Tuesday


തന്നോടുതന്നെ പ്രണയത്തിലാകുന്നവർ പകലുപോലെയാണെന്ന്!

തെളിഞ്ഞും മാഞ്ഞും നനഞ്ഞും വിയർത്തും പെയ്തും ഒഴിഞ്ഞും
ഒരോ നിമിഷവും വ്യത്യസ്തമാണല്ലോ എന്ന് വിസ്മയിച്ച്..!
ഉള്ളിന്റെയുള്ളിൽ സ്നേഹം നിറച്ച്,
പകലെന്നപോലെ.

ഒരോ നിമിഷവും ഒരോ ജന്മമെന്നകണക്കെ
അനിശ്ചിതമായ്..
ആഹ്ലാദഭരിതമായ്..

പകലുപോലെ:
ഒന്നുമൊളിപ്പിച്ചു വയ്ക്കാനില്ലാതെ..
ഒരു വാക്കുകൊണ്ടളക്കാനാവാതെ..
ഒരു നിറം കൊണ്ടു വരച്ചെടുക്കാനാവാതെ..

ഒരു നിമിഷത്തിലിങ്ങനെയായിരുന്നെന്ന കൃത്യതയില്ലാതെ..
ഒരോ നിമിഷവും ഒരോ ജന്മമെന്നകണക്കെ വിഭിന്നമായ്..
ഒരോ നിമിഷത്തേയും ഗാഢമായ് സ്നേഹിച്ച്.

സത്യസന്ധമായ്
നിന്നോടും പറയാനാവുന്നു: സ്നേഹമാണെന്ന്;
അളവുകളും അതിരുകളും അരുതുകളും ഇല്ലാതെ...

സ്വയം സ്നേഹിച്ചു സ്നേഹിച്ചാണ്‌ എങ്ങിനെ സ്നേഹിക്കണമെന്ന് ഞാൻ പഠിച്ചു തുടങ്ങിയത്..!
സ്വയം വെറുക്കാതിരിയ്ക്കാൻ പഠിച്ച്,
ഉള്ളിൽ സ്നേഹം മാത്രം ബാക്കിയാവുന്നു..


Monday

നമ്മുടെയുള്ളിൽ അഗ്നിയുണ്ട്.
കുറേ പ്രാർത്ഥനകളുണ്ട്.
നിറഞ്ഞ സ്നേഹമുണ്ട്.
ഓർമ്മകളും വേദനകളുമുണ്ട്.
അന്വേഷണങ്ങളും യാത്രകളുമുണ്ട്.

അപൂർണ്ണരാണ്‌ എന്നിട്ടും നാം.

അതുകൊണ്ടാവണം
നിരന്തരം
പരസ്പരമിങ്ങനെ
തീർത്ഥാടകരാകുന്നത്....

Sunday

പ്രണയിക്കുമ്പോൾ
ഒരു കടൽത്തീരത്താണ്‌...

യാത്രപറയാനൊരുങ്ങുമ്പോഴൊക്കേയും
ഒരിയ്ക്കലുമതിനു കഴിയില്ലെന്ന്
വിസ്മയിപ്പിക്കുന്നിടത്ത്..

ഉള്ളിന്റെയുള്ളൊരു കടലായി മാറുന്നതറിയെ...
മടങ്ങാൻ കഴിയില്ല,നീയെന്ന എന്നിൽ നിന്ന്..
പ്രണയിക്കുമ്പോൾ
 ഒരു
 കടൽത്തീരത്താണ്‌.

അകന്നെന്നും അടുത്തെന്നും
അടുത്തെന്നും അകന്നെന്നും...
യാത്രകൾ തീരാത്തൊരിടം.

വിസ്മയങ്ങൾ ; ഉള്ളാഴങ്ങൾ!

തിരകളടങ്ങിയെന്നുറപ്പിച്ച്
മടങ്ങിപ്പോകേണ്ടതുണ്ട്,

ഒരിയ്ക്കൽ;
ഉള്ളിന്റെയുള്ളിലൊരു കടൽ വറ്റിപ്പോകുന്നതുപോലെയൊരു മടക്കം..
എന്റെ കാല്പാദങ്ങൾ.
മുറ്റത്തെ ഒരോ പച്ചയിലും ഞാൻ കൂടിയുണ്ട്.
ആർക്കുവേണ്ടിയോ ഞാനെന്റെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ട്.
ഒടുക്കം യാത്രയ്ക്കൊടുവിൽ
ഉണരാത്ത ഉറക്കത്തിലേക്ക്
ആരാണെന്നെ കൈപിടിച്ചെത്തിക്കുക?

സൂര്യനുള്ള സായാഹ്നത്തിൽ നീണ്ട സവാരി.
മതില്കെട്ടിൽ
പൂപ്പലുകൾകൊണ്ട്
ഇലകൾ കൊണ്ട്
പകലിന്റെ ഉടൽ ഭംഗി.
എത്രയെത്ര കൊച്ചു കൊച്ചു സന്തോഷങ്ങൾ.

എല്ലാറ്റിലും സന്തോഷം കണ്ടെത്തുക എന്നു പഠിപ്പിച്ചു തന്നവനേ,

മരങ്ങൾക്കിടയിൽ
മൺസൂണിൽ കണ്ട
ചെറിയമഴനാരുകൾ കൊണ്ടുണ്ടാക്കിയ കൂട്ടിൽ
പുനർജ്ജനിക്കാമെന്ന്
പറയില്ലേ....

Saturday


പ്രണയിക്കുമ്പോൾ
ഒരു പുസ്തകശാലയിലാണ്‌.


വിരല്പ്പാടില്ലാതെ മടക്കി വയ്ക്കേണ്ട പുസ്തകങ്ങളുണ്ട്-
ഏറെ തിരഞ്ഞു കണ്ടെത്തിയവ.
വായിച്ചു തീർക്കാനാവാത്ത വരികളുണ്ട്-
ഏറ്റവും പ്രിയപ്പെട്ടവ.


പ്രണയിക്കുമ്പോൾ
ഒരു പുസ്തകശാലയിലാണ്‌...
വായിച്ചു തീർക്കാനാവാതെ;
വരികൾക്കിടയിൽ...

അതിലൊരക്ഷരമാണെന്നറിയവെ
മടങ്ങാൻ കഴിയില്ല-
നിന്നിൽ നിന്ന്..

നീയെന്ന എന്നിലെ
വായിച്ചു തീരാത്ത വരികൾക്കിടയിൽ നിന്ന്....

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌