Saturday

 എഴുതുക 

ഭൂമിയിൽ മറ്റൊന്നും ചെയ്യാനില്ലാത്ത ഒരാളെപ്പോലെ  എഴുതുക.


സ്നേഹിക്കുക.

ഭൂമിയിൽ മറ്റൊരാളും പകരമില്ലാത്ത ഒരാളെന്നപോലെ സ്നേഹിക്കുക.

 മിണ്ടാതെ ഇരിക്കുന്നതിലും 

ഒരു സുഖമുണ്ട്.

മറുപടികൾക്ക് കാത്തിരിക്കേണ്ട 

എന്ന സുഖം.

 ചിലർക്ക് 

സ്നേഹം 

ഏറ്റവും കഠിനമായ 

കുറ്റവും ശിക്ഷയും ആണ്. 

ചിലർക്കത് 

നിർവ്വാണത്തിലേക്കുള്ള 

ആൽമരച്ചുവടും 


 എന്തിനാണ് 

എന്റെ ഹൃദയമേ നീ 

മാഞ്ഞു പോയ ആകാശങ്ങളിലേക്ക് 

ഇങ്ങനെ ചിറകു വിരിയ്ക്കുന്നത്?

പച്ചയായിരുന്നു 

ഒരിയ്ക്കൽ 

എന്റെ പ്രാണനും 

ഒരു നിശബ്ദത 

നമ്മെ 

രണ്ട് ഭൂഖണ്ഡങ്ങളാക്കുന്നു.

 അതിന്റെ  ആഴത്തിന് 

നാം 

ഇരു കരകളാകുന്നു.


 നിന്റെ നെഞ്ചാഴങ്ങൾ 

എന്നെ 

നീലത്തിമിംഗലമാക്കുന്നു.


ഭൂമിയിലെ 

ഏറ്റവും ഭാരമേറിയ ജീവനായി 

ഞാൻ 

അതിലാഴ്ന്നു പോകുന്നു.


 അമ്പേറ്റത് പോലെ ഒരു പക്ഷി 

എന്റെയുള്ളിൽ 

നിന്നെയോർത്ത് 

പിടയുന്നു.

അറ്റുപോയ കഴുത്തെന്ന് 

നിന്റെ ഓർമ്മയെ 

അവസാനത്തെ ശ്വാസമാക്കുന്നു.

 പറയാൻ ബാക്കിവെച്ച വാക്കുകളിലെ തേനടരുകൾ.

പ്രണയമേ,

നീ അതിന്റെ കൂടുകൾ 

ഒരിയ്ക്കൽ കണ്ടത്തേണമേ 

 ചിലപ്പോൾ നാം 

ചുംബനങ്ങളുടെ പുളിപ്പുള്ള 

മുന്തിരിച്ചെടികൾ.

 നീയില്ലായ്മയുടെ ഊഞ്ഞാലാട്ടങ്ങളിൽ 

ഞാൻ കാത്തിരിപ്പ് എന്ന പേരുള്ള പക്ഷി.

എന്നിലാകവേ 

മുളയ്ക്കുന്നു കണ്ണുകൾ.




 മനുഷ്യന്റെ ഉടൽ ഭാരമുള്ള 

ഒരു പറവയാകുന്നു.

ഉപേക്ഷിച്ച വഴികൾക്ക് 

ആകാശമെന്ന് പേരിടുന്നു.

 എവിടേക്കെങ്കിലും 

‘ഓടിപ്പോകണമെന്ന്’

എപ്പോഴും തോന്നും.

അങ്ങനെ എങ്കിൽ പോകേണ്ടത് 

ഭൂമിക്ക് 

അപ്പുറത്തേക്കാണ്.

തനിച്ചായിപ്പോകുന്ന 

കടലുകളെക്കുറിച്ച് 

അപ്പോഴോർക്കും .

ഒറ്റത്തുള്ളിയെന്ന് 

വീണ്ടുമതിലേക്ക് 

പൊഴിഞ്ഞു വീഴും .

 എന്റെയുള്ളിലുണ്ട് 

(പ്രണയത്തിന്റെ )

ഒരു ചെമ്പരത്തിത്തോട്ടം .

അതിനുള്ളിലേക്കുണ്ട് 

(കിറുക്കുകളുടെ)

ഒരു ചുറ്റുഗോവണി.


പ്രിയപ്പെട്ട

 -നിനക്ക് -

എന്നീ രണ്ട് വാക്കുകൾ പോലെ 

തൊട്ടുതൊട്ടിരുന്ന് 

ഒരു ഭാഷയിൽ 

പ്രണയത്തിന്റെ മേൽവിലാസമാകുന്ന നമ്മൾ 

 ഇന്ന്  നാം വീണ്ടും കണ്ടു.

ഏറെ നേരം 

തമ്മിൽ നോക്കിയിരുന്നു.

അതേ മരച്ചുവട്ടിൽ , 

അതേ കോഫി ടേബിളിൽ.

ഒന്നും നമ്മൾ സംസാരിച്ചില്ല.

നവംബറിലെ ഓറഞ്ച് വൈകുന്നേരങ്ങളെക്കുറിച്ചോ  

പച്ചയിലകളിലെ  വെയിൽത്തിളക്കത്തെക്കുറിച്ചോ 

പറഞ്ഞില്ല.

ഒരേ കാറ്റ്  

കൈകൾ കൊണ്ട് 

തമ്മിൽ നമ്മെ ചേർത്തു നിർത്തുന്നതിനെക്കുറിച്ചോ 

പല നിഴലുകൾ 

ഉടലുകൾ കൊണ്ട്  

തമ്മിൽ നമ്മെ പിണച്ചു കെട്ടുന്നതിനെക്കുറിച്ചോ 

പറഞ്ഞില്ല.

ചുറ്റിലും നിറയെ പൂവിട്ടു നിന്ന 

പേരറിയാ ചെടികളെക്കുറിച്ചോ 

അല്പമകലെ വീണു ചിതറിയ 

കിളിമുട്ടകളെക്കുറിച്ചോ

വെയിൽ മാറുമ്പോൾ 

പക്ഷികളുടെ ശബ്ദത്തിൽ ചിലയ്ക്കാറുള്ള 

മരക്കൊമ്പുകളെക്കുറിച്ചോ  

പറഞ്ഞില്ല.

പനിക്കാതിരിക്കാൻ 

മുറിയിലടച്ചു സൂക്ഷിച്ച ദിവസങ്ങളെക്കുറിച്ചോ 

തമ്മിൽ കാണാതെ 

ശ്വാസം മുട്ടിപ്പിടഞ്ഞ നിമിഷങ്ങളെക്കുറിച്ചോ 

പറഞ്ഞില്ല.

നഷ്ടമായ 

പകലുറക്കങ്ങളെക്കുറിച്ചോ 

രാത്രിയിൽ 

ഓർത്തോർത്തു കിടന്നതിനെക്കുറിച്ചോ 

പറഞ്ഞില്ല.

നിഴലുകൾക്ക് 

ഇനി അരികുകളില്ലെന്ന് 

ഇരുട്ട് പരന്നപ്പോൾ 

നാം തിരിച്ചു നടന്നു.

നിനക്ക് തോന്നുന്നുണ്ടോ 

ഒറ്റയ്ക്ക് 

ഒരാൾക്ക് 

ഒരു ലോകമുണ്ട് 

എന്ന്?

ഒരാൾ കൂടി വരുമെന്ന് കരുതി 

ഒരു ഇരിപ്പിടം 

ഒഴിച്ചിട്ടു കാത്തിരിക്കുന്ന 

ഒരു മുറിയുടെ പേരാണ് 

എനിക്ക് 

ഏകാന്തത എന്നത് പോലും.

 പറഞ്ഞു വന്നത് 

നമുക്ക് 

എപ്പോഴും 

ഒരേ പ്രായമായിരിക്കും.

ഒരേ പോലെ നമുക്ക് 

എട്ടും എൺപതും 

വയസ്സായിരിക്കും.

ഒരേപോലെ 

മുപ്പതുകളിലെത്തി 

മുറിവുകളും 

അൻപതുകളിലെ 

അത്ഭുതങ്ങളും 

അറിയും.

ഒരേപോലെ 

എഴുപത്തിയഞ്ചിൽ നിന്നൊരു 

ഊഞ്ഞാലാട്ടത്തിന് 

അഞ്ചിതളുള്ള 

ആമ്പലുകളാകും.

ഒന്നിച്ചു 

ഒന്നിലിരുന്ന് 

ഒന്നേ എന്ന് എണ്ണും.

നൂറ് മഞ്ചാടിക്കുരുക്കൾ 

കൂട്ടിവച്ചൊരുമിച്ച് 

പിറന്നാളുണ്ണും.

ചിലപ്പോൾ 

ആയിരം വയസ്സുള്ള 

ആത്മാക്കൾ പോലുമാകും.

പറഞ്ഞില്ലെന്ന് വേണ്ട !

(എന്റൊപ്പമുള്ള )

ഈ യാത്രയിൽ 

എന്തും സംഭവിക്കും.

ആരെന്ന് ചോദിച്ചാൽ 

ആരുമല്ല.

(ഞാൻ )

ഹൃദയങ്ങൾ സൂക്ഷിയ്ക്കാൻ 

ഒരു അത്തിമരം.

(അത്രമാത്രം ) 

 ചില രാത്രികളിൽ

നീ 

എന്റെ പൂച്ചയാകും.

നമ്മളിങ്ങനെ 

നിർത്താതെ

മിണ്ടിപ്പറഞ്ഞിരിക്കും.

നിർത്താതെ..

നിർത്താതെ ..

നമുക്ക്

ആ ദിവസങ്ങളിൽ 

നേരം 

പുലരുകയേയില്ല.


 ചില മുറികളുണ്ട്

ഈ ലോകത്ത്.

ചിലർക്ക് മാത്രം 

തുറക്കാനാകുന്ന വാതിലുകളുള്ള 

മുറികൾ.


 നിനക്ക് മാത്രം തുറക്കാനാകുന്ന 

ഒരു മുറിയിൽ എന്നെ പൂട്ടി 

അതിന്റെ താക്കോൽ 

നീ

ഉപേക്ഷിച്ചേക്കുക.


നിന്നിൽ നിന്ന് 

എനിക്ക് 

പുറത്തിറങ്ങേണ്ടതില്ല.

 ചില പകലുകൾ ഇങ്ങനെ 

കാറ്റിലാടുന്ന തൂക്കാണാം കുരുവിക്കൂട് പോലെ 

അവളെ 

തൊട്ടിലാട്ടുന്നു.

 ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല,

നിന്നെ

ഓർമ്മ വരുന്നു.

ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല,

നിന്റെ 

ഓർമ്മ വരുന്നു.


നിന്റെ ചെരുപ്പുകൾ എടുത്തണിയുന്നു.


നിന്നെപ്പോലെ 

മുറിയിലാകെ ചുറ്റി നടക്കുന്നു.

നിന്നെപ്പോലെ 

എന്നോട് മിണ്ടുന്നു.


നിന്നെപ്പോലെ മിണ്ടാതെ ഇരിക്കുന്നു.


നിന്നെ ഉറക്കാൻ ഉറങ്ങുന്നു.

നീ ഉണർത്തിയത് പോലെ 

ഉണരുന്നു.


അഴിച്ചു വയ്ക്കാനാകാത്ത ഒരു ഉടുപ്പ് പോലെ 

നിന്നെ അണിയുന്നു.

അറിയുന്നു.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌