Monday

ഇടിവെട്ടിപ്പെയ്യുന്ന നേരം
കാട്ടിലെ മരങ്ങളെയെന്നപോലെ
നനഞ്ഞ്;
ആഹ്ലാദിച്ച്;

ഏത് ആഴത്തില്‍ വെച്ചാണ്‌
വേരുകള്‍ കോര്‍ത്തുപിടിച്ചതെന്ന്,
ആദ്യമായ്
ഏത് ആകാശത്തിലേക്കാണ്‌
ഉമ്മകള്‍ കൊണ്ട് ഉയര്‍ന്നു പൊങ്ങിയതെന്ന്,

കാലദേശഭേദങ്ങളില്ലാത്ത സ്നേഹം
മേഘങ്ങള്‍ പോലെ വന്നു നിറഞ്ഞതെന്ന്
അറിഞ്ഞ്;
അനുഭവിച്ച്;

നീയും പെയ്തു തുടങ്ങി:

'നിനക്ക് ഞാന്‍ മാത്രമെന്ന ഒറ്റവാചകത്തില്‍ ഒതുങ്ങിപ്പോകാനല്ല;

തങ്ങളേക്കാളേറേ
സ്നേഹിക്കപ്പെടാന്‍
അര്‍ഹതയുള്ളവരിലേക്ക്,
ഭാഗ്യം ചെയ്തവരിലേക്ക്
എത്തിപ്പെടുകയാണ്‌ നമ്മളെന്ന്...


സങ്കടങ്ങളില്‍ നിന്ന് വഴിമാറി പോകണമെന്നാഗ്രഹിക്കാനല്ല;
സങ്കടങ്ങളിലൂടെ,
പരിഭവങ്ങളേതുമില്ലാതെ
ആഹ്ലാദഭരിതരായ്
കടന്നുപോകാന്‍ പഠിക്കുകയാണ്‌ നമ്മളെന്ന്...'

നേരം എത്രയെന്നറിയാത്തൊരു പെയ്ത്ത്!

ഒരാള്‍ മറ്റേയാളെ
തന്നെയെന്നപോലെ
അറിയുന്നത്;
സ്നേഹിക്കുന്നത്....
തന്നോളം ആഴത്തില്‍
ഒരാള്‍
മറ്റേയാളിലേക്കിറങ്ങിപ്പെയ്യുന്നത് ....

ഇങ്ങനെയാവണം !
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌