Saturday

തൊട്ടടുത്ത നിമിഷം
നിലച്ചു പോയേക്കാവുന്ന
ഹൃദയത്തെക്കുറിച്ചെന്ന പോലെ
എന്റെ സ്നേഹത്തെ
നിനക്ക് ഞാൻ പരിചയപ്പെടുത്തുന്നു.
നീ വന്ന്
എപ്പോഴോ
ചേക്കേറുന്നു.
ആകെയുലഞ്ഞ
ഒരു മരമായി
ഞാൻ
മാറുന്നു.

Wednesday

നാം പക്ഷികൾ.
മേഘങ്ങളിലെ മീനുകൾ.
മണ്ണിലൂടെ നടക്കുന്നു.
മറവികളിൽ ചേക്കേറുന്നു.

Tuesday

നെഞ്ചിലെ
സങ്കടങ്ങളുടെ
കല്ല് പെറുക്കും
കവിതയെന്ന
തുമ്പി.
വിരൽനീട്ടുന്തോറും
മുന്നിലൊരു
അടഞ്ഞിട്ട ജാലകം വരച്ചു വയ്ക്കുന്ന പക്ഷീ,
നിനക്കെന്തുകൊണ്ടാണ്
സ്നേഹമെന്ന പേര്?
ആ ഒറ്റയാളുടെ പിണക്കം മതി
ഭൂമിയെ ഒരു അന്യഗ്രഹമാക്കി മാറ്റാൻ 

Sunday

സ്നേഹിക്കാൻ അറിയില്ലെന്ന് ഒരുപാട് പേർ സാക്ഷ്യം പറയുന്ന ഒരാൾ
സ്നേഹത്തെക്കുറിച്ചു മാത്രം എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു.
വാക്കുകളുടെ ഒരു കടലുണ്ട്,
എന്റെയുള്ളിൽ.
നിന്റെ ദാഹം മാറ്റാൻ പ്രാപ്‌തമല്ലാത്തൊരു ജലാശയം.
എന്റെ അടുക്കലേക്ക്
അതേ കാട്ടുവഴി.

യാത്രയിൽ ഒരിടത്തു 
ഒരു ഗന്ധർവ്വനോ
യക്ഷിയോ
നിന്നോട് കുശലം ചോദിച്ചെന്നിരിക്കാം.

ഒരു മുത്തശ്ശി
എവിടെക്കെന്ന്
ഉറക്കെ വിളിച്ചു ചോദിച്ചെന്നും വരാം.

തുള്ളിച്ചാടിക്കൊണ്ട് ഒരു മാൻകുട്ടിയോ
വല്ലാതെ മുരളുന്ന ഒരു കാട്ടുപന്നിയോ
വഴിയിൽ വന്നുപോയേക്കാം.

ഒരു കിളി
ചില്ലയിൽ തണലിനെക്കുറിച്ചോ
ഒരു മരം
വേരുകളാൽ വേനലിനെക്കുറിച്ചോ
അടയാളം ചൊല്ലിയെന്നിരിക്കാം.

ഓറഞ്ചു മീനുകൾ
ഒഴുകിപ്പോകുന്ന അരുവിയോ
ആരും മുഖം നോക്കാത്തൊരു
ആമ്പൽക്കുളമോ
പേരുചൊല്ലി വിളിച്ചെന്നിരിക്കാം.

അതൊന്നുമില്ലെങ്കിലും
എന്റെ അടുക്കലേക്ക്
നിന്നെ കൈപിടിച്ചു നടത്തും
പേരിടാത്തൊരു കവിത.
കാട്ടുവഴി പോലെ ഒന്ന്.

മറക്കേണ്ട. 

Saturday

ഇന്ന് ഞാനൊരു ജലാശയമാകും.
എന്നിലെ കരകൾ കണ്ണാടിയാക്കും.
ഒരാകാശത്തിന്റെ പാതിയെന്ന്
ലോകമെന്ന നോക്കി നിൽക്കും.

Friday

നിന്നെ മാത്രം
എന്റെ അരികിലേക്ക് തിരിച്ചെത്തിക്കുന്ന
ഒരു നാട്ടുവഴി വേണം
എല്ലാ ഭൂപടങ്ങളിലും. 
ഏഴ് ഭാഷകൾ അറിയാവുന്ന ഒരുവളെ ഞാൻ സ്വപ്നം കാണുന്നു.
ഏഴ് ഭാഷകളിൽ അവൾ കത്തുകൾ എഴുതുന്നു.
കത്തുകൾ ഏഴ് ഭാഷകളിൽ കവിതകളാകുന്നു.

ഏഴ് ഭൂഖണ്ഡങ്ങളേയും അവൾ പ്രണയിക്കുന്നു.
ഏഴ് സമുദ്രങ്ങളേയും അവൾ കേൾക്കുന്നു.
ഏഴ് കരകളിൽ അവൾ പുഴകളെ തിരയുന്നു.

ഏഴ് വയലുകൾ അവളെ മൂളുന്നു.
ഏഴ് കാടുകൾ അവളെ ശ്വസിക്കുന്നു.

ഏഴ് നഗരങ്ങൾ അവൾക്ക് വീടൊരുക്കുന്നു.
ഏഴ് അതിരുകൾ അവളിൽ അലിയുന്നു.
ഏഴ് തെരുവുകൾ അവളിൽ തുടിക്കുന്നു.

ഏഴു രാത്രികൾ അവളൊപ്പം നനയുന്നു.
ഏഴു പൂക്കളിൽ അവൾ പുലരിയാകുന്നു.
ഏഴ് ദൂരങ്ങൾ അവളിൽ കിതയ്ക്കുന്നു.

മേഘവഴികളിൽ അവൾ ഏഴ് വിരൽ തൊടുന്നു.
ഏഴ് കിളികളൊടൊപ്പം കഥകൾ പാടുന്നു.

ഏഴ്
വിസ്മയങ്ങളുടെ വീട്ട് നമ്പറാണ്;
അവളുടെ പാർപ്പിടത്തിന്റെ ഒറ്റയക്ക അടയാളം.

Thursday

നീ എന്ന വാക്കു പോലും
ഞാനെന്ന്
തെറ്റി എഴുതിപ്പോകുന്നു.
പ്രണയം
നിന്നെ എന്റെ ഞരമ്പുകളിൽ നടുന്ന
ആ പച്ചകുത്ത് .

Wednesday

ഏകാന്തത എന്ന പേരുള്ള
എന്റെ ഓമനക്കുഞ്ഞേ
ആൾക്കൂട്ടത്തിലെന്റെ
കൈവിട്ടു പോകല്ലേ... 
പിറവിയിൽ നിന്ന് മരണത്തിലേക്ക്
പ്രാണനെന്നപോലെ
നിന്നിൽ നിന്നെന്നിൽ അവസാനിക്കുന്ന
എന്റെ പ്രണയമേ
നിന്റെ പുനർജന്മമാകുന്നു
എന്റെ കവിതാപുസ്തകം.
ഉച്ചവെയിലിന് നിഴലെന്ന്
മുറ്റത്ത്
എന്നെയെഴുതുന്നു
പകലിന്റെ കവിത.

രാത്രിയിൽ
എന്റെ മഷിക്കുപ്പിയിൽ 
നിറയുന്ന സ്നേഹമേ
നീ വരച്ച ഒരു ചിത്രം മാത്രമാണ്
പകലിലേക്കുണരുന്ന ഞാൻ.


നിന്നെ
ഒരു പുതിയ പുസ്തകത്തിന്റെ ഗന്ധം പോലെ
ശ്വസിക്കുന്നു.
രാത്രിയിൽ
എന്റെ തലയിണയാകുന്നു.
ഒരു യാത്രയിൽ മറന്നു വെച്ചത് പോലെ
ഓരോ പകലിലും
ഓർത്തോർത്ത്
പിടയുന്നു.
നീ വരുന്നു.
വിരൽ നീട്ടുന്നു.
മഞ്ഞവെയിൽ എന്ന്
ഈ മഴക്കാലം
മാറിപ്പോകുന്നു.

മറുകിൽ
ഒരു മഴത്തുള്ളി.
നിന്നെ പിരിഞ്ഞിരിക്കാനാകാത്ത
ഒരു കാർമേഘത്തുണ്ട് .

Monday

മനസ്സിൽ
മഴ എന്ന് പേരുള്ള
ഒരു ആണ്മയിലിന്റെ നൃത്തം.
മുറ്റത്ത്
മരുഭൂമി എന്നെഴുതിപ്പഠിക്കുന്ന
വെയിൽപ്പെണ്ണിന്റെ വിയർപ്പ്.

Sunday

ചുണ്ട്
ഒരു ലിപിയാണ്.
ഹൃദയത്തിന്റെ ഭാഷയിൽ
കവിത എന്ന വാക്കും.

Wednesday

എല്ലാം ഭാവനയാണെന്ന്
നീ നിന്റെ വാക്കുകളെക്കുറിച്ച് പറയുന്നു.
അങ്ങനെയെങ്കിൽ
എല്ലാം
എന്നെക്കുറിച്ചുള്ള
നിന്റെ ഭാവനയാണെന്ന്
എന്റെ പ്രണയമേ
ഞാൻ വിശ്വസിച്ചോട്ടെ!


തമ്മിൽ തൊട്ടു നുണയാതെ പോയ
ചുണ്ടുകളുടെ പിടപ്പ്,
ചലനമറ്റ
ഒരു പ്രണയഷഡ്പദത്തിന്റെ
ഓർമ്മച്ചുവപ്പ്.

ആൾക്കൂട്ടത്തിന്റെ കയ്യടികൾ അല്ല
കവിത.
അത്
ഏകാകികളുടെ
ആരും
കേൾക്കാതെ പോകുന്ന
കരളുരുക്കങ്ങളാണ്

ഇരുട്ട് എന്ന വാക്കുകൊണ്ട്
കവിതയിൽ
നീ
മാളമുണ്ടാക്കുന്നു.
ഞാൻ
പൊത്തിലൊളിച്ച
ഉരഗമാകുന്നു.
മറവികൾ ചേർത്ത് തണുപ്പിച്ച്
നീ പകർന്നു വയ്ക്കുന്ന
സ്നേഹഭംഗങ്ങളുടെ
ഈ രാവുകൾ.
പക്ഷേ
ഒരു കപ്പൽച്ചേതം കാത്തിരിക്കുന്ന ഐസ്ബർഗ്
എന്ന മേൽവിലാസത്തിൽ
എനിക്ക്
നീ  അയച്ചിരുന്ന കത്തുകൾക്ക് പകരമാവുന്നില്ല
മറ്റൊന്നും.
എനിക്ക് മാത്രം
കരഞ്ഞു തേവി നനയ്ക്കാവുന്ന
ഏകാന്തതയുടെ
വിളഞ്ഞ വയലുകൾ.
കാവലിന്
നീ
ഒറ്റക്കാലൻ കൊറ്റി !
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌