Monday

രാത്രി മുഴുവൻ
മഴ നനഞ്ഞ ഒരു മരം
അതിനെ മാത്രം
ഉമ്മവയ്ക്കാൻ വരുന്ന കാറ്റിലേക്കായ്
മഴത്തുള്ളികളെ കരുതി വയ്ക്കുന്നത് പോലെയാകണം
എനിയ്ക്ക്;
നീ വരുമ്പോൾ
മാത്രം
പെയ്ത് പെയ്ത് തോരുക....


Sunday

നീയെനിക്ക്
ഞാനാണ്.
എനിക്ക് എന്നോടുതന്നെയുള്ള
നിരുപാധികമായ കീഴടങ്ങലാണ്.
എന്തിനെന്നില്ലാത്തൊരു മഴ.
ഒരുപാട് ഓര്‍മ്മകള്‍.
എന്നെ സ്നേഹിച്ചവരെ കണ്ടു,
എന്നെ നഷ്ടപ്പെടരുതേ എന്ന് ആഗ്രഹിച്ചവരെ.

എവിടെയായിരുന്നു നീയെന്ന് കലഹം കാണിച്ചു.

ഒരു കുടചൂടിയുണ്ടാക്കിയൊരിത്തിരി തണലിലായിരുന്നെന്ന് പറഞ്ഞു:
കാറ്റ് ദിശകാട്ടിയ ഒരിടത്ത്,
നിലാവ് പുഴയായ് ഒഴുകിയ ഒരിടത്ത്,
ഗന്ധര്‍വ്വന്‍മാരില്ലാത്ത ഒരാല്‍മരത്തില്‍.

ചിലര്‍ കരഞ്ഞു.
ചിലര്‍ സ്നേഹകുരുക്കുകളില്‍ കെട്ടിയിട്ടു.

കടന്നുവരവറിയിക്കാന്‍ ഒറ്റമണിക്കൊലുസും,
സന്ദേശങ്ങള്‍ കൊടുത്തയക്കാന്‍ തൂവല്പേനയും,
എന്നെയറിയാന്‍ ലോഹക്കണ്ണാടിയും,
അവരില്‍ മറന്നുവെച്ചു.

എന്നേയും മറന്നു, യാത്രകളും!

മഴയോടുള്ള അവസാനത്തെ വാക്ക്
ഒരു മടങ്ങിപ്പോക്കിന്റേതാകണം.
നിറയുന്ന നിലാവിന്
ഒരു നക്ഷത്രമായ് കൂട്ടിരിയ്ക്കാം ഞാന്‍.
നിന്നിലേക്ക്
ഒരു ജാലകമായ് തുറക്കാം,
എന്നുമോര്‍ക്കുന്ന പ്രിയമേറിയ കാഴ്ചയാകാം,
മനസ്സിലെ ശബ്ദവും
കേള്‍വികളിലെ മൌനവും ഞാന്‍ തന്നെയാകാം..


നിനക്ക്
എന്നുവേണമെങ്കിലും എന്നെ മറക്കാവുന്നതാണ്;
വീണ്ടും വീണ്ടും ഉപേക്ഷിക്കാവുന്നതാണ്.

എന്നാലും
ഏറ്റവും പ്രിയപ്പെട്ടവര്‍ക്കിടയില്‍
വാക്കുകള്‍ കൊണ്ടുള്ള അകലം
അങ്ങേയറ്റം അസഹ്യമാണ്.
ഓര്‍ക്കാത്ത നേരങ്ങളില്‍,
പൊടുന്നനെ,
ആകാശത്തിലെവിടെയോ നിന്ന്,
നിന്റെ മടിയില്‍ വീണുടയേണ്ട
ഒറ്റമഴത്തുള്ളിയാണ് ഞാന്‍.
കച്ചേരി തീരുന്നിടം ഒന്നിച്ചിരുന്ന്
നക്ഷത്രങ്ങളോടൊപ്പം കണ്ണടച്ച്
നിന്റെ മുഖം മാത്രം സ്വപ്നത്തില്‍ കണ്ടുറങ്ങി...

എന്നാണതിനായ് നീയെനിക്ക്
നിന്നില്‍ പിറന്ന സംഗീതാക്ഷരങ്ങള്‍ കൊടുത്തയക്കുക???
ഒരു ചോദ്യം കൊണ്ട്
തിരിച്ചു വരവ്.
ഒറ്റവാക്ക് കൊണ്ട്
തിരിച്ച് പോക്ക്.
ഒരിയ്ക്കലല്ല,
പലവട്ടം..

ഓർമ്മകളിലേക്ക്:
ഓർമ്മകളിലേക്ക്:

വേണമെന്നാഗ്രഹിക്കുമ്പോഴല്ല,
വേണ്ടെന്ന് വയ്ക്കുമ്പോൾ..

നിന്നിൽ നിന്നുള്ള മടക്കം
നിന്നിലേക്കുള്ള തിരിച്ചു പോക്ക്.
ഒരിയ്ക്കലല്ല,
പലവട്ടം..

ഒറ്റയ്ക്കാണെന്നത് കൊണ്ടല്ല
പലർക്കിടയിൽ ആയതുകൊണ്ട്..
അമാനുഷികനാക്കുന്നത് ഒന്നുമാത്രമാണ്‌;
സ്നേഹത്തെക്കുറിച്ചുള്ള അറിവ്.
അമരനാക്കുന്നത് ഒന്നുമാത്രമാണ്‌;
സ്നേഹം തരുന്ന അനുഭവങ്ങൾ.
നിന്നോട്‌ പ്രണയം പറയാൻ മാത്രം
എന്നിലേക്കെത്തുന്ന വാക്കുകൾ.


ഏറ്റവും മനോഹരമായ കവിതയായ്‌
പ്രണയം മാറിപ്പോയിരിക്കുന്നു :)
കാറ്റിന്‌ പിരിഞ്ഞുപോകാന്‍ തോന്നാത്തൊരു മരമായിരിക്കണമെന്നുണ്ടെനിക്ക്.
കാറ്റിനെ കെട്ടിയിടുന്ന മരം.


അവനോടാണോ
അതോ അവനോടുള്ള പ്രണയാനുഭവത്തോടാണോ
കൂടുതൽ പ്രിയമെന്നറിയാതെ...
;-)
നമുക്കു ചുറ്റിലും ഭ്രമണം ചെയ്യുന്ന സ്നേഹവാചകങ്ങൾ,
വിശ്വാസങ്ങൾ,
ചേർത്തുപിടിക്കലുകൾ.
എല്ലാ മുറിപ്പാടുകളേയും ഇല്ലാതാക്കുന്ന സ്നേഹചുംബനങ്ങൾ.
കാർക്കശ്യത്തിന്റെ
ക്ഷോഭത്തിന്റെ
വേലിയേറ്റങ്ങളെയെല്ലാം ശാന്തമാക്കിക്കളയുന്ന ചെറുപ്രവാഹങ്ങൾ.
വിസ്മയമാണ്‌ നാം അനുഭവിയ്ക്കുന്ന സ്നേഹകാലത്തിലെ യാദൃശ്ഛികത;
ആ പാരസ്പര്യം!
നമ്മിലൊരാൾക്ക് പ്രണയത്തോടെയുള്ള ജീവിതവും
മറ്റേയാൾക്ക് ജീവിതത്തോടുള്ള പ്രണയവുമാണിത്!
നീ പറഞ്ഞാലും ഇല്ലെങ്കിലും
നിന്നെ ഞാൻ കേട്ടുകൊണ്ടേ ഇരിയ്ക്കുന്നു.
ആ താളക്രമമെന്നെ വാക്കുകളായ് മാറ്റിക്കളയുന്നു.
എന്നിൽ നിന്നെക്കുറിച്ചുള്ള വാക്കുകൾ നിറയുന്നു.
എനിയ്ക്ക് എന്നെ കേൾക്കാൻ കഴിയുന്നു.
പൂക്കളുടെ സ്വപ്നങ്ങളിലുറങ്ങാറുള്ള
എന്നിലെ കൗതുകങ്ങളുടെ
നിശാശലഭങ്ങള്‍
നിഴലും നിലാവുമായ്
ഭൂമിയാകെ പരക്കുന്നു!

സര്‍വ്വസ്വതന്ത്രമായ സ്നേഹം
കാവല്‍ക്കാരനായ്
കണ്ണടച്ച്
എനിക്ക്
യാത്രാനുമതിയേകുന്നു.



കൗമാരത്തിന്റെ പരിഭ്രമക്കണ്ണടയിൽ
നീ,

തീരാത്ത നടവഴി.
തീരമണയാതകന്ന തിര.
പാതി മുറിഞ്ഞ തീർത്ഥാടനം.
മരമുപേക്ഷിച്ച മഞ്ഞപ്പൂവ്..

ഓർക്കാത്ത നേരങ്ങളിൽ
പൊടുന്നനെ ആകാശത്തിലെവിടെയോ നിന്ന്
വീണുടഞ്ഞ ഒറ്റമഴത്തുള്ളി.
ഹൃദയമിടിപ്പോടെ തിരിഞ്ഞു നോക്കാറുള്ള നക്ഷത്രം.
വെയിൽ വീണ പുഴ.

ഒറ്റരാത്രികൊണ്ട് പൂവിടുന്ന ചില്ല.
പക്ഷികൾ ചിറകുകൾക്ക് മീതേ ആകാശം തിരയുന്നത് ,
കാട്ടിത്തന്ന
സഞ്ചാരി.
മരക്കൊമ്പത്ത്,സ്വപ്നം കണ്ടുണർന്ന പക്ഷിയുടെ
അറിയാതുയർന്ന ശബ്ദങ്ങൾ കേൾപ്പിച്ച് തന്ന ഗന്ധർവ്വൻ.
കാറ്റായ്,
 ഒരു ചെറു സുഷിരത്തിലൂടെ മഹാപ്രവാഹമായ്,
എന്നെ വഹിച്ചു നടന്ന ജിപ്സി.
ഒരു രാത്രി തുഴഞ്ഞ് പോകാൻ അക്ഷരങ്ങളുടെ കടലാസ് തോണി പണിഞ്ഞ തച്ചൻ.
കരയിലിരുത്തിയെന്നെ നീന്തൽ പഠിപ്പിച്ച മുക്കുവൻ.

പ്രണയാനുഭവം ഒന്ന്:
പിരിയാനുള്ള വഴിയിലേക്ക് തുറക്കുന്ന വാതിലിനിറപ്പുത്ത് വെച്ച് പ്രണയം സമ്മതിക്കുക;
എന്നിട്ടാ വൺ വേയിലേക്ക് തിടുക്കപ്പെട്ട് ഇറങ്ങിപ്പോവുക-
ചിലരെന്തേ ഇങ്ങനെ?
കൂടുതൽ അടുക്കുന്തോറും
അകലാനൊരു കാരണത്തിന്റെ ടിക്കറ്റ് മറക്കാതെ കയ്യിൽ സൂക്ഷിക്കുന്നവർ!
*************************

പ്രണയാനുഭവം രണ്ട്:
പ്രണയം മോതിരവളയമായി വളരുമ്പോൾ
ഇൻബോക്സിലെ പ്രണയസന്ദേശങ്ങൾ പലവ്യഞ്ജനത്തിന്റെ ലിസ്റ്റുകൊണ്ട്
ഡിലീറ്റാവുന്നത്
പ്രണയത്തിന്റെ ഭാഷമറന്നു പോയത് കൊണ്ടോ
ജീവിതത്തിന്റെ പുതിയ ലിപികൾ പഠിച്ചിട്ടോ (^!^)
ഇന്നലെ മഴ:
നനഞ്ഞോടിയ വഴികള്‍,
മഴത്തുള്ളിചേര്‍ത്ത കട്ടന്‍ കാപ്പി.

ഇന്ന് വെയില്‍:
ആകാശത്തെ കടലാക്കി
സൂര്യനെ വിഴുങ്ങിയ കണ്ണാടി,
നിഴല്‍ ചിത്രങ്ങളുടെ വഴികള്‍-
എന്റെ ബാല്‍ക്കണിക്കാഴ്ച.

ഒരു ചതുരക്കളം.
ഒറ്റയ്ക്കെന്ന് പരാതിയില്ലാത്ത പൂച്ചട്ടി.

ഇന്നലെ വന്നതും നീ തന്നെയായിരുന്നോ എന്ന് ,
പേരെന്തെന്ന്,
ചോദിച്ചാല്‍
ചിരി പറത്തുന്ന
പകലിലെ പക്ഷികള്‍.

രാത്രികളില്‍,
ഓടുന്ന വെളിച്ചമുള്ള വഴിയും
ഓട്ടത്തിനു വെളിച്ചം കൊടുക്കുന്ന വിളക്കുമരങ്ങളും

നിലാവിനെ മോഷ്ടിക്കാന്‍ നടക്കുന്ന എനിക്ക്
ചുട്ടപപ്പടവും
തേങ്ങാപ്പൂളും കരുതിവയ്ക്കാറുള്ള എലിപ്പെട്ടി ആകാശവും.
എന്റെ ബാല്‍ക്കണിക്കാഴ്ച.
സ്നേഹം,
ഒരു മിണ്ടാതിരിയ്ക്കലും
തീരാക്കാഴ്ചയും
അകല്ച്ചയുമാണെന്ന് പറഞ്ഞ സുഹൃത്തിന്‌:

മൗനം മുറിവേല്പിക്കുന്നില്ലെങ്കിൽ
ഇത്രനേരം സംസാരിച്ചിരുന്നതൊക്കെ എന്തിനായിരുന്നു?

യാത്രയിൽ ഒറ്റയ്ക്കാണെന്ന്
തോന്നിയില്ലെങ്കിൽ പിന്നെ
ഒരുമിച്ചിരുന്നതും
വിരൽകോർത്ത് നടന്നതും എന്തിനായിരുന്നു...??
സ്വയം സ്നേഹിച്ച് സ്നേഹിച്ച്
സ്നേഹം മുഴുവന്‍ തീര്‍ന്നു പോയൊരാളാണ് ഞാന്‍.
ഒരു വാക്കിനൊരു മറുവാക്കിനപ്പുറം
നിനക്ക് തരാന്‍ ഒന്നുമില്ലാതെ പോയൊരാള്‍.

ഞാന്‍ നിന്നോടല്ല,
നിന്റെ വാക്കുകളോടാണ് സംസാരിക്കുന്നത്:

രണ്ട് ഐസ്ക്യൂബുകള്‍ ദ്രവരൂ‍പത്തിലാകുന്നതു പോലെ,
പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ
നിന്റേത് ,എന്റേത് ഏതെന്ന് വേര്‍തിരിച്ചറിയനാകാതെ..


ഞാന്‍ നിന്നോടല്ല,
നിന്റെ വാക്കുകളോടാണ് സംസാരിക്കുന്നത്:

ഒരു വാക്ക്, മറ്റൊരു വാക്കിനോട്
അതിനുമാത്രമറിയാവുന്ന ഭാഷയില്‍:

ചില അക്ഷരങ്ങളിലെ ഹൃദയമിടിപ്പ്,
ചിലതിലെ ശ്വാസവേഗം,
ചിലതിന്റെ ചൂണ്ടുവിരല്‍..
നിനക്കത് കേള്‍പ്പിച്ചുതരാം-
എന്റെ വാക്കുകളുടെ ചെടിപ്പടര്‍പ്പില്‍
ചെവിയോര്‍ത്താല്‍ മാത്രം മതി.

ഞാനുമൊരുവാക്ക്.
അനുഭവങ്ങളുടെ
വിത്തുപേറിയ സഞ്ചാരിക്കാറ്റ്
വരാത്തൊരിടത്ത്,

തോന്നലുകളുടെ നനവില്‍,
നിലം പറ്റിപ്പടര്‍ന്ന
വാക്കുകളുടെ ചെടിപ്പടര്‍പ്പ്.

ചില ഋതുക്കളില്‍
ഞാന്‍ പോലുമറിയാതതെന്നില്‍ പടര്‍ന്ന് കയറും.

വേരാഴമില്ലാതെ,
ആകാശത്തോളം ഉയരാതെ,
എന്നില്‍ വാക്കുകളുടെ ചെടിപ്പടര്‍പ്പ്..
ഒരു യാത്ര ഒടുക്കം
എന്നെ നിന്റെ ഓര്‍മ്മ മാത്രമാക്കുന്നു.
എന്നോട് പൊറുക്കുക.


ഞാന്‍ വരേണ്ടിയിരുന്നില്ലെന്ന്
ഒരിയ്ക്കലും
എന്നെ സ്നേഹിക്കേണ്ടിയിരുന്നില്ലെന്ന്
നീ
പറയാതിരിക്കുക.


ഞാൻ നിന്നെ മാത്രം സ്നേഹിക്കണമെന്ന് നീ ആഗ്രഹിക്കുമ്പോഴൊക്കെയും
എനിക്ക് എല്ലാവരോടും സ്നേഹം തോന്നിത്തുടങ്ങും:

മഴയിൽ എല്ലാ മരങ്ങളും നനയുന്നതു പോലെ
വെയിലിൽ എല്ലായിടവും ജ്വലിക്കുന്നതു പോലെ
പ്രകൃതിയ്ക്ക് വിധേയമായ രാത്രിപോലെ
കയറ്റിറക്കങ്ങളില്ലാത്തൊരിടം തേടിയുള്ള ഒഴുക്കുപോലെ
കാറ്റുപോലെ ഇന്നനേരമെന്നില്ലാതെ

വെയിൽ നിറമാഗ്രഹിക്കുമ്പോൾ മഴയായ് പെയ്ത്
മഴനനയാനിറങ്ങവെ വേനലായ് കനത്ത്

എല്ലാവരോടും ഒരുപോലെ;
അതിനാൽ സ്വയമൊന്നും ഉപേക്ഷിക്കാതെ.

ഇതിനെയൊക്കെയല്ലാതെ മറ്റെന്തിനെയാണ്‌ എനിക്ക് സ്നേഹമെന്ന് വിളിക്കാൻ കഴിയുക?

പതുക്കെ പതുക്കെ പല പല ശബ്ദങ്ങൾക്കിടയിൽ
നാം ഒരു ശബ്ദം മാത്രം കേട്ടുതുടങ്ങും.
അത് നമ്മുടേത് തന്നെയാണെന്ന് നാം തിരിച്ചറിയും.

ജീവലോകം സൂര്യനിലേക്ക് കണ്ണു തുറക്കുന്നതുപോലെയാകണമത്.

അവ്യക്തതകളിൽ നിന്ന് സ്വതന്ത്രരായി അന്നേരം നാം
എല്ലാവരേയും സ്നേഹിച്ച് തുടങ്ങും.
ആഗ്രഹിക്കുന്ന എല്ലാവർക്കും പങ്കുവയ്ക്കാൻ കഴിയുന്ന ഊർജ്ജമായി അത് നമ്മളിൽ നിറയും.

ഇങ്ങനെയൊന്നല്ലാത്ത മറ്റെന്താണ്‌ സ്നേഹമായ് സ്വീകരിക്കപ്പെടുക?

Saturday

എല്ലാ വഴികളും നിന്നിലേക്കെന്ന്
ഉറപ്പിക്കുന്ന നേരത്തും
ഒരിയ്ക്കൽ പോലും
എന്നിലേക്ക് വന്നുചേർന്നതില്ലെന്ന്
നീ
ആവർത്തിക്കുന്നതിലാണത്ഭുതം!

മറ്റൊരാളായി നീ
മാറിപ്പോകുന്ന
മുറിവുകളല്ല
മനസ്സിൽ!

ഇനി മാറ്റമില്ലെന്നുറപ്പിച്ച്
നിന്നെ ചേർത്തു പിടിക്കുന്നതിന്റെ അത്യാഹ്ലാദം!

Tuesday

നിന്റെ ആരുമല്ലാതാവാന്‍ എനിക്ക് കഴിയില്ല.
നിന്റേത് മാത്രമാവാനും എനിക്ക് കഴിയില്ല.
ഇങ്ങനെയൊന്നും അല്ലാതായിരുന്നെങ്കില്‍ എന്ന്..
ഇതിനേക്കാള്‍ കൂടുതല്‍ ആയിരുന്നെങ്കില്‍ എന്ന്..
മറക്കില്ല ;
ഓർമ്മിച്ചു കൊണ്ടേയിരിക്കും -
മറക്കണം എന്ന്
ഓർമ്മിച്ചു കൊണ്ടേയിരിക്കും !
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌