Saturday

വാകയോളം ചുവന്ന വേനലും
പെയ്തിറങ്ങാൻ പച്ചയുമില്ല.

നിന്റെ സന്ദേശങ്ങളൊന്നുമില്ല.

ഓർത്തുവയ്ക്കാൻ എനിക്ക്,
കോശങ്ങളിൽ നിറയെ
നിന്റെ അടയാളങ്ങൾ.
ജന്മാന്തരങ്ങളോളം
വാഗ്ദാനങ്ങൾ.

പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ തണൽ
സ്പർശനങ്ങളുടെ കൊടുമുടികൾ
പ്രാചീനതയുടെ
വനാന്തരങ്ങൾ!


എങ്കിലും

എന്നോളം ആഴത്തിൽ
എന്നിൽ വേരുറച്ച മരമേ,
ഒരു ചില്ലപോലുമനക്കാതെ
എന്റെ ശ്വാസവേഗത്തിൽ ചേർന്നു നില്ക്കുന്നതെങ്ങനെയാണ്‌ നീ!

Wednesday


കവിതകൾ കൊണ്ട് നനഞ്ഞ്
മഴ പുതച്ചു കിടക്കാൻ..
എവിടെയാണെങ്കിലും നിനക്ക്,
ഇലകളോടെ മഞ്ഞപ്പൂക്കൾ..
ഇപ്പോൾ പെയ്ത മഴ...
എന്റെ ഉമ്മകൾ..


പലപ്പോഴും പിന്നേയും പിന്നേയും കണ്ടിട്ടുണ്ട്:

പാതിരയ്ക്ക്
മഴ നനഞ്ഞോടി വന്ന ട്രെയിൽ നിന്നിറങ്ങുന്ന നീ;


മഞ്ഞപ്പൂക്കൾ നിറഞ്ഞ മരങ്ങൾക്കിടയിൽ
 ഉമ്മകൾക്ക് മീതേ
 പെയ്തു തീരാത്ത
 മഴ..

നീലപ്പച്ച നിറം.
മണം, ചെമ്പകപ്പൂവിന്റെ.
ഒറ്റക്കൊലുസ്.


പതുക്കെ പതുക്കെ മേഘങ്ങൾ തെളിഞ്ഞ ആകാശം .
നിലാവ്.
ഒരു മായാജാലത്തിലെ എന്നപോലെ അവിടെയിവിടെ ഒന്നുകഴിഞ്ഞ് ഒന്നായി തെളിയുന്ന നക്ഷത്രങ്ങൾ..


അങ്ങനെ ഒരു ആകാശത്തിനു ചുവട്ടിലേക്കാണ്‌ യാത്രപറഞ്ഞ് മറയുന്നത്....
പിരിയുമ്പോൾ ആലിംഗനത്തിന്റെ ചൂടുകൊണ്ട് ചുകന്നു പോകുന്നു വാകകൾ.
മഴയ്ക്കുമാത്രമായ വേനലും..

ഒന്നുമൊന്നും പറയാതെ ,
ഒന്നുമൊന്നും പറഞ്ഞ് തീർക്കാതെ,
വാക്കുകൾകൊണ്ട് നിറഞ്ഞു പോകുന്ന മനസ്സ്..
മൗനം കൊണ്ട് നിറഞ്ഞു പോകുന്ന വാക്കുകൾ...

നീ
ഏറ്റവും തെളിച്ചമുള്ള കണ്ണാടി!
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌