Friday

നമുക്കിടയിലിത്രയും വാക്കുകള്‍ പങ്കുവയ്ക്കാനിടയാക്കിയ മായാജാലക്കാരന്‍ ആരായിരിക്കണം?
**

യാത്രയില്‍ ഞങ്ങള്‍ പരസ്പരം കേള്‍വിക്കാരായ്.
ഒരാള്‍ പറഞ്ഞവസാനിപ്പിക്കുന്നയിടത്ത് മറ്റേയാള്‍ തുടങ്ങി.
മൗനവും വാക്കുകളും ഇടവേളകളില്ലാതെ നിറഞ്ഞു.
അല്ലെങ്കിലും
സ്നേഹത്തിലെവിടെയാണ് നീയും ഞാനും?
അല്ലെങ്കിലും
സ്നേഹത്തിലെവിടെയാണ്  മൗനവും വാക്കുകളും?

ചമയങ്ങളില്ലാത്ത
സത്യസന്ധമായ
സ്നേഹം
നിശബ്ദമെങ്കിലും
എന്നോട് സംവദിക്കുന്നു.
അങ്ങനെ എന്നിലെ പ്രണയത്തോട് ഞാന്‍ പറയുന്ന വാക്കുകള്‍ ഏവര്‍ക്കും കേള്‍ക്കാനാവുന്നു.

എന്റെ പ്രണയമാണിത്.
ഞാന്‍ തന്നെയാണിത് !


' എത്ര ചിറകുകളാണ്
നിന്റെ വാക്കുകളുടെ ആകാശത്തെനിയ്ക്ക്
എന്ന്,

എത്രയാത്രകളാണ് നീയെന്ന സഞ്ചാരി
എന്നിലുപേക്ഷിയ്ക്കുന്നത്
എന്ന്,

നീ തൊട്ടാല്‍
തൂവലുകളാകുന്ന മുള്ളുകളേ
ഉള്ളൂ എന്റെയുള്ളിൽ
 എന്ന് '

-പറയാന്‍
എന്റെ പ്രണയമാണിത്.
ഞാന്‍ തന്നെയാണിത് !

ചിറകുകള്‍ക്കുള്ള ആകാശവും
യാത്രകള്‍ക്കുള്ള ദിശയും
വന്യതകള്‍ക്കുള്ള കൊടുങ്കാടും
തിരകളവസാനിയ്ക്കാത്ത മഹാസാഗരവും
ഓര്‍മ്മപ്പെരുക്കങ്ങളുടെ വിസ്ഫോടനങ്ങളും
ഇതാവണം;
ഇതുമാത്രമാവണം!

എന്റെ പ്രണയമാണിത്.
ഞാന്‍ തന്നെയാണിത് !

യാത്രികരേ, പ്രവാചകരേ, തീര്‍ത്ഥാടകരേ
വരിക
ഒരു ശ്വാസത്തിനപ്പുറം
ഒന്നായി തീരുന്ന
സ്നേഹത്തിനും സ്നേഹഭംഗങ്ങള്‍ക്കും ഇടയിലേക്ക് !

എന്റെ പ്രണയമാണിത്.


ഞാന്‍ തന്നെയാണിത് !

Thursday

എങ്ങനെയാണ് നിന്നിലേക്കൊഴുകേണ്ടത്?

ഏറെനേരം കാത്തിരുന്ന്,
പരിഭവത്തിന്റെ മഞ്ഞുതുള്ളിയായ്,
നീ പറയാതെ പോയ വാക്കുകളില്‍ ഉമ്മവെച്ച്?

ആഗ്രഹിച്ചാഗ്രഹിച്ചിരിക്കെ
നീ പറഞ്ഞ വാക്കുകളുടെ
വേഗമാര്‍ജ്ജിച്ച് ഒരു പ്രവാഹമായ്?

പറയാതെ നീ ഒളിപ്പിച്ചുവെച്ച
വാക്കുകള്‍ക്കിടയിലേക്ക്
ചോദ്യങ്ങളായ് ചിതറി?

ഞാന്‍ പറഞ്ഞുപോയ വാക്കുകളെ
നീയോര്‍ത്ത് വയ്ക്കുമ്പോള്‍
നിറഞ്ഞ് പെയ്ത്?


എങ്ങനെയാണ് നിന്നിലേക്കൊഴുകേണ്ടത്??

Tuesday

ഇടയ്ക്ക് വല്ലപ്പോഴും
കവിതകളായിപ്പോകുന്ന
അക്ഷരങ്ങളുടെ അടുക്കിപ്പെറുക്കലുകള്‍ക്കിടയിലേക്ക്
' നീ  '
വരുന്നു.

'ആരെന്നും
എന്തുകൊണ്ടെന്നും
എവിടെ നിന്നെന്നും'
ചോദിക്കേണ്ടതില്ലെനിക്ക്.

സ്നേഹമെന്ന മേല്‍ വിലാസത്തില്‍
വാതിലുകള്‍ തുറന്നു പോകുന്ന
ഹൃദയമെന്ന
എന്നിലെ മാന്ത്രികക്കൊട്ടാരം.

അവിടെ
' നീയെന്നും
അവനെന്നും
നിങ്ങളെന്നും '
എഴുതി വയ്ക്കേണ്ടതില്ല.

അടയാളങ്ങള്‍
തെളിവുകള്‍
കാല്‍പ്പാടുകള്‍
പതിപ്പിച്ച് വയ്ക്കേണ്ടതില്ല.

എനിക്ക് പ്രണയരഹസ്യമായ് മാറേണ്ടതില്ല.
ഓര്‍മ്മകളില്ല;
മറവികളും മരിച്ചു പോയി.

എനിക്ക് വേണ്ടിപ്പോലും എനിക്ക്
മറ്റൊരാളാകേണ്ടതില്ല!

Monday

എന്റെ കോശങ്ങളില്‍
പ്രണയിക്കാനുള്ള കോഡിംഗ് ഇങ്ങനെയാകണം:
ഒരു വരി എത്ര പ്രണയിച്ചാലും മതിവരാത്തൊരാളിന്റെ ഭാഷയില്‍;

അതിനടുത്തത്
കൊടുക്കുന്നതിനു മുന്നേയത്
കൊടുത്തെന്നറിയിക്കുക പോലും ചെയ്യാതെ
തിരിച്ചെടുക്കാന്‍ തിടുക്കപ്പെടുന്നൊരാളിന്റെ ഭാഷയില്‍-

പിറവിക്കു മുന്നേ സംഭവിച്ച,
പരസ്പരം ചേര്‍ത്തു വായിക്കാന്‍ കഴിയാത്ത ലിപികളുടെ ക്രോസ്സ് ഓവര്‍.
എന്നെ നിനക്ക് വായിക്കാന്‍ കഴിയാതെ പോകുന്നതും അതുകൊണ്ടുതന്നെ..
അവരെന്റെ മറവികളെയാണ്‌ ശകാരിയ്ക്കുന്നത്!
ഞാനെന്റെ ഓർമ്മകളെയും.
മറവിയുണ്ട് എനിക്ക് എന്ന് തന്നെ മറന്നു പോയിരിക്കുന്നു!
ഇടിവെട്ടിപ്പെയ്യുന്ന നേരം
കാട്ടിലെ മരങ്ങളെയെന്നപോലെ
നനഞ്ഞ്;
ആഹ്ലാദിച്ച്;

ഏത് ആഴത്തില്‍ വെച്ചാണ്‌
വേരുകള്‍ കോര്‍ത്തുപിടിച്ചതെന്ന്,
ആദ്യമായ്
ഏത് ആകാശത്തിലേക്കാണ്‌
ഉമ്മകള്‍ കൊണ്ട് ഉയര്‍ന്നു പൊങ്ങിയതെന്ന്,

കാലദേശഭേദങ്ങളില്ലാത്ത സ്നേഹം
മേഘങ്ങള്‍ പോലെ വന്നു നിറഞ്ഞതെന്ന്
അറിഞ്ഞ്;
അനുഭവിച്ച്;

നീയും പെയ്തു തുടങ്ങി:

'നിനക്ക് ഞാന്‍ മാത്രമെന്ന ഒറ്റവാചകത്തില്‍ ഒതുങ്ങിപ്പോകാനല്ല;

തങ്ങളേക്കാളേറേ
സ്നേഹിക്കപ്പെടാന്‍
അര്‍ഹതയുള്ളവരിലേക്ക്,
ഭാഗ്യം ചെയ്തവരിലേക്ക്
എത്തിപ്പെടുകയാണ്‌ നമ്മളെന്ന്...


സങ്കടങ്ങളില്‍ നിന്ന് വഴിമാറി പോകണമെന്നാഗ്രഹിക്കാനല്ല;
സങ്കടങ്ങളിലൂടെ,
പരിഭവങ്ങളേതുമില്ലാതെ
ആഹ്ലാദഭരിതരായ്
കടന്നുപോകാന്‍ പഠിക്കുകയാണ്‌ നമ്മളെന്ന്...'

നേരം എത്രയെന്നറിയാത്തൊരു പെയ്ത്ത്!

ഒരാള്‍ മറ്റേയാളെ
തന്നെയെന്നപോലെ
അറിയുന്നത്;
സ്നേഹിക്കുന്നത്....
തന്നോളം ആഴത്തില്‍
ഒരാള്‍
മറ്റേയാളിലേക്കിറങ്ങിപ്പെയ്യുന്നത് ....

ഇങ്ങനെയാവണം !
പ്രണയം ഒരു അനുഭവവും തോല് വിയുമാണ്!
നിന്റെ മുന്നില്‍
നിനക്കുവേണ്ടി
നിനക്കുമാത്രമായ്
നിരുപാധികം തോല്‍ക്കുന്നെന്ന്
പ്രണയവും ഞാനും അനുഭവങ്ങളും
ജയിച്ചുകൊണ്ട് അടയാളപ്പെടുത്തുന്നു !

Wednesday

നിനച്ചിരിക്കാത്ത ഒരു നേരത്ത്
എന്നാൽ
ഏറെ ആഗ്രഹിച്ചിരിക്കെ
ആരുടേതെന്ന് അറിയേണ്ടതില്ലാത്ത
സ്നേഹ സന്ദേശമൊന്ന്
നിന്നിലേക്കെത്തുന്നു.
അത് എന്റേതാണ്.  

സ്നേഹം നിറഞ്ഞ്
സ്നേഹം മാത്രം നിറഞ്ഞ്.

നിനക്കു മാത്രമെഴുതിയത്.
നിന്നോട് തന്നെയുള്ളത്.

അന്വേഷിച്ചു ചെല്ലാൻ
മേൽ വിലാസവും
സൂചനകളുമില്ലാതെ
എന്നാൽ
നീ എനിക്കത്രമേൽ പ്രിയപ്പെട്ടതാണെന്നുറപ്പിച്ചു കൊണ്ട്
ഇത്രയുമൊക്കെ സ്നേഹിക്കാമോ എന്ന് അതിശയിപ്പിച്ച്
നിന്നിലേക്കെന്റെ
സ്നേഹ സന്ദേശമെത്തുന്നു.

നിന്നോട് മാത്രമാണ്

നിന്നോട് മാത്രമാണ്

നിന്നോട് മാത്രമാണ്!

ഒരു പക്ഷേ
നാം പങ്കിട്ട പ്രാചീനതകളെ കുറിച്ചാകാം.
വരാനിരിയ്ക്കുന്ന ഒരു ജന്മത്തിലേക്ക് കരുതലായ് പറഞ്ഞതാവാം.
ഇന്നത്തെ നിന്റെ ആകാശയാത്രയിൽ
നീയെന്നെ ഓർത്തുവല്ലോ എന്ന് ഞാനറിഞ്ഞതാകാം.

ഞാൻ
ആരോ ആയ്ക്കൊള്ളട്ടെ.
ഒരു തുന്നൽക്കാരി
പാചകക്കാരി
കുട്ടികളെ നോക്കുന്ന ആയ.
യന്ത്രമനുഷ്യനെ പഠിപ്പിക്കാനറിയുന്നവൾ.
അസാധാരണമായ കണക്കുകളിലൊന്നാകുന്നവൾ.
വീടുപണിയുന്നവൾ.
അലങ്കാരമത്സ്യങ്ങളെ വളർത്തുന്നവൾ.
ഇതൊന്നും
എന്നിൽ
ഒരുമാറ്റവുമുണ്ടാക്കില്ല.

ഞാൻ നഗരമധ്യത്തിലെ
ഉയരമുള്ള വീട്ടിൽ നിന്ന്
ചെറിയ കുന്നുകള്ക്കിടയിലേക്ക്
അതിനിടയിൽ താമസം മാറ്റിയേക്കാം.
എന്റെ വീട്ടിന്റെ ഒരു വശത്ത്
കുട്ടികളുടെ പൂന്തോട്ടവും
മറുവശത്ത്
പുഴയിലേക്കുള്ള മരപ്പാലവും ഉണ്ടായിരുന്നിരിക്കാം.
വീണ്ടും ആകാശത്തിനു നടുവിലെ
ചില്ലുവീട്ടിലേക്ക് മടങ്ങിപ്പോയെന്നും വരാം.
ഇതൊന്നും
എന്നിൽ
ഒരുമാറ്റവുമുണ്ടാക്കില്ല.

നിനക്കു ഞാൻ
എന്റെ തൂവാലകളിൽ സന്ദേശങ്ങളെഴുതിയിരിക്കാം.
പരീക്ഷകൾക്കിടയിൽ
ചോദ്യങ്ങൾക്ക് നടുവിലുമാകാം.
പരീക്ഷണത്തിനിടയിൽ.
കണക്കുകൾക്കിടയിൽ.
കുഞ്ഞുങ്ങളുടെ കളിപ്പാവകൾക്കിടയിൽ.
എവിടെയുമാവാം.
ഇതൊന്നും
എന്നിൽ
ഒരുമാറ്റവുമുണ്ടാക്കില്ല.

പാലിയ്കാൻ കഴിയാതെ പോകുന്ന
വാഗ്ദാനങ്ങൾ.
അകാരണമായ ശകാരങ്ങൾ
അസ്വീകാര്യമായ നിരാകരണങ്ങൾ
ഇവയ്ക്കിടയിൽ
ഞാനെഴുതില്ല.

നിന്നെക്കുറിച്ചാകുമ്പോൾ
ഒരക്ഷരത്തിന്റെ കൺകോണിലും
നനവൂറുകയില്ല.

കാലഭേദങ്ങളില്ലാതെ
ദേശാന്തരങ്ങളില്ലാതെ
ഇത് പ്രാണന്റെ പകുത്തെടുക്കലാണ്.
സ്നേഹത്തിന്റെ
അടയാളം മാത്രം ബാക്കിവെച്ച്.
ഇത് പ്രാണന്റെ പകുത്തെടുക്കലാണ്.

നീ എനിക്കത്രമേൽ പ്രിയപ്പെട്ടതാണെന്നുറപ്പിച്ചു കൊണ്ട്
നിന്നിലേക്ക്
ഇതാണെന്റെ
സ്നേഹ സന്ദേശം.

എവിടെയെങ്കിലുമായ്
എപ്പോഴെങ്കിലുമായ്
നീ വായിക്കുമെന്നുറപ്പിച്ച്
മുൻ വിധികളൊന്നുമില്ലാതെ
ബാധ്യതകളൊന്നുമില്ലാതെ
സങ്കീർണ്ണതകളില്ലാതെ
സ്നേഹത്തിന്റെ പൂർണ്ണതകളെല്ലാമായ്

ഞാൻ
നിനക്കു മാത്രമെഴുതിയത്.

നിന്നിലേക്ക്
എന്നെ എഴുതിച്ചേർക്കുകയാണ് ഞാൻ!

എപ്പോഴെങ്കിലും
നിന്നിലെത്തിച്ചേരുമെന്നുറപ്പുള്ള
സ്നേഹസന്ദേശങ്ങൾക്കെല്ലാം
ഇന്ന്
എന്റെ മണമുണ്ട്.

നിന്നെ അടയാളപ്പെടുത്താന്‍
മാത്രമായുള്ള
എന്റെ അക്ഷരങ്ങള്‍
എന്റെ മരണശേഷം
ഒരിയ്ക്കലും നശിച്ചുപോകാത്തൊരു
മരത്തിന്റെ
കയ്യത്താദൂരത്തിലൊരു പൊത്തില്‍
ഒളിപ്പിച്ചു വയ്ക്കണം!

പലജന്മങ്ങള്‍ കഴിഞ്ഞൊരു
കിളിയാകവെ
ദൂരദൂരം ചിറകടിച്ച്
മരണമില്ലാമരത്തിനടുത്ത്
പറന്നെത്തണം.
പൊത്തിലെ വിരലയാടളങ്ങളില്‍
കൊക്കുകള്‍ ചേര്‍ത്തിരിക്കണം.
ഓര്‍മ്മകളില്‍ കൂടൊരുക്കണം.

മരം വെട്ടുകാരനായ്
ജനിച്ചാലും
ഓര്‍മ്മകളുടെ പ്രവാഹത്തില്‍
ആയുധങ്ങളുപേക്ഷിക്കണം.
മരത്തിനു കാവലാകണം.
മരത്തെ മരണമില്ലാതാക്കണം.

പിന്നേയും പല ജന്മങ്ങള്‍
പലതായ് ജനിച്ച്
ഒരു ജന്മവും നിന്നെ മറക്കാനുള്ളതല്ലെന്നറിഞ്ഞ്
മരം നിറഞ്ഞ്
പലയിലകളായ്
പലകാലങ്ങളിലെ മഴയില്‍
പലവട്ടം നനഞ്ഞ്,

ഒരു ജീവനും
നീയെന്നും ഞാനെന്നും
വേര്‍ പെടേണ്ടതില്ലെന്നറിവില്‍
ജനിമൃതികളില്ലാതെ മുക്തരാകണം.

Tuesday

പ്രണയത്തിന്റെ ഭാഷ
മൂന്നാമതൊരാൾക്കൊരിയ്ക്കലും മനസ്സിലാവില്ല;
ചിലർക്കതിപ്പോഴും ആദ്യം ചോദിച്ച ആപ്പിളാണ് ;-)

Thursday



സാധ്യമായ വഴികളിലൂടെയെല്ലാം പ്രണയം പറഞ്ഞവരാണ്‌ ഞങ്ങൾ;
ഇനിയതിനെ മൗനം കൊണ്ട് വ്യാഖ്യാനിക്കുകയേ വേണ്ടൂ.
അന്വേഷിക്കുകയായിരിക്കണം നിന്നെ-
കുട്ടിക്കാലം മുതല്ക്ക് മാത്രമല്ല;
ജീവന്റെ ഒറ്റക്കോശമായപ്പോഴേ!
എനിക്ക് വേണ്ടി
എവിടെയെങ്കിലും നീ ജനിച്ചുവോ എന്ന്.

സ്നേഹത്തിന്റെ വെളിച്ചത്തിൽ,
ആ തൊട്ടിലിൽ കിടന്നേ കണ്ടിരിക്കണം:
നീ
മഴയിൽ കുസൃതിയായത്.
വേനൽ പോലെ പനിച്ചുകിടന്നത്.
വെയിലിൽ വിയർത്തത്.
കാറ്റിനൊപ്പം വഴി പങ്കിട്ടത്.
മണ്ണിനെ ചുവപ്പിച്ചത്.
മഞ്ഞ് കണ്ണാടികൾ ഇലകളിൽ നിന്ന് തട്ടിപ്പറിച്ചത്.

എന്നിലെ ഋതുഭേദങ്ങൾ
എങ്ങനെയെന്നില്ലാതെ 
നീയുമറിഞ്ഞിരിക്കണം.

എല്ലാവരിലും നിന്നെ തിരയും.
അല്ലെന്ന് കാലം കടന്നുപോകും.

ദൂരമത്രയും നടന്ന്, 
എന്നാലെവിടയുമെത്താതെ
അലങ്കാരങ്ങൾക്ക് നടുവിൽ, 
എന്നാൽ ചമയങ്ങളൊന്നുമില്ലാതെ
കാത്തുകാത്തിരുന്ന്, 
എന്നാൽ അതിനിടയിലല്ലാതെ
അപരിചിതരല്ലാതെ ആദ്യമായ് അറിയും.

ചതുരക്കളത്തിൽ ഒറ്റയ്ക്ക് വളരാൻ പഠിച്ച കൊച്ചുമരം,
ഏതോ ജന്മത്തിലെ വനാന്തരങ്ങളിൽ 
അലയുന്നതുപോലെ ;

ചെടിച്ചട്ടിയിലെ മണ്ണ്‌,
പ്രാചീനകാലത്തതിനെ തഴുകിയൊഴുകിയ പുഴയെ 
ഓർത്തെടുക്കുന്നതു പോലെ ;

ഒറ്റവാക്കിൽ നാം നാമറിയും
പങ്കിട്ട ജന്മങ്ങളത്രയും.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌