ്ഞവന്റെ ഭ്രാന്താകുന്നതും
കാത്തിരിയ്ക്കുന്നു.
ഇനി നീ എഴുത്
ഞാൻ വായിക്കാം
നിനക്കവൻ ആരായിരുന്നു എന്ന്.

ഓർമ്മകളുണ്ടാക്കുകയാണ്,
ഇല്ലാത്ത കുട്ടിക്കാലത്തിലെ
ഇല്ലാത്ത ചങ്ങാതിയെ
ഇല്ലാത്ത കൗമാരത്തിലെ
ഇല്ലാത്ത കൂട്ടുകാരനെ
ഇല്ലാത്ത പ്രണയകാലത്തിലെ
ഇല്ലാത്ത പ്രണയിയെ.

ഓർമ്മകളുണ്ടാക്കുകയാണ്,
എഴുതാത്ത പുസ്തകങ്ങളിലെ
എഴുതാത്ത വാക്കുകളുടെ
ഇല്ലാത്ത വായനക്കാരുടെ.

ഓർമ്മകളുണ്ടാക്കുകയാണ്,
പറഞ്ഞുപറഞ്ഞുണ്ടാക്കിയ
ചേർത്ത്പിടിക്കലുകളുടെ
കരുതലുകളുടെ
ഒപ്പം നിൽക്കലുകളുടെ

ഓർമ്മകളുണ്ടാക്കുകയാണ്.

ഓർമ്മകളുണ്ടാക്കുക
മാത്രമാണ്

അതുകൊണ്ട്
ഇനി നീ എഴുത്
ഞാൻ വായിക്കാം.
ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണ്
എന്ന്
ഒന്നിച്ചിരുന്ന് പറയുന്ന
രണ്ടുപേർ
ഒറ്റയ്ക്കാവുന്നത്
എങ്ങനെയാണ്?

ഒറ്റയ്ക്ക്
എന്നത്
ഏറ്റവും ഉച്ചത്തിലുള്ള
ഒന്നിലേറെ മുഖങ്ങളുള്ള
വാക്കുകളിൽ ഒന്നാണെന്ന്;
ഒറ്റയ്ക്കാവുക
എന്നത്
ചിലരുടെ മാത്രം
അവകാശമാണെന്ന്
ആദ്യം പറഞ്ഞിട്ടുണ്ടാവുക
ആരായിരിക്കും?

നിന്റെ കവിതകൾക്കിടയിലൂടെ നടക്കുന്നു.
എന്റെ തെരുവുകൾ ഇങ്ങനെയായിരുന്നില്ലെന്ന് ഓർത്തു പോകുന്നു.
നാം പാർത്ത കാടുകൾ ഇതല്ലെന്ന് ഓർത്തു പോകുന്നു.
എല്ലാം മറന്നുവെങ്കിൽ
കവിതകൾ വായിക്കുന്ന ആ നാഗരികനെ
അയാൾക്ക് ചുറ്റിലുമുള്ള ആൾക്കൂട്ടങ്ങളെ
ഉപേക്ഷിയ്ക്കാം.

ഒരു ഇലയനക്കം പോലും
ഒരു ശ്വാസവേഗം പോലും കവിതയായ് കേൾക്കുന്ന
ആ നായാടിയെ തിരഞ്ഞു പോകാം,
നമ്മൾ മരച്ചുവട്ടിൽ ഒന്നിച്ചുറങ്ങിയ ആ വനാന്തരങ്ങളിലേക്ക്.

നമ്മെ തിരിച്ചുകിട്ടാത്ത നഗരങ്ങൾ എന്തിനാണ്?!
എത്ര മിണ്ടിയാലും ഒന്നും കേട്ടില്ലെന്നുറപ്പിച്ച്
മടങ്ങിപ്പോകാൻ അനേകം വഴികളുള്ള
നമ്മുടെ പുതിയ നഗരങ്ങൾ.
വിശക്കുന്നവരാക്കി
നമ്മെ ഒറ്റുകൊടുക്കുന്ന
അതിലെ ചുവരടയാളങ്ങൾ.

ചില ചിത്രങ്ങൾ കാഴ്ചകളെ
ചില കരഘോഷങ്ങൾ കേൾവിയെ
ചില ചിഹ്നങ്ങൾ ചേർന്നിരിക്കലുകളെ
പരിമിതപ്പെടുത്തുമെന്ന്
നമുക്ക് അറിയാത്തതല്ലല്ലോ.
ഞാൻ മരിച്ചു കഴിയുമ്പോൾ
അവനും നീയും
ആദ്യമായ് കണ്ടുമുട്ടുമോ?
ഞാൻ പാർത്ത ഇടങ്ങളിൽ
ഞാനിരിക്കാറുള്ള മരച്ചുവട്ടിൽ
ഞാൻ കൊഴിഞ്ഞു വീണ മണ്ണിൽ
എന്റെ മടിയിൽ
നിങ്ങളിരുവരും കിടക്കുമോ?
എന്റെ വിരലുകൾ അഞ്ചെന്ന് വീതം വെച്ച്
നിങ്ങളുടെ മുടിയിൽ ഞാൻ വിരലുകൾ ഓട്ടുമോ?
നിന്നേയും അവനേയും അടയാളപ്പെടുത്തിയ
എന്റെ സ്നേഹത്തിന്റെ
ഉത്തരദക്ഷിണധ്രുവങ്ങളെ ഓർത്ത്
നിങ്ങൾ ഒരേ സമയം പൊട്ടിച്ചിരിക്കുമോ?
മുറിവേറ്റു പിടയുമോ?
നിങ്ങളിലൊരാളിന്റെ നിറഞ്ഞ കണ്ണുകൾ
മുറിച്ചു കടക്കാനാകാതെ എനിക്ക്
വീണ്ടും തിരിച്ചു വരേണ്ടി വരുമോ?
എല്ലാ ദിവസവും നിന്നെ വായിക്കാറുണ്ട്.
എന്റെ വഴികളിൽ പകൽ തെളിയുന്നത് പോലെ
എല്ലാദിവസവും.

എന്റെ ഉള്ളം കയ്യിലുണ്ട്
നീ നട്ട മരപ്പച്ചകൾ
നീ പിടച്ച മീൻ പിടപ്പുകൾ
നീ  വിരിഞ്ഞ കിളിമുട്ടകൾ.

ഞാൻ മരിച്ചതറിഞ്ഞു നീ വരുമ്പോഴേ
ആ പുസ്തകം ഞാൻ മടക്കിവയ്ക്കുകയുള്ളൂ,
എന്റെ പ്രാണന്റെ പഴയ നിയമങ്ങൾ
വായിച്ചവസാനിപ്പിക്കുകയുള്ളൂ!
അമ്മയുടെ ഉള്ളിൽ
ഏറെനാൾ ഒളിച്ചിരിയ്ക്കാൻ വയ്യാത്തൊരു
കുട്ടിയായ്‌
നവംബർ വളരുന്നു.
തണുത്ത ജാലകച്ചില്ലിൽ
ഓറഞ്ചു നിറം കൊണ്ട്
സൂര്യനെന്ന അടയാളവാക്യം എഴുതിപ്പഠിയ്ക്കുന്നു.
പെട്ടന്നൊരു തളിരിലയായ്
തിരിച്ചുവരുമെന്ന വാക്കിൽ
വീടുവിട്ടിറങ്ങുന്നു.
പാട്ട് എന്ന വാക്കിനോട്
കാട് എന്ന വാക്കിന് പകരം
കൂട് എന്ന വാക്ക്
ചേർത്ത്  വായിച്ചു പഠിയ്ക്കേണ്ടി വരുന്ന
പക്ഷി
കൊക്ക് വരയ്ക്കും മുൻപേ
കാതുകളിൽ
മൗനം
നിറയ്ക്കുന്നു.
നഗരം നിന്റെയൊപ്പം പനിയ്ക്കുന്നു.
അതിന്റെ നെറ്റിയിൽ
യാത്രയുടെ ഉരുളൻ വിരലുകളോട്ടി
ഞാൻ അടുത്തിരിയ്കുന്നു.
നാവിലൊരധികം കയ്പ്പെന്ന്
അതൊരോർമ്മയെ തേട്ടുന്നു.

നഗരം നിനക്കെന്താണ്?
ഞാനില്ലാത്തത് കൊണ്ട്
പാതി മാത്രം തുറന്നൊരു
കാഴ്ചജാലകം.
വിരൽ കൊണ്ട്
നഗരമണിഞ്ഞ പൊടിയിൽ
ഞാൻ വരച്ചിടുന്ന തിരകൾ.
നീയപ്പോൾ കടലായ്
എടുത്തണിയുകയാകുമതിനെ.

കടൽ നിന്റെയൊപ്പം പനിയ്ക്കുന്നു.
അതിന്റെ പൊള്ളുന്ന
ചുണ്ടുകളിൽ
ഞാൻ മീനായ് വേകുന്നു.
കണ്ണിലെന്തോ ഒരു കരടെന്ന്
അതോർമ്മയെ ഒഴുക്കുന്നു.

കടൽ  നിനക്കെന്താണ്?
ഞാനില്ലാത്തത് കൊണ്ട്
തുന്നിത്തീർക്കാനാകാത്തൊരു
നീല ഞൊറിയുടുപ്പ്.
പ്രണയത്തിന്റെ നാറാണത്ത് ഭ്രാന്തുകൾ ...
അങ്ങനെയങ്ങനെ
സംസാരിച്ചിരിയ്ക്കാൻ ഒരാൾ വരണം.
കണ്ണാടിയിലല്ലാതെ 
പ്രതിഫലിപ്പിയ്ക്കുന്ന ഒരാൾ. 
കവിതകളുടെ ദേവാലയത്തിന്റെ പടികളിലിരുന്ന്
നാമസങ്കീർത്തനങ്ങളിൽ ചിലത് കേൾക്കുന്നു.

എഴുതുന്ന വാചകങ്ങളെല്ലാം
കവിതയായ് മാറിപ്പോകുന്ന
ഒരുവളാകണമെന്ന് ആഗ്രഹിയ്ക്കുന്നു.

പിറക്കാതെ പോയ ഒരുവന്
വേണ്ടി കത്തുകളെഴുതുന്ന ഒരുവളാകുന്നു.
എന്റേത്
എന്ന് പറഞ്ഞായിരുന്നു തുടങ്ങിയത്.
പിന്നീടാണറിഞ്ഞത്
ഒന്നും എന്റേതാവുന്നില്ലെന്ന്.
എല്ലാ എഴുത്തുകളും സ്നേഹമെന്ന
മേൽവിലാസത്തിൽ അയക്കുന്നു.
അതെല്ലാം നിനക്ക് കിട്ടുന്നു.
നിന്റെ മറുപടിയില്ലായ്‌മകൾ
എനിയ്ക്ക് തിരിച്ചു കിട്ടുന്നു.
വിരസത.
 അകലം.
 മൗനം.
 വേനൽ.
ഇത് മാത്രം പോരാ..
അത്രയും തമ്മിൽ ഓർക്കാതിരിക്കുകയും വേണം
ഒന്ന് ജീവിച്ചു പോകാൻ


നീ വേണം
എന്ന് സ്നേഹം മൂക്കുന്ന
നേരത്താണ്
നമ്മൾ ഒരിയ്ക്കലും
പരിചയപ്പെടാതെയിരുന്നെങ്കിൽ
എന്ന് എനിയ്ക്ക് തോന്നുക.

നീ വേണം
എന്ന് ഭ്രാന്ത് പിടിപ്പിക്കുന്ന
നേരത്താണ്
നിന്നിൽ നിന്ന്
അകന്ന് നിൽക്കണം എന്ന് തോന്നുക

നീ വേണം എന്ന്
കടന്നുപോകാൻ കഠിനമായ
ആഗ്രഹത്തിൽ നിന്നാണ്
മറക്കുന്നതാണ് നല്ലതെന്ന് തോന്നുക

എപ്പോഴുമിപ്പോൾ തോന്നുന്നു,
നിന്നെ പരിചയപ്പെടാതിരുന്നെങ്കിൽ
നിന്നിൽ നിന്ന് അകന്ന് നിൽക്കാൻ കഴിഞ്ഞെങ്കിൽ
മറക്കാൻ  കഴിഞ്ഞെങ്കിൽ
ഇനി ഈ വഴി വരാതിരിയ്ക്കാൻ കഴിഞ്ഞെങ്കിൽ
എന്ന്

 ക്ഷമിയ്ക്ക്!
നിയന്ത്രിയ്ക്കാൻ കഴിയാതെ പോകുന്നുണ്ട് സ്നേഹം,
അറിയാം
ക്ഷമിയ്ക്ക് !!

ഞാൻ വിചാരിയ്ക്കുന്നത്ര അടുപ്പമൊന്നും
നമുക്കിടയിൽ ഇല്ല
എന്ന് വേവുന്ന നേരങ്ങളിലാണ്
ഞാനിതൊക്കെ എഴുതുന്നത്,
എല്ലാം സ്വീകരിയ്ക്കുമ്പോഴും
ജീവിതത്തെ മാത്രം നിരാകരിയ്ക്കുന്ന
ചില നേരങ്ങളിൽ .

നിനക്കത് അറിയാത്തതല്ലോ 
നിയ്യെനിക്ക്‌ ആരുമല്ലെന്നൊരു വരി.

നീ പഠിയ്ക്കാൻ എടുത്ത് വെച്ച ആ വരിയെടുത്തുവെച്ചാണ്
ഈ പകൽ അതിന്റെ നിഴലുകൾ നെയ്തെടുത്തത്.

നാം ഒന്നിച്ചു നടക്കേണ്ടവരല്ല
എങ്കിൽ
എപ്പോൾ വേണമെങ്കിലും ഇരുവഴി പിരിഞ്ഞേക്കാം. മുന്നറിയിപ്പുകളൊന്നുമില്ലാതെ അത് സാധ്യമാണ്.
അതല്ല എങ്കിൽ
ഏതൊക്കെയോ ഊടുവഴികൾ കടന്ന്,
കണ്ടുമുട്ടിക്കൊണ്ടേയിരിക്കുകയോ,
കടന്നുപോവുകയോ,
അവസാനം വരെ ഒപ്പം നടക്കുകയോ
ചെയ്യും.
അത്രയും സ്വാഭാവികമാണ് ജീവിതം.
അതുകൊണ്ട്, ആ വരി പറഞ്ഞു പഠിയ്ക്കണമെന്നില്ല.
രണ്ട് പേരിൽ ഒരാൾക്ക് മാത്രമായ്
അത് നിശ്ചയിക്കാനും എളുപ്പമല്ല.
ആ അനിശ്ചിതത്വത്തിലാണ്
ജീവിതത്തിന്റെ ആഹ്ളാദങ്ങൾ.
ആ അനിശ്ചിതത്വത്തിലാണ്
സ്നേഹത്തിന്റെ ഉന്മത്തതകൾ.

പ്രണയം എന്തിനാണ്!
മരണത്തേക്കാൾ ഏകാകിയായ മൗനമുണ്ടല്ലോ
നെറുകയിൽ ഉമ്മവയ്ക്കാൻ !!

വായിച്ചവസാനിപ്പിയ്ക്കാൻ കഴിയാത്ത
മഹാകാവ്യങ്ങൾ.
അതിലൊളിഞ്ഞിരിയ്ക്കുന്ന
അവ്യക്തമായ ഈണങ്ങൾ.
അപരിചിതമായ നിറചേർച്ചകൾ.
ആരുടെയോ വിരൽപ്പാടുകൾ.
അടരടരായുള്ള മണങ്ങൾ.
പ്രണയമെന്നാൽ വെറും
നീയെന്നും ഞാനെന്നും
മാത്രമുള്ള അടയാളപ്പെടുത്തലുകളല്ല.
ഞാൻ ഒരമ്പാണ്.
ഞാണിനും ലക്ഷ്യത്തിനുമിടയിലുള്ള യാത്രാമധ്യേ എന്നും.
നീ മാത്രമെന്ന ടാർഗെറ്റിൽ
അത്ര കൃത്യമായ് തറിച്ചു നിൽക്കാൻ കഴിയാത്ത ഒന്ന്.
ഞാൻ മരിച്ചു കഴിയുമ്പോൾ
അവർ നിന്നെ തിരഞ്ഞു വരുമോ?
നീ ആരായിരുന്നു എനിക്കെന്ന്
അവർ നിന്നോട് ചോദിയ്ക്കുമോ?
അവർക്കപരിചിതമായ
നമ്മുടെ സ്നേഹത്തിന്റെ ആകാശങ്ങളിൽ
അവർക്ക് പരിചിതമായ
പ്രേമകഥകളുടെ മഴമേഘങ്ങൾ
നമ്മുടെ പേരുകളിൽ കോർത്തിടുമോ?
അതെയെന്നോ അല്ലെന്നോ പറയാനാകാതെ നീ
അവസാനിച്ചു പോയ എന്നെ അടയാളപ്പെടുത്തുമോ?
കര.
കടൽ.
ചിലപ്പോൾ
കരയാകും
കടലാകും
തിരയാകും
മണലാകും
ശംഖാവും
വാലിൽ ചിറകുള്ള മീനാകും
മനസ്സ്.
നിന്റെ ഓർമ്മകൾ കൊണ്ട്
നീലിച്ചു പോയ
പ്രണയത്തെ
ഇന്ദ്രനീലമെന്ന് വിളിയ്ക്കുന്നു.
കവിത എന്നാൽ കവിത മാത്രമാണ്.
അതിന് മറ്റൊരു മേൽവിലാസവും വേണ്ട.
നിന്നെ പ്രണയിച്ച ദിവസങ്ങളുടെ എണ്ണമാണെങ്കിൽ
ജന്മങ്ങളുടെ കണക്കുകളുണ്ട്.
നീ പ്രേമിച്ച ദിവസങ്ങൾക്ക് എന്റെ വിരലുകൾ മതി.
യാത്ര പറയുമ്പോൾ പറയുന്ന വാക്കുകളൊന്നും
മനസ്സിൽ സൂക്ഷിയ്ക്കരുത്.
അത്
ആ നിമിഷത്തിൽ മാത്രം ജനിച്ചു മരിയ്‌ക്കേണ്ടുന്ന
ജീവിതത്തെക്കുറിച്ചുള്ളതാണ് .

യാത്ര പറയുമ്പോൾ പറയുന്ന വാക്കുകളൊന്നും
മനസ്സിൽ സൂക്ഷിയ്ക്കരുത്.
അത്
അന്നോളം പറഞ്ഞ വാക്കുകൾക്കും
അതിൽ പിന്നെ പറയാതെ പോകുന്ന വാക്കുകൾക്കും
ഇടയിലുള്ള
പാലമില്ലാത്ത പുഴയാണ്!
അതൊരു കടവത്തും കാത്ത് നിൽക്കുന്നില്ല !!
മേൽവിലാസമില്ലാത്തത് കൊണ്ടാവണം
എല്ലാ കത്തുകളും
കൃത്യമായ്
നമുക്കിടയിൽ
കൈമാറ്റം ചെയ്യപ്പെടുന്നത്.

Thursday

പ്രണയിക്കുമ്പോൾ
അവളെ
പ്രണയിക്കുക.
പേരോ
പ്രായമോ
മേൽവിലാസമോ
ഇല്ലാതെ
അവളെ.
അമ്മയെങ്കിൽ വിരലുണ്ണുന്ന കുഞ്ഞാവുക.
മകളെങ്കിൽ അച്ഛനെന്ന കഥാപുസ്തകവും.
അനിയത്തിയ്ക്ക് ഏട്ടനും
പെൺമൃഗത്തിന് ആൺമൃഗവുമാവുക.
എന്നാലും
ഗുരുവും ശിഷ്യയുമാവരുത്.
തമ്മിൽ പഠിപ്പിയ്ക്കാൻ പാഠങ്ങളില്ലാത്തവരാവുക.
വിഷാദിയെങ്കിൽ
അവൾക്ക് കണ്ണീരാവുക.
ആഘോഷങ്ങളിൽ
ഏറ്റവും ഉച്ചത്തിലുയരുന്ന അവളുടെ ചിരിയും.
കലഹങ്ങളിൽ
അവളെ
ഏറ്റവും എളുപ്പമിണങ്ങുന്ന പിണക്കമാക്കുക.
അവളുടെ പാചകങ്ങളിൽ
വിശപ്പിന്റെ മാത്രം രസമുകുളമാവുക.
യാത്രയിൽ കാഴ്‌ചയും
സഞ്ചാരിയുടെ ഭൂപടവുമാവുക.
കരിയിലയെങ്കിൽ
മണ്ണാങ്കട്ട എന്ന് അരിശപ്പെടാതെ
കാശിയിലേക്കുള്ള
ഏറ്റവും ആദ്യത്തെ തീവണ്ടിയിൽ
അവളെ വിൻഡോസീറ്റിലിരുത്തുക.
അവളങ്ങനെ
വേണ്ടുവോളം
പാറിപ്പറക്കട്ടെ.
നിനക്ക് നനയാൻ
ഒരു പെരുമഴ വരുമല്ലോ!

Monday

നിന്റെ മൗനത്തിൽ നിന്ന്
നിന്റെ ഹൃദയമിടിപ്പുകളെ
വേർതിരിച്ചെടുക്കുന്നു.
അതിൽ പ്രണയമെന്ന വാക്ക്
മിന്നൽ പോലെ വിറയ്ക്കുന്നു.
നിന്റെ കണ്ണുകളെ
കണ്ണാടിയാക്കുന്നു.
ഞാൻ
കാഴ്ചകളുടെ കടലാകുന്നു.
നിന്നിലെ പ്രണയത്തിന്റെ
തൊട്ടാവാടിപ്പടർപ്പുകൾക്ക്
ഞാൻ മണ്ണിരയെന്ന പേരുള്ള
തോട്ടക്കാരനാകുന്നു.
എന്റെ പ്രണയലേഖനങ്ങൾ
കൃത്യമായ്
കൈപ്പറ്റിയ ഒരാളെന്ന നിലയിൽ ചോദിയ്ക്കട്ടെ,
ഇനി എന്താണെന്റെ മേൽവിലാസം?
സ്നേഹം കൊണ്ടാണോ
മൗനം കൊണ്ടാണോ
അകലം എന്ന വാക്ക്
അദൃശ്യമായ് എഴുതിവയ്ക്കാനാവുക?!

Sunday

പ്രണയത്തിന്റെ നൈൽ എന്ന് നീയും
ഏകാന്തതയുടെ ആമസോൺ എന്ന് ഞാനും
സ്വയം പരിചയപ്പെടുത്തുന്നു.
പറഞ്ഞു വരുന്നത്
നമുക്കിടയിലെ
സമുദ്രദൂരങ്ങളാണ് !
പ്രാന്തിന്
ഉമ്മകൾ പകരം കിട്ടുന്നത്
പ്രണയത്തിലല്ലാതെ
മറ്റെവിടെയാണ്  
സൂര്യനെ ഉദരത്തിലുറക്കുന്ന
മരമാകുന്നു നവംബർ.
ഇലകളെല്ലാം
ഓറഞ്ചു മഷിയിലെഴുതിയ
താരാട്ട് പാട്ടുകൾ.
ഭൂമി പോലും ഉറങ്ങിപ്പോകുന്നു.
ഒറ്റപ്രണയമെന്ന
ഏറ്റവും മൂർച്ചയുള്ള
ഒരമ്പ് തറിച്ചു നിൽക്കുന്നത് കൊണ്ട് മാത്രം
ജീവിച്ചിരിയ്ക്കുന്ന പക്ഷി- ഞാൻ. 
മുറിവിന്റെ പാടുകൾ.
ഓർമ്മക്കറകൾ.
നിന്റെ പേരുള്ള ഒരു മരത്തിന്റെ ഏകാന്തത.
എന്റെ മേൽവിലാസം. 
അരിച്ചെടുക്കാനാകാത്തൊരു
കടുംങ്കാപ്പിക്കപ്പിനരികിലെന്ന പോലെ
നിന്നെ ആൾക്കൂട്ടത്തിൽ നിന്ന്
തിരിച്ചുകിട്ടാൻ കാത്തിരുന്ന്
ആറിത്തണുത്തുപോയ
എന്റെ ചൂടൻ പ്രേമം! 
നിന്നെ ഉമ്മ വയ്ക്കാനൊരുങ്ങുമ്പോൾ
പെട്ടന്ന് രാത്രിയാകുന്നു.
സ്വപ്നങ്ങളുടെ റാന്തലുകൾ തിരഞ്ഞു
നീ കണ്ണുകളടച്ചതാണെന്ന് എനിക്കറിയാം.
എങ്കിലും കൂടണയാനാകാത്തൊരു പക്ഷി
എന്റെയുള്ളിൽ ചിറകടിയ്ക്കുന്നു.
മരങ്ങളായ മരങ്ങളെല്ലാം അലിഞ്ഞ്
മേഘങ്ങളായ മേഘങ്ങളെല്ലാം ഇരുണ്ട്
നിന്റെ ഇമകൾക്കിപ്പുറത്ത്
ഞാൻ
നീയില്ലാതെ
ഇരുട്ടിൽ
ഒറ്റയ്ക്കാവുന്നു.
ഇരുട്ടെന്നാൽ
എനിയ്ക്ക്
മുറിവുകൾ
ഒളിപ്പിച്ചു വയ്ക്കാനൊരിടം
മാത്രമാണ്.

ചുംബനങ്ങളിൽ 
നീ
കണ്ണുകളടയ്ക്കാതെ.
പകരം
നിന്നിൽ
എന്നെ നിറയ്ക്ക് .

നിന്റെ കണ്ണിലെ തിളക്കമെന്റെ വിയർപ്പു തുള്ളികളിൽ
കോർത്ത്
ഞനൊരു സൂര്യോദയം കാണും.
പുഞ്ചിരികളുടെ
വെയിൽപ്പാടങ്ങൾ കൊയ്യും.


Saturday

മരുഭൂമിയിൽ.
സൂര്യൻ പോലും
തണുത്തു തുടങ്ങിയാൽ
അവിടെപ്പിന്നെ
എന്തൊരു ഏകാന്തതയാണ്!

Friday

നിന്റെ കണ്ണിൽ നിന്നൊരൊറ്റത്തുള്ളി
ഞാനൊരു കൈക്കുമ്പിൾ
ഉള്ളിൽ കാലവർഷം
പെയ്ഡ് തോരാത്ത മരമെന്ന് എന്റെ പേര് 

Wednesday

ഞാൻ പ്രണയമെന്ന് നിന്നെ വിളിയ്ക്കുമ്പോൾ
നീ നക്ഷത്രമെന്ന് നിന്റെ പേര് മാറ്റിപ്പറയുന്നത്;
ഞാൻ  നക്ഷത്രമെന്ന് നിന്നെ  തൊട്ടിരിയ്ക്കുമ്പോൾ
നീ പ്രണയമെന്ന് പെയ്ത് തോരുന്നത്
എന്തുകൊണ്ടാകും?

Monday

അനിശ്ചിതത്വങ്ങളുടെ സൂര്യതാപത്തിലും
ശാന്തിയുടെ വിത്തുകൾ പേറുന്ന
പൂവിന്റെ സൗഖ്യം.
ഒറ്റവരികളെ
ഒറ്റയ്ക്ക് നിർത്താനൊരിടം ഇത്.
ഒരിയ്ക്കൽ കൂടി നിന്നേയുമവിടെ
ഒറ്റയ്ക്ക് നിർത്തുന്നു;
ഓർക്കാൻ
ഒന്നുമില്ലാത്ത
ഒരുവനന്റെ
ഒറ്റക്കവിത പോലെ.
ആ ചേർന്നിരിക്കലുകൾ ..
ആ വിരൽകോർക്കലുകൾ ..
ഹൃദയമിടിപ്പിന്റെ
ആ സിംഫണികൾ ..
വേഗത്തിൽ വേരുപിടിച്ചൊരു
ചെമ്പരത്തിത്തയ്യുണ്ട്
നിന്നെക്കുറിച്ചുള്ള എന്റെ ഉന്മാദപ്പടർപ്പുകളിൽ !

Sunday

ഒരു ജലസസ്യത്തിന്റെ
നേർത്ത വേരുകൾ-
മഴയാകാശത്തിലെ
മിന്നല്പിണരുകൾ-
എന്നെ മൂടുന്ന
നിന്റെ ഓർമ്മഞരമ്പുകൾ .

Wednesday

നിന്റെ
ഓരോ ശ്വാസവും
പ്രണയത്തിന്റെ
ആദിമ ലിപിയാണ് .
അതെന്നെ
ഏറ്റവും
പ്രാചീനനായ കവിയാക്കുന്നു.
ഭൂമിയെ
ഏറ്റവും
പഴയ കവിതാപുസ്തകവും.
നിന്റെ ചുണ്ടുകളിൽ
എന്റെ വാക്കുകൾ
മണക്കണം.
നിന്റെ വാക്കുകളിൽ
എന്റെ ചുണ്ടുകൾ
മിണ്ടണം. 

Tuesday

എന്റെയീ പ്രണയപുസ്തകമില്ലേ!
ഓരോ താളും
വായിച്ചവസാനിപ്പിക്കുമ്പോൾ
നീ,
ഏകാന്തതയെന്ന നിന്റെ പേരെഴുതി
ഒപ്പിടാൻ മറക്കരുത്.

ഈ യാത്രയിൽ സൂക്ഷിയ്ക്കണം.
മുറിവുകളുടെ
വെറ്റില ഞരമ്പുകളിൽ
ഓർമ്മകളുടെ
ചുണ്ണാമ്പ് ചോദിച്ചു വാങ്ങാൻ
നിന്റെ വഴിയിൽ 
മുറുക്കിച്ചുവപ്പിച്ചു
കാത്തു നിൽപ്പുണ്ട്
ഒരു രാത്രിസുന്ദരി.
പ്രണയമെന്ന
പേരുള്ള യക്ഷി.

ഓർമ്മകളുടെ ചുവപ്പെന്ന്
എന്റെ ഉമ്മകളുടെ കയ്യൊപ്പ് പതിഞ്ഞ
നിന്റെ ചുണ്ടുകൾ-
പ്രണയത്തിന്റെ ആഴങ്ങളെപ്പേറുന്ന
ഒരു നദിയുടെ
ഇരുകരകൾ.

നിനക്ക് തോന്നുന്നു.
നിനക്ക് തോന്നുന്നു.
നിനക്ക് തോന്നുന്നു.

എന്റെ പ്രണയമൊന്നും

നിന്നോടല്ല
നിന്നോടല്ല
നിന്നോടല്ലെന്ന് ..

അല്ലെങ്കിലും ഇത്രയൊക്കെ
പ്രണയിക്കേണ്ട വല്ല കാര്യവുമുണ്ടോ, അല്ലേ ?
എത്രയോ വാക്കുകൾ
എഴുതിക്കഴിഞ്ഞതാണ് നമ്മൾ .
എന്നിട്ടും
എല്ലാം  മായ്ച്ചു കളഞ്ഞ സ്ളേറ്റുകൾ
വച്ച് മാറുന്ന കുട്ടികളായ്
വേനലവധിയ്ക്ക് തൊട്ടുമുന്നിലെ ദിവസത്തിൽ
അടുത്തടുത്തിരിയ്കുന്നു.

Saturday

കടൽക്കരയിലിരുന്ന്
അവസാനത്തെ തിരയെക്കുറിച്ചു മാത്രം പറയുന്ന ഒരാൾ
കപ്പലുപേക്ഷിച്ചവനാകുന്നു.
അയാൾ
മണ്ണിലെഴുതിയ ചില പേരുകൾ
മായ്ച്ചുകളയുന്ന
തിരയെ മാത്രം കാണുന്നു.

ഒന്നും ഉപേക്ഷിയ്ക്കുകയോ
സ്വീകരിക്കുകയോ ചെയ്യാത്ത
ധ്യാനാവസ്ഥയെ
ജലം എന്ന് പറയുന്നു,
ഭൂമിയിൽ കവിതകളുണ്ടാകുന്നത് ജലത്തിൽ നിന്നാണ്.

തുടക്കത്തിൽ നമുക്ക് തോന്നും
ഒരവസാനമില്ലെന്ന്.
അവസാനം തുടങ്ങുന്നത് കൊണ്ടാകുമത്!
അനിശ്ചിതത്വത്തിന്റെ ഉടയതമ്പുരാനായ ഒരു മനുഷ്യൻ
ഏകാന്തതയുടെ മുഖപുസ്തകത്തിൽ
വിഷാദത്തിന്റെ ലിപി കൊണ്ട്
വരച്ചിടുന്ന കവിതയാണ്
ചിലനേരങ്ങളിൽ ജീവിതം.

Thursday

വീടുവിട്ടിറങ്ങി വന്ന പോലൊരു
മുക്കുറ്റിപ്പൂവുണ്ടെന്റെ
സൂര്യകാന്തിപ്പാടത്തിൽ !
ഒരു പുസ്തകം എഴുതിത്തുടങ്ങിയിട്ടുണ്ട്.
ഒരോ വരിയിലും എന്റെ ഹൃദയമാണ്  ചേർത്ത് വച്ചിരിയ്കുന്നത്.
വായിക്കുമ്പോൾ
നിന്റെ ഹൃദയം കൊണ്ടത് മാറ്റിവയ്ക്കണം നീ-

ഏറ്റവും അപരിചിതരായവർക്കിടയിലാണ്
ഏറ്റവും നല്ല കവിതകൾ ഉണ്ടാകുക.
സ്വയം ഏറെ പറഞ്ഞുകൊണ്ട് ,
മറ്റേയാളായ് മാറിപ്പോവുന്ന 
ഏറ്റവും നല്ല കവിത.
പനിച്ചു പോയ പനിനീർപ്പൂ പോലെ
എണ്ണമറ്റ ഹൃദയമിടിപ്പുകൾ ചേർത്ത് വെച്ച്
രാത്രികളിൽ
ഒറ്റയ്ക്ക്
വിറയ്ക്കുന്നു!

എന്നിലാകെ
ഓർമ്മക്കല്ലുകൾ ചുമന്നു തളർന്ന
തുമ്പിച്ചിറകുകളുടെ വട്ടം ചുറ്റലുകൾ.

Sunday

കവിതകൾക്ക് പകരം കവിതകളെന്ന്
നാം
കത്തുകളെഴുതിയിട്ട്
കാലമെത്രയായ്‌ !
കവിതകൾ
പ്രാണന്റെ രഹസ്യങ്ങളിലേക്കുള്ള
അദൃശ്യ ഗോവണികളാണ്.

Saturday

ഇടതു കവിളിൽ
കവിതയുടെ
കാക്കപ്പുള്ളി മറുകുള്ള ഒരുവളെ
ഈ നിമിഷം
ഞാൻ
പ്രണയിച്ചു തുടങ്ങുന്നു.

ഒറ്റയക്ഷരത്തിലെഴുതിയ
ആ വാക്കുപോലെ
മറുകിൽ
ഉരുകി
ഞാൻ
ഒട്ടിപ്പിടിച്ചിരിയ്ക്കുന്നു.

അവൾക്കുമെനിയ്ക്കും
മൂക്കുത്തിനിറമുള്ള ഒരു വെയിൽ
മുറിച്ചു തന്നിരിക്കുന്ന
ഒറ്റമുറി
തീവണ്ടി.
പലനാൾ നനഞ്ഞ പുഴ.
പലനാൾ തുഴഞ്ഞ വേഗം.

ഒറ്റകിതപ്പിൽ
ഒറ്റനോട്ടത്തിന്റെ ചങ്ങല വലിച്ച്
ഇവിടെ നിർത്തിയിടട്ടെ
ഈ നിമിഷം
ഞാൻ
ജീവന്റെ ശ്വാസം.

Friday

അവളെന്ന്
അവളിൽ നിറയുന്ന
ആൾക്കൂട്ടം 
ഒറ്റത്തുള്ളി ഏകാന്തതയുടെ മഹാസമുദ്രം.

Thursday

പ്രണയം
പലജന്മങ്ങളിലേക്കുള്ള
മാന്ത്രികപ്പടവുകളാണ് .

Tuesday

പെണ്ണേ
പ്രിയപ്പെട്ടവളേ
നിന്നെ മറവികളിൽ ഉപേക്ഷിയ്ക്കണമെന്ന് കരുതുമ്പോഴും
നിന്റെ ഓർമ്മകൾ എന്നെ ജയിക്കുന്നുവെന്ന്
നിനക്ക് അറിയാമോ?
കണ്ടുമുട്ടാനിടവരരുതേ എന്ന് പ്രാർത്ഥിയ്ക്കുമെങ്കിലും
നിന്നിലേക്കുള്ള വഴികളിലെല്ലാം നിന്നെ
ഞാനെന്നും കാത്തു നിൽക്കാറുണ്ടെന്ന്
നിനക്ക് അറിയാമോ?

പെണ്ണേ
പ്രിയപ്പെട്ടവളേ
പറയാതെ പോയ വാക്കുകൾ കൊണ്ട്
നിനക്ക് എന്നും മൂളുവാനൊരു കവിത ഞാൻ എഴുതിവെച്ചിട്ട്
കാലമെത്രയായെന്നോ!
എന്നിട്ടും
കരുതലോടെ കാത്തുപോരുന്ന
അപരിചിതത്വമാണ്
ഇന്നും നിന്റെ മുന്നിലെന്റെ പരിചയം.

പെണ്ണേ
പ്രിയപ്പെട്ടവളേ
ആർക്കോ വേണ്ടി നീ എഴുതിയ
സ്നേഹവാചകങ്ങൾ ചേർത്ത് വെച്ചതാണ്
ഇന്നുമെന്റെ വേദപുസ്തകം.

നിന്റെ ഓർമ്മകളിൽ ഞാൻ നാവികൻ.
നിന്റെ പിണക്കങ്ങളിൽ സഞ്ചാരി.
നിന്നോടുള്ള തോൽവികളിൽ എന്നും ജേതാവ്.

നിന്നിൽ നിന്ന് തിരിച്ചിറങ്ങാനായുന്ന വഴികൾ നീളെ
നിന്നെക്കുറിച്ചു മാത്രം പറയുന്ന
ചെത്തിപ്പടർപ്പുകളിൽ
ചോന്നു പോകുന്ന ഞാൻ.


എന്റെ കൈകൾ കടലാക്കുന്നു.
എന്നിലെ ഒരു ദ്വീപെന്ന്
നിന്നെ വാരിപ്പിടിയ്ക്കുന്നു.
എന്റെ എന്ന്
നിന്നിലേക്കെന്ന
വിവർത്തനം ചെയ്യാനൊരുങ്ങുന്ന
ഞാൻ എന്ന ഭാഷയിലെ പെൺകുട്ടിയെ
എന്നും കണ്ണാടിക്കപ്പുറം ഉപേക്ഷിയ്ക്കുന്ന നീ .
ഹൃദയപ്പെരുക്കങ്ങളിൽ തുടങ്ങുന്നു-
മയിലുകളെന്ന് നാം തമ്മിൽ തിരഞ്ഞ മഴപ്പെയ്ത്തുകൾ,
പ്രാണന്റെ മീൻപിടപ്പുകളെപ്പോറ്റാൻ ഉടലാഴങ്ങൾ,
കവിതകളെന്ന് ഓർമ്മകളെ തലകീഴാക്കിയ വാക്കുകളുടെ വവ്വാൽചിറകുകൾ.
ശ്വാസവേഗത്തിൽ വിറച്ചുടലാകവേ മുളച്ച വിരൽപ്പച്ചകൾ,
പ്രണയമെന്ന വാക്കിന്റെ ശലഭജീവിതങ്ങൾ.

നിന്നെ ഇറുത്തെടുത്തുവെച്ച പൂക്കാലം-
ഞാൻ!
നീ പറയാറുള്ളത് പോലെ മരങ്ങൾക്കിടയിലുള്ള
വീട്ടിൽ നമുക്ക് പാർക്കണം.

മഴയിൽ പെയ്‌തൊലിയ്ക്കുന്ന
നിന്റെ വർത്തമാനങ്ങൾ ആദ്യം കേൾക്കുന്ന 
നിന്നെ കാത്ത് ചില്ലകളെയെല്ലാം കണ്ണുകളാക്കുന്ന
വെയിലിനെ
നിഴലെന്നും തണലെന്നും തണുപ്പെന്നും വിവർത്തനം ചെയ്യുന്ന
മരങ്ങൾ!

നിറയെ മരങ്ങൾ!!
മരങ്ങളിൽ നിന്ന്
നിറയെ
മരക്കുഞ്ഞുങ്ങൾ!!
വേരുകളെന്ന്
മണ്ണിലൊളിപ്പിച്ച അവരുടെ കളിപ്പാവകൾ.
ഇലകളെന്ന്
മേഘങ്ങളിലേക്ക് അവരുടെ പട്ടം പറത്തലുകൾ ..

നിൽക്ക്
നിൽക്ക്
മരങ്ങൾക്കിടയിലുള്ള വീട് അല്ലേ?
അവിടെ മുറ്റം ആരടിയ്ക്കും എന്ന് കൂടി പറ !
പുഴയെ നോക്കുമ്പോൾ പക്ഷി.
പക്ഷിയെ കാണുമ്പൊൾ
വേരുകൾ ഞാത്തിയിട്ട മരം.
മരമെന്നാൽ നൃത്തം നിലച്ച ഉടൽ.
(നിന്റെ )ഉടലോ ഒഴുകാൻ തുടങ്ങുന്ന പുഴ !

Monday

എന്റെ നിശബ്ദത
ഒരു ജലാശയമാണ്.
അത്
നിന്നെ മാത്രം
പ്രതിഫലിപ്പിയ്ക്കുന്നു.
നിന്റെ ചുണ്ടുകളുടെ വൻകരകളെ ചുംബിയ്ക്കാൻ
ഞാൻ ഏകാന്തതയുടെ കടലുകളൊന്നിനെ കടമെടുക്കുന്നു.
പ്രണയം
പ്രാണന്റെ പലതുള്ളി
പ്രളയം.
പ്രണയമെന്നത് ഇന്നൊരു ഒരു പൂവിന്റെ പേരാണ്.
ഏതോ ജന്മത്തിൽ അത്
ഒരു പുഴയുടെ കണ്ണുകളെ കണ്ണാടിയാക്കിയ കാമുകനായിരുന്നു.
നാം
പക്ഷികൾ എന്ന് പേരുള്ള
ചിറകുള്ള മീനുകൾ.
നമുക്ക്
തുഴഞ്ഞു പോകാൻ
ആകാശമെന്ന കടൽ!
ചുറ്റിലും
നിന്റെ പേരിലെന്റെ വിരൽ തൊടുമ്പോൾ
ഇറ്റു വീഴുന്ന നിറങ്ങൾ.
പ്രണയത്തിൽ  നൃത്തം ചെയ്യുന്നു.
പ്രണയമെന്നിൽ നൃത്തം ചെയ്യുന്നു.

നിന്റെ ചുണ്ടുകൾ
ഓർമ്മകളുടെ
ചെമ്പരത്തിത്തോട്ടം.
നിന്റെ പ്രണയത്തിന്റെ ചിറകിൽ
ഞാൻ പക്ഷിയാകുന്നു.
ഉയരമെന്ന
അതിരുകളില്ലാത്തിടത്തേക്ക്
പറക്കുന്നു.

ഞാൻ -
നിന്നെ
വീണ്ടും കണ്ടുമുട്ടാനുള്ള ദിവസത്തിലേക്കിങ്ങനെ
അനേകമനേകം പ്രകാശവർഷങ്ങൾ
തീപ്പിടിച്ചു താണ്ടുന്ന
വാൽനക്ഷത്രം.
പ്രണയം
പ്രാണന്റെ ഒറ്റത്തുള്ളി.
അതിലാകവേ
എന്റെ ജീവന്റെ
മീൻപിടപ്പുകൾ!
നീ എന്ന വിത്തിൽ മുളയ്കുന്നു.
ആകെ പടരുന്നു.
നിന്റെ
പൂക്കാലമാകുന്നു.
ഉള്ളിൽ അത്ര ആഴത്തിൽ
ഒരാൾക്കൂട്ടത്തിന്റെ
മുദ്ര പതിപ്പിച്ചു വെച്ച ഏകാന്തത!
നിന്റെ കണ്ണുകളെ കണ്ണാടിയാക്കുന്നു.
മുഖം നോക്കിയിരിക്കെ
ഒരു മഹാസമുദ്രമെന്നിൽ
ഉറവ് കണ്ടെത്തുന്നു.
ഓർമ്മ എന്ന് പേരുള്ള ഒരു കടൽ ജീവിയാകുന്നു.
നിന്നെക്കുറിച്ചുള്ളതെല്ലാം മുറുകെപ്പിടിയ്ക്കാൻ
ഉടൽ നീളെ
കൈകൾ മുളയ്കുന്നു.
പ്രണയം -
മുഖം നോക്കിയിരിക്കെ
ഓർമ്മകൾ
ആമ്പലുകളായ് വിടരുന്ന
പ്രാചീന ജലാശയം.
നീ
ചേർന്നിരിയ്ക്കുമ്പോൾ നിലാവ് !
ഉമ്മ വയ്ക്കുമ്പോൾ നക്ഷത്രം!
നിന്റെ ചുണ്ടുകൾ
പ്രണയത്തിന്റെ വൻകരകൾ.
ഏകാന്തതയുടെ ഭൂകമ്പങ്ങൾ പേറുന്ന
മഹാസമുദ്രമായ് ഞാൻ
ചുറ്റിപ്പടരുന്നു.
ഓരോ വാക്കും അവസാനത്തേതെന്നത് പോലെ എഴുതുന്നു.
ഓരോ ചിത്രവും അവസാനത്തേതെന്നത് പോലെ വരയ്ക്കുന്നു.
നിന്റെ പ്രണയങ്ങളിൽ ഏറ്റവും അവസാനത്തേതായി ജീവിയ്ക്കുന്നു.

Saturday

നമ്മൾ വീണ്ടും കാണും.
വാക്കുകളുടെ പുതുമഴയിൽ
വിരലുകൾ ചുറ്റിപ്പിണച്ച്‌
അത്ര വരെ കടന്നു പോയ
കാത്തിരിപ്പിന്റെ ചുട്ടഗന്ധം
ഒന്നിച്ചുള്ളിലേക്കെടുക്കും.
ഏറെ നേരം
ശ്വാസം കോർത്ത് നിൽക്കും.

Friday

എന്നിലെ ആകാശങ്ങളെ
തൂവലുകളാക്കുന്ന
നിന്നിലെ പക്ഷികൾ
പറന്നുയരുന്നുണ്ട് ദിനവും.
മേഘങ്ങളിലിരുന്നവർ
 മഴ നനയുന്നുണ്ട്.
ചിറകുകൾ ഒഴുകിപ്പരന്ന്
തോണികളാകുന്നുണ്ട്;
ഓർമ്മകളുടെ പ്രളയം തുഴഞ്ഞ്
കടലാകുന്നുണ്ട്;
കരകയറുന്നുണ്ട് 

Monday

എന്റെ മേൽവിലാസത്തിലേക്ക് തന്നെയാണ്
ഞാനെന്നും നിനക്കുള്ള കത്തുകൾ
അയച്ചുകൊണ്ടിരിയ്ക്കുന്നത്.
നിന്നെയാണ് കവിതയെന്ന്
ഞാൻ
ദിവസവും വായിച്ചു പോകുന്നത്.
ഉടൽ ഭംഗിയല്ല!
നിന്റെയാ പൂമ്പാറ്റച്ചിറകുകൾ!!
ഹൊ !
എത്രയാകാശങ്ങളാണതിൽ
എളുപ്പം പകർത്തിയെടുക്കുന്നത്  !! 

Tuesday

നിന്നെ വരച്ചു വെച്ച
ചുമരുകൾ കൊണ്ട്
ഞാനൊരു വീട് പണിയുന്നു.
ചിരി എന്ന്
അതിന് പേരിടുന്നു.
ഒറ്റയ്‌ക്കെന്ന്
പൊള്ളിപ്പനിച്ചു
നാം
തോൽപിച്ച
വേനലുകൾ.
നീ പച്ചയ്ക്ക് കത്തിയ
ഇരുട്ടിന്റെ
ഓർമ്മത്തിരികൾ
എന്നിൽ ബാക്കി വയ്ക്കുന്നുണ്ട്
ചില പകലുകൾ .
എന്റെ വഴി നീളെ പറക്കുന്നു
നിന്റെ ഹൃദയത്തിന്റെ നിറമുള്ള
ചിത്രശലഭങ്ങൾ.
എത്ര കാടുകളെയാണ് അവർ
കാലുകളിൽ പേറുന്നത്!
എത്രവട്ടമാണവർ
ചെറുകാറ്റായ് മാറിപ്പോകുന്നത് !!

Sunday

ഇലകൾക്ക് പോലും പൂക്കളാണെന്ന നാട്യമുണ്ട്
നാം ചേർന്നിരിയ്ക്കുന്ന ചില്ലകളിൽ.

നാം അങ്ങനെ എത്ര കരച്ചിലുകളെ
മഴക്കാലമെന്ന് നടിച്ചിരിയ്കുന്നു!
എത്രവട്ടം ചിരി വെളിച്ചം കൊണ്ട്
പകലുകളുണ്ടാക്കിയിരിക്കുന്നു!!

Saturday

രണ്ട് വാക്ക് കൂടുതൽ മിണ്ടിയാൽ
പ്രണയം
മൂന്നാമത്തെ വാക്കാകുമെന്നോർത്ത്
ഒറ്റവാക്കിൽ
നാം മടങ്ങിപ്പോകുന്ന
നാൽക്കവലകൾ. 

Friday

മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട
ഒരു ഹൃദയം ഈ ഭൂമിയിൽ ബാക്കി വയ്ക്കണം;
നിന്നിൽ അതിന്റെ ഓർമ്മകൾ എന്നുമുണ്ടാകണം-
മറ്റൊന്നും അതിന് പകരമാവില്ല !
പ്രണയത്തെക്കുറിച്ചാകുമ്പോൾ
നീ
എന്ന ഒറ്റവാക്ക് മതി.
അതിന് ഒന്നരപ്പുറത്തിൽ കവിയാതെ
ഉപന്യസിയ്ക്കണം എന്നൊന്നുമില്ല.
നമ്മുടെ പ്രണയം
നമ്മുടെ ഭാഷയിൽ
ആഘോഷിയ്ക്കുന്നു.

Thursday

നിന്റെ ഹൃദയത്തെ
എന്റെ ഭാഷയിലേക്ക്
വിവർത്തനം ചെയ്യുന്നു.
ഒരു ജീവിതം എഴുതുന്നു.
നീയില്ലാത്ത എന്നിലല്ലാതെ
എവിടെയാണിത്ര
തീപ്പൊള്ളുന്ന മരുഭൂമികൾ !
ഈ വഴി നീളെ ചുവന്നു പൂത്ത ചില്ലകളാണ്.
നിന്റെ ഹൃദയത്തിലേക്കുള്ള വഴിയടയാളമെന്ന പോലെ
കടന്നു പോകുന്നു.
നീ മറവിയുടെ മതിലുകൾ പണിതുയർത്തുന്നു.
ഞാൻ ഓർമ്മകളുടെ വാലറ്റങ്ങൾ മുറിച്ചിടുന്നു.
നിന്റെ വിരൽപ്പാടുകൾ
പതിഞ്ഞ ചുമരുകളാണെന്റെ
കലണ്ടറുകൾ.

Sunday

എന്റെ പ്രണയത്തെക്കുറിച്ചാണ്
നിങ്ങൾ കഥകളുണ്ടാക്കി പറയുന്നതെങ്കിൽ
നിങ്ങളീ പ്രപഞ്ചത്തെക്കുറിച്ച്
മുഴുവൻ പറയേണ്ടി വരും.
നിന്നോടുള്ള ചുണ്ടനക്കങ്ങളിൽ
ഒരു ചെറുതൂവൽ പോലെ.
നിന്റെ മിണ്ടാതിരിയ്ക്കലുകളിൽ
കനമേറിയൊരു
കല്ല് പോലെ.
നിന്നിൽ വീണ്
മരിയ്ക്കുന്നുണ്ട്;
ഓരോ വട്ടവും
മുൻപത്തേക്കാൾ
കൂടുതൽ
ശ്വാസവേഗത്തോടെ.

ഓർമ്മയില്ലേ നിനക്ക്,
പ്രളയമെന്ന് പേരിട്ട
ആ പ്രണയപ്പെരുമഴകളെ.


Saturday

നീ ഒരൊറ്റത്തുള്ളി മതി.
എവിടെയാണെങ്കിലും
എന്റെ പ്രാണൻ
അതിന്റെ നൃത്തം
തുടർന്ന് കൊള്ളും.
നിന്റെ ധ്യാനത്തിൽ
ഒരു വിത്തിനുള്ളിൽ
പൂവിന്റെ ദളത്തിൽ
ഇലച്ചാർത്തിൽ
ശലഭച്ചിറകിൽ
തീരത്തണഞ്ഞ ശംഖിൽ
കാത്തിരുന്ന ഒരു മരത്തണലിൽ
കണ്ടുമുട്ടിയ അനേകം മുഖങ്ങളിൽ
പാഞ്ഞു പോയൊരു തീവണ്ടിയിൽ
യാത്രകളിൽ വിരിച്ചു വെച്ച ഭൂപടങ്ങളിൽ
പലജീവികൾ പാർത്ത ഉടലുകളിൽ
എല്ലാം
അവളുണ്ടായിരുന്നു.

അവളുകളിലൊതുങ്ങാത്ത ഒരുവൾ.

ആകാശമെന്ന് 
ആഴിയെന്ന് 
അഗ്നിയെന്ന് 
ശ്വാസമെന്ന് 
മണ്ണെന്ന് 
പേരുകളുണ്ടായിരുന്ന 
ഒരുവൾ.

നിനക്കറിയാലോ നിന്റെ ഓർമ്മകൾ എന്നത്
എന്നിലിഴയുന്ന ഒച്ചുകളാണെന്ന് ..
നിന്നെക്കുറിച്ചെഴുതുമ്പോൾ
വാക്കുകൾ കൊണ്ട്
നൃത്തം ചവിട്ടുന്ന
ഒരുവളാകുന്നു.


Friday

എന്റെ ചുണ്ടുകൾക്കിടയിൽ
നീ
വിറയ്ക്കുന്ന
ഒരു ശലഭമാകുന്നു.
ചിറകടിച്ചുയർന്ന്
എന്റെ പ്രണയത്തിന് ചുറ്റിലും
ഭ്രമണം തുടരുന്നു.

Wednesday

നിന്റെ ഓർമ്മകളുടെ ഹൃദയദൂരങ്ങളിൽ
അതിശീഘ്രം പതുക്കെയാകുന്നു.
എത്രവട്ടമിങ്ങനെ
നഷ്ടങ്ങളിൽ
നഷ്ടപ്പെടണം
നിന്നെയൊന്ന്
വീണ്ടു കിട്ടാൻ!
നിന്റെ ഗന്ധം
ഒരു കൊടുങ്കാട്
നട്ടുവളർത്തുന്നു.
എന്റെയുള്ളിലെ
അനേകം
കൊടുങ്കാറ്റുകളെ
അതടക്കിപ്പിടിയ്ക്കുന്നു.
ഒറ്റയുമ്മ കൊണ്ട് നിന്നെ
ഒരാൺ മയിലാക്കുന്നു.

ഞാൻ പ്യൂപ്പയായ് ഉറങ്ങി
പൂവായ് വിരിഞ്ഞ്
നിന്റെ ഓർമ്മകളിൽ
മീനായ് പിടഞ്ഞ്
പട്ടുനൂൽപ്പുഴുപോൽ വെന്ത്
പ്രണയത്തിന്റെ
ഉത്തരീയങ്ങൾ നെയ്തെടുക്കുന്നു.
നാം ശിലകൾ പോലെ
അടുത്തടുത്തിരിയ്കുന്നു.
അവസാനിക്കാത്ത അപരിചിതത്വം
അലകളായ് പൊതിയുന്നു.
അകലങ്ങളെന്ന് 
അടുപ്പത്തെ അളന്നെടുക്കുന്നു.


Monday

ഹൃദയമെന്ന്
നിന്റെ പേരിനെ
പച്ച കുത്തുന്നു.

എന്നിലെ കടലിൽ
നീ  എന്ന വാക്കിന്റെ
തിരക്കിട്ട
കപ്പലോട്ടം.
നീ പെയ്ത് നിറയുന്ന പകലുകൾക്ക്
ഉറങ്ങാതെ കാവൽ നിൽക്കാറുള്ള എന്റെ ഇരവുകൾ
ഇന്ന്
നിന്റെ നിശ്ശബ്ദതയെന്ന
അടച്ചുപൂട്ടിയ വീടിന്
ജനലുകൾ പണിയുന്ന
മരപ്പണിക്കാരനാകുന്നു.
നിന്റെ
സ്നേഹവാചകങ്ങളുടെ
തണുത്ത ജലാശയങ്ങളിൽ
വീണ് നനഞ്ഞ
എന്റെ പകലുകളെ,
രാത്രിയെന്ന്
ഉണക്കാൻ വിരിച്ചിടുന്നു
മേലെയാകാശം.
നിന്റെ ധ്യാനങ്ങളുടെ മരപ്പൊത്തുകൾ
അന്വേഷിച്ചിഴയുന്ന
എന്റെ വിഷാദങ്ങളുടെ നീല സർപ്പങ്ങൾ.

ഞാനൊരു നാവികനാണ്;
നീയില്ലായ്മയുടെ തുറമുഖങ്ങളിൽ
ചത്തുപൊന്തിയവൻ!
നാം നിഴലുകൾ പിണച്ചുണ്ടാക്കിയ
പ്രേമത്തിന്റെ
പിരിയൻ ഗോവണികൾ.
നിന്നിലേക്കുള്ള ദൂരങ്ങൾ തുഴയുന്നു.
നീയില്ലായ്മകളുടെ തീരങ്ങളിൽ ചെന്നടിയുന്നു.

മരംകൊത്തിയെപ്പോൽ,
നിന്റെ നിശബ്ദതയുടെ
അടച്ചിട്ട വീടിന്,
വാക്കുകൾ കൊണ്ട്
വാതിലുണ്ടാക്കുന്നു.
രക്ഷപ്പെടാനാകാത്തൊരു വല
ഓർമ്മകൾ കൊണ്ട്
വിരിച്ചു വച്ചിട്ടുണ്ട്.
എട്ടുകാലിയാകാൻ കാത്തിരിയ്ക്കുന്നു
എന്നേയുള്ളൂ !

Tuesday

'കാണാതെ പോകില്ലെന്നുറപ്പുള്ളയിടങ്ങളിൽ
നമ്മൾ കോറിയിട്ട
പ്രണയലിപികൾ,
തമ്മിലൊട്ടിച്ചേർന്നിരിക്കുമ്പോൾ
ഉടലിൽ വരച്ചു പൂർത്തിയാക്കിയ
അനേകം ഹൃദയചിത്രങ്ങൾ -
അവസാനത്തെ പരീക്ഷ
കഴിഞ്ഞു  മടങ്ങുന്ന കുട്ടികൾ
കാറ്റിൽ പറത്തിവിടുന്ന കടലാസുകൾ പോലെ
നീയിങ്ങനെ.....'
എന്ന നിന്റെയാ ചോദ്യമുണ്ടല്ലോ
എന്റെ കറുത്ത മഷിക്കുപ്പികളെ ആകെ ചുവപ്പിയ്ക്കുന്ന
ആ പിണക്കം !

ദേശങ്ങളെന്ന്
നിന്റെ ഓർമ്മകൾക്ക് പേരിടുന്നു.
സഞ്ചാരിയെന്ന്
എനിയ്ക്കും.
യാത്ര
പുറപ്പെടുന്നു.
നിന്റെ ഭാഷയിൽ അനുഭവിയ്ക്കുകയും
എന്റെ ഭാഷയിൽ അടയാളപ്പെടുത്തുകയും
ചെയ്യപ്പെടുന്ന
നമ്മുടെ പ്രണയം.

Wednesday

പ്രണയമല്ലാതെ മറ്റെന്താണ്
നമ്മെക്കുറിച്ചിത്രയും കഥകൾ പറഞ്ഞുണ്ടാകുന്നത്?!

Sunday

വേനലെന്ന പേരുള്ള ജീവിതമേ
പ്രണയത്തിന്റെ ഭാഷ പഠിച്ചെടുത്ത്
നിന്നെ
വസന്തമെന്ന് പരിഭാഷപ്പെടുത്തുന്നു.
അങ്ങനെയങ്ങനെ
ഒരു നാൾ
നാം
ചെറുതാകും.
ഭാരം കുറഞ്ഞ
പുൽച്ചാടികളാകും.
ഇലകൾ നമുക്ക്
നഗരങ്ങളാകും.
വെയിൽ
വടക്ക് നോക്കി യന്ത്രമാകും.
നഗ്നരെന്ന്
ദരിദ്രരെന്ന്
ആവലാതികൾ ഒഴിയും.
പ്രാണനുള്ളിടം വരെ
നാം
തൊട്ടുതൊട്ടിരിയ്ക്കും.
ശ്വാസമുള്ളിടം വരെ
നാം
ഉമ്മവയ്ക്കും.


Saturday

രണ്ടാമതൊരുവട്ടം ആലോചിയ്ക്കുമ്പോൾ
ഇഷ്ടമാകണമെന്നില്ല.
ഇഷ്ടം
ഒറ്റത്തവണ
തീർപ്പാക്കലാണ് !
എന്നിൽ നിന്ന് തന്നെ തിരിച്ചു പോകണമെന്നുണ്ട്.
നിന്നെ ഓർക്കുമ്പോൾ തിരിച്ചു വരുന്നു.
നിന്നിലെ മുറിവുകൾക്ക്
എന്റെ ചുണ്ടുകളെന്ന് പേരിടുന്നു.
പ്രണയത്തിന്റെ ഉപ്പുപാടങ്ങൾക്ക്
തുപ്പൽ തൊട്ട്
കാവലിരിയ്ക്കുന്നു.

രാവെന്നോ പകലെന്നോ ഇല്ലാതെ
എന്നിലെ
പ്രണയത്തിന്റെ ആകാശങ്ങളിൽ
എരിഞ്ഞു നിൽക്കുന്ന
നീ എന്ന പേരുള്ള
ഒറ്റ നക്ഷത്രമേ!
നിന്നെ വരച്ചു വയ്ക്കാൻ
ചുമരുകൾ എന്നിൽ
മതിയാകാതെ പോകുന്നു.
പ്രണയത്തിന്റെ നിറങ്ങളേറെ
ബാക്കിയാകുന്നു.

Wednesday

നമുക്ക്
വിരലുകളെന്നും
ചുണ്ടുകളെന്നും
പേരുകളുണ്ടായിരുന്ന കാലം.

വിരലുകളേ വിരലുകളേ
എന്ന്
നിന്നെയാകെ
എന്റെ ചുണ്ടുകളിലേക്ക്
വാരിയെടുക്കാൻ തോന്നുന്നു.

നിന്നോട് പ്രണയം പറയാൻ തുടങ്ങവേ
ആയിരം മഴകളെന്നിൽ പെയ്ത് തോരുന്നു.
എന്നിട്ടും
നിന്റെ പേരിന്റെ ചൂടെന്നെ
ബാഷ്പമാക്കുന്നു.

എന്റെ പ്രണയമേ
നിന്നെ മാത്രം
തണുപ്പിയ്ക്കാൻ കഴിയാത്തതെന്ത് കൊണ്ടാവാം !

Tuesday

നമ്മളന്യോന്യം സ്വപ്‍നം കാണുന്ന നേരങ്ങളെ
ഉറക്കമെന്ന് വിളിയ്ക്കുന്നു.
നമ്മളന്യോന്യം ശ്വസിയ്കുന്ന നേരങ്ങളെ
പ്രാണനെന്ന് മുറുകെപ്പിടിയ്ക്കുന്നു.

Monday

നോക്ക്,
വന്നിറങ്ങുമ്പോൾ അടയാളം മറക്കണ്ട!
നീയില്ല എന്ന തോന്നലിന്റെ ചുവട്ടിൽ
വാക്കുകളുടെ
അതേ പഴയ കുട തുന്നിയിരിപ്പുണ്ട് ഞാൻ!

Sunday

നിന്റെ ഓർമ്മകളുടെ രാത്രിയിൽ
അവസാനത്തെ ഉറക്കത്തിനെന്നപോലെ
കണ്ണുകളടയ്ക്കുന്നു.
വാക്കുകൾ ചേർത്തു തുന്നിയ പുതപ്പിനെ
നിന്റെ ഉടലെന്നപോലെ ശ്വസിയ്ക്കുന്നു.
ആരാദ്യം ഉറങ്ങും
ആരാദ്യം ഉണരും
എന്നല്ല ചോദ്യം.
ആർക്കും വീണ്ടെടുക്കാനാകാതെ
ആരാദ്യം
ഉമ്മകളിൽ
ഒരു നിധിപ്പെട്ടിയിലെന്നപോലെ
അടക്കം ചെയ്യപ്പെടും
എന്ന് മാത്രമാണ്!
ഓർമ്മകളെ
മരുഭൂമിയിലെ വേനല്ക്കാലമെന്ന്
വേവുന്ന ഒരുവൾക്ക്
അവൻ
മഴയുടെ വിത്തുകൾ കൊടുത്തയക്കുന്നു.
അവന്റെ കണ്ണുകളിലെ വിഷാദം കൊണ്ട്
അവളുടെ
ആകാശമാകെ കറുക്കുന്നു;
മിന്നലെന്നൊരു വിളിപ്പേരിട്ട
അവളുടെ ഭൂതകാലത്തിനാകെ
തീപ്പിടിയ്ക്കുന്നു.


Thursday

എന്റെ നാവിലിപ്പോഴും
നീ തന്ന വാക്കുകളുടെ
ഞാവൽക്കറയാണ്.

Wednesday

എനിക്ക് മടങ്ങിപ്പോകണം.
എന്നിൽ നീ ധ്യാനിയ്ക്കുന്ന ആഴങ്ങളിലേക്ക്.
ഒന്നിച്ചിരിക്കണം.
ഒറ്റയ്ക്കല്ലെന്ന്
ഓർമ്മിച്ചു കൊണ്ടേയിരിക്കണം.

Sunday

നിന്നിലേക്കുണരാൻ
എന്നും
വെയിൽ നാളമാകുന്നു.
തീപ്പൊള്ളുമൊരു നക്ഷത്രം
എന്നിൽ
ബാക്കിയാകുന്നു.
വേനല്ക്കാലമെന്ന്
ഓർമ്മകൾക്ക് പേരിടുന്നു.

നീ വന്ന്
എന്റെ കൈ പിടിയ്ക്ക്!
മരിച്ചു പോകുന്ന ഒരാൾ
അയാളുടെ പ്രാണനെ
അവസാനമായി
തൊടുന്നതിന്റെ
തുടിപ്പുകൾ എന്തെന്ന്
ഞാനൊന്നറിഞ്ഞിരിയ്ക്കട്ടെ!!

എന്റെ അവസാനത്തെ ഓർമ്മ എന്നാൽ
നിന്റെ ചുണ്ടുകൾക്കിടയിലേക്കുള്ള
നിശബ്ദമായ തുഴച്ചിലുകളാണ്!
എനിയ്ക്കൊരിയ്ക്കൽ തിരിച്ചു പോകേണ്ടി വരും.
ആ കാലങ്ങൾ നിന്നെ തനിച്ചാക്കാതെയിരിക്കാൻ
നാമൊന്നിച്ചു നടന്ന ഇടങ്ങളെല്ലാം
ഓർമ്മകൾകൊണ്ട് നിറയ്ക്കുന്നു.

Friday

കണ്ണുകളുടെ
തുറമുഖ നഗരത്തിൽ
നിന്റെ ഓർമ്മകളുടെ
ചൂതാട്ട കേന്ദ്രത്തിലാണ്.
മുങ്ങിച്ചത്ത ഒരു ജീവനാണ്
പണയം;
അത് വിഴുങ്ങിയ കടൽപ്പക്ഷിയുടെ കരച്ചിലും.
എന്നിലെ മഴക്കാലങ്ങൾ ഒളിച്ചിരിയ്ക്കുന്ന മഹാസമുദ്രമേ
എന്ന്
എന്റെ വാക്കുകളിലെ മീനുകൾ
നിന്നെയോർത്ത് പിടയുന്നു.

Thursday

നിന്നെ കേട്ടുകൊണ്ടിരിയ്ക്കുമ്പോൾ
പകർത്തിയെഴുതാനാകാത്ത ഒരു കവിതയും
നിന്നെ കണ്ടുകൊണ്ടിരിയ്ക്കുമ്പോൾ
നിറങ്ങളായ് പൊട്ടിവിരിയുന്ന കാൻവാസുമാകുന്നു
ഞാൻ. 
മറ്റൊരു മായാജാലവും
സ്വായത്തമാകാത്ത
ഒരുവൾ
സ്നേഹത്തെക്കുറിച്ച് മാത്രം പറയുന്നു.

Monday

മേടത്തിൽ കൊന്നമരത്തെക്കുറിച്ചും
മെയ്‌മാസത്തിൽ ഗുൽമോഹറുകളെക്കുറിച്ചും
മൺസൂണിൽ മുളങ്കാടുകളെക്കുറിച്ചും
എഴുതുന്നു.
എല്ലാം നിന്റെ പേരുകളെന്ന് അറിഞ്ഞു കൊണ്ട് തന്നെ.
നിന്റെ മറവിയുടെ ശിശിരത്തിൽ
സദാ ഇലകൊഴിഞ്ഞു വിറയ്ക്കുന്ന മരമായ ഞാൻ
എന്നെ അടയാളപ്പെടുത്തേണ്ട കൊടുങ്കാടിനെ
പിന്നെ  എങ്ങനെ വരച്ചു വരയ്ക്കാനാണ്!

ചിലരുടെ ഓർമ്മകൾ എന്നാൽ
വാക്കുകളുടെ പച്ചമരങ്ങൾക്ക്
മഞ്ഞയായ് പൂവിട്ട് പോകേണ്ടുന്ന
വിഷുക്കാലങ്ങളാണ്.
വല്ലാതെ വിരൽ പൊള്ളിപ്പോകുമെന്നോർത്ത്
നീ എടുത്തുവെച്ച
പ്രണയത്തിന്റെ പൂത്തിരികളെ
തീപ്പിടിപ്പിക്കുന്ന
വിഷുക്കാലമാണ് ഞാൻ.
പ്രണയവും ഞാനും
നിന്നിലെ കലണ്ടറുകളെ
കാത്തു നിൽക്കാതെ
കണിയൊരുക്കുന്ന
കൊന്നമരങ്ങളാണ്.
കവിതകൾ കൊണ്ട് നീയെനിയ്ക്ക്
കണിയൊരുക്കുന്നു.
പൂക്കാതിരിയ്ക്കാൻ വയ്യാത്തൊരു
മഞ്ഞമരമായ് ഞാൻ
നിന്റെ
വാക്കുകളുടെ വിഷുപ്പക്ഷികൾക്കൊപ്പം ചിലയ്ക്കുന്നു. 
പ്രാണന്റെ പച്ച ഞരമ്പുകൾക്കിടയിൽ
നിന്റെ ഓർമ്മകളുടെ വിഷുക്കാലം പേറുന്ന
മരത്തിന് എന്റെ പേരാകുന്നു.
ഞാൻ നിന്റെ മറവികളുടെ വേനലിലും പൂക്കുന്നു.
പ്രണയം അതിന്റെ ചില്ലകൾ നീളെ
മൗനത്തിന്റെ പച്ചനിറം ഒട്ടിച്ചു വയ്ക്കുന്നു.
ഓടിച്ചെല്ലരുത്,
മിണ്ടുന്ന കാട്ടുപച്ചയെന്നത്
ഒരു സ്വപ്നം മാത്രമാണ്.

Saturday

അവസാനത്തെ കത്ത് എഴുതിക്കഴിഞ്ഞ ഒരുവൾ
എന്ത് ചെയ്യാനാണ്!
മൗനത്തിന്റെ അക്ഷരങ്ങൾ നിരത്തി
വായിച്ചവസാനിപ്പിയ്ക്കാൻ കഴിയാത്തൊരു മറുപടി
നീ എഴുതുന്നുണ്ടെന്ന് കരുതി
നിശബ്ദയായി
കാത്തിരിയ്ക്കുകയല്ലാതെ!!

Thursday

ഞാൻ മരിച്ചു പോയ ഒരാളെപ്പോലെ
നിന്നെ ഓർക്കുന്നു.
നിന്റെ ശ്വാസം മണക്കുന്ന മഞ്ഞപ്പൂക്കളെ
എന്നിലേക്ക് ചേർത്ത് പിടിയ്ക്കുന്നു.
എന്റെ ഓർമ്മകൾ കൊണ്ട് നീലിച്ച
വിരലുകൾ കൊണ്ട്
നീയെന്ന തൊട്ടു നോക്കുന്നു.
നിന്റെ കവിതകൾ കൊണ്ട്
എന്റെ നാവ് നനയുന്നു.
തിടുക്കപ്പെട്ട് നീ തിരിച്ചു പോകുന്നു.
എത്ര കരഞ്ഞു പറഞ്ഞതാണ്
ഞാൻ എന്നോട്
നിന്നിൽ നിന്ന് മരിച്ചു പോകല്ലേ എന്ന്!

Wednesday

പ്രാണനോളം പ്രിയപ്പെട്ട നീയേ!
നിനക്ക് എഴുതാതിരിയ്ക്കുമ്പോൾ
എന്റെ മരണമാണ്.

Tuesday

നിന്റെ അക്ഷരങ്ങളുടെ
ഇലയനക്കങ്ങൾക്കിടയിൽ
നിശ്ശബ്ദതയെന്ന വാക്കായ് കൂമ്പി നിൽക്കുന്ന
മൊട്ടിനുള്ളിലാണ്
ഞാൻ.

Monday

മോഷ്ടിക്കണമെന്നുണ്ട്,
നിന്റെ കവിതകളെ അല്ല;
നിന്റെ ഹൃദയത്തെ.
അതിൽ അടരടരുകളായ്
നീ അടുക്കിവെച്ച
തോൽവികളുടെ,
തിരസ്കാരങ്ങളുടെ,
സഹനത്തിന്റെ,
നിഷേധത്തിന്റെ
ഓർമ്മകളെ.

നീ അനുഭവിച്ച
ആ സ്നേഹഭംഗങ്ങളത്രയും. 

എന്നാൽ അതവിടെ നിൽക്കട്ടെ,
നിന്റെ ഓരോ വാക്കിലും
കഷ്ണം കഷ്ണമായ്
കാണാതായി പോകുന്ന
എന്റെ ഹൃദയത്തെക്കുറിച്ച് നീ എന്ത്  പറയുന്നു?

എന്റെ എന്ന
ഒരൊറ്റ വാക്ക് കൊണ്ട്
നീയെന്നെ മോഷ്ടിച്ച് കൊണ്ടുപോകുന്നെന്നൊരു
സ്വപ്നം കാണുന്നു.

എന്റെ എന്ന 
ഒരൊറ്റ വാക്ക് കൊണ്ട് 
നിന്നെ മോഷ്ടിച്ച് കൊണ്ടുപോകുന്നെന്നൊരു 
സ്വപ്നം കാണുന്നു.

Friday

നിനക്ക് വേണ്ടിയല്ല;
എനിക്ക് വേണ്ടിയാണ്
പ്രണയത്തിന്റെ സെൽഫികൾ എടുത്തുവെച്ചത്.
എനിക്ക് വേണ്ടിയാണ്
പ്രണയത്തിന്റെ ശബ്ദം രേഖപ്പെടുത്തിയത്.
എനിക്ക് വേണ്ടിയാണ്
പ്രണയത്തിന്റെ മഷിപ്പേന വീണ്ടും നിറച്ചത്.
എനിക്ക് വേണ്ടിയാണ്
പ്രണയത്തിന്റെ  പ്രാണനെ ശ്വാസം മുട്ടിച്ചത്.

നിനക്ക് വേണ്ടിയല്ല;
എനിക്ക് വേണ്ടിയാണ്
ഓർമ്മകളുടെ ഉപ്പുപാടങ്ങളിലും
മറവികളുടെ മഞ്ഞു മലകളിലും
സ്നേഹമെന്ന വാക്ക്
തിരഞ്ഞു നടന്നത്.

ഓരോ തവണയും പച്ചയ്ക്ക് കത്തി തീരുന്നതും
ഓരോ തവണയും പച്ചയ്ക്ക് കത്തി തീരാൻ
വീണ്ടും മുളച്ചതും
എനിക്ക് വേണ്ടിയാണ്,
നിനക്ക് വേണ്ടിയല്ല.

ഒന്നുമില്ല.

പ്രാണന്റെ ഓരോ തുള്ളിയിലും
തൊട്ടുതൊട്ടിരിയ്ക്കുമ്പോഴും
ഏഴുകടൽ അകലത്തിലാണെന്ന
നമ്മുടെയാ കള്ളമുണ്ടല്ലോ
അതിലൊരു സങ്കടവഞ്ചിയിൽ ഇരുന്ന്
ഓർക്കുകയായിരുന്നു,
വേനലില്ലാതെ കരിയുകയും
മഴയില്ലാത്ത തളിർക്കുകയും ചെയ്യുന്നൊരു ഋതു
നീ ഒറ്റയ്ക്ക് കടന്നു പോയത്.

ഒന്നുമില്ല;
ഓർക്കുകയായിരുന്നു.

Wednesday

നിന്റെ ഓർമ്മകൾ ഇത്ര മൂർച്ചയുള്ളതാണെങ്കിൽ
മറവികൾക്ക് ആഴം എത്രയുണ്ടാകും?
എന്നിലൊരിയ്ക്കലും
ഞാൻ ഉണ്ടായിരുന്നില്ല.
ഉണ്ടായിരുന്നത്
ചെറു നാരുകളിൽ
നിന്നെ കോർത്തിട്ട
കണ്ണാടികൾ.
നിന്നിൽ എന്നെ
കൊളുത്തിവെച്ച 
പ്രകാശരശ്മികൾ 
നിനക്കെഴുതാൻ
ഇനി ഏറെയൊന്നുമില്ലാത്ത വണ്ണം
ജീവിതത്തെ
ഞാനിങ്ങ് പകർന്നെടുത്തിരിയ്കുന്നു.
എങ്ങനെയാണെന്നറിയാതെ
എത്ര ആഴത്തിലാണെന്നറിയാതെ
നിന്റെ ശ്വാസച്ചൂടിന്റെ
അളവുകളറിയുന്നു.

Thursday

നിന്റെ പേര് തോർത്തിയെടുത്തിട്ടും
ആ നനവെന്റെ കണ്ണുകളെ നിറയ്ക്കുന്നു.
ഓർമ്മകളുടെ ഉപ്പുപാടങ്ങളുണ്ടാകുന്നത് അങ്ങനെയാണ്.
ആരൊലിച്ചു പോയാലും
മൂന്നാംപക്കം തിരിച്ചുവരാനൊരു
ജീവിതമുണ്ട്
ആ കടലരികിൽ.
അവസാനിപ്പിയ്ക്കുക എന്നെക്കൊണ്ട് അസാധ്യമാണ്
നിന്റെ പേരിന്റെ മൂർച്ചകൊണ്ടിട്ടുള്ള ഈ മരണപ്പിടച്ചിൽ.

Wednesday

നീ നിശ്ശബ്ദയാകുമ്പോൾ
ലോകം മുഴുവൻ
ശബ്ദവീചികൾ മാഞ്ഞു പോകുന്നുവെന്ന്
കരുതുന്നോ?!
ഇല്ല!!
ആയിരം കടലിരമ്പങ്ങൾ
നിറച്ചനേകം മത്സ്യങ്ങൾ
ചിറകു മുളച്ചു പക്ഷികളായ്
നിർത്താതെ
എന്റെയുള്ളിൽ
നിന്റെ പേര് ചിലയ്ക്കുന്നു.

ഏറ്റവും അടുത്തിരുന്ന്
ഏറ്റവും ആഴത്തിൽ
നിന്റെ ആനന്ദം
ശ്വസിയ്കുന്നു.
ഏറ്റവും നിശബ്ദമായ്
നിന്റെ വരവ്
ആഘോഷിയ്ക്കുന്നു.

പ്രണയം
ചിലർക്ക് ഭ്രമണ കേന്ദ്രം.
ചിലർക്ക് പകൽ വെളിച്ചത്തിൽ കാണാതെ പോകുന്ന കുഞ്ഞു നക്ഷത്രം .
ചിലർക്ക് ഒരു രാത്രികൊണ്ടെരിഞ്ഞു തീർന്ന  ആകാശയാത്രികൻ.
ചിലർക്ക് ആത്മാവിലോളം ആഴത്തിൽ ആരുടെയോ പതനം.
പ്രണയ നഷ്ടങ്ങളെക്കുറിച്ച്
ഒരു കടലോളം എഴുതാം.
പ്രണയമെന്തോ
ഒറ്റമഴത്തുള്ളി പോലെ
ഒരു വേനലിന്റെ നെറുകയിൽ വീണ്
പതുക്കെ പടരുന്നു.
ഒരു വാക്കിലേക്കുമത്
പകർത്തിവയ്‌ക്കേണ്ടതില്ലാതെ
ഞാൻ
നനയുന്നു,
നീയോ?

Tuesday

പ്രണയമെന്നാലെന്താ!
ഹൃദ്യമായൊരു പദക്രമീകരണം!!
ഓരോ തവണയും
മരണത്തിൽ നിന്ന് തിരിച്ചു വരുന്നത്
നിന്റെ സ്നേഹത്തിലേക്കാണ്!
മണ്ണിൽ ഞാൻ ജീവിച്ചിരുന്നു എന്നതിന്റെ
ബാക്കിയാകുന്ന അടയാളം
അത് മാത്രമാണ്.

ലഹരിയിൽ
തണുപ്പ് പൊട്ടിച്ചിടാൻ മറക്കാതിരിക്കുന്നത് പോലെ
ഓർത്തെടുക്കാവുന്നതാണ്
എന്റെ പേരും
നിനക്ക്
നിന്റെ വേനലുകളിൽ.
എനിക്കും നിനക്കും ഇടയിൽ
അതിർത്തി വരച്ചു
നിന്നെ
നിശ്ശബ്ദനായ കാവൽക്കാരനാകുന്ന
ശത്രു
തിരക്ക് എന്ന
അയൽരാജ്യത്തിൽ നിന്ന് തന്നെയാണോ?
നിന്റെ കവിതയിലെ പക്ഷി ആരാണെന്ന്
നിന്റെ കവിതയിലെ മീനിന് കടലേതെന്ന്
നീ കവിതയിൽ മരമാകുന്നത്
ആർക്കു വേണ്ടിയെന്ന്
നിന്റെ കവിതയിൽ ജലാശയങ്ങൾ
ആർക്ക് നനയാനെന്ന്
തുടങ്ങി
ആയിരം ചോദ്യങ്ങൾ
ഞാൻ ചോദിയ്ക്കട്ടെ?
കവിതയിൽ
എന്തുകൊണ്ടാണ്
നിനക്കും എനിക്കും
നമ്മുടെ പേരുകൾ ഇല്ലാത്തത്?!

തോരുന്നില്ല ഞാനെന്ന്
വേനലേ
നിനക്ക് മാത്രമറിയാം.
പ്രണയം എന്തിനാണ്!
നിശ്ശബ്ദതയുണ്ടല്ലോ 
പകരം വാക്കുകൾ 
നിറയ്ക്കാൻ !!

ആരെയാണ് നീ ധ്യാനിയ്ക്കുന്നത്
എന്ന ചോദ്യം
എനിക്ക് മാത്രം ചോദിയ്ക്കാനാവില്ല.
വേനലും ഒരു കവിതയാണ്.
നിശ്ശബ്ദതകൊണ്ട് ഉള്ളുരുകിയ
വാക്കുകൾക്ക് മുളയ്ക്കാൻ
തനിച്ചായയൊരാളിലെ
അത്യുഷ്ണം വേണം.

Monday

നിറവ്
നിനവ്
എന്ന്
നീ.
നിശ്ചലത
നിശബ്ദത
നിറമില്ലായ്‌മ
എന്ന്
നീയില്ലായ്മ. 

Sunday

ഒറ്റയുമ്മയാൽ
ഓർമ്മയുടെ
മുറിഞ്ഞ ചുണ്ടാക്കുന്നു
എന്നെ
നീ.
ആകാശത്തോടുള്ള പ്രണയം ഒളിപ്പിച്ചു വെച്ച
ഒരു മരത്തിന്റെ പ്രാണനുണ്ട്
ഓരോ വിത്തിനുള്ളിലും.

കാത്തുകാത്തിരുന്ന്
കാണാതെ
അവളുടെ
നെഞ്ചിലൊരു
നോവിന്റെ മിന്നലുരുകുമ്പോൾ
ഓർമ്മകളുടെ ഇടി വെട്ടുമ്പോൾ
കണ്ണൊന്ന് നനയുമ്പോൾ
മണ്ണതിനെ മഴയെന്ന് വിളിക്കുമ്പോൾ
അവളിലേക്കുയരുന്ന
അവന്റെ പ്രാണൻ.

കാലദേശങ്ങളില്ലാതെ
ദിശകളില്ലാതെ
ദിനരാത്രങ്ങളില്ലാതെ
നിറങ്ങളെന്നോ
വെളിച്ചമെന്നോ
വെയിലെന്നോ
ഇല്ലാതെ
അത്ര
ഏകാഗ്രതയോടെ
നിശ്ശബ്ദതയോടെ
ഏകാന്തതയോടെ
പ്രണയത്തിൽ തപസ്സു ചെയ്യുന്ന
 ഒരുവന്റെ പ്രാണൻ.

കണ്ണ് തുറന്നാൽ
അവളിലേക്ക്
അവളിലേക്കെന്ന്
ഉയർച്ചകൾ മാത്രം ബാക്കിയാകുന്ന
പ്രണയത്തിന്റെ ശ്വാസമടക്കിപ്പിടിച്ച
വിത്തുകളുടെ പ്രാണൻ


എന്നെങ്കിലും 
എന്റെ വരികൾക്ക് 
വർണ്ണങ്ങളുടെ അരികുകൾ ഉണ്ടാവുകയാണെങ്കിൽ 
അതിന്റെ അലുക്കുകൾ 
നീ തന്നെ
നിറങ്ങൾ കൊണ്ട് നെയ്തെടുക്കണം.
ഇഷ്ടം 
ഇഷ്ടം 
ഇഷ്ടം 
ഇഷ്ടമെന്ന് 
എന്നെയിങ്ങനെ 
ചുറ്റിപ്പറക്കുന്ന 
മിന്നാമിന്നികളേ 
എന്നെ 
എന്തിനാണ് 
നിങ്ങളുടെ ഉള്ളിലിങ്ങനെ 
കത്തിച്ചു പിടിയ്കുന്നത്?!

രണ്ടാകാശങ്ങളുടെ കുട ചൂടി നിൽക്കുന്ന
രണ്ട് പ്രാണനുകൾക്കിടയിലൂടെ
ബോധത്തിലും അബോധത്തിലും
പാഞ്ഞു പോകുന്ന വാക്കുകളുടെ
മിന്നൽപ്പിണരിൽ
പ്രാണന്റെ
വിത്തുകൾ പൊട്ടി
പ്രണയത്തിന്റെ
പച്ചവിരലുകൾ നീളുന്നു.
നിന്നേയും പ്രണയത്തേയും അല്ലാതെ മറ്റൊന്നിനെയും
ഞാൻ
എന്റെ ഭാഷയിലേക്ക്
വിവർത്തനം ചെയ്യാൻ ഇടയില്ല.


ഏറ്റവും ദുഃഖഭരിതമായ കവിത
ഇന്ന് ഞാൻ എഴുതുന്നു.
ഒറ്റവരിയേ അതിലുള്ളൂ,
മറന്നുവോ എന്ന ചോദ്യം.

എന്റെ എഴുതാത്ത കത്തുകളുടെ മേൽവിലാസവും
നിന്റെ പറയാത്ത വാക്കുകളുടെ പരിഭാഷയുമായിത്തീർന്ന
പ്രണയം.
മറന്നുപോയെന്ന്
കള്ളം പറഞ്ഞു
ഞാൻ
മറവികളാക്കിയ
എന്റെ ഓർമ്മകളേ  !

Saturday

നാളെ മരിച്ചു പോകാനുള്ള ഒരാളെപ്പോലെ
ഞാൻ ഓരോ എഴുത്തും
അവസാനത്തേതെന്നത് പോലെ എഴുതുന്നു.
സ്നേഹം നിറച്ചു വയ്ക്കുന്നു.
നിന്നെയും എന്നേയും
നമ്മുടെ പ്രണയത്തേയും അടയാളപ്പെടുത്തുന്നു.

ഓരോ അക്ഷരങ്ങളേയും വിരലുകളെന്ന്
നിന്നിലേക്ക് നീട്ടുന്നു.
തൊടുന്നു.

ഓരോ ശബ്ദവും ശ്വാസമെന്ന്
നിന്നിലേക്ക് നിറയ്ക്കുന്നു.
അറിയുന്നു.

നാളെ മരിച്ചു പോകാനുള്ള ഒരാളെപ്പോലെ
ഓരോ എഴുത്തും
നിന്റെ ശ്വാസച്ചൂട് ഉള്ളിലേക്കെടുത്ത്
നിന്നെ ഉമ്മ വയ്ക്കാൻ എഴുതുന്നു.

ഓരോ എഴുത്തും നിന്റെ കണ്ണിൽ തെളിയുമ്പോൾ
എനിക്കൊരു മുഖമുണ്ടാകുന്നു.
ഓരോ എഴുത്തും നീ ഉറക്കെ വായിക്കുമ്പോൾ
എന്നിൽ പ്രാണനുണരുന്നു.
ഓരോ എഴുത്തും നീ ഓർത്തു വയ്ക്കുമ്പോൾ
ഭൂമിയിൽ ഒരിയ്ക്കലും മരിയ്ക്കാനിടയില്ലാത്ത
ആ ഒരാളായ്‌ ഞാൻ മാറിപ്പോകുന്നു.

നാളെ മരിച്ചു പോകാനുള്ള ഒരാളെപ്പോലെ
ഞാൻ ഓരോ എഴുത്തും
അവസാനത്തേതെന്നത് പോലെ
നിനക്ക് മാത്രമായ് എഴുതുന്നു.
എന്റെ അവസാനത്തെ ചുംബനമെന്ന്
നിന്റെ ചുണ്ടിലതിനെ എടുത്തു വയ്ക്കുന്നു.

ലോകത്തുള്ള ഒരു കവിതയെക്കുറിച്ചും
എനിക്ക് പറയാനറിയില്ല.
കവിത എന്നത്
നിന്നോടുള്ള പ്രേമത്തെ
ഞാനിടയ്ക്ക് വിളിയ്ക്കുന്ന പേര് മാത്രമാണ്.
ഓരോ ജീവനും പിറവിയിലേ
എത്ര കവിതകൾ എഴുതുന്നുണ്ടാകും?
അപരിചിതമായ ഭാഷയിൽ
അടയാളപ്പെടുത്താൻ കഴിയാത്ത ലിപികളിൽ
അനേകമനേകം ഭാഷണങ്ങൾ.
ഒരു കാടന്റെ പ്രണയം അനുഭവിയ്ക്കുന്നു എന്നാൽ
കലണ്ടറുകൾ ഇല്ലാതാകുന്നു എന്നാണ്.
ഒരു കള്ള് കുടിയന്റെ പ്രണയം അനുഭവിയ്ക്കുന്നു എന്നാൽ
ക്രമങ്ങൾ ഇല്ലാതാകുന്നു എന്നാണ്.
ഒരു കവിയുടെ പ്രണയം അനുഭവിയ്ക്കുന്നു എന്നാൽ
ഒരു കഞ്ചാവ് തോട്ടം കാഴ്ചയിൽ ചുമക്കുക എന്നാണ്.
ഒരു കരള് പൂത്തവന്റെ പ്രണയം അനുഭവിയ്ക്കുന്നു എന്നാൽ
ഒരു കത്തിമുനയിൽ കാത്തിരിയ്ക്കുക എന്നാണ്.
ഒരു കാവൽക്കാരന്റെ പ്രണയം അനുഭവിയ്ക്കുന്നു എന്നാൽ
അതിരുകൾ അപ്രത്യക്ഷമാകുന്നു എന്നാണ്.
ഇതൊന്നിച്ചനുഭവിയ്കുക എന്നാൽ
എന്റെ പൊന്നേ
വാഴ്ത്തപ്പെടുക എന്ന് തന്നെയാണ്!!

Thursday

സ്നേഹഭംഗങ്ങളിൽ
കാവൽ നിന്ന് മരവിച്ചൊരു പൂച്ചക്കുട്ടിയെ
സ്നേഹത്തിന്റെ ചൂട് പഠിപ്പിയ്ക്കാൻ
നെഞ്ചിലേക്ക് ചേർത്ത് പിടിയ്ക്കുന്നു.
അത് കുതറുന്നു, പരുങ്ങുന്നു,
പിൻവാങ്ങുന്നു.
എന്നാലും അതിന്റെ
മോഹമീശ വിറയ്ക്കുന്നത് കണ്ട് നില്ക്കാൻ നല്ല രസം.
ഉമ്മകൾ കൊടുക്കാൻ തോന്നുന്ന ഇഷ്ടം.
പ്രണയ നഷ്ടങ്ങളിൽ
കവിതകൾ നിറഞ്ഞു പൂക്കുന്ന വന്മരങ്ങളാകുന്ന ചിലർ
പ്രണയത്തിൽ
ആ ഒറ്റപ്രാണനിൽ
ഒരു വിത്തുനുള്ളിലേത് പോലെ തപസ്സിരിയ്കുന്നു.
നിന്റെ കണ്ണുകളുടെ മേൽവിലാസത്തിൽ
യാത്ര പുറപ്പെടുന്നു
എന്റെ കണ്ണുകളുടെ കടലാഴങ്ങളിൽ
മുങ്ങിമരിച്ചവരാൽ
അടക്കം ചെയ്യപ്പെടുന്നു.
അന്ന് പറഞ്ഞത് ശരിയാണ്.
നമ്മൾ
ആർട്ടിക്കും അന്റാർട്ടിക്കും തന്നെയാണ്.
ആരെങ്കിലും ഭൂപടമെടുത്ത് നീർത്തുമ്പോൾ
അയാളുടെ വിരലിൽ തൂങ്ങി
ഭൂമധ്യരേഖയ്ക്കിരുപുറം നിന്ന്
തമ്മിലൊന്ന് കണ്ട്
തിരിച്ചു ധ്രുവങ്ങളിലേക്ക് മടങ്ങിപ്പോകുന്നവർ.
ഒറ്റ വാക്ക് തിരിച്ചു പറയരുത്.
എന്റെ പ്രണയത്തിൽ ശ്വാസം മുട്ടി നിൽക്കുകയാണ് നീ എന്ന്
ഞാൻ എന്നെയൊരു കള്ളം പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്.
ആ നുണ കൊണ്ട് നെയ്‌തെടുത്തൊരു കലണ്ടറിനുള്ളിലാണ്
ഞാൻ എന്നും
കൂട് വെച്ച് പാർക്കുന്നത്.
ഒറ്റ ഉമ്മയാൽ
എന്നിലെ കവിതകളെ
നീയെടുക്കുന്നു.
നിന്നെ മാത്രം
എന്നിൽ
ബാക്കിയാക്കുന്നു.
ആരോ ആരെയോ കുടിച്ചു വറ്റിക്കുന്ന ഒരു വേനൽ
അധികം ദൂരത്തല്ലാതെ കാത്തു നിൽപ്പുണ്ട് നിന്നെ.
നിന്റെ കവിതകൾ വീണ്
എന്റെ പ്രണയത്തിന്റെ ലിറ്റ്മസ് പേപ്പറിന്
നിറം മാറുന്നു

നീയേ!
എന്റെ പ്രണയത്തിന്റെ ദൈവമേ!
എനിക്ക് വയ്യ
നിനക്കിങ്ങനെ കാവലിരിയ്ക്കാൻ !!
ഓരോ തരി മണലിലും
കസേരകളിട്ടിരുന്ന്
മൗനം
പ്രണയത്തിന്റെ പ്രഭാഷണങ്ങൾക്ക്
കയ്യടിയ്ക്കുന്നു.
പ്രണയങ്ങളേക്കാൾ
പ്രണയ നഷ്ടങ്ങളെ എതിരിടാൻ കരുത്തരായ ചിലരുണ്ട്,
പ്രണയത്തിൽ അവർ ഐസ് ബർഗുകളും
പ്രണയനഷ്ടങ്ങളിൽ ഭൂകമ്പങ്ങളുടെ ഉറവിടവും ആകുന്നവർ 
ഒന്നിലേറെ വരികളിൽ
നിങ്ങൾ പ്രണയത്തെക്കുറിച്ചെഴുതുകയും
അതിനടുത്ത  വരി മുറിച്ച്
പ്രണയം
നിങ്ങളെ എഴുതിത്തുടങ്ങുകയും ചെയ്യുന്നു.
സ്നേഹം എന്ന്
അപരിചിതരായ രണ്ട്പേർ
ഉറക്കെ പറയുമ്പോഴാണ്
ലോകം
അതുവരെയുള്ള ശബ്ദവീചികൾ എല്ലാം മായ്ച്
സൃഷ്ടിയുടെ ആദ്യദിവസമെന്നത് പോലെ
നിശബ്ദമാകുന്നത്.

ലോകത്തിന് മുഴുവൻ
കുതിച്ചു പായാൻ
വേഗതമുള്ള മോട്ടോറുകൾ പതിച്ചു കിട്ടുമ്പോഴും
നമ്മുടെ ജീവിതം മാത്രം
കരക്കെത്താതെ
ആ പഴയ കാറ്റുവഞ്ചിയായ്
മഴയും കാറ്റും  കയവും തിരയും കടന്നുലയുന്നത് എന്തെന്ന് ഓർത്തിരിക്കെ
ആ വഞ്ചിയുടെ തുഞ്ചത്ത് അവൾ- നിനക്ക് പ്രിയപ്പെട്ടവൾ-
നിന്റെ
അഴുക്കുകളെ
അലച്ചിലുകളെ
വിയർപ്പിനെ
വെയിലിനെ
ഓർമ്മകളെ
മനുഷ്യജീവിതത്തിന്റെ പ്രാരാബ്ധങ്ങളെ എല്ലാം
ചേർത്തണച്ചു
നെറുകയിൽ
ഉമ്മ വെച്ച്
ഉമ്മ വെച്ച്
നാലു കണ്ണുകൾ
നാലു സമുദ്രങ്ങളാക്കുന്ന
നിശബ്ദമായ നിമിഷങ്ങൾ..
രണ്ടിതളായ് പൊട്ടിവിടരാൻ
അനേകം സംവത്സരങ്ങൾ താണ്ടിയതിന്റെ കിതപ്പ് മാറാത്തൊരു വിത്ത്
ഒറ്റത്തുള്ളി മഴ കൊണ്ട്
ഒരു കൊടുങ്കാടായ്
പടർന്നു പൊങ്ങുന്നത് പോലെ
ഒരു പ്രണയം.

Wednesday

പ്രണയം പഴയ പ്രണയമല്ല,
ഇര വിഴുങ്ങിയ പെരുമ്പാമ്പായി
തീവണ്ടികളുടെ പാതയിൽ
എവിടെയോ കിടപ്പുണ്ട് അതിപ്പോൾ.

നീ എന്ന ലഹരിയിൽ കുതിർന്ന്
എന്റെ രാത്രികളുടെ നിറം മാഞ്ഞു പോകുന്നു.
വെയിൽ എന്നത്
നിന്നിലേക്ക് നീളുന്ന
വെളിച്ചത്തിന്റെ പേരാകുന്നു. 
പ്രണയിക്കപ്പെടുക
എന്നാൽ
ഒരുവളുടെ പ്രണയത്തിൽ
ഒറ്റയാനാവുക
എന്ന്
നിന്റെ കവിതകളെ
ഞാൻ
എന്നിലേക്ക്
പരിഭാഷപ്പെടുത്തുന്നു.
നിന്നിൽ നിന്ന്
ആ വേനലുകളെ
ഞാനിങ്ങെടുക്കുന്നു.
നമുക്ക് വിരൽ പിടിച്ചു നടക്കാനൊരു
മഴവഴി
മനസ്സിൽ വരച്ചിടുന്നു.
മുറിച്ചു കടക്കാനാവാത്ത ഒറ്റ സമുദ്രമേയുള്ളൂ
പ്രപഞ്ചത്തിൽ,
പ്രണയിയുടെ മൗനം.
പ്രണയം-

നിന്നിൽ നിന്ന്

എന്നിലേക്ക്

തിരിച്ചെത്താനുള്ള വഴികൾ

മാഞ്ഞു പോകുന്ന

ഭൂപടം


ഭ്രാന്ത് പിടിക്കുന്നെനിക്ക്!
സ്നേഹം
സ്നേഹം
സ്നേഹം
സ്നേഹം....

 എന്ന് ഉറക്കെയുറക്കെ
പറഞ്ഞ വാക്കുകൾ
നിന്റെ ചുറ്റിലും എത്തുമ്പോൾ
നിശബ്ദത മാത്രം പങ്കുവയ്ക്കുന്നത്
കേട്ട് കേട്ട് ..
ഭ്രാന്ത് പിടിക്കുന്നെനിക്ക്!

നീറ്റലുണ്ട്
അതിന്റെ കൂർത്ത മുന കൊണ്ട് മുറിഞ്ഞ നാക്കിൽ !

തീ കൊണ്ട്
ചുവപ്പിച്ചെടുത്ത
ചുണ്ടുകൾ കൊണ്ട്
നാം ഒരേ കവിതയിൽ
ഉമ്മ വയ്ക്കുന്നു.
മണമോ മിത്തോ ഒക്കെ തന്നെയാണ്.
അല്ലാതെ
തൊട്ടുതൊട്ടുനോക്കാനാകുന്ന ഒന്നിനോട്
തൊട്ടടുത്തിരിക്കുന്ന ഒന്നിനോട്
എങ്ങനെയാണ്
ഇത്രയും പ്രണയം!

പ്രണയിയുടെ
പ്രണയാന്വേഷണങ്ങളുടെ
ഓർമ്മക്കുറിപ്പുകൾ കടന്നു പോവുക എന്നാൽ
കടും വേനലിൽ
മരുഭൂമികൾ
ചുണ്ട് നനയ്ക്കാതെ താണ്ടുക എന്നതാണ്.
നിന്നിലേക്കുള്ള ഉണർച്ചകൾ
നിന്നിൽ നിന്ന് വഴുതിവീഴുന്ന ഉറക്കങ്ങൾ
നിന്റെ ഉറക്കങ്ങളെ പേറുന്ന ഉണർച്ചകൾ
നിന്റെ ഉണർച്ചകളിൽ നിറയുന്ന ഉണർവ്വുകൾ.

Tuesday

എന്റെ നെഞ്ചിലെ
പ്രണയമെന്ന
മഴപ്പക്ഷിയെ
ഞാൻ
കേൾക്കുന്നു.
അത്
നിന്നെക്കുറിച്ചു മാത്രം
പാടുന്നു.
എന്റെ ആകാശത്തിന്
ഞാൻ നിനക്കയച്ച കത്തുകളിൽ നിന്ന് പടർന്ന മഷിയുടെ നിറം.
അറിയില്ല,
ഉറക്കമില്ലാത്ത ഒരുവന്റെ ആകാശത്തിന്റെ നിറമെന്തെന്ന്.

Saturday

ഭൂമിയിൽ എവിടെയാണ് ഞാനെന്ന നിന്റെ ചോദ്യത്തിന്
ഒറ്റ മറുപടിയേ ഉള്ളൂ
പ്രണയത്തിന്റെ അക്ഷാംശ രേഖാംശങ്ങളിൽ.
നിനക്ക് അറിയാത്തതല്ലല്ലോ ആ കോർഡിനേറ്റുകൾ.
അവിടെ നീ എന്ന രാജ്യത്തിലേക്കുള്ള യാത്രാരേഖകൾ കാത്തിരിയ്ക്കുന്നു.
നിന്നിലെ നാവിക നഗരങ്ങളുടെ ചിത്രം മനസ്സിൽ വരച്ചെടുക്കുന്ന കപ്പിത്താനാകുന്നു.

Thursday

പ്രണയം
നോവ് തീണ്ടാനുള്ള ഒരു സാധ്യതയാണ്.
അതിന്റെ ചങ്ങലകളിൽ
ഭ്രാന്തന്റെ കാലിലെ
ഉണങ്ങാത്ത മുറിവായി മാറുന്നതിന്റെ ലഹരി!

Wednesday

മിണ്ടാതിരിക്കേണ്ടുന്ന നേരങ്ങളിൽ
പ്രണയത്തെ
ഉപ്പിലിട്ട് സൂക്ഷിയ്ക്കാൻ നീ പറയുന്നു.

എന്റെ പ്രപഞ്ചത്തിൽ ഇപ്പോൾ ഒറ്റ ഭൂ പ്രദേശമേയുള്ളൂ,
പ്രണയത്തിന്റെ ചാവ് കടൽ!
യുദ്ധമാഗ്രഹിയ്ക്കുന്ന ഒരു ദേശത്ത്
പ്രണയം
മൗനത്തിന്റെ പാർലിമെന്റ് കൂടുന്നു.
അതിദീർഘമായ
മടുപ്പിയ്ക്കുന്ന സെഷനുകൾ.
എന്ത് ചെയ്യാം!
തിരഞ്ഞെടുക്കപ്പെട്ടവരാണല്ലോ നമ്മൾ!
അച്ചടക്കം പാലിക്കുക തന്നെ!!
ഹൃദയത്തിനകത്തും
ദേശത്തിന്റെ അതിർത്തിയിലും
നീ
കാവൽ നിൽക്കുന്നു.
എന്റെ പ്രണയമേ,
ഞാൻ നിന്റെ യുദ്ധത്തടവുകാരനാണ്.
എനിയ്ക്ക് സ്വതന്ത്രനാകേണ്ട!!

Monday

എനിക്കിഷ്ടമാണ് എന്ന്
ഇതിലുമുറക്കെ പറയാൻ അറിയില്ല എനിക്ക്.
എന്റെ ഭാഷ അത്രയും നിശബ്ദമാണ് 
" നിന്നോട് പ്രണയമാണ്,
എന്നാൽ വിശപ്പിനേക്കാൾ വലുതല്ല എനിക്കത്. "
എന്ന  ഒറ്റവരി!
അത്രയും ആഴത്തിലുള്ള
ഒരു പ്രണയം സ്വീകരിയ്ക്കാൻ മാത്രം നന്മകളുണ്ടോ എന്നിലെന്ന അതിശയത്തിൽ!

പ്രണയത്തിന്റെ എവറസ്റ്റുകളിൽ
കാതു പൊത്തി
കണ്ണടച്ച്
മിണ്ടാതെ
ഇരിക്കുന്നതാണ് നല്ലത്.
അല്ലെങ്കിൽ
എപ്പോഴെങ്കിലും
തിരിച്ചിറങ്ങേണ്ടി വരും.

Thursday

നീയാണോ റമ്മാണോ
ബോധം മണ്ഡലം പിടിച്ചടക്കുക
എന്ന യുദ്ധത്തിൽ
പെണ്ണേ,
പ്രണയമെന്ന
പട്ടാളക്കാരൻ തനിച്ചാണ്!

ലോകം മുഴുവൻ നടന്നിട്ടും
നിന്റെ പ്രണയത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു.
കിതയ്ക്കുന്നു.
അറിയില്ല,
തുറക്കുന്ന വാതിലുകളെല്ലാം
നീ എന്ന
വീട്ടിലേക്കാണ്.

Wednesday

എന്നെ ഓർക്കാറുണ്ടോ
പകലുകളിൽ
എന്നെ ഓർക്കാറുണ്ടോ
രാവുകളിൽ

എന്നെ ഓർക്കാറുണ്ടോ
ഏറ്റവും കഠിനമായ പരിശീലങ്ങളിൽ
ഏറ്റവും മടുപ്പിയ്ക്കുന്ന കാവലുകളിൽ
തിളയ്ക്കുന്ന വെയിൽ ചൂടിൽ
കാറ്റിന്റെ ഏറ്റവും ഉച്ചത്തിലുള്ള അനക്കങ്ങളിൽ
വിയർപ്പിന്റെ കപ്പലോട്ടങ്ങളിൽ

എന്നെ ഓർക്കാറുണ്ടോ
ഏറ്റവും  തനിച്ചാകുമ്പോൾ

എന്നെ ഓർക്കാറുണ്ടോ
ഗ്രാമങ്ങൾക്കെഴുതുന്ന കത്തുകളിൽ
നഗരങ്ങളിൽ നിന്ന് വന്നെത്തുന്ന ചിത്രങ്ങളിൽ
മഷിയിലെഴുതിയ കൈപ്പട കാണുമ്പൊൾ
സ്വപ്നങ്ങളെ കവിതകൾ എന്ന് പേരിട്ട് വിളിക്കുമ്പോൾ
ഓർമ്മകളുടെ
അവസാനിക്കാത്ത തീവണ്ടികൾ കടന്നു പോകാൻ കാത്തു നിൽക്കെ

എന്നെ ഓർക്കാറുണ്ടോ
ഒരു റം ബോട്ടിൽ പൊട്ടിയ്ക്കുമ്പോൾ
ലഹരിയുടെ അവസാനത്തെ കുമിളയും പൊട്ടിത്തീരുമ്പോൾ
നാളെ എന്തെന്ന് തീർച്ചപ്പെടുത്താൻ കഴിയാത്ത ഒരുവനാകുമ്പോൾ
ജീവിതം സുഗന്ധമുള്ള ഒരു തൂവാലയല്ലെന്നുറപ്പിയ്ക്കുമ്പോൾ

എന്നെ ഓർക്കാറുണ്ടോ
വിശക്കുമ്പോൾ
വിയർക്കുമ്പോൾ
വീണുപോകുമ്പോൾ

വിശക്കുന്നവരെ
പുതപ്പില്ലാത്തവരെ
വീടില്ലാത്തവരെ
പട്ടിണി പങ്കിടുന്നവരെ
വിള കരിഞ്ഞു പോയവരെ
ചോര പൊടിഞ്ഞവരെ
കാലുകൾ വിണ്ടു കീറിയവരെ
മഴ കാത്തിരിക്കുന്നവരെ
കടൽ തുഴഞ്ഞു പോകുന്നവരെ
മണൽ ചുമക്കുന്നവരെ
കണ്ട് നിൽക്കെ  എന്നെ ഓർക്കാറുണ്ടോ

എന്നെ ഓർക്കാറുണ്ടോ
മനുഷ്യരെ കടന്നു പോകുമ്പോൾ
അതിർത്തികൾ കണ്ടു നിൽക്കെ

പൂക്കൾ കണ്ടിട്ടില്ലാത്തവരെ
കവിതകൾ കേട്ടിരിയ്ക്കാൻ ജീവിതമില്ലാത്തവരെ
പ്രണയമെന്ന വാക്കിൽ നനഞ്ഞു നില്ക്കാൻ ഉടലില്ലാത്തവരെ
നേരിടുമ്പോൾ എന്നെ ഓർക്കാറുണ്ടോ

 മറ്റൊരിയ്ക്കലും തോന്നാത്തവണ്ണം
അത്രയാഴത്തിൽ
അന്നേരങ്ങളിൽ
എന്നെ ഓർക്കുന്നുവെങ്കിൽ
നിന്റെ മറവികളിൽ പോലും
എന്നെ ഓർക്കുന്നുവെന്ന്
എന്റെ മരണത്തിൽ പോലും
നിന്നിലെന്റെ പ്രാണൻ ബാക്കിയാകുമെന്ന്
എനിക്കുറപ്പിക്കാനാവും.

നിന്റെ മുഖത്തിൽ കണ്ണുകൾ ഉറപ്പിയ്ക്കുന്നു,
നെറ്റിമേലന്റെ വിരലുകൾ ഓടുന്നു.
നിന്റെ വെയിൽ കാലത്തിലേക്ക് തണലുകൾ കൊടുത്തയക്കുന്നു.
നിന്റെ വിയർപ്പിൽ മരുഭൂമിയെന്ന പോലെ പൊള്ളുന്നു.
ജീവന്റെ അതിർത്തികൾ കാക്കേണ്ടി വരുന്ന
വെറും മനുഷ്യരാണ് നമ്മൾ.
അവനവനോട് തന്നെ സന്ധി ചെയ്യുന്നവർ.
പ്രണയത്തിന്റെ റം ബോട്ടിലുകൾ തുറക്കുന്നു,
പരസ്പരം പേരുകൾ ചൊല്ലി
കുടിച്ച് വറ്റിയ്ക്കുന്നു.

ഒരു സൈനികനുമായ് പ്രണയത്തിലായ ഒരുവളെ സംബന്ധിച്ചിടത്തോളം
തീവ്രവാദമെന്നാൽ
അവളുടെ നെഞ്ചിടിപ്പുകൾ തന്നെയാണ്

ആവർത്തിയ്ക്കപ്പെടുന്ന ഒരു നുണയോ
കൈ പൊള്ളലേറ്റ കവിതയോ
അമർത്തിചവുട്ടി കടന്നു പോകുന്ന തുകൽ ചെരിപ്പോ
അല്ല താനെന്ന് ഓർമ്മിപ്പിയ്ക്കുന്ന ഒരു പ്രണയം
എന്റെ അതിർത്തികളിൽ കാവൽ നിന്ന്
എന്റെ കണ്ണിലേക്ക് നോക്കുന്നു.
ആ സൈനികന് കീഴടങ്ങി
ഞാൻ എന്നോട് തന്നെയുള്ള യുദ്ധങ്ങൾ അവസാനിപ്പിയ്ക്കുന്നു.

നാം സ്വയം മുറിവുകൾ ഉണ്ടാക്കുന്നു.
അതിൽ പുരട്ടാൻ ഉപ്പ് പരലുകൾ പങ്കിടുന്നു.
അറിയാതെ കൈകൾ
തമ്മിൽ തൊട്ടു പോകുമ്പോൾ
പ്രണയത്തിന്റെ പെരും ചൂടെന്ന നെടുവീർപ്പിൽ
വിയർക്കുന്നു.
അടരടരുള്ള ഒരോർമ്മയ്ക്ക്
നിന്റെ പേരിടുന്നു,
എന്റെ ജീവിതം എന്ന് അടയാളപ്പെടുത്തുന്നു.
അത്രമേലിന്റെ പ്രേമത്തിന്റെ പ്രേമമേ
എത്ര കടൽ ദൂരം അകലെ നിന്നാണ്
നീ
എന്റെ കണ്ണുകളിലെ വേലിയേറ്റങ്ങൾ
മുറിച്ചു കടക്കുന്നത്.
ചിലർക്ക്
ഞാൻ ഒരു മിത്താണ്
ചിലർക്ക്
മൗനമോ മണമോ.
ചിലരുടെയുള്ളിൽ 
മരണം തന്നെയാണ്.
പ്രണയം
എത്ര മറക്കണമെന്നോർത്താലും
മറക്കാൻ കഴിയുന്നില്ലെന്ന ഓർമ്മയുടെ
പേര് .
എത്ര ജന്മങ്ങളുണ്ടായിരുന്നു നമുക്ക്
ലഹരിയുടെ ഒഴിഞ്ഞു പോകുന്ന കുപ്പികളാകുന്നവ.
ഒരിയ്ക്കലും വറ്റാതിരുന്നത്,
നിന്നെയും എന്നെയും നിറച്ചു വെച്ച ദിവസങ്ങളാണ്,
ബോധം മായുന്നത് വരെ കുടിച്ചിട്ടും ബാക്കിയായ ജീവന്റെ ലഹരി. 
കടൽ പോലെ കണ്ണ്,
പ്രണയത്തിന്റെ വേലിയേറ്റങ്ങൾ.
നിനക്ക് പാർക്കാൻ
ശംഖുകൾ ചിതറിയ മുറ്റം.
ഓർമ്മകളുടെ ഞണ്ടിറുക്കങ്ങൾ.
സൂക്ഷിച്ച്, സൂക്ഷിച്ച് ..
ഉമ്മ വെച്ചു എന്ന് തന്നെ തോന്നും.
അപ്പോഴാണ് ഓർക്കുക
അടുത്തില്ലല്ലോ എന്ന്,
പിന്നെ എങ്ങനെയാവും ആ മണമിങ്ങനെ ശ്വാസത്തിൽ നിറയുന്നത്

തളർച്ച തോന്നുന്നു,
ഒന്നിനെക്കുറിച്ചും ഇനി ചിന്തിക്കേണ്ടതില്ലാത്തത് പോലെ.
ഒന്ന് മാത്രം മതി,
നിന്റെയൊപ്പം നടക്കാനുള്ള
വെള്ളിയരികുകളുള്ള രാത്രികൾ-
ഇളം ചൂടാർന്നത്
നിനക്ക് പല പേരിലുള്ള ലഹരികൾ ഉണ്ട്.
അതിൽ നനഞ്ഞ
പെണ്ണേ എന്ന വിളിയുണ്ട്
എനിക്ക് സ്വപ്നം എന്ന ഒറ്റ ബ്രാൻഡെ ഉള്ളൂ,
ആരുടെതെന്ന് തീർച്ചയാക്കാനാകാത്ത ജീവിതത്തിൽ ഉറങ്ങിപ്പോകാതെയിരിക്കാൻ!
എവിടെയായിരുന്നു എന്ന ചോദ്യം വേണ്ട.
ഇവിടെയുണ്ടായിരുന്നു.
എന്നും സ്വപ്നത്തിൽ തമ്മിൽ കണ്ട്
മിണ്ടിത്തീരാതെ ഉണർന്നു പോകേണ്ടിവരാറുള്ള രണ്ടുപേർ
തമ്മിൽ കണ്ടുമുട്ടി
ഒരു വാക്കുപോലുമുച്ചരിയ്ക്കാനാകാതെ
ആർട്ടിക് മുതൽ അന്റാർട്ടിക് വരെ കൈ പിടിച്ചു നടന്നതിന്റെ
കടുത്ത നിശബ്ദതയാണ് കേട്ടുകൊണ്ടിരുന്നത്!

Sunday

എന്റെ തുമ്പപ്പൂ ജീവിതമേ,
നിന്നെ ഇതിർത്തിട്ട
വാക്കുകളുടെ പൂക്കളങ്ങളിൽ നിന്ന്
പ്രണയത്തിന്റെ ഇലഞെട്ടുകളെ
ഞാൻ എടുത്ത് മാറ്റുന്നു.

Saturday

പ്രണയം
എന്നെ
വല്ലാതെ തനിച്ചാക്കുന്നു.
അത്ര ചേർന്നിരുന്നിട്ടും
അത്ര ഉള്ളറിഞ്ഞിട്ടും
തനിച്ചാണ്
തനിച്ചാണെന്നാർക്കുന്ന
ഒരാൾക്കൂട്ടം
എന്നിൽ
ബാക്കിയാകുന്നു .

പ്രണയം
അപ്രതീക്ഷിതമായ രാത്രികളുടെ
ആഘോഷമാണ്.

സൂര്യനെന്നത്
നിന്റെ
ചുണ്ടുകൾക്കിടയിൽ തെളിയുന്ന
നക്ഷത്രമാണെന്ന
ഒരു നേർത്ത
ഓർമ്മ മാത്രമുണ്ട്.

ചിലന്തിയെപ്പോലെ വീടുകൾ കെട്ടി
കാത്തിരിക്കുന്ന
നഗരമേ,
ഇരയെന്നപോലെ ഞങ്ങളുടെ പ്രണയത്തെ വിഴുങ്ങുക.
നാം രണ്ട് പേർ
രണ്ട് അപരിചിത ഭാഷ നിറച്ചുവെച്ച ചില്ലു പാത്രങ്ങൾ.
പ്രണയമെന്നൊറ്റ വാക്കുകൊണ്ട്
ദാഹം ശമിപ്പിയ്ക്കുന്നു.
പ്രണയമെന്ന നിന്റെ പിറുപിറുപ്പിൽ
പുലരികൾ ഉണ്ടാകുന്നു.
തിരിച്ചു പാർക്കാൻ മറ്റൊരാകാശമില്ലെന്ന ഓർമ്മയിൽ
ഞാനെന്ന നക്ഷത്രം
നിന്റെ ചുണ്ടുകൾക്കിടയിൽ
ചുവന്ന പകൽ വിരിയ്ക്കുന്നു.
മറക്കണം
മറക്കണം
മറക്കണം
മറക്കണം
എന്ന്
നിന്റെ പേരിലുള്ള ഓരോർമ്മയോട്
പറഞ്ഞു പറഞ്ഞു പറഞ്ഞ്
എനിക്ക്
ശ്വാസം മുട്ടുന്നു.
എന്നിട്ടും
അവസാനത്തെ ശ്വാസത്തെ
നിന്നെ ഉമ്മവച്ചുറങ്ങാനുള്ള നിമിഷത്തിലേക്ക്
ഞാൻ കരുതിവയ്ക്കുന്നുണ്ട്.

എന്നിലേക്കെത്താൻ
എന്നും മറന്നു പോകുന്ന
അതേ ഉറക്കക്കാരൻ മുയൽ തന്നെ നീ.
കവിത കൊണ്ട് ആക്രമിയ്ക്കപ്പെടുന്നവർ
പ്രണയത്തിന്റെ കോട്ടകളിൽ
അഭയാർത്ഥികളാകുന്നു.
അവിടെയും കൊല്ലപ്പെടുന്നവർ
ഒരാൾ പോലും വായിച്ചിട്ടില്ലാത്ത പുസ്തകമായ്
ഓർമ്മകളിൽ ഉപേക്ഷിയ്ക്കപ്പെടുന്നു.
കുട ചൂടി നിൽക്കുന്നവന്റെ
മഴയും
കുടയില്ലാത്തവന്റെ
മരണവുമാണ്
പ്രണയം.

അതറിയാവുന്ന രണ്ടുപേർ
അതേ പ്രിവിലേജ്ഡ്  ഭാഷയിൽ
ആദ്യം കൈകൊടുത്തു.

അതിലേയുള്ളൂ
അദ്‌ഭുതം.
പ്രണയത്താൽ തിരസ്കരിയ്ക്കപ്പെടുന്നവരുടെ
ജീവിതം
ഒരു പുസ്തകത്തേക്കാൾ വേഗത്തിൽ
വായിച്ചവസാനിപ്പിയ്ക്കാം.
നാം അപരിചിതരാണെന്ന്
അത്ര എളുപ്പത്തിൽ പറയനാകുന്നുമില്ല.
കൂട്ടം തെറ്റിപ്പോയ ഒരുവളെ
കവിതകളുടെ നഗരം ദത്തെടുക്കുന്നു.
എന്നും ഒറ്റയ്ക്കാണെന്ന് അവളെ
എല്ലാ വാക്കുകൾ കൊണ്ടും
ഓർമ്മിപ്പിയ്ക്കുന്നു.

അപരിചിതരുടെ ഭൂഖണ്ഡങ്ങളിലെത്തുന്നു.
അവരുടെയും നിന്റെയും ഭാഷ
ഒന്നു തന്നെയെന്ന് മാത്രം മനസ്സിലാകുന്നു.
നീയില്ലായ്മകളിൽ നിന്ന്
നിന്നലെക്കെത്താനുള്ള
ദീർഘദൂരങ്ങളിൽ
ഞാൻ
കിതയ്ക്കുന്ന ഒച്ചിനെപ്പോലെ,
കടൽ വറ്റിച്ചൊരു മീനിനെപ്പോലെ,
ചിറക് മുറിഞ്ഞ പറവയെപ്പോലെ
ഇലപൊഴിയും കാലത്തെ മരത്തെ പോലെ.

മറക്കാൻ നിനക്ക്
ഒരു പേര് തിരഞ്ഞെടുക്കണമെങ്കിൽ
അത് എന്റേതാകണേ,
എന്റേതാകണേ!

നിന്റെ ഓർമ്മകളിലല്ലാതെ
മറ്റൊരിടത്തും
ഞാനിപ്പോൾ ജീവിച്ചിരിപ്പില്ല.

നിന്നെ ഓർക്കുന്നത് കൊണ്ടുമാത്രം
ജീവിച്ചിരിക്കുന്നുവെന്ന്
ഞാൻ
മറക്കാതിരിക്കുന്നു.

മറക്കാൻ നിനക്ക്
ഒരു പേര് തിരഞ്ഞെടുക്കണമെങ്കിൽ
അത് എന്റേതാകണേ,
എന്റേതാകണേ!

Thursday

നമുക്ക് അപരിചിതരെന്ന മേൽവിലാസം മതി.
നിശബ്ദരുടെ ഭാഷയും.

Wednesday

പ്രണയം എന്നതിന്
നീ
എന്നല്ലാതെ
മറ്റൊരു ഉപമ തോന്നാറില്ലിപ്പോൾ.
നിന്റെ ചെറിപ്പഴക്കൂടകൾ നിറയുമ്പോൾ
വസന്തം എന്നത് എനിക്കുള്ള പേരാകുന്നു.
നിന്നിലൊരു കാട്ടുമയിൽ
നിറം വിടർത്തുമ്പോൾ
അപരിചിതമായ മേഘങ്ങൾ
എന്റെയുള്ളിൽ കറുക്കുന്നു.
എന്റെ തീരങ്ങളെ തിരയെടുക്കുമ്പോൾ
അകലെയിരുന്ന്
നീ ഒരു മീനിനെ വരയ്കുന്നത് ഞാനറിയുന്നു.
എന്റെ വിരലുകൾ
മാൻ രൂപം പൂണ്ട് കിതയ്ക്കുമ്പോൾ
നിന്റെ താഴ്വാരങ്ങളിൽ
വിറച്ചു നിൽക്കുന്ന
ഇളംപുല്ല് എനിക്ക് ശ്വസിക്കാനാകുന്നു.

Tuesday

ഉച്ചത്തിൽ സംസാരിയ്ക്കാൻ അറിയാത്ത
ഒരു കവിത
അതിന്റെ ചുണ്ടുകൾക്കിടയിൽ
നിന്നെ
ഒളിപ്പിയ്ക്കുന്നു.

Saturday

നീ
നീ
നീ മാത്രമെന്ന്
എന്റെ ചുറ്റിലും
നൃത്തം വയ്ക്കുന്ന
അനേകം പകലുകൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെ നിർത്താതെ
ഉമ്മവയ്ക്കുന്ന
അനേകം വാക്കുകൾ.

നീ
നീ
നീ മാത്രമെന്ന്
എന്നോട് പറയുന്ന
ഓറഞ്ച് മത്സ്യങ്ങൾ.

നീ
നീ
നീ മാത്രമെന്ന്
എന്റെ കൈപിടിച്ചലയുന്ന
ആകാശത്തെ ആട്ടിന്പറ്റങ്ങൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെയാകെ വിരലുകളാക്കുന്ന
പച്ചത്തലപ്പുകൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെ ഉന്മാദിയാക്കുന്ന
നഗരരാത്രികൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെ ചെവിമുറിഞ്ഞവനാക്കുന്ന
സൂര്യകാന്തികൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെ ആരും കേൾക്കാത്തൊരു
പാട്ടാക്കി മാറ്റുന്ന
വനാന്തരങ്ങൾ.

നീ
നീ
നീ മാത്രമെന്ന്
എന്നിൽ നിറമാകെ പടർത്തുന്ന
ഋതുഭേദങ്ങൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെ മൗനിയാക്കുന്ന
വേലിയേറ്റങ്ങൾ.

നീ
നീ
നീ മാത്രമെന്ന്
എന്നിൽ നിന്ന്
എന്നെ മായ്ചുകളയുന്ന
പ്രാചീനതകൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെ നീയാക്കുന്ന
വിസ്മയം നിറച്ച
നിന്റെ പ്രണയം.

നീ
നീ
നീ മാത്രമെന്ന്
നിർത്താതെ
നിർത്താതെ
നിർത്താതെ എന്നോട് പറയുന്ന
നിന്റെ
നെഞ്ചിടിപ്പുകൾ.   
സ്നേഹം കൊണ്ട്
കൈകാൽ മുളച്ച മനസ്സിനുണ്ടോ അറിയുന്നു
അതിന്റെ കടിഞ്ഞാൺ സൂക്ഷിച്ച സ്ഥലമേതെന്ന്.


നിന്നിൽ ഉറക്കമാണ്,
ഒരു സ്വപ്നം, സ്വപ്നത്തിൽ ഉറങ്ങിക്കിടക്കുന്നത് പോലെ .
നിന്നിൽ ഉണർന്നിരിക്കാറുമുണ്ട്;
ഒരു പകൽ, വെയിലിൽ ഉണർന്നിരിക്കുന്നത് പോലെ.



 

ഇതുവരെ ജനിച്ചിട്ടില്ലാത്ത ഒരുവളോടൊപ്പം

ഇങ്ങനെ
ചുറ്റിനടക്കുന്നത്
നിനക്ക് 
ഇഷ്ടമാകുന്നുണ്ടോ?
അവളുടെ
വിരലുകൾ
വാക്കുകൾ
വിറയലുകൾ
ഭ്രാന്തുകൾ
നിർത്താതെയുള്ള ഈ പിറുപിറുപ്പ്
നിനക്ക് 
ഇഷ്ടമാകുന്നുണ്ടോ?
ഇതു വരെ ജനിയ്ക്കാത്ത നിന്നെയാണ്
എനിക്ക് ഇഷ്ടമെന്ന് 
ഇതു വരെ ജനിയ്ക്കാത്ത നീയാണ്
എന്റെ പ്രാണനെന്ന്
ഇനി ഒരിയ്ക്കലും
നീ ജനിയ്ക്കേണ്ടതില്ലയെന്ന്
അവളോടെന്നും പറയാറുണ്ടോ?
ഇനിയും ജനിച്ചിട്ടില്ലാത്ത
നിന്നോടൊപ്പം
ഇനിയും ജനിച്ചിട്ടില്ലാത്ത
ഞാൻ എന്ന്
ഇനിയും ജനിച്ചിട്ടില്ലാത്ത
നമ്മളിങ്ങനെ ..
എന്ത് രസ്സാണ് , ല്ലേ?
എനിക്കിന്ന് തുന്നിക്കിട്ടിയ
ആകാശക്കുപ്പായത്തിലൊരു
മേഘക്കുടുക്ക്.
നീ നട്ടു നനച്ച
മരങ്ങളുടെ നാരുകൾ.
അരികിലൊരിടത്ത്,
ആരും കാണാത്ത ഒരിടത്ത്
നീ കണ്ട
കനവുകളിൽ ഒന്നിന്റെ
ഞാവൽക്കറ.

Friday

ഭാഷ പ്രണയത്തിന്റേതല്ലേ!
പറഞ്ഞില്ലെങ്കിലും
ഉച്ചത്തിൽ കേൾക്കും!!
ഒന്നുണർന്നാൽ കൈവിട്ടു പോകുന്ന
സ്വപ്നത്തിന്റെ കൈപിടിച്ചു നിൽക്കുന്നു.

നിന്റെ സ്വപ്നത്തിൽ ഞാൻ വന്നിരുന്നു,
എന്റെ ഉറക്കങ്ങളെ തിരിച്ചെടുക്കാൻ.
നിന്നിൽ ഞാൻ വച്ചിട്ടു പോയ എന്നെ.

എന്തെല്ലാം തിരിച്ചെടുക്കേണ്ടതുണ്ട്
നിന്നിൽ നിന്നെന്നെ തിരിച്ചെടുക്കാൻ:
ജാലകപ്പടിയിലെന്റെ വിരലുകൾ.
തലയണിക്കടിയിൽ ചുരുട്ടിവെച്ച ചുണ്ടുകൾ.
കാന്താരി ചുവട്ടിലെ കുസൃതിച്ചിതമ്പലുകൾ.
ശതാവരിപ്പടർപ്പിലെ മണം.
ശംഖുപൂവിലെന്റെ ഞരമ്പുകൾ.
മുറ്റത്തെവിടെയോ
ഉണങ്ങിക്കിടക്കുന്നോരോർമ്മ.
വാഴക്കന്നിനിടയിൽ അഞ്ചാറു വാക്കിൻ തയ്യുകൾ .

തീരുന്നില്ല.....
ഭൂമി മുഴുവൻ പന്തലിച്ചു നിൽക്കുന്നൊരു
വീട് കെട്ടി പാർത്തിരുന്നല്ലോ നമ്മൾ!  

Thursday

പ്രണയം എപ്പോഴും തനിച്ചൊരനുഭവമാണ്,
പ്രണയിനിക്ക് പോലും
ചിലപ്പോഴത് പകുത്തെടുക്കാൻ കഴിയണമെന്നില്ല.
അത്
ചൂണ്ടയിൽ കൊത്തിയ ഏതോ ഒരു മീനല്ല.
വലയിൽ കുരുങ്ങിയ ഏതോ ഒരു കിളിയല്ല.
തിടുക്കത്തിൽ പൊട്ടിച്ചെടുത്ത ഏതോ ഒരു പൂവല്ല.
അത് കൂട്ടത്തിൽ ഒന്നല്ല.
അത് ഏതോ ഒന്നല്ല.
അത് ഒറ്റ നക്ഷത്രമാണ്.
ആ ഒരാളെന്ന്
പ്രാർത്ഥനകൾ
കോർത്തിടുന്ന
ഒറ്റപ്രാണൻ 
നാമിരുപേർ
ജനിയ്ക്കാനിരിയ്ക്കുന്നവർ.
ചുറ്റിലും പുല്ല് 
അഴിച്ചു വെച്ച നാക്ക്.
ചുറ്റിലും നനവ്
മഴയെന്ന വാക്ക്.
ആഴത്തിലതിന്റെ ചുഴികൾ,
അതിരറ്റ വഴികൾ.
നാമിരുപേർ
ജനിയ്ക്കാനിരിയ്ക്കുന്നവർ.

നീ പാർക്കുന്നയിടത്ത്
ഇന്ന്
ഏത് പ്രാണനാകണം എന്നാണ്.
എത്ര കൈകൾ കൊണ്ട്
നിന്നെ അടക്കിപ്പിടിയ്ക്കണം എന്ന്.
എത്ര ചുണ്ടുകൾ
ഉമ്മകൾ കൊണ്ട് നിറയ്ക്കണം എന്ന്.

നിനക്ക് പ്രാണൻ
ഇന്ന്
എന്താണ് എന്നാണ്.
മുടി പടർത്തിയ  നിഴലുകൾ?
ചെതുമ്പലുകളുടെ തുഴകൾ?
മരപ്പൊത്തുകളുടെ ഉഷ്നഗന്ധങ്ങൾ?

ചുറ്റിപിണഞ്ഞിട്ടും മതിയാകാതെ
എന്നിലെ 
വാക്കിന്റെ വിരലുകൾ.

നിനക്ക് പാർക്കാൻ
ഇന്ന്
ഏതിടമാകണമെന്നാണ്.
കടുംപച്ചക്കാട്?
കടൽമുറ്റങ്ങൾ ?
കൂർക്കക്കൊട്ടാരങ്ങൾ?
വെയിൽ പാർക്കുന്ന ഗുഹകൾ?
സൂര്യകാന്തിയുടെ വൃത്തങ്ങൾ?
ശംഖുപുഷ്‌പത്തിന്റെ നേർത്ത ഞരമ്പുകൾ?

വീട് കെട്ടിയിട്ടും കെട്ടിട്ടും മതിയാകാതെ
എന്നിലെ 
വാക്കിന്റെ വെയിൽപ്പാടങ്ങൾ.

Wednesday

നിനക്ക് ഞാനെന്റെ മഞ്ഞമുയലുകളെ തരുന്നു.
പെട്ടന്ന് പച്ചയായ് ഓടിപ്പോയ മഞ്ഞ സിഗ്നലുകൾ.
കാണുമെന്ന് കാത്തു നിന്ന മഞ്ഞ മഴക്കാലങ്ങൾ.
മഞ്ഞമറിഞ്ഞൊഴുകിയ ആൾക്കൂട്ടം.
മഞ്ഞ വെളിച്ചം പതിച്ച നിഴലുകൾ.

നീ അടക്കിപ്പിടിയ്ക്കുമ്പോൾ
ഞാൻ മഞ്ഞമുയലാകുന്നു.
നിന്റെ നഖങ്ങളിൽ നാവുചേർക്കുന്നു.
നീയപ്പോൾ ആകെ ചുവന്ന
താഴ്വാരമാകുന്നു.

എനിക്ക് നിന്നിൽ
ഒളിച്ചിരിക്കാൻ
മഞ്ഞ ഇലകൾ കോർത്ത
മരങ്ങൾ വേണം.
നിന്റെ നിറം പകർന്ന മഞ്ഞ മരങ്ങൾ.

നിനക്ക് ഞാനെന്റെ മഞ്ഞമുയലുകളെ തരുന്നു.
അന്ന് നാം കൺനനച്ച മഞ്ഞ സിഗ്നലുകൾ.
കാണാതെ കാത്തു നിന്ന മഞ്ഞ വേനലുകൾ.
എന്റെ വീട്ടിലെ മഞ്ഞ ജനലുകൾ .
എന്റെ മഞ്ഞമൂക്കൂത്തി.

നീ കയ്യിലെടുക്കുമ്പോൾ
ഞാൻ മഞ്ഞമുയലാകുന്നു.
നിന്റെ വയറ്റിൽ മൂക്കുരസ്സുന്നു.
നീയപ്പോൾ പച്ച തളിരിട്ട
നാട്ടിൻ പുറമാകുന്നു.

എനിക്ക് നിന്നിൽ
ഒളിച്ചിരിക്കാൻ
മഞ്ഞ വെയിൽ നിറച്ച
മാളങ്ങൾ വേണം,
നിന്റെ മണം നിറഞ്ഞ മഞ്ഞ മാളങ്ങൾ.
ഒരു പകൽ മുഴുവൻ
പ്രണയമെന്ന നഗരത്തിലൂടെ നടന്ന്
ഇരുട്ടിൽ
നാം തിരിച്ചു വരുന്നു.
കൈകളിൽ നോക്കി
വച്ചുമാറിപ്പോയ വിരലുകൾ എന്ന്
കണ്ടുപിടിയ്ക്കുന്നു.
വാക്കുകളുടെ വേലിയിറക്കത്തിൽ
നാം നടന്നു ചെന്ന
പേരില്ലാത്തുരുത്തിൽ
ഉമ്മകളുടെ കുടിൽ കെട്ടിപ്പാർത്തത്
ഓർത്തെടുക്കുന്നു.
ഒരു പകൽ മുഴുവൻ
ഒന്നിച്ചിരുന്ന്
വറ്റിച്ചുവറ്റിച്ച
വാക്കുകളുണ്ട് ഉള്ളിൽ.
ഇന്ന് രാത്രിയിൽ
ഭൂമിയെ പൊതിയുന്ന മഴയ്ക്ക്
എന്റെ പേരാണ് ;
കാറ്റിന്
നിന്റെ മണവും.

ഇനിയൊരിയ്ക്കൽ
ആൾക്കൂട്ടത്തിനിടയിൽ കണ്ടുമുട്ടുമ്പോൾ
നാം എന്ത് ചെയ്യും?
ഒന്ന് തൊട്ടാൽ
തമ്മിലൊട്ടിപ്പോകുമെന്നോർത്ത്
പ്രതിമകളായ്
കണ്ണിൽ നോക്കുമോ?
സ്വകാര്യങ്ങളുടെ
നാഡിമിടിപ്പിന് കാതോർത്ത്
ജീവിച്ചിരിപ്പുണ്ടായിരുന്ന കാലം
ഓർത്തെടുക്കുമോ?
നിന്നെ ഓർക്കുമ്പോൾ
എന്റെ കണ്ണാടിവാവേ എന്ന്
എന്റെ സങ്കടങ്ങളെ നോക്കി
ചിരിയ്ക്കുന്നു.
എവിടെയാണിവിടം?
കാലമേതാണ്?
എഴുത്തിന്റെ കായകൾ പൊട്ടുന്നു.
എന്നെയാകെ മൂടുന്നു.

ആഴമേറുന്ന
അതിരുകൾ അറ്റ് പോകുന്ന
നിറമെന്നപോൽ
നീ എന്ന ജലത്തിൽ
പരക്കുന്നു.

ചില ഒൻപത് മണി നേരത്ത്
ദീപ്തി നവാളും ഫാറൂഖ് ഷേയ്‌ഖുമാകും
ചില രാവിലകളിൽ
ശോഭയും വേണു നാഗവള്ളിയും.
പുസ്തകങ്ങളെടുക്കും.
പരിചയമില്ലാത്ത ക്യാംപസ് എന്ന
പരിഭ്രമമുണ്ടാകില്ല.
നാമവിടെ മുൻപേ പഠിച്ചവർ തന്നെയാകും.
അവരുടെ കണ്ണുകളും ചുണ്ടുകളും
അണിഞ്ഞിട്ടുണ്ടല്ലോ.
ആ പാട്ടുകളെല്ലാം മ്യൂട്ട് ചെയ്ത്
അവിടെയെല്ലാം നടക്കും.
ഉച്ചവെയിൽ കൊള്ളും.
മരങ്ങളെ കരയിക്കും.
ലൈബ്രറിയിൽ ഒളിച്ചിരിയ്ക്കും.
ക്ലാസ് മുറികളെ ഉമ്മവയ്ക്കും.
വൈകുന്നേരം തിരക്കുപിടിച്ച ബസ്സിന്റെ
വാതിൽക്കൽ നിന്ന്
കൈകൾ വീശി
കാറ്റിലേക്ക് മടങ്ങിപ്പോകും.

ഒരുപാട് സ്വകാര്യങ്ങളിൽ
അവളുണ്ട്.
അതിന്റെ നിശബ്ദത
അവൾക്ക് ചുറ്റിലും
ഒച്ചവയ്ക്കുന്നു.
അത്രമേൽ തനിച്ചെന്ന്
ഓരോ പിടപ്പിലും
അവളോർക്കുന്നു.
പിറന്നിട്ടില്ലാത്തൊരു കാലത്തിലേക്ക്
യാത്ര പോകുന്നു.
നിന്നെ കാത്തിരിയ്ക്കുന്നു.

 നിന്റെ കണ്ണിലെ മിന്നാമിന്നി 

എന്റെ നെഞ്ചിലെ കാട്ടു തീ.

രണ്ടിനും ഒരേ പേര്.

പ്രണയം.

Tuesday

ഓരോ പകലൊടുവിലും
നീയില്ലാതൊറ്റയ്‌ക്കെന്ന ഓർമ്മയിൽ
ഇതുവരെ ജനിച്ചിട്ടില്ലാത്തൊരുവളെപ്പോൽ
ഭൂമിയിൽ നിന്ന് മടങ്ങുന്നു.
അസാധാരണമായ ഒരിടത്ത് ചെന്നെത്തുന്നു. പായൽ ചിത്രങ്ങളാകുന്നു. നഖം കൊണ്ടൊന്ന് കോറി നിന്റെ പേര് വരച്ചിടണമെന്നുണ്ട്, ഉടൽ മുളയ്ക്കുമോ എന്നോർത്ത് മതിലുകൾ അരുതെന്ന് വിലക്കുന്നു അസാധാരണമായ ഒരിടത്ത് ചെന്നെത്തുന്നു. ഒരു നിശ്ചലജലാശയം പേറുന്നു. ഒരു കല്ലെടുത്തെറിഞ്ഞ് നിന്നെ ഉണർത്തണമെന്നുണ്ട്. അരുതരുതെന്നാർത്ത് മരങ്ങൾ ഇലനാവുകൾ കൊഴിച്ചിടുന്നു. അസാധാരണമായ ഒരിടത്ത് ചെന്നെത്തുന്നു. മരണമെന്ന് പേരിടുന്നു. നീ ഉണരുന്നു. നാം ഉടലുകൾ പേറുന്നു. തമ്മിൽ കൈകോർത്തു നടക്കുന്നു.

Monday

എനിക്കാരേയും പ്രണയിക്കാതിരിക്കാൻ കഴിയുന്നില്ല.

എഴുതിയെഴുതി അസാധാരണമായിപ്പോയ ഒരു സ്നേഹം അനുഭവിയ്ക്കുകയാണ് ഞാൻ, എല്ലാവരിൽ നിന്നും.
അതീവ രഹസ്യമായി.

എനിക്കാരേയും പ്രണയിക്കാതിരിക്കാൻ കഴിയുന്നില്ല.
എന്നെ ആരും പ്രണയിക്കാതെയിരിക്കുന്നില്ല.

നിനക്ക് തോന്നുന്നുണ്ടോ നീ എന്നെ പ്രണയിക്കുന്നില്ല എന്ന്.
നിനക്ക് തോന്നുന്നുണ്ടോ അത് ഞാൻ അറിയുന്നില്ല എന്ന് .

അത്ര നിശബ്ദമെന്ന് മാത്രം.
എനിക്ക് പോലും കേൾക്കാൻ കഴിയാത്ത അത്രയും നിശബ്ദം.

Sunday

നാമിരുപേർ
നാവികർ,
പ്രണയമെന്ന കടലിൽ
കപ്പലുപേക്ഷിയ്ക്കുന്നു.

ഇനി വേണ്ട പാർപ്പിടങ്ങളെന്ന്
നാം പാർത്ത  
തുറകളെ ഒഴുകുന്നു.
ഇനി വേണ്ട ഓർമ്മകളെന്ന്
നാം തൊട്ട  
മനുഷ്യരെ മറക്കുന്നു.
ഇനി വേണ്ട തുഴകളെന്ന്
നമ്മിൽ 
വേരുകൾ പൊടിയ്ക്കുന്നു.
ഇനി വേണ്ട തിരകളെന്ന്
നാം  
ഇലകളായ് തളിർക്കുന്നു.

ആ കടലിനാഴത്തിൽ
പ്രാണന്റെ
നങ്കൂരമിറക്കുന്നു.
അസ്ഥികളിൽ
ഉപ്പുചാലിച്ച്
ഒരു കാടിനെ
പെറ്റുപോറ്റുന്നു .

നീ എന്ന ചെറുദ്വീപ്
തകർന്നടിഞ്ഞ കപ്പൽ പോലെ.
ഞാനെന്ന ആകാശം
അതിൽ
കാലുകളാഴ്ത്തുന്നു.
നിന്നിലാകെ വിത്തുകൾ പൊട്ടുന്നു.
നീയും ഞാനും
ഒരു കാടിന്
അച്ഛനുമമ്മയുമാകുന്നു.
ആകാശമേ എന്ന്
ഉയിരിലാകവേ
കണ്ണുകൾ പൊടിയ്ക്കുന്നു.
ആഴമേ എന്ന്
ഉടലാകവേ
ഒരു ചിപ്പിയിലൊളിയ്ക്കുന്നു.
ആർത്തലച്ച തിരകളിലൊന്നിൽ
ഓർമ്മകളുടക്കി
നിന്റെയുള്ളിൽ
നീലിച്ച
ഒരു കടലായി പരക്കുന്നു.

ദൂരങ്ങളറ്റുപോയ
ചലനത്തെ
തിരക്കൈകളാലെടുക്കുന്നു.
ഉടലാകെ തിരഞ്ഞു കിട്ടിയ
വേരുകളെ ചേർത്തു വെച്ച്
നീയെന്ന
കടൽ
ഞാനെന്ന
കാടിനെ
വളർത്തുന്നു.

തന്റേതായ ദൂരങ്ങളെ മറക്കുന്നു.
കടലിന്റെ ഇഷ്ടങ്ങളിൽ
സഞ്ചാരങ്ങളുടെ ഓർമ്മദ്വീപായി
തകർന്നടിഞ്ഞ കപ്പൽ ഞാൻ
ദ്രവിച്ചു തീരും മുൻപേ
മറവികളിലൊരു കാടിന്റെ
പച്ചത്തണലറിയുന്നു.

Friday

ഇവിടെ
രാത്രിയാകുമ്പോഴും
ഇരുട്ടുന്നതേയില്ല;
നിനക്കവിടെ പകലാണല്ലോ, ല്ലേ?

ചിലരെ കാണുവാൻ വേണ്ടി മാത്രമാണ്
സൂര്യൻ
കിഴക്കുദിയ്ക്കുന്നത്.
കാണാതെയാകുമ്പോൾ
കരഞ്ഞുകരഞ്ഞൊരു
കടലാകും.
മുങ്ങിത്താഴും.
ഇനി തിരിച്ചുവരേണ്ടെന്നൊരു
ഇരുട്ടിനെ പുതയ്ക്കും.
എന്നാലും ഉറങ്ങാൻ മനസ്സ് വരില്ല,
കാണേണ്ടയാൾ നാളെ പുലർച്ചെ
കാത്തു നിൽക്കുന്നുണ്ടെങ്കിലോ ! 

Monday

നിന്നോട് ഒരുപാട് മിണ്ടണമെന്ന് തോന്നുന്നു.
ഓരോ കോശവും
ഓരോ നാവാകുന്നു.
ഉടൽ നീളെ
ചുണ്ടുകളുടെ വാതിൽ തുറക്കുന്നു.
ഒരു നാൾ
എന്നെ മറക്കണമെന്ന്
നിനക്ക് തോന്നുമ്പോൾ
നിന്റെ
ഏത് ഓർമ്മയിലാണ്
എന്നെ നീ
ഒളിപ്പിച്ചു വയ്ക്കുക?

ഒരു നാൾ ഞാൻ
തീർത്തും
നിശബ്ദയായാൽ
ഏത് ശബ്ദം കൊണ്ടാണ്
നീ എന്നെ
വീണ്ടും
കേൾക്കുക?

ഒരു നാൾ ഞാൻ
തീർത്തും
മാഞ്ഞുപോയാൽ
ഏത് നിറം കൊണ്ടാണ്
നീ എന്നെ
വീണ്ടും
വരച്ചെടുക്കുക?

ഒരു നാൾ ഞാൻ
തീർത്തും
ഒഴുകി പോയാൽ
ഏത് കടൽ വറ്റിച്ചാണ്
എന്നെ നീ
തിരിച്ചെടുക്കുക?

ഒരു നാൾ ഞാൻ
തീർത്തും
ബാഷ്പമായാൽ
എന്നെ നീ
ഏത് മേഘച്ചോട്ടിലാണ്
കാത്തുനിൽക്കുക?

ഒരു നാൾ
എന്നിലെ ആൾക്കൂട്ടം
എന്നിലാകെ ചിതറിയോടുമ്പോൾ
ഏത് പേർ വിളിച്ചാണ്
എന്നെ നീ
നിന്നോട് ചേർക്കുക?
നിന്റെ ധ്യാനത്തിന്റെ
പച്ചഞരമ്പുകൾക്ക്
എന്തൊരു ഉണർവ്വാണ്,
എന്തൊരു ഊർജ്ജമാണ്!
പ്രിയനേ
നിന്റെയൊപ്പമല്ല;
നിന്റെയുള്ളിലെന്നും
ഞാനെന്ന
ആ നദി നനയട്ടെ. 
എന്നിൽ നിറയെ
നനവു പാടങ്ങളാണ്.
അതിൽ നീളെ
നീ
ഭൂമിയുടെ വിത്തുകൾ
പാകുന്നു. 
എന്റെ വാക്കിന്റെ കൂട്ടിൽ
നിന്റെ ശബ്ദത്തിൽ
ചിലയ്ക്കുന്ന പക്ഷി,
ഞാൻ
അതിന്റെ ചിറകുകളിൽ
ഒളിച്ചിരിയ്ക്കുകയാണെന്നറിയാതെ,
എന്നോടതിന്റെ 
ആകാശമാകാൻ പറയുന്നു.

Sunday

പ്രിയപ്പെട്ടവളേ,
നിന്നിലെ ആൾക്കൂട്ടം കൊണ്ട്
എന്നെ
ശ്വാസം മുട്ടിയ്ക്കുക.

നിന്നിലെ
മന്ത്രവാദിനിയ്‌ക്ക്
തുന്നൽക്കാരിയ്‌ക്ക്
കൈനോട്ടക്കാരിയ്ക്ക്
കാന്താരിയുടയ്ക്കുന്നവള്ക്ക് 
കപ്പവാട്ടുന്നവൾക്ക്
 പ്രാർത്ഥിയ്ക്കുന്നവൾക്ക്
തട്ടമിടുന്നവൾക്ക്
പുസ്തകമെഴുതുന്നവൾക്ക്
കണക്കുകൾ തെറ്റിക്കുന്നവൾക്ക് 
ചെമ്മീൻ നുള്ളുന്നവൾക്ക്
സൈക്കളോട്ടക്കാരിയ്ക്ക് 
മയിലാഞ്ചി മണക്കുന്നവൾക്ക്
പേൻ നോക്കുന്നവൾക്ക്
ഗർഭം വഹിയ്ക്കുന്നവൾക്ക്
നിന്നിലെ
അനേകമനേകം
അവൾക്ക്
ഇവൾക്ക്
മറ്റൊരുവൾക്ക്
എന്നിലേക്കുള്ള വഴി
പറഞ്ഞു കൊടുക്കുക.
അവരുടെ
തിടുക്കത്തിലുള്ള
കാൽച്ചവിട്ടുകൾ കൊണ്ട്
എന്നിലെ
തെരുവിലാകവേ
പൊടിപറക്കട്ടെ.
പാടുകളുണ്ടാകട്ടെ.
എന്നിൽ
മുറിവുകൾ നിറയട്ടെ.
ആ മുറിവുകൾ ഉണങ്ങാതിരിയ്ക്കട്ടെ.

പ്രിയപ്പെട്ടവളേ,
എന്നിൽ
പ്രാണനാകുന്നവളേ,
നിന്നിലെ
കൊടുങ്കാറ്റുകൾക്ക്
പെരുംത്തിരകൾക്ക്
കൂർപ്പിച്ച മഞ്ഞിന് 
മരുക്കാറ്റിന്
പേടിപ്പിയ്ക്കുന്ന പേമാരിയ്ക്ക്
 പൊട്ടിയൊലിക്കലുകൾക്ക്
പതർച്ചകൾക്ക്
എന്നെ
തിരഞ്ഞെടുക്കുക.
ഞാനാകെ കടപുഴകി വീഴട്ടെ.
ഇനിയൊരിക്കലും ഉയരാതിരിക്കട്ടെ.

പ്രിയപ്പെട്ടവളേ,
എന്നിൽ
ഞാനാകുന്നവളേ,
ഒറ്റയ്ക്കൊരു പേരില്ലാത്തവളേ
മനുഷ്യനസാധ്യമായ വർത്തമാനം പറയുന്നവളേ
മനസ്സ് പകർത്തുന്നവളേ
മരണത്തിൽ പോലും ജീവിതം നിറയ്‌ക്കുന്നവളേ
ഭൂമിയിൽ പാർക്കാത്തവളേ
എനിക്കന്യമായ
ആകാശഗോളങ്ങളിലേക്ക്
എന്നെ ഉയർത്തുക.
ഇനി ഞാൻ ഒരിയ്ക്കലും
നിനക്ക് വേണ്ടി
പിറക്കാതിരിക്കട്ടെ.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌